നീലക്കൊടുവേലി – 6 7

അത് തരുവാനുണ്ടായ സാഹചര്യത്തെ കുറിച്ചും അതിൽ എന്താണെന്നും അവന് പറഞ്ഞുകൊടുത്തു.. പക്ഷെ അത് എന്തിന് വേണ്ടിയുള്ളതാണെന്നു അറിയില്ലെന്നും അത് കണ്ടുപിടിക്കേണ്ടത് സിദ്ധു തന്നെ ആണെന്നും പറഞ്ഞു..

സിദ്ധു ഒരു അത്ഭുധലോകത്തിൽ പെട്ടവനെ പോലെ കണ്ണുമിഴിച്ചിരുന്നു.. ഇന്നുവരെ അവിടെയെല്ലാം സാധാരണമായിരുന്നു, എന്നാൽ മുത്തച്ഛന്റെ കഥകൾ കേട്ടപ്പോൾ കുറെ കാര്യങ്ങൾ അസാധാരണമായി തോന്നാൻ തുടങ്ങി..

അതുകൊണ്ടുതന്നെ തന്റെ കയ്യിൽ വന്നു ചേർന്ന ഈ പെട്ടി ഒരു ചില്ലറ സമ്മാനമായി കരുതുന്നത് മണ്ടത്തരമാണ്… ഇതിനു പുറകിലെ രഹസ്യം എന്തായാലും കണ്ടെത്തണമെന്ന ചിന്ത അവനിൽ നിറഞ്ഞു…

മണിക്കൂറുകൾ നീണ്ട സംസാരം കഴിഞ്ഞു ശങ്കരൻ ഇറങ്ങുമ്പോളേക്കും സിദ്ധു പെട്ടി തുറന്നു നോക്കാനുള്ള ആകാംഷയിൽ ആയിരുന്നു….

ശങ്കരൻ കോണിയിറങ്ങി താഴേക്ക് പോയതോടെ വാതിൽ അടച്ചു കുറ്റിയിട്ട ശേഷം ശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ആ കുഞ്ഞുപെട്ടി തുറന്നു നോക്കി…

ഒരു ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ താക്കോൽ…. ആ തുണിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു

” എന്റെ മുറിയിൽ കയറി ഞാൻ ഉപയോഗിച്ച തകരപ്പെട്ടിയിലെ കത്ത് വായിക്കുക ”

സിദ്ധു ഒരു തവണകൂടി ആ എഴുത്തിലെ വരികളിലൂടെ കണ്ണോടിച്ചു. വടിവൊത്ത അക്ഷരങ്ങൾ, എന്തുകൊണ്ടാണ് ഇങ്ങനൊരു തുണിയിൽ ഇത് എഴുതിയിരിക്കുന്നതെന്ന വ്യക്തമല്ല.. എന്തായാലും താൻ തേടാൻ പോകുന്നത് അത്യാവശ്യം ഗൗരവമുള്ള ഒന്ന് തന്നെ..

സമയം കളയാതെ ആ പെട്ടിയോട് കൂടി തന്നെ അവൻ മുൻപ് പലപ്പോളും കണ്ടിരുന്ന ആ മുറിയുടെ അടുത്തെത്തി… ആ മുറി മാത്രം പൂട്ടി കിടക്കുന്നത് കൊണ്ട് അവിടേക്ക് ആരുടെയും ശ്രദ്ധ അങ്ങനെ പോവാറില്ലായിരുന്നു..

സിദ്ധു കൈയിലെ താക്കോൽ കൊണ്ട് തിരിച്ചപ്പോൾ ആ പൂട്ട് തുറന്നു.. അത്യധികം ആകാംഷയോടെയും പേടിയോടെയും അവൻ ഉള്ളിലേക്ക് കയറി…

ഉള്ളിൽ ലൈറ്റ് ഇല്ലെന്നു മനസിലായപ്പോൾ തിരികെ റൂമിൽ വന്നു ടോർച്ചെടുത്തു പോയി… ജനലുകളും വാതിലും അടഞ്ഞുകിടന്നിരുന്നാലും പകൽ സമയമായതുകൊണ്ട് ഉള്ളിൽ കുറ്റാക്കൂരിരുട്ട് അല്ലായിരുന്നു..മാറാലയും താഴെയുള്ള എന്തൊക്കെയോ സാധനങ്ങളുടെയും ഇടയിലൂടെ പതിയെ തപ്പിപിടിച്ചു അങ്ങേരു പറഞ്ഞ തകരപ്പെട്ടി എടുത്ത് ആ റൂം അങ്ങനെതന്നെ പൂട്ടി തിരികെ തന്റെ റൂമിലേക്ക് സിദ്ധു മടങ്ങി..

