“ആ ഹരി ചേട്ടനെപ്പോൾ വന്നു…”
അവനെ ചേട്ടാന്ന് വിളിക്കണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചാണ് ഞാനത് വിളിച്ചത്..
“വെറുതെ ഇവിടടുത്ത് വരെയൊരു കൂട്ടുകാരനെ കാണാനുണ്ടായിരുന്നു… അതിന് വന്നപ്പോൾ വെറുതെ ഇവിടെ വരെയൊന്ന് കേറിയിട്ടു പോവാമെന്ന് വിചാരിച്ചു…”
‘അത് നന്നായി… അല്ലേ അമ്മേ…“
അടുത്ത് നിന്ന വല്യമ്മ ഒരു ചാര് കസേരയിൽ ഇരിക്കുന്ന അച്ഛമ്മയെ നോക്കി ചോദിച്ചപ്പോൾ അച്ഛമ്മ തലയാട്ടി അതേ എന്ന് വച്ചു…
”നമ്മുടെ പാട്ടുകാരിയെ ഇന്ന് കണ്ടില്ലല്ലോ…..“
ഹരി അകത്തേക്കു കേറാൻ തുടങ്ങിയ എന്നെ നോക്കി ചോദിച്ചു…. ഇവനെന്തിനാ മീരയെ അന്വഷിക്കുന്നെ… പിന്നെ നമ്മുടെ പാട്ടുകാരിയല്ല…. എന്റെ പാട്ടുകാരി…. ഒരു മൈരൻ ഹരികൃഷ്ണൻ… അവനെ മനസ്സിൽ തെറി പറഞ്ഞ് മുഖത്തു ചിരി വിടർത്തി ഞാൻ അകത്തേക്കു പോയി… അടുക്കളയിലും തൊടിയിലുമൊന്നും മീരയെ കാണാത്തപ്പോൾ എനിക്കു സമാധാനമായി… അങ്ങനെ ഹരി മൈരനെന്റെ പെണ്ണിനെ കാണേണ്ട… എന്നെ കാളും കാണാൻ ഭംഗിയുള്ള അവനെ പേടിച്ചിട്ടൊന്നുമല്ല…. വെറുതെ ചെറിയൊരു ഭയം… ഹരി തിരിച്ചു പോയി കുറേ കഴിഞ്ഞാണ് ഞാൻ മീരയെ കാണുന്നത്… ആദ്യം ഞാൻ മീരയെ കണ്ട ഇടവഴിയുടെ കലുങ്കിൽ ഇരിക്കുന്ന മീനാക്ഷിയും അവളുടെ അരികിലായി നിൽക്കുന്ന മീരയും… മീനാക്ഷി ഇടക്ക് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു… ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ രണ്ടു പേരും സംസാരം നിർത്തി…
“എന്താണ് ചേച്ചിയും അനിയത്തിയും കൂടെ വെയിൽ കൊള്ളാൻ ഇരിക്കുവാണോ…”
“ശ്രീ… ചൊറിയാതെ പോവുന്നുണ്ടോ…. അല്ലേൽ തന്നെ മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചു ഇരിക്കുവാ…”
മീര നിലത്തേക്കു കൈ ചൂണ്ടി പറഞ്ഞു…
“എന്ത് പെറ്റിയെന്ന് പറ….”
