കോബ്രാ ഹില്‍സിലെ നിധി – 6

****************************************

മെട്രോപോലിറ്റന്‍ ക്ലബ്ബില്‍ മ്യൂസിക് റിഹേഴ്സലിനു വേണ്ടി കോബ്രാ ഗാങ്ങിലെ അംഗങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അവസാനം എത്തിചേര്‍ന്നത് പ്രിയങ്കയാണ്.
തന്‍റെ സൈക്കിള്‍ പുറത്ത് പാര്‍ക്ക് ചെയ്തതിനു ശേഷം കൈയിലൊരു പത്രവും ഉയര്‍ത്തിപ്പിടിച്ച്, ഓടിക്കിതച്ചാണ് അവള്‍ കൂട്ടുകാരുടെ മുമ്പിലേക്ക് വന്നത്.
“ലത്തീഫ് ദാദാ, ഇത്!”
അവള്‍ കൈയിലുണ്ടായിരുന്ന പത്രത്തിന്‍റെ പ്രാദേശികകോളം ലത്തീഫിന്‍റെ മുമ്പില്‍ വിടര്‍ത്തിക്കാണിച്ചു.
കൂട്ടുകാര്‍ തങ്ങളുടെ സംഗീത ഉപകരണങ്ങളുടെ മുമ്പില്‍ നിന്നും ലത്തീഫിന്‍റെയും പ്രിയങ്കയുടെയും അടുത്തേക്ക് ഓടിവന്ന്‍ അവര്‍ക്ക് ചുറ്റും നിന്നു.
“അഞ്ചുകോടിയുടെ മയക്ക് മരുന്ന് വേട്ട, യുവാക്കള്‍ പിടിയില്‍” എന്ന തലക്കെട്ടോടെ നാലുകോളം വാര്‍ത്തയായിരുന്നു അത്.
“ജയകൃഷ്ണനും ടീമുമാണ് ഇതിലെ യുവാക്കള്‍!”
പ്രിയങ്ക ആവേശത്തോടെയറിയിച്ചു.
“ഗോഡ് !!”
ലത്തീഫ് തലയില്‍ കൈവെച്ചു.
അവിശ്വസനീയതയോടെ അവന്‍ കൂട്ടുകാരെ നോക്കി.
അവരും വിസ്മയഭരിതരായിരുന്നു.
“അവസാനം ജയകൃഷ്ണന്‍ അഴിയെണ്ണാന്‍ പോകുന്നു!”
ആബിദ് പറഞ്ഞു.
“മറ്റൊരു ദാവൂദ് ഇബ്രാഹിമിനോ ചോട്ടാ രാജനോ ജന്മം കൊടുക്കാന്‍ നമ്മുടെ ശാന്തിപുരം തന്നെ വേണ്ടി വന്നല്ലോ!”
മനോജ്‌ പറഞ്ഞു.
“കൂട്ടത്തില്‍ നമ്മുടെ വാധ്യാരും കാണും. ഒന്ന്‍ വായിച്ചേ”
ഫെലിക്സ് പറഞ്ഞു.
“തീര്‍ച്ചയായും വാധ്യാരുടെ പേരുമുണ്ട്,”
പ്രിയങ്ക ചിരിച്ചു.
കൂട്ടുകാര്‍ ആവേശത്തോടെ ഒച്ചയിട്ടു.
“പക്ഷെ പ്രതികളുടെ കൂട്ടത്തിലല്ല,”
“പിന്നെ ജഡ്ജിമാരുടെ കൂട്ടത്തിലായിരിക്കും!”
സതീഷ്‌ പുച്ഛത്തോടെ ചിരിച്ചു.
“ജഡ്ജിമാരുടെ കൂട്ടത്തിലുമല്ല,”
“നിന്നോടല്ലേ ആ ന്യൂസ് ഒന്ന്‍ വായിക്കാന്‍ പറഞ്ഞത്!”
ഫെലിക്സ് ഒച്ചയിട്ടു.
“ഖാമോഷ്!”
പ്രിയങ്ക അവനെനോക്കി ചുണ്ടത്ത് വിരല്‍ വെച്ചു.
“ശരി നിരക്ഷരരായ നിങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണ്ണ സാക്ഷരയായ ഞാന്‍ ന്യൂസ് വായിക്കാന്‍ പോകുന്നു, ശ്രദ്ധിച്ച് കേള്‍ക്ക്,’
പ്രയങ്ക ആ പത്രവാര്‍ത്ത എല്ലാവരെയും വായിച്ചുകേള്‍പ്പിച്ചു.
ജയകൃഷ്ണന്‍റെ വീട്ടില്‍ നടന്ന പോലീസ് റെയിഡിന്‍റെ വിശദാംശങ്ങള്‍ അതിലുണ്ടായിരുന്നു.
വാര്‍ത്ത‍കേട്ട് ലത്തീഫും കൂട്ടുകാരും അദ്ഭുതാധീനനരായി.
