ഒരു സിനിമാക്കഥ 19അടിപൊളി 

ഞാന്‍ ആലോചനയോടെ അവളെ നോക്കി. ഒരു നടിയെ തേടി വന്ന ഞാന്‍ ഇപ്പോള്‍ നടി ആകാതിരിക്കാന്‍ വേണ്ടി പ്രയത്നിക്കുന്ന പെണ്ണിനെ കണ്ടു ഞെട്ടി, ആരാധനയോടെ ഇരിക്കുകയായിരുന്നു. അവളെ ചെളിക്കുണ്ടില്‍ എറിഞ്ഞു പണം ഉണ്ടാക്കാന്‍ നടക്കുന്ന തള്ള! എന്റെ മനസ്‌ കലുഷിതമായി. എന്തൊരു നശിച്ച ലോകമാണ് ഇത്! കഷ്ടം…

എനിക്ക് പഴയ ഒരു കഥ ഓര്‍മ്മ വന്നു. ഒരിക്കല്‍ സൂര്യന്‍ ചോദിച്ചു, ഞാനൊരു ദിനം അവധി എടുക്കാന്‍ പോകുന്നു. നിങ്ങളില്‍ ആര്‍ എനിക്ക് പകരം ജോലി ചെയ്യും. സൂര്യന് പകരം സൂര്യന്‍ അല്ലാതെ വേറെ എന്തിനെങ്കിലും പറ്റുമോ? അതുകൊണ്ട് സകല ചരാചരങ്ങളും നിശബ്ദത പാലിച്ചു. പക്ഷെ ഒരു മിന്നാമിനുങ്ങ്‌ കൈ ഉയര്‍ത്തി.

“എന്നെക്കൊണ്ട് ആവുന്ന വിധം ഞാന്‍ ചെയ്യാം..”

ഇതായിരുന്നു അതിന്റെ മറുപടി. സൂര്യന്‍ അതുകേട്ട് പുഞ്ചിരിച്ചു.

ഇവിടെ, ഈ ലോകം മൊത്തം നന്നാക്കാന്‍ നമുക്ക് സാധിക്കില്ല. പക്ഷെ ആ മിന്നാമിനുങ്ങ് പറഞ്ഞത് പോലെ നമ്മെക്കൊണ്ട് ആവുന്ന വിധത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റും. എന്റെ മുന്‍പില്‍ ആത്മഹത്യയുടെ വരമ്പില്‍ എത്തി നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ എനിക്ക് വേണമെങ്കില്‍ അവഗണിച്ചിട്ടു പോകാം. ഈ ചെളിക്കുഴിയില്‍ അവള്‍ കിടന്നു നരകിക്കും..അതല്ലെങ്കില്‍ ആത്മഹത്യ ചെയ്യും..അതുമല്ലെങ്കില്‍ അവള്‍ ഒരു തികഞ്ഞ അഭിസാരികയായി മാറും. പക്ഷെ ഇപ്പോള്‍, ഇനി അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഒരു കാരണക്കാരന്‍ ഞാനും കൂടി ആയിരിക്കുമെന്ന് മാത്രം. ചെയ്യാന്‍ സാധിക്കുമായിരുന്ന നന്മ ചെയ്യാതിരിക്കുന്നത് തെറ്റ് ചെയ്യുന്നതിന് തുല്യമാണ് എന്ന് പണ്ടൊരിക്കല്‍ എന്നെ ഒരു അധ്യാപകന്‍ പഠിപ്പിച്ചിട്ടുള്ളത്‌ എനിക്കോര്‍മ്മ വന്നു. എന്റെ മനസില്‍ തീരുമാനങ്ങള്‍ മാറിമറിഞ്ഞു.

“നീ എന്റെ കൂടെ വരുന്നോ?”

