കാമ കാവടി – 2

“എന്താ?” രേണു ഒട്ടും മയമില്ലാത്ത മട്ടില്‍ ചോദിച്ചു.

“ഈ ഡോക്യുമെന്റ്സ് നല്‍കാന്‍ വന്നതാണ്. അച്ചായന്‍ വരുമ്പോള്‍ ഇതൊന്നു കൊടുത്തേക്കണേ..” റോയ് പറഞ്ഞു.

“ഉം..” അവള്‍ മൂളി.

“ആരാടി മോളെ അവിടെ?” പ്രായമായ ഒരു സ്ത്രീ ഇറങ്ങി വരുന്നത് അവര്‍ കണ്ടു. രേണുവിന്റെ അമ്മയാണ്.

“അമ്മയ്ക്കറിയില്ല..ജോണിച്ചായനെ കാണാന്‍ വന്നവരാ…” രേണു തിരിഞ്ഞു നോക്കി പറഞ്ഞു.

“എന്നാല്‍ ഞങ്ങള്‍ പൊക്കോട്ടെ ചേച്ചീ..” റോയ് ചോദിച്ചു.

“ചേച്ചിയോ..എനിക്കെത്ര വയസ് ഉണ്ടെന്നാ ഇയാള്‍ടെ വിചാരം?” രേണു ചേച്ചി വിളി ഇഷ്ടമാകാതെ ചോദിച്ചു. റോയ് ഒന്ന് ചമ്മി.

“ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ചേച്ചിക്ക് നമ്മളെക്കാള്‍ പ്രായം കുറവായിരിക്കും എന്ന്..” ശിവന്‍ കിട്ടിയ അവസരം മുതലെടുത്ത്‌ പറഞ്ഞു. റോയ് അവനെ നോക്കി.

“എന്തോ..ചേച്ചിക്ക് നമ്മെക്കാള്‍ പ്രായം കുറവാണെന്നോ? പ്രായം കുറഞ്ഞ ആള്‍ എങ്ങനാടാ നിന്റെ ചേച്ചി ആയത്?” അവന്‍ ചോദിച്ചു. അപ്പോഴാണ്‌ ശിവന് തന്റെ അബദ്ധം മനസിലായത്. രേണു ഉറക്കെ ചിരിച്ചു. നല്ല അഴകുള്ള ആ ചിരി കണ്ടു റോയിയും ശിവനും ഒപ്പം ചിരിച്ചു.

“ഉം..രണ്ടാളും കൊള്ളാം…ഇയാള്‍ടെ നോട്ടം അത്ര ശരിയല്ല കേട്ടോ…” രേണു ശിവനെ നോക്കിയാണ് അത് പറഞ്ഞത്. അവന്‍ ചമ്മുന്നത് കണ്ടപ്പോള്‍ റോയ് ചിരിച്ചു.

“അതെ..ഇനിയിപ്പോ എന്താ വിളിക്കേണ്ടത് എന്നറിയില്ല..ങാ മാഡം…ഇവന് ആദ്യമായി ഏതു പെണ്ണിനെ കണ്ടാലും ഇതുപോലെ ഒരു പ്രശ്നം ഉണ്ട്..ഒന്ന് രണ്ടു തവണ കണ്ടു കഴിഞ്ഞാല്‍ അതങ്ങ് മാറിക്കോളും….സൊ ഡോണ്ട് മൈന്‍ഡ് ഇറ്റ്‌…”

“ഏയ്‌..ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാ…ആണുങ്ങള്‍ അല്ലെങ്കില്‍ പിന്നെ പെണ്ണുങ്ങളെ ആരാണ് നോക്കേണ്ടത്….” രേണു ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഹെന്റമ്മോ സമാധാനമായി…ഞാന്‍ ആകെ പേടിച്ചു പോയിരുന്നു..പോലീസുകാരി അല്ലെ…പേടിക്കതിരിക്കാന്‍ പറ്റുമോ?” ശിവന്‍ ആശ്വാസത്തോടെ പറഞ്ഞു.