ജയകൃഷ്ണന്‍റെ കൈവശം മയക്കുമരുന്നുണ്ടെന്ന്‍ പോലീസിനു വിവരം നല്കിയതും തുടര്‍ന്ന്‍ ജയകൃഷ്ണന്‍റെ വീട്ടില്‍ നടന്ന റെയിഡില്‍ പ്രതികളുടെ ആക്രമണത്തില്‍ നിന്നും പോലീസ് സംഘത്തെ രക്ഷപെടാന്‍ സഹായിച്ചതും രാഹുല്‍ നാരായണന്‍ എന്ന, സെയിന്‍റ് മേരീസ് കോളേജിലെ അദ്ധ്യാപകന്‍ ആണ് എന്നും വാര്‍ത്തയുണ്ടായിരുന്നു.
സംഘാംഗങ്ങള്‍ നിശബ്ദരായി ലത്തീഫിനെ നോക്കി.
അവന്‍റെ മുഖത്ത് ഗാഡമായ ആലോചനയുടെ നിഴലുകള്‍ അവര്‍ കണ്ടു.
അവര്‍ സംശയത്തോടെ പരസ്പരം നോക്കി.
ഈ ദിവസങ്ങളില്‍ ലത്തീഫ് അത്യധികം ചിന്താവിഷ്ടനാണ് എന്ന്‍ അവര്‍ അറിഞ്ഞു.
അവന്‍റെ തലച്ചോറിന്‍റെ ഊര്‍ജ്ജം മുഴുവനും കോബ്രാഹില്‍സിലെ നിധിയേയും രാഹുല്‍ നാരായണനേയും ചുറ്റിപ്പറ്റിയാണെന്നും അവര്‍ അറിഞ്ഞിരുന്നു.
“ലത്തീഫ് ദാദാ,”
വിന്‍സെന്റ് പതിയെ വിളിച്ചു.
ലത്തീഫ് മുഖമുയര്‍ത്തി എല്ലാവരെയും നോക്കി.
അവന്‍റെ സൂക്ഷ്മ ദൃഷ്ട്ടികളില്‍ ഒരു നിഗൂഡഭാവം പ്രത്യക്ഷമാവുന്നത് അവര്‍ കണ്ടു.
“പ്ലോട്ട് തിക്കെന്‍സ്!”
അവസാനം അവന്‍ പറഞ്ഞു.
“ഷെര്‍ലക്ഹോംസ് പറഞ്ഞത് പോലെ,”
“എന്ന് വെച്ചാല്‍?”
രാജു ആരാഞ്ഞു.
“വെയിറ്റ് ആന്‍ഡ് വാച്ച് ആണ് ഇനിയത്തെ ഗെയിം,”
ലത്തീഫ് പറഞ്ഞു.
“വ്യക്തമായ സൂചനകള്‍ കിട്ടാതെ ഒരു തീര്‍പ്പിനും നാം മുതിരുന്നില്ല,”
“എന്ന്‍ വെച്ചാല്‍ ഈ രാഹുല്‍ നാരായണനെതിരെ ആക്ഷന്‍ ഇല്ല എന്നാണോ?”
വിന്‍സെന്റ് ചോദിച്ചു.
“നിരീക്ഷണം മാത്രം,”
ലത്തീഫ് വീണ്ടും പറഞ്ഞു.
“ലഭ്യമായ വിവരങ്ങള്‍ വെച്ച് അവന്‍ ഇന്നലെ രാത്രി വരെ കോബ്രാഹില്സില്‍ കയറിയിട്ടില്ല. രാത്രി ഒന്‍പത് മണിമുതല്‍ വെളുപ്പിന് മൂന്നുമണിവരെ നമ്മള്‍ കോബ്രാ ഹില്സില്‍ നിരീക്ഷണം ആരംഭിക്കുകയാണ് ഇന്നുമുതല്‍. പകല്‍ നിരീക്ഷണത്തിന് പുറമേ. ഇന്ന് വരെ നമ്മള്‍ പോയിട്ടില്ലാത്ത, കിംഗ്‌ കൊബ്രയെ കാണാന്‍ സാധ്യതയുണ്ടെണ്ണ്‍ വിശ്വസിക്കപ്പെടുന്ന ഹനുമാന്‍കുന്ന്‍ എന്ന മോസ്റ്റ്‌ ഡെയിഞ്ചറസ് ആയ കൊടുമുടി വരെ നമ്മള്‍ പോകും. ഒന്‍പത് മണിക്ക് ആവിടെ എത്തിച്ചേരത്തക്ക വിധത്തില്‍ നാം എന്‍റെ ജീപ്പില്‍ ഇവിടെ നിന്ന്‍ പുറപ്പെടും. റോസ്‌ലിനും പ്രിയങ്കയും ഷെറിനും ആക്ഷനില്‍ പങ്കെടുക്കേണ്ടതില്ല,”
“ശ്യോ, അതെന്നാ ലത്തീഫ് ദാദാ?”
നിരാശയോടെ ഷെറിന്‍ ചോദിച്ചു.
പെണ്‍കുട്ടികളുടെ നിരാശ പങ്കുവെക്കുകയായിരുന്നു അവള്‍.
എങ്കിലും പുതിയ സാഹസികയാത്രക്ക് വേണ്ടിയുള്ള ആണ്‍കുട്ടികളുടെ ഉത്സാഹം അവരും പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *