ദേവസുന്ദരി – 3

അതുകൂടെ കണ്ടതോടെ ഇവിടെ താമസിക്കാനുള്ള മൂടോക്കെയെങ്ങോ പോയി. മദ്യപാനം എനിക്കത്ര കുഴപ്പമില്ല. ഇടയ്ക്കച്ഛനൊക്കെ കുടിക്കുന്നത് കണ്ട്ശീലമുണ്ട്. പക്ഷെയിത് എനിക്കാക്സപ്റ്റ് ചെയ്യാമ്പറ്റണില്ല.

എന്തായാലും നാളെത്തന്നെ വേറെവിടെക്കെങ്കിലും മാറണമെന്ന് അതോടെ എന്റെ മനസിലൊരു തീരുമാനം ഞാനെടുത്തുകഴിഞ്ഞിരുന്നു.

ഞാനെന്റെ മുറിയിലേക്ക് കയറി. സമയം 11 മണിയാവാറായിട്ടുണ്ട്. രാവിലേ എണീറ്റ് പോകേണതുകൊണ്ട് ഞാൻ കയറിക്കിടന്നു.

ഇന്നേദിവസം സംഭവിച്ച കാര്യങ്ങളൊക്കെ എന്റെ മനസിലൂടെയൊന്നു കടന്നുപോയി.

അതിലേറ്റവും ജ്വലിച്ചുനിന്നത് അഭിരാമിയെന്നയെന്റെ മാനേജറുടെ മുഖമാണ്.

എന്തൊരു കുട്ടിത്തമുള്ളമുഖമാണവൾക്ക്.
ആര് കണ്ടാലുവൊന്ന് കൊഞ്ചിക്കാനൊക്കെ തോന്നും… എന്നാ മുഖത്തെയാ പുച്ഛങ്കാണുമ്പോ എടുത്ത് കിണറ്റിലിടാനും…!

നേരെയൊന്ന് സംസാരിച്ചൂടെയില്ല… ഒന്ന് നോക്കിപ്പോയേനാണോ അവളെന്നെയിങ്ങനെ പുച്ഛിക്കണേ… സൗന്ദര്യമുള്ളേന്റെ ജാടയായിരിക്കും…

ഇനിയിന്ന് ബോധംകെട്ട് വീണേന് പുച്ഛിക്കണെയാവുമോ… ഏയ്‌ അതിനെന്തിനു പുച്ഛിക്കണം…

ആഹ്…! എന്തേലുവാവട്ടെ നാളെത്തോട്ട് നീയവളെ വല്ലാണ്ട് മൈൻഡ് ആക്കേണ്ട കേട്ടോടാ…

ഞാനൊരു ആത്മഗദം പോലെ എന്നോട് തന്നെ പറഞ്ഞു.

രാവിലത്തെയലച്ചിലിന്റെയും ജോലിയുടെ ക്ഷീണത്തിന്റെയും ഭാരം എന്റെ കാൺപോളകൾക്കുമുകളിൽ ഏറിവന്നുകൊണ്ടിരുന്നു. പയ്യെ ഞാൻ ഉറക്കമെന്ന സുഖത്തിലലിഞ്ഞു ചേർന്നു.

“സുപ്രഭാതം പൊട്ടിവിടർന്നു സുഖസന്ധായക ഗിരിയിൽ ”

എന്ന യേശുദാസ് അനശ്വരമാക്കിയ ഭക്തിഗാനം ചെവിയിലേക്ക് ഒഴുകിയെത്തിയപ്പോഴാണ് ഞാൻ കണ്ണുതുറക്കുന്നത്. അലാറം അടിച്ചതാണ്.

അല്ലിയുടെ പണിയാണ് ഇങ്ങനെ ഇടയ്ക്കിടെ എന്റെ റിങ്ടോണും അലാറം ടോണും ഒക്കെ മാറ്റിവെക്കുന്നത്.

എന്തായാലും ഈ പാട്ട് നൽകുന്ന ഒരു പോസിറ്റീവ് വൈബോടുകൂടി ഇന്നത്തെ ദിവസം തുടങ്ങാമെന്ന് കരുതി. ഏഴുമണി ആയിട്ടുണ്ട്.

ഞാൻ എണീറ്റ് ബ്രഷും എടുത്ത് ബാത്‌റൂമിലേക്ക് ചെന്നു. അതിനകത്തുതന്നെയുള്ള വാഷ്ബേസിനു മുന്നിൽ നിന്ന് ഞാൻ പല്ലുതേപ്പൊക്കെ പൂർത്തിയാക്കി.

ഹാളിലേക്ക് ചെല്ലുമ്പോ സുമേഷും ജോസും ഇനിയും ഉണർന്നിട്ടില്ല. കാർത്തിക്ക് അടുക്കളയിലാണെന്ന് തോന്നണു. ഞാൻ അടുക്കളയിലേക്ക് തന്നെ ചെന്നു.
രാവിലേക്കുള്ള ദോശ ചുടുവായിരുന്നു പുള്ളി.