വീണ്ടും വാതിൽ അടച്ചു കുറ്റിയിട്ട ശേഷം ആ തകരപ്പെട്ടി എടുത്ത് മേശമേൽ വെച്ച് തുറന്നു. അതിനുള്ളിലും ഒരു പട്ടിന്റെ തുണി മടക്കിവെച്ചിരുന്നു..

അത് എടുത്ത് നിവർത്തിയ സിദ്ധു അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു..

” അരയന്മലയിലെ ആറു വിരലുള്ള അറുമുഖനെ കണ്ട് ഈ കത്ത് കാണിക്കുക… മൂന്നു വർഷങ്ങൾക്ക് ശേഷം പഠനം കഴിഞ്ഞേ തിരികെ വരാവൂ..എല്ലാം കഴിയുന്നത്ര രഹസ്യമായി സൂക്ഷിക്കുക… ”

ആ വാചകങ്ങളും അവൻ ഒരു ആവർത്തിക്കൂടി വായിച്ചു… ആറു വിരലുള്ളയാൾ, അരയൻ മല… എങ്ങനെ കണ്ടുപിടിക്കും..?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല…

ഇനി ചെന്നു അന്വേഷിക്കുന്ന ആൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെങ്ങനെ അറിയും..? സിദ്ധു വല്ലാതെ ആശയക്കുഴപ്പത്തിലായി..

വെറുമൊരു കത്താണ്… അത് പറയുന്നത് പ്രകാരം വേണമെങ്കിൽ പോവാം ഇനി വേണ്ട എന്നാണെങ്കിൽ ഇത് തിരികെ വെച്ച് മിണ്ടാണ്ടിരുന്നാൽ മതി, ആരും ഇത് പറഞ്ഞു വരാനില്ല.. എന്താണ് നല്ലത് എന്ന് അവൻ ചിന്തിച്ചുകൊണ്ടിരുന്നു..

ഉച്ചക്ക് ഊണ് കഴിക്കുമ്പോളും അവന്റെ ചിന്തകൾ ഇത് തന്നെ ആയിരുന്നു.. ലക്ഷ്മിയമ്മ എന്തൊക്കെയോ ചോദിച്ചെങ്കിലും അവന്റെ അന്തം വിട്ട മറുപടി കേട്ടപ്പോൾ നിർത്തി…അവന്റെ ചിന്ത അന്ന് മുഴുവൻ അതിനെപ്പറ്റി ആയിരുന്നു..

എന്തായിരിക്കും തനിക്ക് വേണ്ടി ആ കാട്ടിൽ കാത്തിരിക്കുന്ന രഹസ്യം… അത് അറിയാതെ മണ്ണടിയുന്നതും മണ്ടത്തരമാണെന്ന് അവന് തോന്നി.. കുറെ കാലങ്ങൾക്ക് ശേഷം അന്ന് അത് ചെയ്യാമായിരുന്നു എന്നൊരു തോന്നൽ ഉണ്ടാവരുതല്ലോ…

അതേ സമയം അറിയാത്ത ഒരിടത്തേക്ക് അറിയാത്ത ഒരാളെ കാണാൻ പോകുക എന്നതിലുള്ള റിസ്ക് വേറെയാണ്… പിന്നെ മൂന്നു വർഷക്കാലം എന്ന കാലയളവും… ഈയിടെയായി ചിറക്കൽ വിട്ടു പോവാൻ അവന് താല്പര്യമില്ല… പിന്നെ പഠിക്കാനുള്ളത് എന്ത്…??

അവസാനം എന്തും വരട്ടെ എന്ന് കരുതിയ സിദ്ധു പോയിനോക്കാൻ തന്നെ തീരുമാനിച്ചു… അതിനു വേണ്ട കാര്യങ്ങളും മാർഗങ്ങളും കണ്ടുപിടിക്കാൻ തീരുമാനിച്ചു…

ഒന്നുകിൽ കാണാമറയത്തുള്ള മരണം വരിക്കാൻ, അല്ലെങ്കിൽ തിരിച്ചു വരുന്നത് ഒരു രഹസ്യവുമായി… മനസിനുള്ളിൽ നൂറുകൂട്ടം ചോദ്യങ്ങളുമായി ജീവിക്കേണ്ടിവന്നാൽ അത് ബോറാവും….

