ജീവിതം നദി പോലെ – 5 2അടിപൊളി  

“ങേ… എന്ത്? ഹലോ.. ഹലോ.. നിനക്ക് കേൾക്കുന്നില്ലേ?”

 

“ഹലോ.. ആ കേൾക്കാമെടി… റേഞ്ച് പോയി വന്നതാണെന്ന് തോന്നുന്നു..”

 

ഞാൻ സ്ഥിരമായി എല്ലാവരും പറയുന്ന ക്ലിഷേ നുണ തന്നെ പറഞ്ഞു. ഒപ്പം താമസിച്ചതിനു അവളോട് പറയാൻ കാരണം ആലോചിച്ചു കൊണ്ടിരുന്നു.

 

“ആണോ? ആ.. ഇപ്പോൾ കേൾക്കാമോ? ശരിയായോ?.” അവൾ ചോദിച്ചു.

 

“ആ ശരിയായി.. ഇപ്പോൾ കേൾക്കാം.” ഞാൻ പറഞ്ഞു.

 

“ആ എന്നാൽ പറ. മോൻ ഇത്രയും നേരം എവിടെ പോയി? എന്താ താമസിച്ചത്?.”

അവൾ ചോദ്യമാവർത്തിച്ചു. ഇനിയിതിനു കൃത്യമായി ഒരു മറുപടി കിട്ടിയില്ലെങ്കിൽ അവളിത് വിടില്ല.. പെണ്ണല്ലേ?😂

 

” ഓഹ്.. അത് ഞാൻ ആലപ്പുഴ വഴിയാണ് വന്നത്.. അവിടെ വരെ പോകേണ്ട ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. ” ഞാൻ പറഞ്ഞു നിർത്തി.

 

“ങ്‌ഹേ ആലപ്പുഴ പോയോ? എന്തിനു? ” പിന്നെയും ചോദ്യം.

 

” അത് ഒന്ന് രണ്ടു വണ്ടി നോക്കാൻ ഉണ്ടായിരുന്നു. റെന്റ് എ കാർ ഇപ്പോൾ കുഴപ്പമില്ലല്ലോ.. അതിനു പറ്റിയ വണ്ടികൾ ആണോന്ന് നോക്കാൻ പോയതാ. ”

 

ആലോചിച്ചുറപ്പിച്ച മറുപടി ഞാൻ ആത്മ വിശ്വാസത്തോടെ അവതരിപ്പിച്ചു.

 

“ആഹ്ഹാ.. എന്നിട്ട് വണ്ടി എടുത്തോ?.” അടിപൊളി അത് അവൾ വിശ്വസിച്ചു. ഹാവൂ സമാധാനമായി…

 

“ഡീ ഇത് പള്ളിപെരുന്നാളിന് പോയി കളിപ്പാട്ടം വാങ്ങുന്ന പോലെ അല്ല. നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ പണി കിട്ടും.”

 

“ആണോ? എനിക്ക് ഈ വണ്ടിടെ കാര്യമൊന്നുമറിയില്ലേടാ.. ”

 

എന്തായാലും ഞാൻ പറഞ്ഞതവൾ വിശ്വസിച്ചു. പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചിട്ടാണ് ഫോൺ വച്ചത്.

 

ഈ ഒരു ബന്ധം തുടങ്ങിയിട്ട് ഒന്ന് രണ്ടാഴ്ചകളെ ആയിട്ടുള്ളൂ. പക്ഷേ ഇത്രയും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവളുടെ അകൽച്ച വല്ലാതെ മാറിയിട്ടുണ്ട്. പലപ്പോഴും എന്റെ മേൽ പൂർണ്ണാധികാരമുള്ള പോലെയാണ് അവൾ സംസാരിക്കുന്നത്. സത്യത്തിൽ ഞാനത് ആസ്വദിക്കുന്നുമുണ്ട്.

