എൻ്റെ അച്ചു – 1 21

ചുറ്റും അറിയാവുന്ന വീട്ടുകാർ ആയതുകൊണ്ടും എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സ്നേഹത്തിൽ കഴിയുന്നവരായതുകൊണ്ടും എവിടെയും പോവരുത് എന്നൊന്നും വിലക്കുണ്ടായിരുന്നില്ല.സ്ഥിരം കളിസ്ഥലമായ ബിനുവിന്റെ വീട്ടിലേക്കാണ് ഞാൻ നേരെ പോയത്.എന്റെ കണക്കുകൂട്ടൽ പോലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു.നാട്ടിൽ ക്രിക്കറ്റും ഫുട്ബോളും ആയിരുന്നു കാളി എങ്കിൽ ഇവിടെ ചെറിയൊരു വ്യത്യാസമുണ്ട്.

ഇവിടെ അധികവും പെൺകുട്ടികൾ ആയതുകൊണ്ടുതന്നെ അവർക്കുകൂടി പറ്റുന്ന കളികൾ ആയിരുന്നു കാര്യമായും ഉണ്ടായിരുന്നത്.ബിനു അവന്റെ അനിയത്തി സാന്ദ്ര.ഹരിത അവളുടെ അനിയത്തി ആതിര ഇതായിരുന്നു പ്രധാന കൂട്ടുകെട്ട്.പിന്നെ കുറെ വാളുകൾ വേറെയും ഉണ്ടാവാറുണ്ട്.

എന്നാൽ ഇപ്രാവശ്യം പരിചയമില്ലാത്ത രണ്ടു മുഖങ്ങൾ അതിൽ ഉണ്ടായിരുന്നു,അതുകൊണ്ടുതന്നെ എനിക്കും ഒരു ചമ്മലോ എന്തൊക്കെയോ ഉണ്ടായിരുന്നു.എന്നാൽ എന്നെ കണ്ടതും അവർ നാലുപേരും ഓടിവന്ന് സംസാരിക്കലും കൂട്ടികൊണ്ടുപോയി പുതിയ ആളുകളെ പരിചയപെടുത്താലും എല്ലാം ആയി.അന്നാണ് ഈ കഥയിലെ നായികയെ ഞാൻ ആദ്യമായി കാണുന്നതും മിണ്ടുന്നതും.

അർച്ചന അതായിരുന്നു അവളുടെ പേര്.അവളുടെ ചേച്ചി അനുപമ ഞങ്ങളെക്കാൾ ഒരു വയസ്സ് മൂത്തത്.അച്ചു അമ്മു അതായിരുന്നു അവരുടെ വിളിപ്പേരുകൾ….

 

അങ്ങനെ ഒളിച്ചുകളിയും,കള്ളനും-പോലീസും,കൊത്തങ്കല്ലും ഉൾപ്പെടെ പല കളികളും വല്യച്ഛന്റെ വീടിന്റെ പിറകിലെ പറമ്പിലെ കശുമാവിൽ കയറി കശുമാങ്ങ പറിക്കലും,പാടത്തിനും പറമ്പിനും ഇടയിലുള്ള കുളത്തിൽ ചൂണ്ടയിടലുമൊക്കെയായി പകൽ തിരക്കിലാവും ഞങ്ങൾ.

സന്ധ്യക്ക് എല്ലാവരും അവിടെയുള്ള കാവിൽ പോവും.ദീപാരാധനയ്ക്കും പൂജകൾക്കും ശേഷം തീരുമേനി തരുന്ന ശർക്കര ചേർത്ത അവിലും മലരും ചില ദിവസം സ്‌പെഷ്യൽ നെയ്പായസവും എല്ലാവരും കൂടെ ആൽച്ചുവട്ടിലിരുന്ന് കഴിക്കും.ശേഷം വീടുകളിലേക്ക്.

