എന്താണ് ആരും തന്റെ ചുറ്റിനും നില്കാത്തത്?
ഞാൻ അല്ലേ ഇടിച്ചു വീണത്. ദീപു ഓർത്തു.
ഇനി വേറെ ആരെയെങ്കിലും ഇടിച്ചുവീഴ്ത്തി കാണുമോ?
ദീപു മുന്നിലേക്ക് നടന്നു. ആൾകൂട്ടത്തിനു ഇടയിലൂടെ വീണു കിടക്കുന്ന ആളെ നോക്കി.
ദീപുവിന്റെ കണ്ണുകൾ മിഴിച്ചുനിന്നു. ചലനമറ്റ തന്റെ ശരീരം.
തലയിൽ നിന്നും ദേഹം മുഴുവനിൽ നിന്നും ചോര ഒഴുകുന്നു.
“ഓവർ സ്പീഡ് ആയിരുന്നു. കഴുത്തിനു നല്ല പരിക്കുപറ്റി. അങ്ങനെ ആണ് മരിച്ചത്.” കൂട്ടം കൂടി നിന്ന ഒരാൾ പറയുന്നത് ദീപക് കേട്ടു.
ഞാൻ മരിച്ചെന്നോ? ഇല്ല..
എനിക്ക് മരിക്കാൻ കഴിയില്ല. എന്റെ അമ്മൂ, എനിക്ക് അവളുടെ അടുത്തേക്ക് പോകണം.
നോ. ഇതൊരു സ്വപ്നം ആണ്. അവൻ കണ്ണുകൾ ഇറുക്കി അടച്ചു.
വീണ്ടും തുറക്കുമ്പോഴും അങ്ങനെ തന്നെ. എന്താണിത്.
എന്റെ അമ്മ, അച്ഛൻ, പെങ്ങൾ, അവരൊക്കെ എങ്ങനെ സഹിക്കും.
ദീപക് തന്റെ ശരീരം ആംബുലൻസിൽ കയറ്റുന്നത് നോക്കി നിന്നു.
അതിന്റെ ഉള്ളിൽ കയറി ആശുപത്രിയിലേക്ക്.
ദീപക് പുറകേ ആംബുലൻസിലേക്ക് കയറി. ആംബുലെൻസ് ആശുപത്രിയിലേക്ക് പാഞ്ഞു.
———
വിവരമറിഞ്ഞ് അച്ഛനും അമ്മയും എത്തിയിട്ടുണ്ട്. കൂട്ടുകാരും ഉണ്ട്.
അരുണിമയെ കാണുന്നില്ലല്ലോ. ദീപക് ഓർത്തു.
ഡോക്ടർ എമർജൻസിയിൽ നിന്നും ഇറങ്ങി വരുന്നുണ്ട്.
“നിങ്ങളുടെ മകൻ മരിച്ചു. അപകട സമയത്ത് തന്നെ മരണം സംഭവിച്ചിട്ടുണ്ട്.”
താൻ മരിച്ചു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീടുകാരുടെ കരച്ചിൽ കണ്ട ദീപക്കിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
അവൻ അവിടെ നിന്നും ഓടി.
ഹോസ്പ്പിറ്റലിന് പുറത്ത് കൂട്ടുകാർ ഓരോരുത്തരായി എത്തുന്നുണ്ട്.
തന്റെ വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരം ആംബുലൻസിലേക്ക് കയറ്റുന്നതും, അലമുറയിട്ട് കരയുന്ന അമ്മയും പെങ്ങളും.
നിസ്സഹായനായി നിൽക്കുന്ന അച്ഛൻ. ദീപ്കന്റെ മനസ്സിൽ ഒരു കടലോളം വേദന നിറഞ്ഞുവന്നു.
അവരുടെ വിഷമം നോക്കിനിൽക്കാനേ അവന് കഴിഞ്ഞുള്ളൂ.
ഒരു നിമിഷത്തെ അശ്രദ്ധ. ആദ്യമായി അമ്മുവിന്റെ ഒപ്പം ഒന്ന് കളിക്കാൻ പോലും അവസരം കിട്ടില്ലല്ലോ.