അത് ചോദിച്ചു കഴിഞ്ഞാണ് ഞാൻ ഓർത്തത് ഇന്നലെ സുധിയുടെ കല്യാണമായിരുന്നെല്ലോ എന്ന്…. അതിന്റെ വിഷമത്തിലാവും, പക്ഷെ ഇന്നലെ പോലും ഇത്ര വിഷമം ഇവളുമാർക്ക് ഇല്ലാരുന്നെല്ലോ… പിന്നെന്തു പെറ്റി…
“ഒന്നുമില്ല…. ഇയാളൊന്ന് പോയേ…”
മീര വീണ്ടുമെന്നെ നോക്കി ചീറി…
“ഇയാൾ പറയാൻ മനസ്സുണ്ടേൽ പറഞ്ഞാൽ മതി…. അല്ലാതെ പിന്നെ എന്റെ സഹായം ചോദിച്ചു വന്നാൽ ഞാൻ മൈൻഡ് ചെയ്യില്ലാ… എന്തേലുമുണ്ടേലിപ്പോൾ പറയണം…”
ഞാനത് പറഞ്ഞപ്പോൾ മീരയും മീനാക്ഷിയും തമ്മിൽ കുറച്ചു നേരം നോക്കി നിന്നു…
അതിനു ശേഷം മീരയെന്റെ കൈയിൽ പിടിച്ചു വലിച്ചു ഇടവഴിയിലൂടെ മുന്നോട്ട് കൊണ്ടുപോയി… കുറച്ചു ദൂരം ചെന്നിട്ടവൾ നിന്നു..
“ശ്രീ ഞാൻ പറയാൻ പോവുന്ന കാര്യം വേരാരോടെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ തട്ടും…”
ഒരു വിരൽ എന്റെ നെഞ്ചിൽ വെച്ചവൾ ശബ്ദം താഴ്ത്തി പറഞ്ഞു…
“ഞാനാരോടും പറയില്ലാ…. കാര്യം പറ…”
ഞാനും അതേ ശബ്ദത്തിൽ തിരിച്ചു ചോദിച്ചു…
“നമുക്ക് ഒന്നു കൂടെ പോയി സുധിയോട് സംസാരിക്കണം…”
“എന്ത് സംസാരിക്കാൻ…. അവന്റെ കല്യാണം കഴിഞ്ഞില്ലേ… അന്ന് സംസാരിക്കാൻ പോയത് തനിക്കു ഓർമ്മ്യില്ലേ…”
“അത്…. അത് പിന്നെ….”
“എന്താണെന്നു പറ മീരേ….”
“ഇയാളോട് ഞാനിത് എങ്ങന്യാ പറയുക…”
“വായും കൊണ്ട്….. മര്യാദക്ക് കാര്യം പറ…”
“അത് മീനാക്ഷി ചേച്ചിയിന്ന് കുറച്ചു തവണ ശർദിച്ചു…”
“നിന്റെ കപ്പളങ്ങാ തോരൻ കൂട്ടിയിട്ടാവും….”
“ദേ ശ്രീ…. എന്നെ കൊണ്ട് താൻ വെറുതെ….”
അവൾ പല്ലുകൾ കടിച്ച് അവിടെ നിന്നു തുള്ളി…
“സോറി… നീ കാര്യം പറ… എന്തിനാ മീനാക്ഷി ശർദിച്ചേ…. എന്തേലും വൈയായ്ക ഉണ്ടോ….”
“അത് ചേച്ചിക്ക്….. മാസമുറയും തെറ്റി ഇരിക്കുവാ…. അതു കൊണ്ടൊരു സംശയം…”
“എന്ത് സംശയം….”
അവളുടെ മറുപടി എന്താവുമെന്ന് ഊഹിച്ചു നോക്കിയപ്പോൾ തന്നെ എന്റെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി…. അല്ല… ഞാനെന്തിനാ വിറക്കുന്നെ… സുധി അല്ലേ വിറക്കേണ്ടേ…
“ഇയാൾ പൊട്ടനാണോ…”
“പൊട്ടൻ നിന്റച്ഛൻ….”
“ദേ ശ്രീ…..”
“നീ പറയാൻ വന്നത് പറ….”
“ചേച്ചി ഗർഭിണിയാണോ എന്നൊരു സംശയം….”
“എന്റമ്മേ……”
ഞാൻ തലയ്ക്കു കൈയും കൊടുത്ത് ചുറ്റുമതിലിന്റെ പുറത്തേക്ക് അമർന്നു…. എന്റെ പ്രവർത്തികൾ കണ്ടപ്പോൾ കുറച്ചു മാറിയിരുന്ന മീനാക്ഷി കരയാൻ തുടങ്ങി…
