ഡോക്ടർ തിരക്കിലാണ് – 10

പെട്ടന്ന് ചെല്ലാൻ വലിയച്ചൻ വിളിച്ചിതും ഞാൻ ബൈക്കുമെടുത്ത് പോയി!

“ആ ബുക്കിങ്ങെടുത്തേ നാത്തൂനേ!”

ശ്രീക്കുട്ടിയുടെ പെട്ടന്നുള്ള പറച്ചിൽ കേട്ട റസിയ ഞെട്ടിത്തരിച്ചു!

“ങേ…! നീയെന്താ വിളിച്ചേ”

“ഇത്താന്ന്..! എന്താ നാത്തൂനേ?”

ഞെട്ടിത്തരിച്ച റസിയയുടെ ചോദ്യത്തിന് ശ്രീക്കുട്ടി കൂളായി മറുപടി നൽകി.

റസിയ വിളറി വെളുത്ത് മരച്ചിരുന്നു!
“അല്ലിത്താ ഇത്താന്നുവിളിക്കുമ്പ ഇത്തയിങ്ങനെ ഞെട്ടുന്നതെന്താ ഇത്താ! ഇത്തയിനി ഇത്തയല്ലേ!”

ശ്രീക്കുട്ടിയുടെ ചോദ്യത്തിൽ നിന്ന് രക്ഷപെടാൻ റസിയ ദേഷ്യപ്പെട്ടു!

“പെണ്ണ് ദേയെന്റെ കൈയീന്ന് വാങ്ങും കെട്ടോ!”

ശ്രീക്കുട്ടി ചിരിയോടെ തുടർന്ന് ചോദിച്ചു:

“അല്ലിത്താ! ആ പോയ കാട്ടുപോത്ത് എന്റാങ്ങളക്കോന്തനെപ്പറ്റി ഇത്താടഭിപ്രായം എന്താ?”

ചോദ്യോം കഴിഞ്ഞ് അവൾ പറ പറ എന്ന് താടിയുയർത്തി ആംഗ്യം കാട്ടി!

“എടീ ആ പോയയാള് നിന്റെ മൂത്ത ആങ്ങളയാ! അങ്ങേരെ അങ്ങനൊന്നും പറയരുത്!”

റസിയ ദേഷ്യപ്പെട്ടു!

അവൾ എണിറ്റ് എളിയ്ക് കൈയും കുത്തി നിന്നു…..

“അല്ലിത്താ…. ഞാനെന്റാങ്ങളേ മരങ്ങോടാ മരമാക്രീ മരക്കോന്താ എന്നൊക്കെ വിളിയ്കും! അതിനിത്തയെന്തിനാ എന്നോടു പോരിന് വരുന്നേ?”

എന്നിട്ട് ശബ്ദം തീർത്ത് താഴ്ത്തി:

“ഇതിനാ ഈ നാത്തൂൻപോരെന്ന് പറയുന്നേ!”

“അല്ല ഇത്രയങ്ങ് ചൂടാവാൻ ആ പോയയാള് ഇത്താടെ ആരാ! എന്താ നിങ്ങൾ തമ്മിൽ ബന്ധം?”

“എന്റെ ശ്രീക്കുട്ടീ നീ ചുമ്മാ ഓരോന്ന് പറയല്ലേ!”

റസിയ കെഞ്ചി!

“ചുമ്മാതാ! എന്നാ ഇത്തയതങ്ങ് പറഞ്ഞാ പോരേ!
കാര്യം തീരും!
ആ പോയ നിന്റാങ്ങള ശ്രീകാന്ത് എന്റെ ആരുമല്ല എന്ന്!
ഒന്ന് പറഞ്ഞേയിത്താ!”

ശ്രീക്കുട്ടി വെല്ലുവിളിച്ചതും വിളറിയ മുഖത്തോടെ റസിയ ഇപ്പോൾ കരയും എന്ന മട്ടിൽ ഇരുന്നു!

ശ്രീക്കുട്ടി എണീറ്റ് പൊട്ടിച്ചിരിച്ച് കൊണ്ട് റസിയയുടെ അടുത്ത് ചെന്ന് ആ കവിളിൽ അമർത്തി ചുംബിച്ചു!

“ഹോ! ഗായത്രിചേച്ചിയെ കെട്ടിച്ചുവിട്ടു കഴിഞ്ഞല്ലേ ആ വീടുമായി അതുവരെയില്ലാഞ്ഞ സ്നേഹമങ്ങൊലിച്ചത്?

അമ്മായിയമ്മേ മണിയടിക്കാനെന്തിനാ എന്നെ കൂട്ടുപിടിച്ചേ! നേരിട്ടങ്ങാകാരുന്നല്ലോ..
അതുവല്ല എന്റാങ്ങള പെണ്ണൊക്കെ കെട്ടിപ്പോയല്ലോ… ദേ പെണ്ണിനെ വേണേ കണ്ടോ!”

ശ്രീക്കുട്ടി കൈയിൽ ഒളിപ്പിച്ച് പിടിച്ച ഒരു ചെറിയ പാസ്പോർട്ട് സൈസിലും അൽപ്പംകൂടി വലിയ ഒരു ഫോട്ടോ നീട്ടി കാണിച്ചു…!!
രജിസ്റ്റർ ചെയ്ത് കഴിഞ്ഞ് ടൌണിലെ സ്റ്റുഡിയോയിൽ നിന്ന് എടുപ്പിച്ച വിവാഹഫോട്ടോ!

