ജീവിതം മാറ്റിയ യാത്ര – 5

ശ്രീലകം ഗ്രൂപ്പിനേയും അതിന്റെ ഉടമയായ രാജേന്ദ്രനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നാണത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് വെച്ച് നടന്ന ആക്‌സിഡന്റില്‍ ശ്രീലകം രാജേന്ദ്രനും ഭാര്യയും മരണപ്പെട്ട വാര്‍ത്തയും ഓര്‍മ്മ വന്നു.

ഇരുന്ന ഇരിപ്പില്‍ നിന്ന് അറിയാതെ ഞാനൊന്ന് എഴുന്നേറ്റ് പോയി. ഇത്രയും വലിയ കുടുംബത്തിലെ കുട്ടിയാണ്. ആദ്യമായിട്ടാണ് ഇതുപോലൊരാളുടെ അടുത്തിരിക്കുന്നത് തന്നെ. ഞാനാകെ വല്ലാതായി.

‘ മിനിഞ്ഞാന്ന് രാത്രി ഒരു പന്ത്രണ്ട് മണിയോടെ കോളിംഗ് ബെല്ലടിക്കുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ ഇവള്‍ മുന്നില്‍ നില്‍ക്കുന്നു. ഭയന്നാണ് കയറി വന്നത്. ഞാനെന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് തന്നെ ഓടി അകത്ത് കയറി, സ്വാഭാവികമായും എനിയ്ക്ക് അപകടം മണത്തു. വേഗം തന്നെ വാതിലടച്ച് കുറ്റിയിട്ടു. ഇവളെ ആശ്വസിപ്പിച്ചു. ഒന്നും പറയാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഇവള്‍. കുറച്ച് വെള്ളം കൊടുത്തു. ഒന്ന് റിലാക്‌സായ ശേഷം കാര്യങ്ങള്‍ ചോദിച്ചു’

ഒന്ന് നിര്‍ത്തിയ ശേഷം ചേച്ചി അവളുടെ അരികിലേക്ക് ചെന്നു. അവിടെ ഇരുന്നു.

‘ ഇവള്‍ മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് എനിക്ക് കാണിച്ച് തന്നു. ഇവളുടെ അച്ഛന്റെ അനിയന്‍, ശരത്ചന്ദ്രന്‍ എന്ന ശ്രീലകം ശരത് ആര്‍ക്കോ അയച്ച വാട്‌സ് ആപ്പ സന്ദേശമാണ്. ശരത്തിന്റെ ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരിക്കെ മറ്റൊരു ഫോണില്‍ അടിയന്തരമായ കോള്‍ വന്നപ്പോള്‍ ഈ ഫോണ്‍ മേശപ്പുറത്ത് വെച്ച് പുറത്തേക്ക് പോയതായിരുന്നു. വാട്‌സ് ആപ്പ തുറന്ന് കിടക്കുന്നു. അതിനകത്ത് ഇവളുടെ ഫോട്ടോ ആര്‍ക്കോ അയച്ചത് കണ്ടപ്പോള്‍ ഇവള്‍ക്കെന്തോ സംശയം തോന്നി. ഉടന്‍ തന്നെ ആ ഫോട്ടോയും, മെസ്സേജും സ്വന്തം ഫോണിലേക്ക് ഫോര്‍വേഡ് ചെയ്തു. പിന്നെ റൂമില്‍ പോയി അത് ചെക്ക് ചെയ്തപ്പോഴാണ് ഇവള്‍ ഞെട്ടിപ്പോയത്’.

ഇത്രയും പറഞ്ഞ് ചേച്ചി ആ മെസ്സേജ് എനിക്ക് തുറന്ന് കാണിച്ച് തന്നു. മുട്ടറ്റം മാത്രമുള്ള പാവാടയുടുത്ത് കാലില്‍ കാല്‍ കയറ്റിവെച്ച് ടി വി യോ മറ്റോ കാണുന്ന ഫോട്ടോ ആണ് ആദ്യമുള്ളത്. അത് കഴിഞ്ഞാണ് വോയ്‌സ മെസ്സേജ് വന്നത്. ആ മെസ്സേജ് ഇങ്ങനെയായിരുന്നു.

