ഞാനും ശ്രേയയും അഭിപ്രായത്തിനേ പോയില്ല.
പറഞ്ഞ് ഭയപ്പെടുത്തിയ പോലെ വലിയ വിലയുടേതൊന്നും എടുത്തില്ല.ആറായിരം രൂപയേ സാരിയ്ക് ആയുള്ളു.
ഞാൻ അവിടെ മാറിനിന്നു. അവർ ഇരുവരും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഇപ്പം വരാം എന്നും പറഞ്ഞ് നീങ്ങി.
എനിയ്ക് ഷർട്ടും മുണ്ടും ബനിയനും എടുത്ത് കഴിഞ്ഞ് അവൾ എന്നെ കിരണ്ടി അമർത്തിയ ശബ്ദത്തിൽ ചോദിച്ചു:
“ഷഡ്ഡീടളവെത്രാ..?”
“അതുവേണ്ട അതൊരുപാടൊണ്ട്.”
“പറയാൻ”
അവൾ എൻറെ തുടയിൽ പിച്ചി കടിച്ച് പിടിച്ച് പറഞ്ഞു…
അളവറിഞ്ഞ അവൾ അതും വെള്ള നിറത്തിലുള്ളത് ഒന്ന് വാങ്ങി. ശ്രേയ വേണ്ട എന്ന് തീർത്ത് പറഞ്ഞിട്ടും അവൾക്ക് ഒരു നല്ല ചുരിദാർ കൂടി എടുത്തു.
“ലിജോയ്കൂടെ ഒരു മുണ്ടും ഷർട്ടും സെലക്ട് ചെയ്തേയിക്കാ.”
പർചേസിംഗ് തീരാറായപ്പോൾ റസിയ പറഞ്ഞു.
ഞാൻ അതത്ര ചിന്തിച്ചില്ല. അതും കൂടി എടുത്ത് ഞങ്ങൾ അവിടെ നിന്നിറങ്ങി.
“ഇതപ്പ എവിടെ വെക്കും?”
ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു.
റസിയയും ശ്രേയയും പുഞ്ചിരിയോടെ പരസ്പരം നോക്കി.
“എന്റിക്കാ…. ഇത് കൊണ്ടെ വച്ചാപ്പോര. ബ്ളൌസ് തൈപ്പിയ്കണം. പിന്നെ ഞങ്ങള് രണ്ടുമീ സാരീന്ന് കേട്ടിട്ടും കണ്ടിട്ടുവേയൊള്ളു ഇതുടുപ്പിക്കാനും ഒരുക്കാനും ആളും വേണം.”
“അതിനിനി ഇപ്പ എന്നാചെയ്യും? ഇവിടെവിടേലും തപ്പാം തയ്യക്കട.”
ഞാൻ പറഞ്ഞതും അവർ വീണ്ടും ചിരിച്ചു. റസിയ തുടർന്നു:
“എൻറെ ശ്രീയേട്ടാ ഈ വയനാട് കാരീടെ ലോക്കൽഗാഡിയൻ ഇവിടൊള്ള ഇവടാന്റിയാ.
ആ ആന്റിക്കിവിടെ ബ്യൂട്ടീപാർലറും ലേഡീസ് ടെയിലറിംഗും ഒക്കെയാ. നമ്മളങ്ങോട്ട് പോയി അവരുടെ വീട്ടീന്നാ രജിസ്റ്ററോഫീസിലേയ്ക് പോണത്.”
അപ്പോൾ പെണ്ണ് തുനിഞ്ഞിറങ്ങിയത് തന്നാ. ഞാൻ യാതൊന്നും അറിയണ്ട ചുമ്മാതെ ചെന്നങ്ങ് ഒപ്പും വച്ച് പോന്നാൽ മതി.
ശ്രേയയ്കും വർഗ്ഗീസിനുമുള്ള തുണികൾ പ്രത്യേകം പ്രത്യേകമാണ് പായ്ക് ചെയ്ത് വാങ്ങിയത്. ഞങ്ങൾക്കിരുവർക്കും ഉള്ള തുണികൾ അടങ്ങിയ കവറും
അവൾക്കുള്ള തുണിയുടെ കവറും കൂടി ശ്രേയയെ ഏൽപ്പിച്ചപ്പോൾ ഞാൻ റസിയയോട് ചോദിച്ചു:
“ബ്ളൌസു തൈപ്പിക്കാൻ അളവെടുക്കണ്ടേ?”
