“ആാാ… അയ്യോ… നോവുന്നു ചേച്ചീ…ഹൂ.. വിട് വിട്..!!” ഞാൻ കിടന്ന് കാറിയിട്ടും ചേച്ചി വിട്ടില്ല ഒരുപാട് വേദനിച്ചിട്ടും ചേച്ചീടെ കൈ പിടിച്ച് മാറ്റാൻ ഞാൻ തയ്യാറായില്ല എന്നുള്ളതാണ് മറ്റൊരു തമാശ!!
കണ്ണിൽ നിന്നും പൊന്നീച്ച പറന്ന അവസ്ഥയിൽ ചേച്ചി പിടിവിട്ടപ്പോ മാത്രമാണ് ഞാൻ ചെവി തടവുന്നത് ചെവിക്കുട ചൂടായിരിക്കുന്നു!!! ചുവന്നു പണ്ടാരമടങ്ങീട്ടുണ്ടാവും എനിക്കുറപ്പായിരുന്നു.. തൊടുമ്പൊ തന്നെ നല്ല ഉഗ്രൻ വേദന!! വേദന കൊണ്ട് ഞാൻ എരിവ് വലിച്ചപ്പോഴാണ് പിച്ചിയതിന്റെ കടുപ്പം ചേച്ചി സ്വയം മനസ്സിലാക്കിയത്.. ആ മുഖത്തേക്ക് നോക്കുമ്പോ ഒരു നിമഷത്തെ ദേഷ്യത്തിന് ചെയ്തുപോയത് കൂടിപ്പോയല്ലോ എന്നുള്ള വ്യാകുലതയാണ്..
“അയ്യോ… ഒരുപാട് നൊന്തോ കുട്ടൂസേ?” ദയനീയമായ ചോദ്യത്തോടെ ചേച്ചി എന്റെ ചെവിയിൽ തൊട്ടതും “ആവൂ…ഹ്..” വേദന അധികമില്ലെങ്കിലും സ്വല്പം ഡ്രാമയ്ക്കായി ഞാൻ കയ്യീന്നിട്ട് വേദന അഭിനയിച്ചു തകർത്തു.. കൂടെ കൈ തട്ടി മാറ്റി ചേച്ചിയെ തള്ളി നീക്കി ഞാൻ എണീച്ചു നടന്നു പോയി…
“കുട്ടൂസേ… സോറിയെടാ.. ചേച്ചി മേല് നൊന്തപ്പോ… അന്നേരത്തെ ദേഷ്യത്തില് ചെയ്ത് പോയതാടാ!!” പിറകെ വന്നു ചേച്ചി പറഞ്ഞു പക്ഷെയത് ഞാൻ ഗൗനിച്ചില്ല
ഡൈനിങ് ഹാളിലെ ഒരു കസേരയിൽ വന്നിരുന്ന ഞാൻ പതിയെ ചെവി തടവികൊണ്ടിരുന്നു… എന്റെയടുത്തു നഖവും കടിച് ഒരുകൈ ഏണിനും താങ്ങി ചേച്ചി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. കണ്ണടച്ച് ഞാൻ ചെവി തടവി ഇരുന്നു..
“ടാ കുട്ടൂ.. സോറി വാവേ.. ചേച്ചിക്ക് അറിയാതെ പറ്റിയതാ..”ചേച്ചി അപേക്ഷിച്ചിട്ടും ഞാൻ അനങ്ങിയില്ല
പിന്നേ അവിടുന്ന് പോകുന്ന ചേച്ചിയെയാണ് ഞാൻ കാണുന്നത്.. സ്വല്പം കഴിഞ്ഞപ്പോ കയ്യിലൊരു ചെറിയ എണ്ണക്കുപ്പിയുമായി വരുന്നത്. കണ്ടു
“കുട്ടൂ… ഇങ്ങോട്ട് നോക്ക് ദാ ചേച്ചി ഇത് പുരട്ടി തരാം വേദന കുറയും..” കയ്യിലിരിക്കുന്ന കുപ്പിയിലേക്ക് ഞാൻ നോക്കി എന്തോ എണ്ണയാണ്.. പിന്നേ ആ മുഖത്തേക്ക് നോക്കുമ്പോ എന്നെ അശ്വസിപ്പിക്കാൻ എന്നവണ്ണം ചിരിക്കുകയാണ് ചേച്ചി.. അന്നേരം തന്നെ തിരിച്ചും ചിരിക്കണം എന്ന് തോന്നിയെങ്കിലും ഞാനെന്റെ അഭിനയം നല്ല വൃത്തിയായി തന്നെ തുടർന്നു..
