വന്ന ആദ്യ മാസങ്ങളിൽ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നാണ് സൗമ്യ വിചാരിച്ചിരുന്നത്. എന്നാൽ സ്കൂളിലെ അനുഭവങ്ങൾ സൗമ്യയുടെ ധാരണയെ അധികം വൈകാതെ മാറ്റിമറിക്കുകയും ടീച്ചറിൻ്റെ ധാരണ വെറും തെറ്റിദ്ധാരണയാണെന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
പൂതപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിയപാടെ അവിടെയുള്ള വിവരമില്ലാത്ത ടീച്ചർമാരെ ഉപദേശിച്ചും പട്ടണത്തിലെപ്പോലെ മനോഹരമായി സാരി ഉടുത്ത് “കൊന്യോസ്തി സദൃശോ മയാ” എന്ന അഴകിയ രാവണന്റെ മട്ടിൽ നടന്നും സൗമ്യ മിസ്സ് മറ്റുള്ളവരുടെ കണ്ണിലെ കരടായി മാറാൻ അധിക കാലമൊന്നും വേണ്ടി വന്നില്ല. പ്രത്യേകിച്ചും മുൻപറഞ്ഞ ആറ് താടകമാരുടെ.
സിറ്റിയിൽ ജീവിച്ചത് കൊണ്ടും ലോകം കുറെ കണ്ടിട്ടുള്ളത് കൊണ്ടും സ്കൂളിലെ ടീച്ചേഴ്സിനെ പലകാര്യങ്ങൾക്കും മറ്റൊന്നും മനസ്സിൽ വെക്കാതെ ഉപദേശിക്കുന്നതും ഓരോന്ന് ചെയ്യുന്നതും ഒക്കെ അവർ അസൂയയോടെയും ശത്രുതയോടെയുമാണ് നോക്കികണ്ടിരുന്നത്. അതിന് പുറമെ സ്കൂളിലെ പയ്യന്മാരുടെ ചുഴിഞ്ഞുള്ള നോട്ടവും. കൊച്ചിയിൽ വെച്ച് ഇതിലും വലുത് കണ്ട സൗമ്യക്കു അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.
സത്യം പറഞ്ഞാൽ സാരിയിൽ കാണാനാണ് ഭംഗി എന്ന് പറഞ്ഞു ജാനറ്റാണ് അവളെ ദിവസവും സാരി ഉടുപ്പിച്ചു വിട്ടിരുന്നത്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം കൊണ്ട് മതിയാകാത്തവളുമാർ സൗമ്യയെയും അനിൽ മാഷിനെയും ചേർത്ത് കഥകൾ വരെ ഉണ്ടാക്കി.
ഒന്നൊന്നര വർഷം ഇതാന്ന് പറയുന്ന വേഗത്തിൽ കടന്ന് പോയി.
അങ്ങനെ ഒരുപാട് പെണ്ണ് കാണലുകൾക്ക് ശേഷം അവസാനം അനിൽ മാഷിന് കല്യാണമായി. മാഷിൻ്റെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോഴാണ് സൗമ്യക്ക് ശരിക്കും ആശ്വാസമായത്. പക്ഷെ പിന്നീടാണ് അതിലെ അപകടം അവൾക്ക് മനസിലായത്. ഏതോ ഒരുത്തി ആ പെൺകുട്ടിയെ ഫോൺ ചെയ്ത് മാഷിൻ്റെ സൗമ്യ ടീച്ചറുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് പറഞ്ഞ് കല്യാണം മുടക്കാൻ നോക്കി.
മാഷും സൗമ്യ ടീച്ചറും നേരിട്ട് പോയി പറഞ്ഞിട്ടും മനസിലാകാഞ്ഞിട്ട് ജാനറ്റ് ഇടപെട്ടാണ് അവളുടെ വീട്ടുകാരുടെ തെറ്റിദ്ധാരണ മാറ്റിയത്.
തെറ്റിദ്ധാരണ മാറിയെങ്കിലും ആർക്കാണ് തങ്ങളോട് ഇത്രക്ക് ശത്രുത എന്ന് മാത്രം അവർക്ക് രണ്ടിനും മനസ്സിലായില്ല.
ആ സംഭവത്തോടെ ജാനറ്റും സൗമ്യയും മാഷിൻ്റെയും മാഷിൻ്റെ ഭാവി വധുവിൻ്റെയും അടുത്ത ആൾക്കാരായി മാറി. അത് കൊണ്ട് തന്നെ അവര് രണ്ടും ചെറുക്കന്റെ ആളായി അത്തിക്കരയിലേക്ക് പെണ്ണിന് പോകാനും കല്യാണത്തിനും ഒക്കെ മുന്നിൽ തന്നെയുണ്ടായിരുന്നു.
സ്കൂളിലേയും നാട്ടിലേയും ആളുകൾക്കുള്ള പാർട്ടി അത്തിക്കരയിൽ നിന്നും വന്നതിൻ്റെ അടുത്ത ദിവസമായ വ്യാഴാഴ്‌ചയാണ് ഏർപ്പാടാക്കിയിരുന്നത്.
“ഓ വരുന്നുണ്ട് ആ ജാഡക്കാരി. ഇന്ന് പട്ടു സാരിയാണല്ലോ”
“ഗുഡ് മോർണിംഗ് സൗമ്യ ടീച്ചറേ”
“ഗുഡ് മോർണിംഗ് ആതിര ടീച്ചറേ”
“എന്താപ്പോ പട്ടുസാരി ഒക്കെ”?
“ഇന്നല്ലേ അനിൽ മാഷിൻ്റെ പാർട്ടി. നിങ്ങൾ വരുന്നില്ലേ”?
“എല്ലാരും ഒന്നിച്ചു ഹാഫ് ഡേ എടുത്തു പോയാൽ സ്കൂളിലാരാ പിന്നെ ഉണ്ടാവുന്നേ? ടീച്ചറെ ഫ്രണ്ടല്ലേ സാറ്. ടിന്റുവും കവിതയും വരും. ഞങ്ങള് ക്ലാസ്സ് കഴിഞ്ഞ് ഒരു അഞ്ച് അഞ്ചര ഒക്കെ ആവുമ്പോഴേക്കും എത്താം”
ആ സമയത്താണ് കവിത ടീച്ചർ വന്നു കേറിയത്.
“സാരിയിൽ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ സൗമ്യ ടീച്ചറെ”
“ടീച്ചറിപ്പോ എന്നാ സുന്ദരി അല്ലാത്തെ ”?
രജിസ്റ്റർ എടുക്കാൻ കയറി വന്ന ടിന്റു ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.
“എന്നാലും എങ്ങനെയാ ഈ സാരി ഒക്കെ ഉടുത്ത് ഇങ്ങനെ ഒരുങ്ങി വരുന്നത്? ഒരുപാട് സമയം വേണ്ടേ”?
“അതൊക്കെ അങ്ങ് ഉടുക്കുന്നതാ. ഒരു അഞ്ച് മിനിട്ടിൽ ചെയ്യാവുന്നതേ ഉള്ളൂ. ടീച്ചേർസ് അല്ലേ. ഇപ്പൊ ലെഗ്ഗിങ്സ് ഒക്കെ ഇട്ട് വരുന്നുണ്ട് എന്നാലും നമ്മള് വേണ്ടേ മാന്യമായ ഡ്രെസ്സ് ഇട്ടോണ്ട് വരാൻ. സ്കൂളല്ലേ”
