ഡിഗ്രിയും കഴിഞ്ഞ് എഞ്ചിനിയറിംഗിന് ചേർന്ന അലൻ, കൃത്യം രണ്ട് മാസമായപ്പോ തനിക്കൊരു ബൈക്ക് വേണമെന്ന് പറഞ്ഞപ്പോ അൽഭുതത്തോടെയാണ് ലിസിയത് കേട്ടത്..
കാരണം ഇന്ന് വരെ അവനൊന്നും ആവശ്യപ്പെട്ടിരുന്നില്ല.. പഠിക്കാനുള്ള പുസ്തകങ്ങളും, പേനയും,
പെൻസിലുമല്ലാതെ വേറൊന്നും അവനാവശ്യപ്പെട്ടിരുന്നില്ല..
ഇതിപ്പോ ഒരു ബൈക്കാണവൻ ചോദിച്ചിരിക്കുന്നത്..
അവനൊരു പത്ത്ബൈക്ക് വാങ്ങിക്കൊടുക്കാനും ലിസിക്ക് സന്തോഷമേ ഉണ്ടായുള്ളൂ..
പിന്നെയും, പലപല മാറ്റങ്ങളും ലിസി അവനിൽ കണ്ടു..
താനെടുത്ത് കൊടുക്കുന്ന ഷർട്ടും പാന്റും എതിർത്തൊന്നും പറയാതെ എടുത്തിട്ട് പോകുന്ന അലൻ, തനിക്കിന്നീ ഷ്ർട്ട് മതിയെന്നും, ഈ പാന്റാണ് താനിന്ന് ഇടുന്നതെന്നും പറയാൻ തുടങ്ങിയപ്പോ ലിസിക്കുണ്ടായ സന്തോഷം ചെറുതല്ല.
തന്റെ മോൻ ഒരാണായി മാറുന്നത് അമ്പരപ്പോടെയവൾ കണ്ടു..
ഇപ്പോൾ ഇടക്കവൻ ലിസിയോട് സംസാരിക്കാനും തുടങ്ങി..
അലീനയോട് കോളേജിലെ വിശേഷങ്ങളൊക്കെ പറയാനും തുടങ്ങി..
എന്ത് തമാശ കേട്ടാലും ചിരിക്കാത്ത അലൻ ടി വി യിൽ കാണുന്ന ചില കോമഡികൾക്കൊക്കെ ചിരിക്കാനും തുടങ്ങി..
തന്റെ മകന് ഈ മാറ്റം എങ്ങിനെയുണ്ടായി എന്ന് മാത്രം ലിസിക്ക് മനസിലായില്ല..
തന്റെ പ്രാർത്ഥനയുടെ ഫലമായി കർത്താവ് കനിഞ്ഞതാവും എന്ന് ലിസി വിശ്വസിച്ചു..
എന്നാൽ അലീന, അവൻ പഠിക്കുന്ന കോളേജിൽ നടത്തിയ ഒരന്വോഷണത്തിൽ വേറൊരു കാര്യമാണ് അവളറിഞ്ഞത്..
അവിടെ പഠിക്കുന്നവരും, പഠിപ്പിക്കുന്നവരും അലീനക്ക് പരിചയക്കാരായുണ്ട്..
എഞ്ചിനിയറിംഗ് കോളേജിൽ ക്ലാസ് തുടങ്ങിയ അന്ന് മുതൽ അലനൊരു സുഹൃത്തിനെ കിട്ടിയിട്ടുണ്ട്..
അടുത്തടുത്തിരിക്കുന്ന അവർ രണ്ടും എല്ലാറ്റിനും ഒരുമിച്ചാണ്..കാന്റീനിലേക്കും, കളിസ്ഥലത്തേക്കും, മൂത്രമൊഴിക്കാൻ പോവുന്നത് വരെ രണ്ടാളും ഒരുമിച്ച്.. രണ്ടാളും പഠനത്തിൽ മിടുക്കരാണ്.. ഒരു മനുഷ്യനോട് മുഖത്ത് നോക്കി സംസാരിക്കാത്ത അലൻ, സ്റ്റേജിൽ കയറി ഒരു പാട്ട് പാടി എന്ന് കൂടി കേട്ടപ്പോ അലീനക്ക് വിശ്വസിക്കാനായില്ല..