മെറൂൺ പട്ടുസാരിയുമുടുത്ത് മുല്ലപ്പൂവും ചൂടി പൊട്ടും സിന്ദൂരവുമണിഞ്ഞ റസിയ കോടിക്കളർ ഷർട്ടിട്ട ശ്രീകാന്തിനോട് ചേർന്നിരിയ്കുന്ന ഫോട്ടോ!

റസിയ ശ്രീക്കുട്ടിയുടെ കൈയിൽ നിന്നും ആ ഫോട്ടോ തട്ടിപ്പറിച്ചെടുത്തു!

“നിനക്കിതെവിടുന്ന് കിട്ടി?”

അമ്പരന്ന് ചോദിച്ച റസിയയുടെ നേരേ ശ്രീക്കുട്ടി ചിരിച്ചു:

“സംശയത്തിന് വെല്ല തെളിവും കിട്ടുവോന്നറിയാൻ കെട്ടിയോൻ ഫോട്ടോകൾ സൂക്ഷിച്ച് വെക്കുന്ന അലമാരി ഞാൻ അരിച്ച് പെറുക്കി! കിട്ടുവേം ചെയ്തു!

ഗായത്രിചേച്ചീടെ കല്യാണത്തിന്റന്ന് രണ്ടിന്റേം വെപ്രാളം കണ്ടപ്പഴേ എനിക്ക് സംശയം തോന്നിയതാ!

പിന്നെ എന്നെ കമ്പനിയടിച്ചിവിടെ വരവ് തൊടങ്ങിയപ്പ പൂർത്തിയായി!

ഒട്ടും നേരമില്ലാതെ വീട്ടിൽ കാണാൻ കിട്ടാത്തയാള് ഇത്ത വരുമ്പോൾ ഇവിടെക്കാണും! അല്ലേൽ ഉടനെ ഇങ്ങെത്തും!

അപ്പഴല്ലേ ഞാൻ ശ്രീയേട്ടന്റെ ഫോണെടുത്ത് കോൾരജിസ്റ്റർ തപ്പിയത്!

ഇത്താടെ മെഡിക്കൽകോളജിന്റവിടുത്തെ എസ്.ടി.ഡി കോഡൊള്ള ഒരു നമ്പറാണതിൽ മുക്കാലും!

ആ നമ്പർ കുറിച്ചെടുത്ത് ഞാൻ ഒന്നൂടെ ഒറപ്പിക്കാൻ അതിൽ വിളിച്ച് ഇപ്പം വിളിച്ച ആ ചേച്ചിയെ ഒന്ന് വിളിക്കാവോന്ന് ചോദിച്ചു!

എന്റെ കൊച്ചേ ഇത് മെഡിക്കൽ കോളജിന്റെ മുന്നിലെ ബൂത്താ! ഞാനേതു ചേച്ചിയെ വിളിച്ച് തരാനാന്ന് മറുപടി!

അതു കഴിഞ്ഞാ ഫോട്ടോഗ്രാഫർ സ്വന്തം പെണ്ണിന്റെ ഫോട്ടോ എടുത്ത് വെച്ചുകാണുമല്ലോന്ന് ഓർത്ത് തപ്പിയേ! കാമുകീനെ തപ്പീട്ട് കിട്ടിയതോ കല്യാണഫോട്ടോ!

ഞാൻ തിരിച്ചെത്തിയപ്പോൾ റസിയ അങ്കലാപ്പോടെ വിവരം പറഞ്ഞു!

ശ്രീക്കുട്ടി നിങ്ങളായി നിങ്ങടെ പാടായി എന്നെയിതിനിടേ പിടിച്ചിടണ്ട എന്നും പറഞ്ഞ് പുറത്തോട്ടും പോയി!
അവൾ ആരോടും പറയില്ല എന്നും പറഞ്ഞു!
കുറശ്ശ് നാൾ സ്വതന്ത്രമായി നടന്നതിന് ശേഷം മതി ജോലി എന്നതായിരുന്നു എന്റെ നിലപാട്!

റസിയയുടെ പഠനം നാലാം വർഷത്തിലേയ്ക് കടന്ന സമയം.ഹൌസ് സർജറിക്കാലം! നിന്ന് തിരിയാൻ സമയമില്ല. രാപകൽ ഭേദമില്ലാതെ ഹോസ്പിറ്റലിൽ തന്നെ! വീട്ടിൽ പോരുന്ന കാര്യവും ഒത്താലായി എന്ന അവസ്ഥ! അങ്ങനെ ഇരിയ്കെ ഒരു ദിവസം വൈകുന്നേരം പതിവ് പോലെ റസിയയുടെ കോൾ വന്നു:

“ശ്രീയേട്ടാ നാളെ കാലത്ത് പത്തുമണിയ്ക് ശ്രീയേട്ടന്റെ സർട്ടിഫിക്കറ്റുകളൊക്കെ എടുത്തോണ്ട് ഇവിടെ വരണം! അത്യാവശ്യാ ശ്രേയേടാന്റീടടുത്ത് എത്തിയാ മതി! ആന്റി കാര്യം പറയും ആ പറയുന്നതങ്ങ് ചെയ്തേക്കണം! വൈകിട്ട് എന്നെ കാണാതെ തിരികെ പോകരുത്!”

ഞാൻ കാര്യം തിരക്കും മുന്നേ കോൾ കട്ടായി…!

ഫോണിന്റെ ഡിസ്പ്ളേയുടെ മഞ്ഞ വെളിച്ചത്തിലേയ്ക് നോക്കിക്കൊണ്ട് അമ്പരന്ന് ഞാൻ നിന്നു…….

തുടരും…

Leave a Reply

Your email address will not be published. Required fields are marked *