‘ മുതലാളീ, കാര്യം ഒ കെ യാണ്. എന്ന് വേണമെന്ന് പറഞ്ഞാല്‍ മതി. പക്ഷെ റേറ്റ് പഴയതല്ല കേട്ടോ. കൊല്ലം ആറേഴായില്ലേ. ജീവിതച്ചെലവൊക്കെ കൂടി. പിന്നെ ഒരു കാര്യം കൂടി, എന്തായാലും കൊല്ലാനല്ലേ, രണ്ട് ദിവസം ഞാനതിനെ വെച്ച് അനുഭവിക്കും. പരമാവധി ഉപയോഗിച്ചിട്ടേ പറഞ്ഞ പണി ചെയ്യൂ…ഹ ഹ ഹ….പകുതി അഡ്വാന്‍സ്. ബാക്കി പകുതി പണി കഴിഞ്ഞാലുടന്‍, അതിലൊന്നും ഒരു മാറ്റവുമില്ല. അടുത്ത ആഴ്ച ഞാന്‍ നാട്ടിലെത്തും. ഒ കെ’.

രാജശ്രീയെ കൊന്നുകളയാനുള്ള പ്ലാനാണ്. അഭയം തേടിയാണ് അവള്‍ ചേച്ചിയുടെ അരികിലെത്തിയത്.

‘ ചേച്ചീ, ഇത് അപകടം പിടിച്ച കളിയാണല്ലോ. അയാളെ അങ്ങ് അറസ്റ്റ് ചെയ്താല്‍ പോരേ…?

‘ പറ്റില്ലെടാ, അങ്ങിനെ അറസ്റ്റ് ചെയ്താല്‍ അയാള്‍ പുല്ല് പോലെ പുറത്തിറങ്ങി വരും. ഒരു വാട്‌സ് ആപ്പിലെ ഫോര്‍വേഡ് മെസ്സേജ് ഒന്നും കോടതി തെളിവായി സ്വീകരിക്കില്ല. എന്ന് മാത്രമല്ല, ഇയാള്‍ക്ക് പോലീസിലും ഭരണത്തിലുമൊക്കെ വലിയ പിടിപാടാണ്. സകല ഭരണക്കാരും പ്രതിപക്ഷക്കാരുമെല്ലാം ഇയാളുടെ കാശ് വാങ്ങി നക്കുന്നവരാണ്. കുറ്റം പറയരുതല്ലോ, ഇടയ്ക്ക് എനിക്കും കിട്ടാറുണ്ട്. വെറുതെ കിട്ടുന്നതല്ലേ, എല്ലാവരും വാങ്ങുന്നതുമാണ്, പിന്നെ ഞാനായിട്ടെന്തിന് വേണ്ടെന്ന് വെക്കണം എന്ന് ഞാനും ചിന്തിച്ചു, അതിനകത്തൊന്നും എനിക്ക് കുറ്റബോധമില്ല’

‘ ഇവള്‍ക്ക് ചേച്ചിയെ നേരത്തെ അറിയാമായിരുന്നോ?’ ഞാന്‍ ചേച്ചിയോട് ചോദിച്ചു. പക്ഷെ അതിനുത്തരം പറഞ്ഞത് അവളായിരുന്നു.

‘ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും മരണപ്പെട്ടത്. യു എ ഇ യിലായിരുന്നു പഠനം. മരണ ശേഷം ചെറിയച്ഛന്‍ എന്നെ ഇവിടേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ എത്തി. അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോള്‍ എന്റെ ജീവിതം ആഘോഷമായിരുന്നു. ഔട്ടിംഗ് പാര്‍ട്ടികള്‍, ഫ്രന്റ്‌സ് എല്ലാമുള്ള ജീവിതം. പക്ഷെ അവരുടെ മരണ ശേഷം കാര്യങ്ങളാകെ തകിടം മറിഞ്ഞു. എന്നെ നേരെ ഇവിടെക്ക് കൊണ്ടുവന്നു. വീട്ടിനുള്ളില്‍ അടച്ച് പൂട്ടിയിട്ടുള്ള ജീവിതമായിരുന്നു കഴിഞ്ഞ എട്ട് കൊല്ലവും. സ്‌കൂളിലുമ കോളേജിലും പോകുന്നത് ഇവിടത്തെ കാറിലാണ്. ക്ലാസ്സ് വിട്ടാല്‍ ഉടന്‍ കാറില്‍ തിരിച്ച് വരണം. ആരോടും കൂട്ട് കൂടാന്‍ അനുവാദമില്ല. യു എ ഇ യിലുള്ള ഫ്രന്‍സും ബന്ധുക്കളുമൊക്കെ ഇപ്പോള്‍ എന്നെ മറന്ന് പോയിട്ടുണ്ടാകും. ഈ ആഴ്ച എന്റെ ക്ലാസ്സ് കഴിയും. അപ്പോള്‍ യു എ യിലേക്ക് പോകും എന്നാണ് ചെറിയച്ഛന്‍ പറഞ്ഞത്. ആര്‍ക്കോ വാട്‌സ് ആപ്പില്‍ മെസ്സേജ് അയച്ച ശേഷമാണ് ഇത് പറഞ്ഞത്. അപ്പോള്‍ ഒരു കോള്‍ വന്ന് ചെറിയച്ഛന്‍ പുറത്തേക്ക് പോയതാണ്. ഈ സമയത്താണ് ഞാന്‍ വെറുതെ ഫോണ്‍ ചെക്ക് ചെയ്തത്. അതോടെ ഞാന്‍ പേടിച്ച്‌പോയി. വീട്ടിലെ മുകള്‍ നിലയിലാണ് എന്റെ റൂം. അവിടെ നിന്ന് നോക്കിയാല്‍ ചേച്ചി ദിവസേന പോലീസ് ജീപ്പില്‍ പോകുന്നതും ഇവിടേക്ക് വരുന്നതും കാണാന്‍ സാധിക്കും. എനിക്ക് മറ്റൊരഭയ സ്ഥാനമില്ലായിരുന്നു. അതുകൊണ്ടാ ഞാന്‍ ഇവിടേക്ക് ഓടി വന്നത്’