ഞാൻ കറിക്കുള്ള പച്ചക്കറിയോക്കെ അരിഞ്ഞ് ഒരു സഹായത്തിന് അവിടെത്തന്നെ നിന്നു. ഞങ്ങൾ ഓരോന്നൊക്കെ സംസാരിച്ച് ജോലി എളുപ്പം തീർത്തു.

കുളിച്ച് ഫ്രഷായിവന്ന് ആഹാരമെടുത്തു കഴിച്ചു. രാഹുലിനോട് ഒപ്പമിരിക്കാൻ പറഞ്ഞപ്പോൾ കുറച്ചുകഴിഞ്ഞുകഴിക്കാം എന്നവൻ മറുപടി നൽകി

മറ്റേ രണ്ടുപേരും എണീറ്റ് പൊയ്ട്ടുണ്ട്.

” അല്ലമാൻ… നീയിതെന്തേ ഇത്ര നേരത്തെയങ്ങുപോണേ…എട്ടേകാല് ആയിട്ടല്ലേയുള്ളു…!! ”

കഴിച്ച് ഓഫീസിലേക്കിറങ്ങാൻ നിന്ന എന്നോടായി കാർത്തിക്ക് ചോദിച്ചു.

” എനിക്കൊന്നുരണ്ടിടത്ത് കേറാനുണ്ടെടാ…!”

വേറൊരു താമസസ്ഥലം നോക്കണം എന്നതാണ് എന്റെ പ്രഥമആവശ്യം. അതൊന്നും അവനോട് പറയാൻ പോയില്ല.

” അല്ലടാ ചോദിക്കാമ്മിട്ടു…. ഇവിടെയെവിടാ ബസ്സുകിട്ടുവ?! ”

ഞാൻ അവനോട് ചോദിച്ചു.

” അതിവിടന്നിറങ്ങി വലത്തോട്ടൊരുമൂന്ന് മിനുട്ട്നടന്നാമതി… ബസ്സ്റ്റോപ്പ്കാണും… ഇറങ്ങാനുള്ള സ്റ്റോപ്പറിയാലോ അല്ലേ… ”

“ആ അതൊക്കെയറിയാ…”

ഒരു പുഞ്ചിരിയോടെ കാർത്തിക്കിനെനോക്കിയൊന്ന് തലയിളക്കി ഞാൻ ഇറങ്ങിനടന്നു.

അമ്മയെ ഒന്ന് വിളിച്ചു. സുഖവിവരം തിരക്കുന്നതിനിടയിൽ എന്റെ താമസത്തിന്റെ കാര്യഞ്ഞാൻ പറഞ്ഞു.

” ഞാൻ വേറൊരുറൂമുനോക്കിയാലോ എന്നാലോചിക്കുവാമ്മേ… “
” അപ്പൊ ഓഫീസിന്നേർപ്പാടക്കിയ വീടിനെന്തുപറ്റി….”

” അവിടെയെനിക്കങ്ങ് ശരിയാവണില്ലമ്മേ…”

” അതെന്തുപറ്റിയെടാ… ”

” അതൊന്നിച്ചുള്ളോരുടെ ബഹളമൊന്നും എനിക്ക് ശരിയാവണില്ല… ”

” എങ്കിപ്പിന്നെ നിന്റെ വല്യച്ഛനെ ഞാനൊന്ന് വിളിച്ച് നോക്കട്ടെ… ഏട്ടൻ വിളിച്ചിരുന്നു ഇന്നാള്… നിനക്ക് അവരുടെ അവിടത്തെ ഫ്ലാറ്റിൽ നിന്നൂടെ എന്ന് ചോദിച്ചിട്ട്… കുട്ടുവും അവന്റോളും തിരിച്ചുപോയേപ്പിന്നെ അതവിടെ അടച്ചിട്ടേക്കുവല്ലേ…

നിനക്ക് കമ്പിനിവക അക്കമടേഷനുള്ളൊണ്ട് ഞാൻ വേണ്ടാന്ന് പറഞ്ഞെയാ… നിന്റെ ഓഫീസിന്റടുത്തുന്ന് ഫ്ലാറ്റ്ലേക്ക് അതികം ദൂരമൊന്നുവില്ലാന്ന അന്ന് വിളിച്ചപ്പോ പറഞ്ഞേ… ഞാനെന്നാ ഏട്ടനെ വിളിച്ചിട്ട് നിന്നെ വിളിക്കാം… ”