“നിങ്ങളുടെ കാര്യം ജോണിച്ചായന്‍ പറഞ്ഞിരുന്നു…ഇവിടെ ഞാനും അമ്മേം മാത്രമേ ഉള്ളു..ഇടയ്ക്ക് സമയമുള്ളപ്പോള്‍ ഇറങ്ങ് കേട്ടോ..നമുക്ക് വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം…” രേണു വലതുകൈ പൊക്കി മുടി ഒതുക്കിക്കൊണ്ട്‌ പറഞ്ഞു.

“വരാം മാഡം..” റോയ് പറഞ്ഞു.

“ഈ മാഡം വിളി വേണ്ട..പേര് വിളിച്ചാല്‍ മതി..രേണു…ഒകെ?”

“ഓക്കേ മാഡം..” ശിവന്റെ വകയായിരുന്നു അത്. മൂവരും ചിരിച്ചു.

വളരെ സന്തോഷത്തോടെയാണ് അവര്‍ വീട്ടിലേക്ക് തിരികെ പോയത്.

“ഞാന്‍ ആദ്യം കരുതി അവര് ഭയങ്കര സീരിയസ് ആണെന്ന്..ആള് നല്ല സരസ ആണ്..” ശിവന്‍ പറഞ്ഞു.

“സരസ അല്ല..രേണു…”

“തറ കോമഡി അടിക്കല്ലേ…”

“എന്തായാലും നിനക്ക് യോഗം കുറവാണ്..” റോയ് പറഞ്ഞു.

“അതെന്താ..”

“അല്ല..ഇനിയിപ്പോള്‍ നമ്മള്‍ ഉടനെ തന്നെ ദുബായ്ക്ക് പോവ്വല്ലേ…രേണുവിനെ ഇടയ്ക്കിടയ്ക്ക് ചെന്നു കണ്ടു സംസാരിക്കാന്‍ നിനക്ക് അതിനു ശേഷം പറ്റില്ലല്ലോ എന്നോര്‍ത്ത് പറഞ്ഞതാ….”

“അത് ശരിയാടാ..നമ്മള്‍ വെറുതെ നടക്കുമ്പോള്‍ ഒന്നും തടയില്ല..നാട് വിടാറാകുമ്പോള്‍ ഓരോന്ന് ഒത്ത് വരും..ങ്ഹാ..വിധി..അല്ലാതെന്താ…” ശിവന്‍ ദീര്‍ഘമായി നിശ്വസിച്ചു. അവര്‍ സംസാരിച്ച് റോയിയുടെ വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു.

“വാടാ..ഓരോ ചായ കുടിച്ചിട്ട് പോകാം..” റോയ് അവനെ ക്ഷണിച്ചു.

“ഓ..ആയിക്കോട്ടെ…..”

രണ്ടാളും സൈക്കിള്‍ വച്ചിട്ട് വീട്ടിലേക്ക് കയറി. ജോസഫ് ജോലി കഴിഞ്ഞ് എത്തിയിരുന്നില്ല.

“അമ്മെ..ചായ എടുക്ക്..ശിവനും ഉണ്ട്” റോയ് വിളിച്ചു പറഞ്ഞു.

“ദാ എത്തിയെടാ മോനെ..” ഉള്ളില്‍ നിന്നും ഗ്രേസി പറഞ്ഞു. ദുബായ് കാര്യം ഏതാണ്ട് നടക്കും എന്നറിഞ്ഞതോടെ ഗ്രേസി സന്തോഷവതി ആയിരുന്നു. മകന്‍ ജോലിയൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതില്‍ ആ അമ്മയ്ക്ക് നല്ല ദുഃഖം ഉണ്ടായിരുന്നു.

“ഇന്നാടി പെണ്ണെ..ഈ ചായ അങ്ങോട്ട്‌ കൊണ്ടുക്കൊടുക്ക്” ഗ്രേസി റീനയോട് പറയുന്നത് അവര്‍ കേട്ടു.

അവള്‍ രണ്ടു കൈകളിലും ഓരോ ഗ്ലാസുകളുമായി എത്തി അവര്‍ക്ക് നീട്ടി. കടന്നല്‍ കുത്തേറ്റത് പോലെ അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. ശിവന്‍ അത് ശ്രദ്ധിച്ചു.