 

ജീവിതത്തിൽ ഇത് വരെയായിട്ടും പ്രേമബന്ധങ്ങൾ ഒന്നുമുണ്ടായിട്ടില്ലാത്തത്തിനാലാവും . എന്തായാലും സംഭവം കൊള്ളാം. ഒരു സുഖമൊക്കെയുണ്ട്.

 

ഇനി അച്ചു പറഞ്ഞത് പോലെ തലയിൽ വല്ലതുമാകുമോ?.

 

ആ ചിന്തയെന്റെ തലയിലൂടെ കടന്നു പോയത് ഒരു ഞെട്ടൽ ഉണ്ടാക്കിക്കൊണ്ടാണ്. അവളോട് ഒരു സോഫ്റ്റ്‌ കോർണറൊക്കെയുണ്ടെങ്കിലും അവളെ ജീവിതത്തിൽ ഒപ്പം കൂട്ടാനുള്ള ഹൃദയ വിശാലതയൊന്നുമെനിക്കില്ല.

 

“അജൂ… ഡാ …” അമ്മയുടെ വിളിയെന്നെ ചിന്തയിൽ നിന്നുണർത്തി.

 

“ആ.. അമ്മ… ” ഞാൻ വിളി കേട്ടു. ഒപ്പം ഫോൺ ബെഡ്ഡിലേക്ക് ഇട്ടു കൊണ്ട് റൂമിൽ നിന്നിറങ്ങി.

 

” നീ കഴിക്കുന്നില്ലേ? ” അമ്മ ചോദിച്ചു.

“ആം ” ഞാൻ മൂളി.

“എന്നാൽ കൈ കഴുകിക്കോളൂ.. ” അമ്മ അടുക്കളയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

 

ഞാൻ വാഷ് ബേസിനിൽ കൈ കഴുകി ഡൈനിങ് ടേബിളിലേക്ക് എത്തി. അച്ഛൻ അവിടെ ഇരിപ്പുണ്ട്. ഇരിക്കാൻ തുടങ്ങിയ എന്നെ ഒന്ന് നോക്കിപുള്ളി. പിന്നെ കനത്ത ശബ്ദത്തിൽ ചോദിച്ചു.

 

“ഒരു മാസം കൂടി വീട്ടിൽ വന്നു. പ്രായമായ രണ്ടു പേര് ഇവിടുണ്ട്. എന്നാൽ അവരോട് രണ്ടു വാക്ക്, അതില്ല. വന്നപ്പോൾ മുറിയിൽ കയറി വാതിലടച്ചതാണ്. നീയിനി എന്ന് നന്നാവുമെടാ?”

 

ഇരിക്കാൻ തുടങ്ങിയ ഞാൻ കസേരയുടെ മുകളിൽ കൈ വച്ചു കൊണ്ട് നിന്നു. മനസ്സിൽ ദേഷ്യം പുകഞ്ഞു വരുന്നുണ്ട്. ഇങ്ങേരുടെ ഈ കുറ്റപ്പെടുത്തൽ കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഈ വഴി വരാത്തത് തന്നെ.

 

” ഇരിക്ക്.. ഇരിക്ക്… നിന്ന് കാല് കഴക്കേണ്ട.. ” പുച്ഛ സ്വരത്തിൽ പുള്ളി വീണ്ടും പറഞ്ഞു.

 

ഞാൻ മറുപടിയൊന്നും പറയാതെ ശക്തിയിൽ കസേര പിന്നിലേക്ക് വലിച്ചിട്ടിരുന്നു.

 

“ഹ് ഹും… എന്നോടുള്ള ദേഷ്യം കസേരയോടെന്തിനാടാ കാണിക്കുന്നത്?.” പുള്ളി എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.

 

“അച്ഛനെന്തിന്റെ കേടാ? എന്നെ കാണുമ്പോൾ ഇങ്ങനെ കുറ്റം പറഞ്ഞില്ലേൽ ഉറക്കം വരില്ലേ നിങ്ങൾക്ക്?” ഞാൻ ചീറി.