സുധാകരൻ വല്യച്ഛൻ… എന്റെ അച്ഛന്റെ ഏട്ടനാണ് കക്ഷി. വല്യച്ഛനും വല്യമ്മയുമൊക്കെ കുറേ കാലം ബാംഗ്ലൂർ ആയിരുന്നു താമസം. കുട്ടു എന്ന് പറഞ്ഞത് ഇവരുടെ മകനാണ്. അക്ഷയ് എന്നാണ് പേര്. എന്റെ രണ്ടുവയസ് മൂത്തതാണ് അക്ഷയ്യേട്ടൻ. പുള്ളിയും ഭാര്യയും ഇപ്പൊ കാനഡയിലാണ്. അഞ്ജലി എന്നാണ് പുള്ളിക്കാരീടെ പേര്. എന്റെ പ്രായമാണ് അവൾക്ക്. അവിടെ നേഴ്സ് ആണ് പുള്ളിക്കാരി.

ഞാൻ അമ്മയോട് ഫോണിൽസംസാരിച്ചുകൊണ്ട് ബസ് സ്റ്റോപ്പിൽ നിന്നു.

റോഡിലൂടെയോഴുകിനീങ്ങുന്ന കാറുകളുടെനിര. ഓഫീസുകളിലേക്കുള്ള ഓട്ടമായിരിക്കും.

പച്ചക്കറിവണ്ടിയുമായി നടന്നുനീങ്ങുന്ന ഒരു വൃദ്ധൻ. തലയിലൊരു ചുറ്റിക്കെട്ടുമായി അയാളങ്ങനെ നടന്നുനീങ്ങുന്നു. മറ്റൊരിടത്ത് ഒരു സൈക്കിളിന്റെ പുറകിൽ ചായപ്പാത്രവുമായി ചായവിൽക്കുന്ന ഒരു മധ്യവയസ്കൻ.
ഇവർ കച്ചവടംനടത്തുന്നതാവട്ടെ വലിയ റെസ്റ്റോറന്റുകളുടെയും ഷോപ്പിങ് കോംപ്ലക്സുകളുടെയും മുന്നിലും.എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

ഓരോ മൂലയിലും ഓരോ ജീവിതങ്ങൾ,യാതനകൾ, ചെറുത്തുനിൽപ്പുകൾ, പ്രയത്നങ്ങൾ… അങ്ങനെയങ്ങനെ ഓരോ മനുഷ്യരും വ്യത്യസ്ഥങ്ങളായ ജീവിതത്തിനുടമകളാണ്.

വല്യച്ഛന്റെ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞത്കാരണം തൽക്കാലം വേറെ മുറിനോക്കേണ്ട എന്ന തീരുമാനം ഞാനെടുത്തു. അഥവാ അത് ശരിയായില്ലെങ്കി വൈകീട്ട് അന്വേഷിക്കാം എന്നതീരുമാനത്തിൽ ഞാനെത്തിച്ചേർന്നു.

ബസ്സ് കയറി ഞാൻ ഓഫീസിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി.

“ഗുഡ്മോർണിംഗ് സാർ ”

ഓഫീസിലേക്ക് കയറിചെന്നപ്പോൾ ഗേറ്റിൽ നിന്നിരുന്ന സെക്യൂരിറ്റി ഗാർഡ് ഒരു പുഞ്ചിരിയോടെ എന്നെ വിഷ് ചെയ്തു.

ഞാൻ തിരിച്ചും.

സമയമാകുന്നതേയുള്ളു. ചുരുക്കം ചിലർ വന്ന് സിസ്റ്റത്തിന് മുന്നിൽ ഇരുപ്പുണ്ട്.

പെന്റിങ് ഉള്ള ജോലികൾ തീർക്കുന്നതായിരിക്കണം.

ഞാൻ കയറിചെന്നപ്പോൾ അവരെന്നെ വിഷ് ചെയ്തു. അവർക്കൊക്കെയും ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനെന്റെ കാബിനിലേക്ക് ചെന്നു.

എനിക്ക് മുന്നേ ഉണ്ടായിരുന്നയാൾ ചെയ്യേണ്ടിയിരുന്ന കുറെയേറെ ജോലികൾ ഇനിയും പെന്റിങ് ആണ്. ആദ്യം അതൊക്കെ തീർക്കാം എന്ന ചിന്തയിൽ ഞാൻ ജോലിയാരംഭിച്ചു.

……

” നോൺസെൻസ്… ഇതിനാണോ തനിക്ക് കമ്പനി സാലറിതരുന്നേ…എനിക്ക് തന്റെയൊരെസ്ക്യൂസും കേൾക്കണ്ട…. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇത് തീർത്തെന്നെ കാണിച്ചിട്ട് ഇവിടന്നിറങ്ങിയാമതി… പ്രൊജക്റ്റ്‌ റിപ്പോർട്ടും എടുത്ത് താനെന്റെ കാബിനിലോട്ട് വാ… ”

Leave a Reply

Your email address will not be published. Required fields are marked *