എന്റെ മാത്രം മീനുട്ടി 16

സ്വാമിയുടെ വാക്കുകൾ,യോഗ
പ്രാർത്ഥനകൾ,ഇവയൊക്കെ
എന്നെ വല്ലാതെ സ്വാധീനിച്ചു, എന്റെ പതിവുകളെ ചിട്ടപ്പെടുത്തി

അവിടം വിടുമ്പോൾ എന്റെ മനസ്സ് വളരെ ശാന്തമായിരുന്നു.

വീട്ടിൽ ചെന്ന് അമ്മയോടൊപ്പം കുറച്ചുനാൾ ചിലവഴിച്ചു.ഞാൻ കൊടുത്ത സങ്കടങ്ങൾക്ക് പകരം ഒരുപാട് സന്തോഷം കൊടുത്തു, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു. പക്ഷെ ഏത്ര നിർബന്ധിച്ചിട്ടും എന്റെ മീനുവിന്റെ സ്ഥാനത്തേക്ക് മറ്റൊരുവളെ കൊണ്ടുവരാൻ മാത്രം ഞാൻ തയ്യാറായില്ല.

പുതിയൊരു തുടക്കത്തിനായി ഞാൻ പറിച്ചുനടപ്പെട്ടു,തികച്ചും ശാന്തമായൊരു നാട്ടിലേക്ക്.
*********
ഞാനിപ്പോൾ സ്കാൻഡിനേവ്യൻ രാജ്യമായ സ്വീഡനിലാണ്.ഒരു പുതിയ ജീവിതത്തിലെക്കാണ് എന്നെ സ്വാമിജി കൈപിടിച്ചു നടത്തിയത്.എന്റെ നഷ്ട്ടങ്ങളെ ഞാൻ മനഃപൂർവം മറന്നു എന്ന് പറഞ്ഞാൽ അത് കള്ളമാകും.
യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുവാൻ ഞാൻ പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

കഴിഞ്ഞതെല്ലാമിന്ന് പഴങ്കഥകൾ മാത്രമാണെനിക്ക്.പക്ഷെ ഏത്ര
മറന്നാലും,ഏത്ര കണ്ടില്ലെന്ന് നടിച്ചാലും,ഏത്രയൊക്കെ ഓടിയോളിച്ചാലും പ്രകൃതി അവയെ നമ്മിലേക്ക്‌ തിരികെ കൊണ്ടുതരുമെന്ന് തിരിച്ചറിയാൻ ഞാൻ വൈകി.എല്ലാത്തിനും മുകളിലൊരു ശക്തിയുണ്ട്,
ഏത്രയൊക്കെ തിരുത്താൻ ശ്രമിച്ചാലും,എങ്ങനെയൊക്കെ മാറുവാൻ ശ്രമിച്ചാലും
എഴുതപ്പെട്ടത് നടക്കുകതന്നെ ചെയ്യും.

അങ്ങനെയിരിക്കെ ഒരു കോഫി കുടിക്കാനിറങ്ങിയതായിരുന്നു ഞാൻ.സന്ധ്യമയങ്ങിയ സമയം. വല്ലപ്പോഴും സ്ഥിരമായി പോകുന്ന കഫെയിലെ ഒഴിഞ്ഞ കസേരയിൽ ഞാൻ ഇരിപ്പുറപ്പിച്ചു

ചുമ്മാ മൊബൈലിൽ തോണ്ടി ഇരിക്കുന്ന സമയം ആരോ അടുത്ത് നിൽക്കുന്നതായി തോന്നി.ഓർഡറെടുക്കാൻ വന്നതാണ്.എന്റെ ഇഷ്ട്ട പാനീയം ഓർഡർ കൊടുത്ത് അവരെ ഒന്ന് നോക്കിയതെ എനിക്കറിയൂ…..