സീരിയലുകൾ കുടുംബങ്ങളെ അടക്കിഭരിച്ചിരുന്ന സമയമായതുകൊണ്ടുതന്നെ മുതിർന്നവരെല്ലാവരും ടീവിയുടെ മുന്നിൽ തന്നെ ആയിരിക്കും.എന്നാൽ അവിടെയും എനിക്ക് അനുഗ്രഹമായത് അച്ചുവും അമ്മുവും ആയിരുന്നു.അവർ പുതിയ താമസക്കാരായതുകൊണ്ടും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉള്ള കുടുംബമായതുകൊണ്ടും ടീവി അവരുടെ വീട്ടിൽ ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ അവർ സീരിയൽ കാണാൻ ഞങ്ങളുടെ വീട്ടിലായിരുന്നു വന്നിരുന്നത്.സീരിയൽ കാണാൻ ഇഷ്ടമില്ലാത്ത ഞാൻ അവരോടൊപ്പം ഇരുന്ന് സീരിയൽ കാണുന്നതും പതിവായി.

എല്ലാവരും ഒരുപോലെ ആയിരുന്നെങ്കിലും എപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും അച്ചുവിനോട് എനിക്ക് എന്തോ ഒരു അടുപ്പം കൂടുതൽ തോന്നിയിരുന്നു.അത് ശരിക്ക് മനസിലായത് രണ്ടാഴ്ചത്തെ അവിടത്തെ വാസം പൂർത്തിയാക്കി സ്വന്തം വീട്ടിലേക്ക് പോവുന്ന സമയത്താണ്.

ചങ്കിൽ എന്തോ ഒരു പിടിത്തം വീണ പോലെ.സംസാരിക്കുമ്പോൾ കരച്ചിൽ വരുന്ന പോലെ ഒക്കെ ഒരു തോന്നൽ.ആ സമയത് മുഴുവൻ തെളിയുന്ന മുഖം അച്ചുവിന്റെതായിരുന്നു.തിരികെ വീട്ടിലെത്തിയിട്ടും കുറച്ച ദിവസം ആ വിഷമം ഉണ്ടായിരുന്നെങ്കിലും ആ പ്രായത്തിന്റെ പ്രത്യേകതയാവാം പതിയെ അതെല്ലാം മറന്ന് വീണ്ടും സന്തോഷവാനായത്.

 

മാസങ്ങൾ മുന്നോട്ട് പോയി..വേറെ പല കാര്യങ്ങളും ഉള്ളതുകൊണ്ടുതന്നെ അച്ചു പിന്നെ മനസിലേക്ക് വന്നതായി ഓർക്കുന്നില്ല.അങ്ങനെ അടുത്ത അവധിക്കാലം വന്നെത്തി പതിവുപോലെ വിഷു കഴിഞ്ഞ വല്യമ്മയുടെ വീട്ടിൽ പോയി എന്നാൽ കാര്യങ്ങളൊക്കെ കുറെ മാറിയിരുന്നു കളിക്കാൻ പഴയപോലെ പെൺപടയെ കാണുന്നില്ല.

ബിനുവിന്റെ പുതിയ കൂട്ടുകാരെ കിട്ടി അവിടെയും ക്രിക്കറ്റിലേക്ക് മാറി.അമ്പലത്തിൽ പോയ സമയത്താണ് പെൺപടയെ കാണുന്നത് എന്നാൽ അന്ന് ഞാൻ തിരഞ്ഞ മുഖം അതിൽ ഉണ്ടായിരുന്നില്ല.

രാത്രി സീരിയൽ കാണാൻ അവരാരും വന്നില്ല.ടീവി വാങ്ങിയിട്ടുണ്ടായിരുന്നത്രെ അവരുടെ വീട്ടിൽ.3 ദിവസത്തോളം എനിക്ക് എന്തോ ഒരു പൂര്ണതയില്ലാത്ത ഫീൽ ആയിരുന്നു.എന്തോ ഒന്ന് മിസ്സ് ചെയ്തിരുന്നു അന്ന് ഞാൻ.നാലാമത്തെ ദിവസം അമ്പലത്തിൽ ചെന്നപ്പോഴാണ് എനിക്ക് ആ കുറവ് എന്താണെന്ന് മനസിലായത് അത് അവൾ തന്നെയായിരുന്നു എന്റെ അച്ചു.

Updated: June 1, 2025 — 3:11 pm

Leave a Reply

Your email address will not be published. Required fields are marked *