ഇത് കേട്ടതോടെ എന്റെ തലയില്‍ മറ്റ് ചില സംശയങ്ങള്‍ കൂടി ഉയര്‍ന്ന് വന്നു. ഞാന്‍ ചേച്ചിയോട് ആ വോയ്‌സ് മെസ്സേജ് ഒന്ന് കൂടി ഓണ്‍ ചെയ്യാന്‍ പറഞ്ഞു. മുഴുവനും കേട്ടു. അതിനകത്ത് ആറേഴ് വര്‍ഷം മുന്‍പ് നടന്ന ഒരു കാര്യത്തെ കുറിച്ച് കൂടി പറയുന്നുണ്ട്.

‘ ചേച്ചീ, ഇത് വെല്‍ പ്ലാന്‍ഡ് ആണ്. വോയ്‌സ് കേട്ടില്ലേ, ആറേഴ് കൊല്ലം മുന്‍പേ നടന്ന ഒരു ഓപ്പറേഷനെ കുറിച്ച് ഇതില്‍ പറയുന്നുണ്ട്. അത് ശ്രീലകം രാജേന്ദ്രന്റെയും ഭാര്യയുടേയും കൊലപാതകമാകുവാനേ സാധ്യതയുള്ളൂ. അതായത് അപകടമരണം എന്ന് വിശ്വസിച്ച ആ മരണം കൊലപാതകമായിരുന്നു!!’

ഞാന്‍ പറഞ്ഞ് തീരുമ്പോഴേക്കും രാജി ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. ചേച്ചി അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ തുടര്‍ന്നു.

‘ എന്ന് മാത്രമല്ല, എട്ട് വര്‍ഷമായി ഇവള്‍ നാട്ടിലുണ്ട്. വിദേശത്തുള്ളവരെല്ലാം ഇവളെ മറന്ന് കഴിഞ്ഞു. അടുത്ത ആഴ്ച യു എ ഇ യിലേക്ക് പോകുന്നു എന്ന സന്ദേശം ഇവള്‍ക്ക് നല്‍കി കഴിഞ്ഞു. അതായത് ഇവള്‍ സുഹൃത്തുക്കളോടൊക്കെ വിദേശത്ത് പോകുന്ന കാര്യം പറയുകയും ചെയ്യും. ഇപ്പോള്‍ ഏര്‍പ്പാടാക്കിയ വാടക കൊലയാളി ഇവളെ കുറച്ച് ദിവസം ഉപയോഗിച്ച് തട്ടിക്കളയുകയോ, അതല്ല റെഡ് സ്ട്രീറ്റിലോ മറ്റോ വിറ്റുകളയുകയോ ചെയ്താല്‍ ആരും ചോദിക്കാനുണ്ടാകില്ല. ഇവിടെയുള്ളവരുടെ കണ്ണില്‍ രാജി വിദേശത്തും, വിദേശത്തുള്ളവരുടെ കണ്ണില്‍ അവള്‍ നാട്ടിലും. പിന്നീട് ഒരു ഒളിച്ചോട്ട കഥയോ മറ്റോ മെനഞ്ഞെടുത്താല്‍ ഇവളെ എല്ലാവരും മറക്കും. ശ്രീലകം എന്ന സാമ്രാജ്യം അയാള്‍ക്ക് സ്വന്തമാവുകയും ചെയ്യും’.

Leave a Reply

Your email address will not be published. Required fields are marked *