തന്റെ മുത്തച്ഛൻ കാണിച്ചു തരുന്ന വഴിയായതുകൊണ്ട് ഒരുപാട് പേടിക്കേണ്ടിയും വരില്ല.. മുൻപോട്ടു വെച്ച കാൽ തല്ക്കാലം മുൻപോട്ടു തന്നെ..

സിദ്ധു മനസ്സിൽ കുറച്ചു രൂപരേഖകൾ ഉണ്ടാക്കി.. ഇനിയുള്ള ദിവസങ്ങളിൽ ചെയ്തു തീർക്കേണ്ടതെല്ലാം കൂട്ടിചേർത്തു..

കുറച്ചു പണം ചിലവാക്കേണ്ടി വരും…ചില സംവിധാനങ്ങൾ കണ്ടെത്തേണ്ടിയും വരും..നോക്കാം..!!

അന്ന് രാത്രി അവന് ഉറങ്ങാൻ സാധിച്ചില്ലെന്നു പറയാം.. മനസ് പുതിയതെന്തോ തേടുന്നതായി തോന്നൽ.. മുത്തച്ഛൻ കരുതി വെച്ചത് ജീവിതത്തിന്റെ മാറ്റിമറിക്കാൻ പോന്ന എന്തോ ആണെന്നൊരു ചിന്ത..

പിറ്റേന്ന് അവൻ ഉണർന്നത് വളരെ ഊർജ്ജസ്വലനയാണ്… ഇടക്കെപ്പഴോ കടിഞാണില്ലാതെ അലഞ്ഞ അവന്റെ മനസിന്‌ ലക്ഷ്യബോധം വന്നു…

ചെയ്യാനുള്ള കാര്യങ്ങൾക്കായി ഒരു ചാർട്ട് തയ്യാറാക്കി… ലക്ഷ്യം ഒന്ന് മാത്രം അരയൻമലയിലെ അറുമുഖൻ…അതിനു ആദ്യം കണ്ടെത്തേണ്ടത് അല്ലെങ്കിൽ അറിയേണ്ടത് അരയൻമലയെ കുറിച്ചാണ്…

പിന്നെ അന്വേഷണത്തിൽ ശ്രദ്ധിക്കേണ്ടത് രഹസ്യമായി സൂക്ഷിക്കേണ്ട കാര്യത്തെ പറ്റിയാണ് …മൂന്നു വർഷം വലിയൊരു കാലയളവായതു കൊണ്ട് അവിടെ എങ്ങനെ നിൽക്കേണ്ടിവരും എന്നതിനെ പറ്റി അറിവില്ല, ആരോടും അന്വേഷിക്കാൻ പറ്റില്ല അതിനേക്കാൾ വലിയൊരു കടമ്പ നാട്ടിലാണ് താമസം എന്നതിലാണ്.. സുഖലോലുപതയിൽ ജീവിച്ച തന്നെക്കൊണ്ട് എടുത്താൽ പൊങ്ങുമോ ആവോ..

ഒരു വാഹനം ഒപ്പിക്കണം, വേണ്ടത്ര ഡ്രെസ്സുകളും അനുബന്ധ സാധനങ്ങളും റെഡിയാക്കി കൊണ്ട് പോവണം, അതിനു മുൻപ് ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം കഴിച്ചു മദിച്ചു പോണം, കാടല്ലേ..!! അവിടെ ഇതൊന്നും കിട്ടില്ലായിരിക്കും..

കുറച്ചു ദിവസങ്ങൾക്കകം യാത്ര ആരംഭിക്കണം, അതിനായി ഒരു മാസക്കാലം ആദ്യഘട്ടമെന്നോണം അവൻ തീരുമാനിച്ചു… അതിനു മുന്പ് പറ്റിയാൽ അങ്ങനെയും ആകാമെന്നു കണക്കു കൂട്ടി..

ആദ്യം ഇനി യാത്രയെപ്പറ്റി ചെറിയൊരു രൂപം ശങ്കരനും ലക്ഷ്മിയമ്മക്കും കൊടുക്കണം…പിന്നെ സിതാര, നീതു… ഇവർക്കെന്താണ് കൊടുക്കേണ്ടത്..??

Leave a Reply

Your email address will not be published. Required fields are marked *