അവരെ രണ്ട് പേരെയും ഒരുമിച്ചല്ലാതെ കോളേജിൽ കാണാൻ കഴിയില്ല..
തന്റെ സഹോദരനെ ഇത്രയും മാറ്റിയെടുത്ത ആ കൂട്ടുകാരനെ കുറിച്ച് അലീന കൂടതലന്വോഷിച്ചു…
അവന്റെ പേര് സായിപ്രസാദ്..
തങ്ങളുടെ വീട്ടിൽ നിന്നും ഒരഞ്ച് കിലോമീറ്റർ ദൂരത്തിലാണ് അവന്റെ കുടുംബം..
വളരെ ദരിദ്ര കുടുംബം..
അമ്മ മാത്രമേ അവനുള്ളൂ…
അമ്മ ഒന്ന് രണ്ട് വീടുകളിൽ പണിക്ക് പോയിട്ടാണ് അവനെ പഠിക്കാനയക്കുന്നത്..
പഠനത്തിൽ മിടുക്കൻ..
അവനാണ് അലന്റെ കൂട്ടുകാരൻ..
അവനാണ് അലനെ മാറ്റിയെടുത്തത്..
അലീന വിവരങ്ങളെല്ലാം ലിസിയോട് പറഞ്ഞു..
അന്ന് കോളേജ് വിട്ട് വന്ന അലനെ അടുത്തിരുത്തി ലിസിയും, അലീനയും വിവരങ്ങളെല്ലാം ചോദിച്ച് മനസിലാക്കി..
അവർ കേട്ടത് ശരിയായിരുന്നു..
സായിപ്രസാദെന്ന കൂട്ടുകാരൻ തനിക്കുണ്ടെന്ന് അലൻ പറഞ്ഞു..
തന്നെ ബൈക്കോടിക്കാൻ പഠിപ്പിച്ചതും, മൊബൈൽ ഉപയോഗിക്കാൻ പഠിപ്പിച്ചതും, പാട്ട് പഠിപ്പിച്ച് സ്റ്റേജിൽ കയറ്റിയതുമെല്ലാം സായിയാണെന്ന് അലൻ പറഞ്ഞു..
അലന്റെ ഓരോ സംസാരത്തിലും, ആത്മവിശ്വാസവും,ആത്മ ധൈര്യവും ലിസി കണ്ടറിഞ്ഞു..
തന്റെ മോനെ മാറ്റിയെടുത്ത ആ കൂട്ടുകാരനെയൊന്ന് കാണണമെന്ന് അവൾക്ക് തോന്നി..
അവനോടൊരു നന്ദി പറയണം..
നന്ദിയിൽ തീരുന്ന കാര്യമൊന്നുമല്ല അവൻ ചെയ്തത്..
നാളെ ഉച്ചക്ക് അവനെ വീട്ടിലേക്ക് വിളിച്ചോണ്ട് വരാൻ ലിസി,അലനോട് പറഞ്ഞു..
അലൻ സന്തോഷത്തോടെ സമ്മതിച്ചു..
✍️
സായിപ്രസാദ് ചുറുചുറുക്കുള്ള ഒരു യുവാവാണ്..
നന്നായി പഠിക്കും..
എവിടെയെങ്കിലും എത്തിപ്പെടണമെന്ന് അവന് അതിയായ ആഗ്രഹമുണ്ട്..
ചെറുപ്പം തൊട്ട് ദാരിദ്രത്തിൽ വളർന്നവനാണവൻ..
എന്നാൽ, വലിയ വീട്ടിൽ ജോലിക്ക് പോകുന്ന അമ്മ അവിടെ നിന്ന് കൊണ്ടുവരുന്ന വിഭവസമൃധമായ ഭക്ഷണം നിത്യവും കഴിച്ച് നല്ല ആര്യേഗ്യവും, നല്ല ശരീരവും, നല്ല സൗന്ദര്യവും അവനുണ്ട്..
