കോബ്രാ ഹില്‍സിലെ നിധി – 4

* * * * * * * * * *

പതിനൊന്ന് മണിക്ക് മുമ്പ് രാജശേഖരവര്‍മ്മ ഒരിക്കലും ഉറങ്ങാറില്ല.
അത്താഴത്തിന് ശേഷമുള്ള പ്രധാന പരിപാടി വായനയാണ്.
തന്‍റെ പൂര്‍വ്വികര്‍ തദ്ദേശ സാഹിത്യവും കലകളും വളര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നുവെന്ന് അദ്ധേഹത്തിനറിയാമായിരുന്നു.
താന്‍ സ്വയം തന്നെ നല്ല ഒരു കലാസ്വാദകനും സാഹിത്യപ്രേമിയുമായിരുന്നു.
അവയൊക്കെ ഇപ്പോള്‍ വായനയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു.
അതിന് പോലും സമയം കിട്ടാറില്ലെന്നതാണ് വാസ്തവം.
നിശാവസ്ത്രത്തില്‍, കിടക്കയില്‍ ചാരിക്കിടന്ന്‍, വായനയുടെ ആഴത്തില്‍ പരിസരം മറന്നിരിക്കയായിരുന്ന ഭര്‍ത്താവിനെ ഗായത്രിദേവി നോക്കി.
അവര്‍ അദ്ധേഹത്തിന്‍റെയടുത്തു വന്നു.
രാജശേഖരവര്‍മ്മ കണ്ണുകള്‍ പറിച്ച് ചോദ്യരൂപത്തില്‍ അവരെ നോക്കി.
“മതി വായിച്ചത്,”
അദ്ധേഹത്തിന്‍റെ കൈയില്‍ നിന്ന്‍ പുസ്തകം വാങ്ങി മേശപ്പുറത്ത് വെച്ചു.
അദ്ദേഹം വാത്സല്യപൂര്‍വ്വം അവരെ തന്നിലേക്കടുപ്പിച്ചു.
ഗായത്രിദേവി തന്‍റെ മുഖം അദ്ധേഹത്തിന്‍റെ നെഞ്ചിലമര്‍ത്തി.
നൈറ്റ് ഗൌണിനുള്ളിലെ മാര്‍ദവമുള്ള തന്‍റെ ശരീരം അദ്ധേഹത്തോട് ചേര്‍ത്ത് പറ്റിക്കിടന്നു.
“എന്തായിരുന്നു, മഹാറാണിയുടെ ആലോചന? വായനക്കിടെലും ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു,”
“എനിക്ക്…”
അദ്ധേഹത്തിന്‍റെ നെഞ്ചില്‍ അമര്‍ന്നിരുന്ന മുഖം ഉയര്‍ത്തി അദ്ധേഹത്തിന് അഭിമുഖമായി ഇരുന്നുകൊണ്ട് അവര്‍ പറഞ്ഞു.
“…എനിക്ക് ഭയം തോന്നുന്നു,””എന്തിനാണാവോ?”
“മോളെ ഓര്‍ത്ത്.”
“അതെന്താ ഇപ്പോ മോളെ ഓര്‍ത്ത് ഒര് ഭയം?”
“അവള്‍ക്കിപ്പോ പതിനേഴ്‌ വയസ്സ് പൂര്‍ത്തിയാകുന്നു. തപസ്വിയുടെ ശാപത്തിന് ശേഷമുണ്ടായ ആദ്യത്തെ പെണ്ണ്‍. അതിപ്പോ ….”
“എന്‍റെ ഗായത്രി …”
അദ്ദേഹം കിടക്കയില്‍ നിന്നും എഴുന്നേറ്റു.
“ഗ്രന്ഥപ്പൊരേലെ താളിയോലകളില്‍ അങ്ങനെ ചെലതൊക്കെ ഞാനും വായിച്ചിട്ടുണ്ട്. അതൊക്കെ ഒരു കഥയായി അങ്ങ് കരുത്‌ക. പഠിപ്പും അറിവും ഒക്കെ ഇല്ലേ, നെനക്ക്?”
“ഈശ്വര നിശ്ചയത്തിനപ്പുറത്ത് വരൂല്ലല്ലോ പഠിപ്പും അറിവും ഒക്കെ?”
ഗായത്രിദേവി ചോദിച്ചു.
രാജശേഖരവര്‍മ്മ മന്ദഹസിക്കാന്‍ ശ്രമിച്ചു.