ഓവർടേക്ക് ചെയ്യാൻ തീരുമാനിച്ച ആ നിമിഷത്തെ ശപിച്ചു കൊണ്ട് ആംബുലൻസിലേക്ക് അവൻ കയറി.
ഇനി വീട്ടിലേക്ക്.
———
ആളുകൾ അറിഞ്ഞ് വരുന്നതേ ഉള്ളു. വീട്ടിൽനിന്നും വലിയ നിലവിളി കേൾക്കാം.
ദീപക്കിന്റെ ചലനമറ്റ ശരീരം വീടിന് മുന്നിൽ.
അവിടേക്ക് കോളേജിൽ നിന്നും അയൽക്കാരും ബന്ധുക്കളും എല്ലാം വന്നുകൊണ്ടിരിക്കുന്നു.
അരുൺ ബൈക്ക് വീടിന്റെ വെളിയിൽ വെച്ചിട്ട് ചേച്ചിയെയും കൂട്ടി വീട്ടിലേക്ക് കയറി.
അരുണിമയാവട്ടെ അനിയന്റെ കൈകൾ മുറുക്കി പിടിച്ചുകൊണ്ടാണ് നടക്കുന്നത്.
ഇരുവരും നടന്നു ചേതനയറ്റ ചേതനയറ്റ ശരീരത്തിന്റെ അടുത്തെത്തി.
ദീപക്കിനെ കണ്ടപ്പോൾ തന്നെ അരുണിമ ബോധം കെട്ടു വീണു. അരുൺ അവളെ താങ്ങിയെടുത്ത് അടുത്തുള്ളൊരു കസേരയിൽ ഇരുത്തി.
മുഖത്ത് വെള്ളം തളിച്ചാണ് അവളെ എണീപ്പിച്ചത്.
ബോധം വന്നപ്പോ തൊട്ട് നിറുത്താതെ കരയുകയാണ് അരുണിമ. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ അരുണും.
_______
അരുണിമ കയറി വരുന്നത് ദീപക്ക് കണ്ടു.
ആദ്യമായി അവൾ തന്റെ വീടിന്റെ പടി കടക്കുന്നത് ഇങ്ങനെയായി പോയല്ലോ ദൈവമേ.
അവളുടെ അടുത്തേക്ക് ദീപക് ഓടിച്ചെന്നു. അവളോട് സംസാരിക്കാനും തൊടാനുമെല്ലാം അവന് ശ്രമിച്ചു.
തന്റെ അസ്ഥിത്വം നഷ്ടമായതിന്റെ യാഥാർത്ഥ്യം അവന് ഇപ്പോഴും മനസ്സിലായിട്ടില്ല.
തന്റെ വാക്കുകൾ അരുണിമ കേൾക്കുന്നില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ ദീപക് അവിടെ നിലത്തു മുട്ടു കുത്തി കരയാൻ തുടങ്ങി.
വൈകുന്നേരമായപ്പോൾ ദീപക്കിന്റെ ശരീരം ചിതയിലേക്കു എടുത്തു.
ദീപക്കിന്റെ വീടിനു പുറകിൽ ഒരു പുഴയൊഴുകുന്നുണ്ട്. അതിന് സമീപത്തായി ഒരുക്കിയ ചിതയും.
വിറയ്ക്കുന്ന കൈകളോടെ അച്ഛൻ ആണ് കൊള്ളിവെച്ചത്. ദൂരെ മാറി നിന്നു കരയുന്ന അരുണിമ.
അവളെ ചേർത്തു നിറുത്തി കെട്ടിപിടിച്ചു ആശ്വസിപ്പിക്കുന്ന അരുൺ.
ചടങ്ങുകൾ കഴിഞ്ഞപ്പോഴേക്കും എല്ലാരും അവിടെ നിന്നും പോയിത്തുടങ്ങിയിരുന്നു.
ഇനി താൻ ഒരു ഓർമ്മ മാത്രം. ദീപക് എറിഞ്ഞമരുന്ന സ്വന്തം ചിതയിൽ നോക്കി നെടുവീർപെട്ടു.