അവസാനം ഞാന്‍ ചോദിച്ചു. പ്രതിഭ മുഖത്തേക്ക് വീണുകിടന്ന മുടി മാറ്റി എന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകള്‍ വല്ലാതെ പിടയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“പറയൂ..ഞാന്‍ പോകുകയാണ്..നീ വരുന്നോ?” ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.

“എനിക്ക് നടി ആകണ്ട” അവള്‍ കണ്ണുകള്‍ പിന്‍വലിച്ച് എന്നെ നോക്കാതെ പറഞ്ഞു.

“നടി ആകാനല്ലടീ പോത്തെ….എന്റെ ഭാര്യ ആകാന്‍ പറ്റുമോ നിനക്ക്?”

പല്ലുകള്‍ ഞെരിച്ചു ഞാന്‍ ചോദിച്ചു. പക്ഷെ അത് ചോദിച്ചപ്പോള്‍ എന്റെ കണ്ഠം ഇടറിയിരുന്നു; ഒപ്പം എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്തു. പ്രതിഭ അത് കണ്ടു. അവള്‍ അവിശ്വസനീയതോടെ എന്നെ നോക്കി. പിന്നെ മെല്ലെ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

“വേണ്ട സര്‍..വേണ്ട..ഈ ചെളിക്കുണ്ടില്‍ ജീവിക്കുന്ന എനിക്ക് വേണ്ടി അങ്ങ് ജീവിതം ഹോമിക്കണ്ട..വേണ്ട..” അവസാനം അവള്‍ പൊട്ടിക്കരഞ്ഞുപോയി.

“കഴുവര്‍ട മോളെ..എണീക്കടി..” ഞാന്‍ ശബ്ദം ഉയര്‍ത്തി പറഞ്ഞു. അവള്‍ ഞെട്ടി എഴുന്നേറ്റു.

“പോയി വേഷം മാറി വാടീ….” ഞാന്‍ കോപത്തോടെ വിരല്‍ ചൂണ്ടി അലറി.

അവള്‍ ഭീതിയോടെ തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി. ഞാന്‍ ആ വൃത്തികെട്ട മുറിയില്‍ അങ്ങുമിങ്ങും ഉലാത്തി. അല്പം കഴിഞ്ഞപ്പോള്‍ അഗ്നിയുടെ നിറമുള്ള ഒരു ചുരിദാര്‍ ധരിച്ച് അവള്‍ ഇറങ്ങി വന്നു. ഞാന്‍ അന്തം വിട്ടു നോക്കി നിന്നുപോയി. എത്ര സുന്ദരിയായ പെണ്ണ്! അപ്സരസ്സുകള്‍ തോറ്റുപോകുന്ന സൌന്ദര്യം.

ഞാന്‍ ചെന്ന് ഭഗവാന്റെ ചിത്രത്തിന് സമീപം ഇരുന്ന കുങ്കുമപ്പെട്ടി തുറന്ന് അതില്‍ നിന്നും കുറച്ച് സിന്ദൂരം കൈയില്‍ എടുത്ത് അവളുടെ അരികില്‍ ചെന്നു.

“ഇവിടെ നിന്നും നീ ഇറങ്ങുന്നത് വെറും പ്രതിഭ ആയിട്ടല്ല..എന്റെ ഭാര്യ പ്രതിഭ ആയിട്ടാണ്…”

അങ്ങനെ പറഞ്ഞുകൊണ്ട് ഞാന്‍ വലതു ചൂണ്ടുവിരലില്‍ കുങ്കുമം എടുത്ത് അവളുടെ മൂര്‍ദ്ധാവില്‍ മുകളിലേക്ക് വരച്ചു. കണ്ണടച്ച് കൈകള്‍ കൂപ്പി നിന്ന പ്രതിഭയുടെ കണ്ണുകളില്‍ നിന്നും ധാരധാരയായി കണ്ണുനീര്‍ പ്രവഹിച്ചു….

Leave a Reply

Your email address will not be published. Required fields are marked *