ഏതാനും നിമിഷങ്ങളുടെ നിശബ്ദത അവര്‍ക്കിടയില്‍ നിറഞ്ഞു.
“വേറെ ചെലത് കൂടി മനസ്സിലുണ്ട് എന്ന്‍ തോന്നണു,”
അവരുടെ നിശബ്ദത ശ്രദ്ധിച്ച് അദ്ധേഹം പറഞ്ഞു.
അവര്‍ അദ്ധേഹത്തെ സംശയത്തോടെ നോക്കി.
“എനിക്കൊരു കാര്യം കൂടി പായാനൊണ്ടാരുന്നു. കൊറേ നാളുകളായി ആലോചിക്കുന്നതാണ്,”
അദ്ധേഹം അവരുടെ അടുത്ത് വന്നിരുന്നു.
തോളില്‍ കൈത്തലമമര്‍ത്തി.
“പറയു,”
“മഹാമൃത്യുഞ്ജയ യാഗം നടത്തണം,”
തന്‍റെ തോളില്‍ അമര്‍ന്നിരുന്ന കൈത്തലത്തില്‍ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
“ഇപ്രാവശ്യം അത് ഇത് വരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭംഗിയായി നടത്തണം.”
“ഞാനും ആലോചിക്കായ്കയല്ല ഗായത്രീ,”
അദ്ധേഹം പറഞ്ഞു.
“എന്തൊക്കെയോ അരുതായ്മകള്‍ ഈയിടെയായി എനിക്കും തോന്നാറുണ്ട്. രോഹിത് നമ്മളെ ചതിച്ചു. കോബ്രാഹില്‍സില്‍ വെച്ച് അവന്‍ കൊല്ലപ്പെട്ടു. നാലഞ്ച് പ്രാവശ്യം മോള്‍ക്ക് ആക്സിഡന്‍റ്റ് ഉണ്ടായി. ഇതൊക്കെ എന്നെയും ചഞ്ചലപ്പെടുത്താറുണ്ട്.”
ഗായത്രിദേവിയുടെ മുഖത്ത് നേരിയ സംഭ്രമം പടര്‍ന്നു.
“നാളെത്തന്നെ ഉജ്ജയിനിയില്‍ പോകണം.”
അവര്‍ പറഞ്ഞു.
“ഗുരുജി ദേവനാരായണനെ കാണണം. യാഗത്തിന്‍റെ മുഹൂര്‍ത്തവും മറ്റും നിശ്ചയിച്ചിട്ട് വരണം.”
അവര്‍ വീണ്ടും അസ്വസ്ഥമായ ചിന്തകളോടെ ഭര്‍ത്താവിനെ നോക്കി.
“എനിക്കൊരു സ്വസ്ഥതേം ഇല്ല.”
അവര്‍ പറഞ്ഞു.
“മോളെ ഞാന്‍ ഇടയ്ക്കിടെ സ്വപ്നം കാണുന്നു. അവളുടെ പിറകെ ആപത്തുകള്‍ ഉണ്ട്. പകല് മുഴുവന്‍ അവള്‍ അവിടെയും ഇവിടെയും അലഞ്ഞ് നടക്കുമ്പം എനിക്ക് ആധിയാണ്. കോലോത്ത് മോള്‍ തിരിച്ചെത്തുമ്പോള്‍ ആണ് ഒര് സമാധാനമുണ്ടാകുന്നത്. മോള്ക്കെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാന്‍…”
കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ നിര്‍ത്തി.
അത് കണ്ട്‌ അദ്ധേഹവും വികാരഭരിതനായി.
അവരുടെ മുഖം അദ്ധേഹം കൈയിലെടുത്തു.
“എന്തായിത് ഗായത്രീ?”
അദ്ദേഹം ചോദിച്ചു.
“മോള്‍ക്ക് ഒന്നും സംഭവിക്കില്ല. നിന്‍റെ പ്രാര്‍ത്ഥനയ്ക്കും വൃതത്തിനും ഒന്നും ഒരു വിലേമില്ലേ? സമാധാനിക്ക് ഞാന്‍ നാളെത്തന്നെ ഉജ്ജയിനിയ്ക്ക് തിരിക്യാണ്”

Leave a Reply

Your email address will not be published. Required fields are marked *