“എന്താടി മോന്ത വീര്‍പ്പിച്ചു നടക്കുന്നത്” ശിവന്‍ ശബ്ദം താഴ്ത്തി ചോദിച്ചു. അവളുടെ കണ്ണുകള്‍ നിറയുന്നത് അവന്‍ കണ്ടു.

“ഛെ..കരയാതെടി പെണ്ണെ..അമ്മാമ്മ കാണരുത്….” ശിവന്‍ അടക്കം പറഞ്ഞിട്ട് ഉള്ളിലേക്ക് നോക്കിയ ശേഷം തുടര്‍ന്നു: “ഇന്ന് നിന്നെ അവന്‍ കാണാന്‍ വന്നപ്പോള്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു…”

റീനയുടെ കണ്ണുകള്‍ വിടര്‍ന്നു. അവളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് ഇരുവരും കണ്ടു.

“എന്നിട്ടെന്താ അവനോടു സംസാരിക്കാഞ്ഞത്?” അവള്‍ ചോദിച്ചു.

“അതൊക്കെ ഞങ്ങള്‍ ഡീല്‍ ചെയ്തോളാം..നീ അവന്‍ ഇനി സംസാരിക്കാന്‍ വരുമ്പോള്‍ ദേഷ്യപ്പെടുകയോ മോശമായി സംസാരിക്കുകയോ ചെയ്യരുത്…എന്നെ വെറുതെ വിടണം എന്ന് സൌമ്യമായി പറയുക മാത്രമേ ചെയ്യാവൂ…” റോയ് അവളെ ഉപദേശിച്ചു.

“പിന്നെ..ആ അലവലാതിയോട് അങ്ങനെയൊന്നും സംസാരിക്കാന്‍ എനിക്ക് പറ്റില്ല…ഹും…” അവള്‍ മുഖം വെട്ടിച്ചു. ശിവന്‍ റോയിയെ നോക്കി.

“നീ പറേന്നത് കേള്‍ക്ക്…ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് പക്വമായിട്ടാണ്…അവനു നിന്നോട് ദേഷ്യം തോന്നുന്ന രീതിയില്‍ പെരുമാറരുത്..ബാക്കി ഞങ്ങള്‍ നോക്കിക്കോളാം..” ശിവന്‍ പറഞ്ഞു.

“ഹും..” അവള്‍ വെട്ടിത്തിരിഞ്ഞ് ഉള്ളിലേക്ക് പോയി. ആ പോക്ക് കണ്ടപ്പോള്‍ ശിവന് കലിപ്പ് കയറി.

“ഈ പണ്ടാരം പിടിച്ച പെണ്ണുങ്ങളോട് പറഞ്ഞാല്‍ തലേല്‍ കേറത്തില്ലല്ലോ ഭഗവാനെ…അവള്‍ടെ പോക്ക് കണ്ടില്ലേ….” അവന്‍ കോപത്തോടെ പറഞ്ഞു.

“എടാ പെണ്ണുങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ല എങ്കില്‍ അവര്‍ക്ക് പിന്നെ അഭിനയിക്കാന്‍ ഒന്നും പറ്റില്ല..ഈ ജാതി അങ്ങനാ…സാരമില്ല..ഞാന്‍ പിന്നെ അവളോട്‌ ഒന്ന് സംസാരിക്കാം…നീ ചായ കുടി…”

ഇരുവരും ചായ മെല്ലെ മൊത്തിക്കുടിച്ചു. ഒരു വാഹനത്തിന്റെ ഇരമ്പല്‍ കേട്ട് അവര്‍ നോക്കി. വീടിന്റെ മുന്നിലുള്ള റോഡിലൂടെ വരുന്ന കറുത്ത എന്‍ഡവര്‍…

ശിവന്‍ ഞെട്ടലോടെ റോയിയെ നോക്കി. ആ വണ്ടി അവരുടെ മുന്‍പിലൂടെ സാവധാനം കടന്നു പോയി. അതിന്റെ ഉള്ളില്‍ നിന്നും രാജീവിന്റെ കണ്ണുകള്‍ തങ്ങള്‍ക്ക് നേരെ നീളുന്നത് അവര്‍ കണ്ടു…(തുടരും)…….

Leave a Reply

Your email address will not be published. Required fields are marked *