“നിനക്ക് അറിയാമോ പരമേശ്വരന്‍ മുതലാളിയെ? അയാള്‍ക്ക് ഉള്ള പിടിപാടിനെക്കുറിച്ച് വല്ല ഊഹവും ഉണ്ടോ? നാല് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ പാര്‍ട്ണര്‍ ആണ് അയാള്‍. ഒപ്പം സ്വന്തമായി മൂന്നോ നാലോ ബാറുകള്‍ ഉണ്ട്. ഇവ കൂടാതെ തമിഴ്നാട്ടില്‍ എന്തൊക്കെയോ ബിസിനസുകളും ഇയാള്‍ക്കുണ്ട്. മൂന്നു മക്കളില്‍ രണ്ടാമന്‍ ആണ് രാജീവ്. മൂത്തവനാണ് തമിഴ് നാട്ടിലെ ബിസിനസ് നടത്തുന്നത്; അവന്റെ പേര് രാജ്..ഇളയത് ഒരു പെണ്ണാണ്; രമ്യ…”
“നീ എന്താ അയാളുടെ കുടുംബ ചരിത്രം പറയാനുള്ള ശ്രമമാണോ?” ശിവന്‍ ഇടയ്ക്ക് കയറി ചോദിച്ചു.
“ഒന്നടങ്ങടാ…ഈ രമ്യ കല്യാണം കഴിച്ച് ഒന്നാം മാസം തന്നെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു തിരികെ വന്നവള്‍ ആണ്. മൂത്തവന്‍ കുഴപ്പമില്ലാത്ത ആളാണ് എന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ ഇളയവര്‍ രണ്ടും തനി തറകള്‍ ആണ്. ഈ ചെറുക്കന്‍ കോളജില്‍ പോയെങ്കിലും ഡിഗ്രി പാസായിട്ടില്ല. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആണ് അവന്‍. അവന്റെ കൂടെ പത്തു പതിനഞ്ചു ഗുണ്ടകള്‍ മിക്കപ്പോഴും കാണും. അങ്ങേരുടെ ബാറുകള്‍ നോക്കി നടത്തുന്നത് ഇപ്പോള്‍ ഇവനാണ്. കച്ചവടത്തില്‍ അവന്‍ മിടുക്കനാണ് എങ്കിലും സ്ത്രീ ലമ്പടനാണ്..അത് അവന്റെ തന്തയ്ക്കും അറിയാം..അയാളും അതേ സ്വഭാവക്കാരന്‍ ആയതുകൊണ്ട് ചെറുക്കന്‍ എന്ത് ചെയ്താലും അതിനെ ന്യായീകരിക്കാനെ അയാള്‍ നോക്കൂ..ഈ രാജീവ് വേശ്യകളുടെ പിന്നാലെ പോകുന്നവന്‍ അല്ല..അവന് ആരും തൊട്ടിട്ടില്ലാത്ത പെണ്ണിനെത്തന്നെ വേണം..കെട്ടാന്‍ അല്ല..അറിയാമല്ലോ എന്തിനാണെന്ന്..”
റോയ് തൊണ്ട ശുദ്ധമാക്കാന്‍ വേണ്ടി ഒന്ന് നിര്‍ത്തി മുരടനക്കിയിട്ട് ശിവനെ നോക്കി. അവന്‍ സാകൂതം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
“കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കണ്ടുപിടിക്കാന്‍ തന്നെ ഇവന്‍ ചിലരെ നിയോഗിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്..അവരെ ഇവനും കണ്ടു നോക്കും..ഇഷ്ടമായാല്‍ അവളെ കിട്ടാന്‍ വേണ്ടി എന്തും ഇവന്‍ ചെയ്യും. മിക്ക പെണ്‍കുട്ടികളും ഇവന്റെ വലയില്‍ വീഴാറുമുണ്ട്. പണവും സൗന്ദര്യവും ആരോഗ്യവുമുള്ള അവനെ ഏതു പെണ്ണും ഇഷ്ടപ്പെടുമല്ലോ..എന്നാല്‍ പെണ്ണ് വഴങ്ങാതെ വന്നാല്‍, അവനു ഭ്രാന്താണ്. അവളെ കിട്ടാന്‍ ഏതറ്റം വരെയും അവന്‍ പോകും..കിട്ടിയില്ല എങ്കില്‍ അവളെ അംഗഭംഗം വരുത്താനോ കൊല്ലാനോ തന്നെ ഇവന്‍ മടിക്കില്ല…അങ്ങനെ പല കേസുകള്‍ ഇവനെതിരെ ഉണ്ടായിട്ടുണ്ട്..പക്ഷെ തന്തപ്പടിയുടെ സ്വാധീനം മൂലം ഒന്നും പുറംലോകം അറിഞ്ഞിട്ടില്ലെന്ന് മാത്രം. നിനക്കറിയാമോ ഈ ജില്ലയുടെ പോലീസ് മേധാവി എസ് പി സുരേഷ് മേനോന്‍ ഇവന്റെ സ്വന്തം അമ്മാവന്‍ ആണ്. പോലീസില്‍ പരാതി നല്‍കിയാല്‍ പോലും ഇവനെ രക്ഷിക്കാന്‍ അവിടെ ആളുണ്ട് എന്നര്‍ത്ഥം.”