“അതൊക്കെ ഞങ്ങളിന്നലേ പോയെടുത്തു. ശ്രേയേടടുത്ത് പോവെന്ന് പറഞ്ഞാരുന്നു. ഇനീം താമസിക്കണ്ട നമ്മക്ക് പോയേക്കാം”
റസിയ പറഞ്ഞിട്ട് ശ്രേയയെ യാത്രയാക്കി. എൻറെ നേരെ ചിരിച്ച് യാത്രപറഞ്ഞ് ശ്രേയ നടന്ന് നീങ്ങി….
വണ്ടി നീങ്ങിയതും റസിയ മുന്നോട്ടാഞ്ഞു.
“മറ്റന്നാള് തൊട്ട് എപ്പ വേണേലും രജിസ്റ്ററ് ചെയ്യാം. അമ്പലത്തിലെ തിരുമേനിയോട് ചോദിച്ചപ്പ ഈ ബുധനാഴ്ചയോ അല്ലേ അടുത്ത വ്വ്യാഴാഴ്ചയോ ആയിക്കോന്നാ പറഞ്ഞേ.”
“എന്നിട്ടെന്നാ? ബുധനാഴ്ചയോ?”
അവൾ വയറിൽ ചുറ്റിയ കൈയെടുത്ത് എൻറെ പള്ളയ്ക് ഒരു കുത്ത് വെച്ചുതന്നു.
“അതു ഞാനാണോ തീരുമാനിക്കുന്നത്.”
എല്ലാം നീയല്ലേ തീരുമാനിക്കുന്നത് അപ്പ ഇതും നീതന്നെ തീരുമാനിച്ചോ. തിങ്കൾ അല്ലേ വെള്ളി എന്നുപറഞ്ഞാ നീ സമ്മതിക്കുവോ…?”
ഞാൻ ചിരിച്ചു. റസിയ മിണ്ടിയില്ല പിണങ്ങി. വീർപ്പിച്ച മുഖം ഞാൻ റിവ്യൂമിററിൽ കണ്ടു.
“എൻറെ പെണ്ണിനെ ഇങ്ങനെ ഈ വീർപ്പിച്ച് കാണാനാ നല്ലത്.”
ഞാൻ ചിരിച്ചു. പൊട്ടിവരുന്ന ചിരി കടിച്ചമർത്താൻ റസിയ പാടുപെടുന്നത് ഞാൻ കണ്ടു.
“ഇന്നെന്താ ഇക്കയ്കാകെ ഒരു മൂഡോഫ്..? വന്നപ്പ മുതൽ ഞാൻ ശ്രദ്ധിയ്കുന്നതാ.”
രണ്ട് മിനിട്ടിനുള്ളിൽ പിണക്കം മാറിയ റസിയ ചോദിച്ചു.
“നിൻറെ ഈ നടപ്പുകണ്ടൊള്ള വെഷമം അല്ലാതെന്താ. ഈ ചിരിച്ചുകളിച്ച് നടക്കാൻ നീയിപ്പ ഒരുപാട് പാടുപെടുന്നുണ്ട്.
എൻറെ വയറിലെ പിടി മുറുകി.
“സത്യായിട്ടുവില്ല. ചെറിയൊരിത് ഒണ്ടാരുന്നു പക്ഷേ പിന്നാണല്ലോ
വിഷമിക്കേണ്ടത് ഇപ്പവിതാരും മനസ്സിലാക്കില്ലല്ലോ എന്ന് ചിന്തിച്ചപ്പ അതും മാറി.
റസിയ എൻറെ പുറത്തേയ്ക് കവിളമർത്തി.
ഞാൻ പാതയോരത്ത് ഉള്ള പൂന്തോട്ടത്തിൽ വർണ്ണക്കുടകളുടെ കീഴിൽ കസേരകളും മേശയുമിട്ട് ഇരിപ്പാടങ്ങൾ ഒരുക്കിയിട്ടുള്ള കൂൾബാറിന് മുന്നിൽ ബൈക്ക് നിർത്തി. ഇവിടുന്ന് ഓരോ ജ്യൂസ്. അതൊരു സ്ഥിരം പതിവാണ്. ഈ ഉച്ചസമയം അവിടെ ആരുമില്ല താനും.
