പൂതപ്പാറയിലെ പൂതനകൾ 10

 

ഉച്ചക്കുള്ള ഇന്റർവെല്ലിന് അനിൽ മാഷ് സൗമ്യയെ സ്കൂളും പരിസരവും കാണിക്കാനും പുതിയ സ്ഥലം പരിചയ പ്പെടുത്തി കൊടുക്കാനും കൊണ്ട് പോയി.

 

“സ്കൂൾ മൊത്തം ഇരുപത്തി ഏഴ് ഏക്കറുണ്ട്. വടക്ക് വശത്ത് ഉള്ള കെട്ടിടങ്ങളിൽ ഹൈസ്കൂളും യു പി യുമാ. അവിടെ ഒക്കെ നല്ല പിള്ളേരാ. ഹയർ സെക്കൻ്ററി മാത്രേ ഇങ്ങനെ ഉള്ളൂ.പിന്നെ താഴെ റോഡിൻ്റെ അടുത്ത് വലിയ ഒരു ഗ്രൗണ്ടും ഗാലറിയും ഉണ്ട്. സ്പോർട്സും പരിപാടികളും അവിടെയാ നടത്തുന്നത്. പിന്നിൽ മന്ദം മന്ദം ഒഴുകുന്ന ഒരു കാളിന്ദിയുണ്ട്. നല്ല ആഴമുള്ള കടവിൽ ഒരുപാട് പേര് മരിച്ചതോണ്ട് പോലീസ് പൂട്ടിയതാണ്”

 

സംയമനിയിൽ റെസ്റ്റെടുക്കുന്ന നരകത്തിൻ്റെ പ്രൊപ്രൈറ്റർ മിസ്റ്റർ കാലന് -അങ്ങോട്ടുള്ള അതിഥികളെ താൻ തന്നെ നേരിട്ട് വണ്ടിയുമായി വന്ന് കൂട്ടികൊണ്ട് പോകണം എന്ന നിർബന്ധം വച്ചു പുലർത്തുന്ന ഒരു മാമൂൽ വാദിയായത് കൊണ്ട് – പോലീസ് ആ കടവ് പൂട്ടുന്നതിന് മുൻപ് വരെ അനങ്ങിയാൽ അങ്ങോട്ട് മണ്ടി വരാനേ നേരമുണ്ടായിരുന്നുള്ളൂ. ആൾക്കാര് ചാകാത്തത് കൊണ്ട് ഇപ്പോൾ കുറച്ച് കാലമായി പാവത്തിന് അൽപ്പം സമാധാനമുണ്ടെന്ന് തോന്നുന്നു.

 

പുഴയുടെ തീരത്തുകൂടെ കുറച്ചു നേരം നടന്ന് കാറ്റൊക്കെ കൊണ്ട് ഇത്തിരി നേരം വിശ്രമിച്ച് അവർ സ്കൂളിലേക്ക് തിരികെ നടന്നു.

 

“ആ ഒഴിഞ്ഞുകിടക്കുന്ന പറമ്പും സ്കൂളിൻ്റെ യാണോ മാഷേ”?

 

തൊട്ടപ്പുറത്തെ കാടുമൂടി കിടക്കുന്ന സ്ഥലം ചൂണ്ടി കാണിച്ച് സൗമ്യ ചോദിച്ചു.

 

“അത് ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റ് ആയിരുന്നു. ഇപ്പൊ കൊടും കാടാണ്. ഈ സൗകര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഇത് സമൂഹവിരുദ്ധരുടെ കേന്ദ്രമാ ടീച്ചറേ. പകല് പോലും കഞ്ചാവ് ടീമായിരിക്കും അതിൻ്റെ ഉള്ളിൽ. അറിയാതെ പോലും അങ്ങോട്ട് പോവരുത്”

 

“പോലീസൊന്നും ഇല്ലേ ഈ നാട്ടിൽ”?

 

“പോലീസ് പല പ്രാവശ്യം നോക്കിയതാണ്. അവിടെ ഉള്ളവര് തന്നെ വിവരം കൊടുക്കും. അതോണ്ട് പോലീസ് വരുമ്പോ അതിൻ്റെ ഉള്ളില് ആരും ഉണ്ടാവില്ല”

 

“എന്തായാലും വന്നു പെട്ട സ്ഥലം കൊള്ളാം”

 

“പിള്ളേരെ കാര്യോം കണക്കാ. നാട്ടിൽ ഉള്ള തലതിരിഞ്ഞവരാ കൂടുതലും. കൂടുതൽ അടുപ്പത്തിനൊന്നും പോണ്ട. പത്ത് എ പ്ലസ് കാരൊക്കെ രായിരമംഗലത്തെ സെന്റ് മേരീസിലോട്ട് പോയി. ഇവിടെ വേറെ ഒരിടത്തും അഡ്മിഷൻ കിട്ടാത്ത തല്ലിപൊളികളെ ഉള്ളൂ. അതോണ്ട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട”

 

അനിൽ മാഷ് കാര്യമായി എല്ലാം സൗമ്യ മിസ്സിനെ പറഞ്ഞ് മനസിലാക്കി.

 

 

 

 

 

 

 

 

 

 

വൈകുന്നേരം സ്കൂൾ വിട്ട് കഴിഞ്ഞ് അങ്ങാടിയിൽ വന്ന് നിൽക്കുന്ന ടീച്ചറിനെ കണ്ട് മാഷ് അങ്ങോട്ട് ചെന്നു.

 

“എന്താ ഇവിടെ”?

 

“ഒരു ആളെ കാത്തു നിക്കുവാ”

 

“ആരാ? വന്നപ്പോ തന്നെ പരിചയക്കാരയോ”?

 

“”എറണാകുളത്തീന്ന് പോന്നപ്പോ കോമളവല്ലി ടീച്ചറാ ഇവിടെ താമസ സൗകര്യത്തിന് കൊമ്പേറി ചന്ദ്രിക ചേച്ചിയെ കണ്ട മതീന്ന് പറഞ്ഞത്. അവര് പാലും കൊണ്ട് ചായ കടേക്ക് വരുന്ന സമയായോണ്ട് കാത്ത് നിന്നതാ”

 

“ആ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ജന്തുവോ? എന്തിനാ ടീച്ചറേ വഴിയിൽ കിടക്കുന്ന ഏണി ഒക്കെ എടുത്ത് പെടലിക്ക് വെക്കുന്നേ”

 

“പിന്നെ ഞാനെന്താ ചെയ്യാ”?

 

“ഞാൻ ഒരു സ്ഥലം അറേഞ്ച് ചെയ്ത് തന്നാലോ”?

 

“എന്നാലും മതി”

 

സൗമ്യ അനിൽ മാഷിന്റെ കൂടെ പോയി.

 

സ്കൂളിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ ഒരു വലിയ റബ്ബർ തോട്ടത്തിന് നടുവിലെ വീട്ടിലാണ് അവർ എത്തിച്ചേർന്നത്. അതിനോട് ചേർന്ന് കുറച്ചു മാറി ഒരു ക്വാട്ടേഴ്സ് പോലത്തെ കെട്ടിടവുമുണ്ട്.

 

കോളിങ് ബെൽ അമർത്തിയപ്പോൾ സുന്ദരിയായ ഒരു യുവതി വന്ന് വാതിൽ തുറന്നു.

 

“ഇത് ആരാ മാഷേ”?

 

“സ്കൂളിൽ പുതിയതായി വന്ന ടീച്ചറാ. സൗമ്യ”

 

“ഹലോ”

 

“ഹലോ”

 

“ടീച്ചറെ ഇത് ജാനറ്റ്. രായിരമംഗലത്ത് വില്ലേജ് ഓഫീസർ ആണ്. ഇവർ ഇവിടെ ഒറ്റക്കാണ്. പിന്നിലെ ആ വീട്ടിൽ തോട്ടത്തിൽ ജോലിക്കു വന്ന പെണ്ണുങ്ങളാ. ടീച്ചറിന് പ്രശ്നൊന്നും ഇല്ലെങ്കിൽ ജാനറ്റിന്റെ കൂടെ കൂടാം”

 

“എനിക്കെന്തു ബുദ്ധിമുട്ട്”?

 

സൗമ്യ അപ്പോൾ തന്നെ ജാനറ്റിൻ്റെ ഹൗസ് മേറ്റാവാൻ സമ്മതമറിയുച്ചു. ലഗേജുമായി അവിടെ താമസം തുടങ്ങുകയും ചെയ്തു.

 

“മാഷേ ചായ കുടിച്ചിട്ട് പോവാം”.

 

ജാനറ്റ് സ്നേഹത്തിൻ്റെ പുറത്ത് ക്ഷണിച്ചു.

 

“പോയിട്ട് അത്യാവശ്യം ഉണ്ട്. ചായ പിന്നെ കുടിക്കാം”

 

“എന്താപ്പോ ഇത്ര തിരക്ക് മാഷേ? സാധാരണ ഇവിടെ വന്നാ കുറച്ച് നേരം സംസാരിച്ചിരുന്നിട്ടല്ലേ പോവാറുള്ളൂ”?

 

“പൂതപ്പാറയിലെ പൂതനകളെ അറിയില്ലേ”?

 

“ഏത്? മഹിളാ സംഘത്തിൻ്റെ വിലാസിനി ചോട്ടത്തിയും ടീമുമല്ലേ”?

 

“ആരാ മാഷേ അത്”

 

സാധനങ്ങളൊക്കെ എടുത്ത് വെച്ച് അങ്ങോട്ട് വന്ന സൗമ്യ ടീച്ചർ ചോദിച്ചു.

 

“അവരെ കാര്യൊന്നും പറയാതിരിക്കാ നല്ലത്. പണ്ട് ഇടുക്കി ജില്ലയിലെ കുടുംബശ്രീക്കാരൊക്കെ കട്ടപ്പനയിൽ വെച്ച് ഒരു പരിപാടി നടത്തി. ചില മത്സരങ്ങളും ഉണ്ടായിരുന്നു. സി ഡി എസ് പ്രസിഡൻറായി ഈ പെണ്ണുമ്പിള്ളയും അങ്ങോട്ട് പോയി. ഒപ്പം മത്സരത്തിൽ ജയിക്കാൻ കുറച്ച് ആണുങ്ങളേം പെൺവേഷം കെട്ടിച്ച് കൊണ്ടുപോയി. അങ്ങനെത്തെ തൊലിച്ചികളാ ആ ജന്തുക്കള്. അവറ്റോള് വീട്ടിലേക്കെങ്ങാനും വരുന്നുണ്ട്ന്ന് കണ്ടാൽ ആൾക്കാര് വഴീന്നു തന്നെ തല്ലിയോടിച്ച് വിടും. അതൊക്കെ പോട്ടെ , മാഷിനെന്താ അവരുമായിട്ട് ഇടപാട്”?

 

“അങ്ങനെ തല്ലി ഓടിക്കാൻ പറ്റ്വോ ? ഞാൻ നാട്ടിൽ ഇത്തിരി നിലയും വിലയും ഉള്ള ആളല്ലേ. പോരാത്തേന് സ്ഥലം സ്കൂളിലെ മാഷും. ആ വിലാസിനി കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വീട്ടിലോട്ട് വന്നു. അവർക്ക് എന്തോ പരിപാടിക്ക് പാടാൻ ഒരു സ്വാഗത ഗാനം വേണത്രേ. കഷ്ടകാലത്തിന് സമയം പോലെ ഒന്നെഴുതി കൊടുക്കാന്ന് ഞാൻ പറയുകേം ചെയ്തു. അന്ന് തൊട്ട് തുടങ്ങിയതാ ആ പൂതനയെ കൊണ്ടുള്ള ശല്യം. ഇരുപത്തിനാല് മണിക്കൂറും ഫോണ് വിളിച്ച് പാട്ട് എഴുതിയോന്നും ചോദിച്ച് സമാധാനം തരുന്നില്ലന്നേ. വെറുതേ ഇരിക്കുന്ന നേരത്ത് ചൊറിഞ്ഞിരിക്കേണ്ട അവസ്ഥയായി ഇപ്പോ”

 

“മൂലയിൽ ഇരുന്ന കോടാലി എടുത്ത് കാലിൽ ഇടാൻ പോയിട്ടല്ലേ”

 

“ എന്ത് പറയാനാ. പറ്റിപ്പോയി. ഇനീപ്പോ അതും ഇതും പറഞ്ഞിട്ട് കാര്യല്ലല്ലോ”

 

“ശല്യം സഹിക്കാൻ വയ്യാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു നടക്കുവായിരുന്നു ഞാൻ. ഇന്ന് രാവിലെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാന്നും പറഞ്ഞ് ആ തള്ള വീട്ടിലോട്ട് വന്നു”

Leave a Reply

Your email address will not be published. Required fields are marked *