റോയ് പറയുന്നത് കേട്ടു ശിവന്‍ ഞെട്ടി ഇരിക്കുകയായിരുന്നു.
പരമേശ്വരന്‍ മുതലാളി ഒരു പണക്കാരനാണ് എന്നതിലുപരി മറ്റൊന്നും അവനറിയില്ലായിരുന്നു.
“അവന്‍ റീനയെ മോഹിച്ചിട്ടുണ്ട് എങ്കില്‍ അവന്‍ അവളെ കിട്ടാന്‍ എന്തും ചെയ്യും. എനിക്കതറിയാം. മുന്‍പൊരിക്കല്‍ ഇതുപോലെ എതിര്‍ത്ത ഒരു പെണ്ണിനെ ഇവന്‍ ഒരു ഗുണ്ടയെ ഉപയോഗിച്ചു ബൈക്ക് ഇടിപ്പിച്ച് കൈകാലുകള്‍ ഒടിച്ചു. അപകടം എന്ന് പോലീസ് വിധിയെഴുതി വിട്ട ആ കേസില്‍ ആ പെണ്‍കുട്ടിയുടെ ജീവിതമാണ് തകര്‍ന്നത്…അതുപോലൊരു വിധി നമ്മുടെ റീന മോള്‍ക്ക് ഉണ്ടാകണം എന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?”
ശിവന്‍ ഞെട്ടലോടെ അവന്റെ കണ്ണിലേക്ക് നോക്കി.
“അവന്‍ സ്ത്രീ വിഷയത്തില്‍ ഒരു ഭ്രാന്തനാണ്. ഒരു തനി മനോരോഗി. ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടിയില്ല എങ്കില്‍ അവന്‍ മൃഗമായി മാറും. അവനൊരു സാധാരണക്കാരനായിരുന്നു എങ്കില്‍ നമുക്കത്ര പേടിക്കേണ്ട കാര്യമില്ലായിരുന്നു. ഇത് ഇഷ്ടം പോലെ പണവും സ്വാധീനവും ഉള്ള തന്തയുടെ മകനാണ്. മന്ത്രിമാര്‍ വരെ അയാളുടെ പോക്കറ്റിലാണ്.”
ഒന്ന് നിര്‍ത്തിയ ശേഷം റോയ് തുടര്‍ന്നു:
“അതിലൊക്കെ ഉപരിയായി.. നിനക്കറിയാം, നമ്മള്‍ ഒരു ജോലി കിട്ടാനായി എത്ര നാളായി ശ്രമിക്കുന്നു എന്നുള്ളത്. ഇപ്പോള്‍ ഒരു മാര്‍ഗ്ഗം നമ്മുടെ മുന്‍പില്‍ തുറന്ന് കിട്ടിയിരിക്കുകയാണ്..നമ്മള്‍ അവനുമായി മുട്ടിയാല്‍, അതുരുപക്ഷേ പോലീസ് കേസായാല്‍, നമ്മുടെ ദുബായ് യാത്ര സ്വാഹ..പിന്നെ ആ കേസ് തീരാതെ ഇവിടം വിട്ടുപോകാന്‍ എനിക്കോ നിനക്കോ സാധിക്കില്ല. പോലീസില്‍ ഉള്ള സ്വാധീനം വച്ച് നല്ല വകുപ്പ് കയറ്റിത്തന്നെ അവര്‍ കേസ് എടുക്കും..മാത്രമല്ല, നമ്മളെ അവന്‍ വെറുതെ വിടാനും പോകുന്നില്ല. ഈ ഒരു കാരണം വച്ച് അവന്‍ നമ്മുടെ വീട്ടുകാരെ ഉപദ്രവിക്കാന്‍ പോലും മടിക്കില്ല…അവന്റെ പണവും ആള്‍ബലവും അവന്റെ കായബലവും എല്ലാം കണക്കിലെടുത്ത്, ഒപ്പം നമ്മുടെ ഭാവിയും വീട്ടുകാരുടെ സുരക്ഷിതത്വവും എല്ലാം ഓര്‍ത്തുകൊണ്ട് വേണം നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടത്..എടുത്തു ചാടിയാല്‍ സംഗതി കൈവിട്ടുപോകും…”
