ഈശോപ്പക്കു എന്റെ ഉണ്ണിമോളെ വന്നു കാണണമെന്ന് ആഗ്രഹമുണ്ട്… പക്ഷേങ്കി ഈശോപ്പക്കും പനിയാ. അതോണ്ട് എന്റെ ഉണ്ണിമോൾക്കായി എന്റെയൊരു കൂട്ടുകാരനെ… നമ്മുടെ ചെകുത്താൻ അങ്കിളിനെ അങ്ങോട്ട് വിടുന്നുണ്ട്. അവൻ നോക്കിക്കോളും കേട്ടോ…
ഉണ്ണിമോൾക്ക് എത്രയും പെട്ടെന്ന് സുഖമാകും കേട്ടോ…
ഒത്തിരി സ്നേഹത്തോടെ….
ഉണ്ണിമോളുടെ
ഈശൊപ്പ.
ചാനലുകളിൽ വന്ന കത്തിനെക്കുറിച്ചു ചിന്തിച്ചിരിക്കുകയായിരുന്നു സിറ്റി പൊലീസ് കമ്മീഷണർ അലക്സ് തോമസ്. മുപ്പത് വയസ്സിന്റെ യവ്വനം… ജിമ്മിൽ പോയി ഉരുട്ടിയെടുത്ത ഉറച്ച ശരീരം. കണ്ണുകളിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന കൗശലം… അതിനെക്കാളേറെ മനസ്സിൽ നിറഞ്ഞിരിക്കുന്ന ക്രൂരത… അതാണ് അലക്‌സ്.
സാർ….
അലക്‌സ് തലതിരിച്ചു നോക്കി. കൊണ്സ്റ്റബിൾ ഗോവിന്ദൻ.
യെസ് കമിൻ….
സാർ ഒരു പാഴ്‌സലുണ്ട്….
ആ ബെസ്റ്റ്… കത്ത് രണ്ടെണ്ണം വായിച്ചതിന്റെ ക്ഷീണം പോലും തീർന്നില്ലല്ലോടോ ടീവിയിൽ… അതിനിടക്കാരാ ഇങ്ങോട്ട് പാഴ്സലയച്ചത്???
അറിയില്ല സാർ… കൊറിയർ വന്നതാ…. അഡ്രെസ്സില്ല…. എനിക്കെന്തോ പോലെ തോന്നി.. അതുകൊണ്ട് പെട്ടെന്ന് എടുത്തോണ്ട് വന്നതാ…
കൊറിയറോ??? ആകാംക്ഷയോടെ അലക്സ് ആ കവർ വലിച്ചു കീറി.
കവറിനുള്ളിൽ ഒരു കത്ത് മാത്രം.!!! കവർ മേശയിലേക്കിട്ടു അമ്പരപ്പോടെ അലക്‌സ് ആ കത്തു പൊട്ടിച്ചു.
” HIV ”
ഒറ്റ വാക്ക് മാത്രം ആദ്യ വരിയിൽ…
എന്റെ മോളെ തൊട്ടുവല്ലേ… നിങ്ങൾക്ക് പ്രതികരിക്കാൻ അറിയില്ലല്ലേ??? ആരുമില്ലാത്തവർക്ക് ദൈവമുണ്ടന്നു അറിയില്ലേ അലക്‌സ്…??? അറിയില്ലങ്കിൽ കേട്ടോ… ആരുമില്ലാത്തവർക്ക് ദൈവമുണ്ട്… ദൈവത്തിനും വേണ്ടാത്തവർക്കായി ചെകുത്താൻ വരും…ചെകുത്താൻ…!!!
അടിയിൽ ചെകുത്താൻ എന്നൊരു വാക്കും ഒരു പട്ടിയുടെ ചിത്രവും.
വായിച്ചു തീർന്ന് ഒന്നാലോചിക്കാൻ പോലും സമയം കിട്ടിയില്ല.. അലക്‌സിനെ ഞെട്ടിച്ചുകൊണ്ടു ഫോൺ ബെല്ലടിച്ചു. ചെവിക്കരികെ ബോംബ് പൊട്ടിയത് പോലെയാണ് അലക്‌സ് ഞെട്ടിയത്. തന്റെ ഞെട്ടൽ സഹപ്രവർത്തകൻ കാണാതിരിക്കാൻ പാടുപെട്ടുകൊണ്ടു അലക്‌സ് ഫോണെടുത്തു.
ചെകുത്താൻ….. ഫോണിൽ നിന്ന് കേട്ട ആദ്യ ശബ്ദം…!!!