ഒരുപാട് തേടിനടന്നവളെ,ഇനിയും
കാണണം എന്നാഗ്രഹിച്ചവളെ,
ഈയൊരു ജന്മത്തിലും,
ഇനിയുള്ള ജന്മങ്ങളിലും സ്നേഹിച്ചും കാമിച്ചും ജീവിക്കുവാൻ ഒപ്പമുണ്ടാവണം എന്ന് കൊതിച്ചവളെ,എന്റെ പെണ്ണിനെ,എന്റെ മീനുവിനെ ഞാൻ അവിടെ കണ്ടു.

അവളുടെ മുഖം വിളറിയിരുന്നു.
ഞാനവളെ തിരിച്ചറിഞ്ഞതായി ഭാവിച്ചില്ല.ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ടായിരുന്നു,ചോദിക്കാൻ തികട്ടിവന്നുവെങ്കിലും അതിന് പറ്റിയ സാഹചര്യമായിരുന്നില്ല. റെസ്റ്റോറന്റിൽ തിരക്കേറിവരുന്ന സമയമായിരുന്നു അത്. ഒന്നും പറയാതെ ഞാൻ അവിടെ നിന്നുമിറങ്ങി.

പരിചയമുണ്ടെന്ന് പോലും ഭവിക്കാതെ പോന്നപ്പോൾ മീനൂട്ടി വേദനിച്ചിരിക്കണം.അവളുടെ മുഖഭാവം കണ്ടിട്ടങ്ങനെയാണ്
എനിക്ക് തോന്നിയത്.പുറത്തേക്ക് വരാൻ തുടങ്ങിയ കരച്ചിൽ ഉള്ളിലൊതുക്കുന്നത് പോലെ.

ഒരു മധുരപ്രതികാരം, ഒരു വേദന അവളുമറിയട്ടെ എന്ന് ഞാനും കരുതി.അത്രക്ക് ഇഷ്ട്ടായിരുന്നു, സ്നേഹിച്ചിരുന്നു ഞാൻ അവളെ.
പക്ഷെ ഇപ്പോൾ മാറ്റത്തിനൊത്ത് ജീവിക്കാൻ പഠിച്ചിരിക്കുന്നു.
കുറച്ചുനാളത്തെ ആശ്രമജീവിതം മനസ്സിനെ ഏത് സാഹചര്യത്തി
ലും പാകപ്പെടുത്താൻ എന്നെ സഹായിച്ചു.പിന്നിട്ട കാലങ്ങളിൽ ജീവിക്കാതെ,ഇന്നിൽ ജീവിച്ച്, നാളയെക്കുറിച്ച് ഒട്ടും തന്നെ ആകുലപ്പെടാതെ എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ഞാൻ.ഇനിയും അത് മതി എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു.

രണ്ടാഴ്ച്ച കഴിഞ്ഞുകാണും.അന്ന് മീനൂട്ടിയെ കണ്ടതിൽ പിന്നെ ഞാൻ ആ വഴിക്ക് പോയിട്ടില്ല.
അവളെ തേടിപ്പോവില്ല എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു.ഇനി ഒന്നിനും ഉത്തരം അറിയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.അവൾ ജീവനോടെയുണ്ടെന്നറിഞ്ഞത് തന്നെ ആശ്വാസം എന്ന് ഞാൻ കരുതി.

ഓരോന്ന് ആലോചിച്ചിരിക്കെ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു.സാധാരണ ഞാൻ എടുക്കാറില്ല.ഒന്ന് രണ്ടു വട്ടം അത് തുടർന്നപ്പോൾ ഞാൻ കാൾ അറ്റൻഡ് ചെയ്തു.

മാളവികയായിരുന്നു ഫോണിൽ. “അമ്മയെ,എന്റെ മീനൂട്ടിയെ ഒന്ന് ചെന്ന് കാണുമോ എന്ന്?”
റെസ്റ്റോറന്റിൽ കോൺടാക്ട് നമ്പർ എപ്പഴോ കൊടുത്തതായി ഞാൻ ഓർത്തു. അവിടെ ഇടക്ക് പോവാറുണ്ടെങ്കിലും മീനുവിനെ കണ്ടതിൽ പിന്നെ അതുവഴി പോകാതെയായി,ഫുഡ്‌ ഓർഡർ ചെയ്തു വരുത്തുന്നതും നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *