അനിൽ മാഷ് സൗമ്യ ടീച്ചറെയും കൂട്ടി നടന്നു.
“കുറെ ദൂരമുണ്ടോ”?
“ഏയ്..ഒരു അര മുക്കാൽ കിലോമീറ്റർ ഉണ്ടാവും. കുറച്ചു ഉള്ളിലാ. നടക്കാനുള്ള ദൂരമേ ഉള്ളൂ”
“ടീച്ചർ എവിടുന്നാ”?
“തിരുവനന്തപുരത്തൂന്നാ . ഇത്രയും നാൾ ഫോർട്ട്കൊച്ചിയിലെ ഒരു സ്കൂളിലായിരുന്നു”
“കൊച്ചിയിലൊക്കെ ജീവിച്ച ടീച്ചർക്ക് ഈ പട്ടിക്കാട് ചിലപ്പോ പറ്റിക്കോളണമെന്നില്ല”
അവർ പലതും സംസാരിച്ചു സ്കൂളിലെത്തി. സ്കൂൾ കണ്ട മിസ്സ് സൗമ്യ ഞെട്ടിപ്പോയി.
ഘോരവനത്തിന് നടുവിൽ പഴയ കുറെ കെട്ടിടങ്ങൾ. ഒരു വേള ആമസോൺ വനാന്തരങ്ങളിൽ പോലും ഇല്ലാത്ത ഇന്നേവരെ ഒരു മനുഷ്യ കുഞ്ഞു പോലും കണ്ടിട്ടില്ലാത്ത വല്ല ജന്തുക്കളും അതിനുള്ളിൽ നിന്ന് ചാടി വന്നാലും അദ്‌ഭുത പെടാനൊന്നും ഇല്ല എന്ന് ടീച്ചർക്ക് തോന്നി.
“ പേടിക്കാനൊന്നും ഇല്ല ടീച്ചറെ. പഴയ ഒരു പ്രമാണി മൂർക്കോത്ത് ദേവസ്യ പൊതു നന്മയെ മാത്രം ലാക്കാക്കി ഭൂപരിഷ്കരണ കാലത്ത് സർക്കാരിന് വിട്ടു കൊടുത്ത കാടാണ് ഈ സ്കൂൾ”
ആ ഘോര വിപിനത്തിൽ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന ഏതൊരാൾക്കും ദണ്ഡകാരണ്യം പോലും വെറും കുറ്റിക്കാടായേ തോന്നൂ. മാഷിനെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല.
വാർദ്ധക്യത്താൽ പെണ്ണിൽനിന്ന് കണ്ണ് തെറ്റി റിട്ടയർമെന്റിന് ശേഷം സന്യാസിയാവാൻ വല്ല തഞ്ചവുമുണ്ടോ എന്നുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിൻസിപ്പൽ ശ്രീ കുഞ്ഞി ഒണക്കനെ കണ്ട് അവിടെയിരുന്ന കീറിപ്പറിഞ്ഞ ഒരു രെജിസ്റ്ററിൽ ഒപ്പിട്ട് സൗമ്യ ടീച്ചർ അന്ന് തന്നെ പുതിയ സ്കൂളിൽ ജോയിൻ ചെയ്തു.
ഓഫീസിലെ ചടങ്ങുകൾക്ക് ശേഷം സ്റ്റാഫ് റൂമിലെ ഘടാ ഘടിയൻമാരെ ഓരോരുത്തരെയും പരിചയപ്പെട്ടു. കൂട്ടത്തിൽ പുതിയതായി വന്ന കണ്ടാൽ തന്നെ അവലക്ഷണം പിടിച്ച ആറ് ടീച്ചേഴ്സും ഉണ്ടായിരുന്നു.
“അല്ല ടീച്ചറെ, ടീച്ചറ് ഏതാ സബ്ജെക്ട്”?
കോമേഴ്സിലെ നന്ദൻ മാഷാണ്.
“ബോട്ടണിയാണ് മാഷേ”
“അല്ല, അനിൽ മാഷ് ഇതൊന്നും ചോദിച്ചില്ലേ? നിങ്ങൾ ഒരുമിച്ചല്ലായിരുന്നോ വന്നേ”
അനിൽ മാഷിൻ്റെ അടുത്തിരുന്ന മാത്‍സ്കാരി ത്രേസ്യാമ്മ ടീച്ചർ അനിൽ മാഷിനെ ഒന്ന് തോണ്ടി. സ്ത്രീകളോട് അധികം അങ്ങനെ സംസാരിക്കാത്ത പ്രകൃതമുള്ള മാഷിനെ മനഃപൂർവം ടീച്ചറൊന്നു കുത്തി.
“ അത് പറഞ്ഞപ്പോഴാ. മാഷ് എന്താ പഠിപ്പിക്കുന്നേന്ന് ഞാനും ചോദിച്ചില്ലല്ലോ”
“മാഷ് മലയാളം വാദ്യരാ. അറിയപ്പെടുന്ന ഒരു യുവ കവിയും എഴുത്തുകാരനുമൊക്കെയാ”
ഒരിത്തിരി ഇളക്കമുള്ള കെമിസ്ട്രിക്കാരി ആതിരയാണ് അതിനു മറുപടി പറഞ്ഞത്. അത് കേട്ട് എന്തോ ഒരിഷ്ടക്കേട് മാഷിന്റെ മുഖത്ത് തെളിഞ്ഞത് സൗമ്യ ശ്രദ്ധിക്കാതിരുന്നില്ല.
ഉച്ചക്കുള്ള ഇന്റർവെല്ലിന് അനിൽ മാഷ് സൗമ്യയെ സ്കൂളും പരിസരവും കാണിക്കാനും പുതിയ സ്ഥലം പരിചയ പ്പെടുത്തി കൊടുക്കാനും കൊണ്ട് പോയി.
“സ്കൂൾ മൊത്തം ഇരുപത്തി ഏഴ് ഏക്കറുണ്ട്. വടക്ക് വശത്ത് ഉള്ള കെട്ടിടങ്ങളിൽ ഹൈസ്കൂളും യു പി യുമാ. അവിടെ ഒക്കെ നല്ല പിള്ളേരാ. ഹയർ സെക്കൻ്ററി മാത്രേ ഇങ്ങനെ ഉള്ളൂ.പിന്നെ താഴെ റോഡിൻ്റെ അടുത്ത് വലിയ ഒരു ഗ്രൗണ്ടും ഗാലറിയും ഉണ്ട്. സ്പോർട്സും പരിപാടികളും അവിടെയാ നടത്തുന്നത്. പിന്നിൽ മന്ദം മന്ദം ഒഴുകുന്ന ഒരു കാളിന്ദിയുണ്ട്. നല്ല ആഴമുള്ള കടവിൽ ഒരുപാട് പേര് മരിച്ചതോണ്ട് പോലീസ് പൂട്ടിയതാണ്”
സംയമനിയിൽ റെസ്റ്റെടുക്കുന്ന നരകത്തിൻ്റെ പ്രൊപ്രൈറ്റർ മിസ്റ്റർ കാലന് -അങ്ങോട്ടുള്ള അതിഥികളെ താൻ തന്നെ നേരിട്ട് വണ്ടിയുമായി വന്ന് കൂട്ടികൊണ്ട് പോകണം എന്ന നിർബന്ധം വച്ചു പുലർത്തുന്ന ഒരു മാമൂൽ വാദിയായത് കൊണ്ട് – പോലീസ് ആ കടവ് പൂട്ടുന്നതിന് മുൻപ് വരെ അനങ്ങിയാൽ അങ്ങോട്ട് മണ്ടി വരാനേ നേരമുണ്ടായിരുന്നുള്ളൂ. ആൾക്കാര് ചാകാത്തത് കൊണ്ട് ഇപ്പോൾ കുറച്ച് കാലമായി പാവത്തിന് അൽപ്പം സമാധാനമുണ്ടെന്ന് തോന്നുന്നു.