“ദേ കുട്ടൂസേ എനിക്ക് നല്ല വിഷമം ആവുണുണ്ട് കേട്ടോ..!!” ചേച്ചി റൂട്ട് പതിയെ മാറ്റി പിടിക്കുവാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി പക്ഷെ എന്നിട്ടും ഞാനെന്റെ അന്യായ അഭിനയം നിർത്തിയില്ല!! നാഷണൽ അവാർഡ് ഇല്ലെങ്കിലും എനിക്കിതിന് മിനിമം ഒരു ഫിലിംഫെയർ അവാർഡ് എങ്കിലും കിട്ടിയേനെ.. ആവിശ്യത്തിന് വിഷമം, ആവിശ്യത്തിന് ദേഷ്യം, ആവിശ്യത്തിനെല്ലാം വാരിവിതറുന്ന ഞാനൊരു അഭിനയ കുലപതി തന്നെ ഹോ!!
സാഹചര്യം ഒന്ന് കൊഴുപ്പിക്കാൻ ഞാൻ അവിടുന്നും എണീറ്റ് വാഷ് ബെയ്‌സിന് അടുക്കെ ചെന്ന് മുന്നിലെ കണ്ണാടിയിൽ നോക്കി.. തക്കാളി മാതിരി ചുവന്നിരിക്കുന്നു.. വേദന കുറഞ്ഞെങ്കിലും ചുവപ്പിന് കുറവില്ല.. ഞാനൊന്ന് അമർത്തി നോക്കിയതും കറന്റടിച്ച പോലെ ഒരു തരിപ്പ് കയറി.. അവിടെ നിന്ന് കൂവിപ്പോയി അമ്മാതിരി വേദന!! ആ കൂവൽ നല്ല അസ്സൽ 916 പ്യുവർ വേദന കൊണ്ടുള്ള കൂവൽ ആയിരുന്നു!!
ഉടനെയൊരാൾ ഓടി എന്റെ അടുക്കെ വന്നു.. “തൊടാതെ ചെറുക്കാ അതിൽ!!”
എന്നെ വന്നു പിടിച്ചപ്പോ പെട്ടെന്ന് ഞാൻ ചേച്ചിയെ തട്ടി മാറ്റിയതും ചേച്ചി ഒരു നിമിഷത്തേക്ക് സ്റ്റക്ക് ആയതുപോലെ നിൽക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു
പൊന്നുപോലെയുള്ളയാ മുഖം മങ്ങി.. കണ്ണുകൾ ചെറുതായി കലങ്ങി തുടങ്ങുന്നത് കണ്ടതും അതുവരെ നടത്തിയ അഭിനയം. മുഴുവൻ ആവിയാക്കികൊണ്ട് ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു..
പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു പോകാൻ ഒരുങ്ങിയതും ചേച്ചിയെ പിടിച്ച് നിർത്തി
“പറ്റിച്ചേ!!” ചോട്ടാമുംബൈയിൽ ബിജുക്കുട്ടൻ പറയുന്ന പോലെ ഞാൻ പറഞ്ഞു.. പക്ഷെ കണ്ണുനീരൊഴുകി തുടങ്ങിയ കണ്ണുകളിനി മുത്തുമണി പൊഴിക്കുന്നത് നിർത്താൻ ഒരല്പം സമയമെടുക്കുമെന്ന് ഉറപ്പായി!!
