സനൂപ്: നീ എന്തിനാടാ ഇങ്ങന വിളിച്ച് കൂവുന്നേ ? നിനക്ക് ഫോൺ വിളിച്ചാ പോരെ
അഭി : അതെന്നെ ഇവൻ നാട്ട്കാരെ മൊത്തം അറീക്കും
അരുൺ: ഓഹ് അല്ലേല് നാട്ട്കാർക്ക് ഒന്നു അറിയൂലല്ലോ നമ്മൾ വെള്ളടിക്കുന്നേ ഒന്ന് പോടാ
സനൂപ്: ആഹ് എന്നാ നീ നാളെ ഒരു മൈക്കൂം കൂടെ എടുത്തോ എന്നിട്ട് “മാന്യമഹാ ജനങ്ങളെ ഞാനും എന്റെ കൂട്ടുകാരും പുതിയ പാലത്തിന്റെ താഴെ നിന്ന് മദ്യപിക്കാൻ പോവുകയാണ് എല്ലാ ആൽ പറമ്പ് നിവാസികൾക്കും സ്വാഗതം ” ഇങ്ങനെ അനൗൺസ് ചെയ്ത് നടക്ക്..
അരുൺ: ഹി ഹി , കോമഡി ആണേൽ വർക്ക് ആയില്ല മോനേ സനൂ. മോൻ വണ്ടി എടുക്ക് പാലത്തിന്റെ തായെ തന്നെ ഇരിക്കാം
അഭി: അപ്പോ കുപ്പി ?
അരുൺ: അതൊക്കെ അങ്ങെത്തും നീ വണ്ടീൽ കേറ് മോനെ
സനൂപ്: ആരാ വെളിച്ചം ആണോ
അരുൺ: ആഹ് അല്ലാണ്ട് ഇപ്പോ എവിടെ നിന്ന് കിട്ടാനാ.
മിക്ക നാട്ടിൻ പുറത്തും രാഘവേട്ടന്റെ ചായപീട്യപോലെ ഒരു ATM ഉണ്ടാകും ഇത് നിങ്ങള് വിചാരിക്കണ എ ടി എം അല്ലട്ടാ എനി ടൈം മദ്യം. ചുരിക്കി പറഞ്ഞാൽ മദ്യം ബ്ലാക്കിനു വിൽക്കുന്ന ഒരാൾ , പലപ്പോഴും പലരുടെ ദാഹമകറ്റാൻ ഒരിറ്റു മദ്യവുമായി ഓടിയെത്തുന്ന ഒരാൾ . മദ്യവും അതിലൊഴിക്കാനുള്ള വെള്ളവും ഇനി ടെച്ചിങ്സ് വേണേൽ അതും അയാളെത്തിച്ചു തരും. ഇന്നാട്ടിൽ അത് പ്രകാശനാണ് വെളിച്ചം എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന പ്രകാശൻ.
അവർ പാലത്തിന്റെ അടുത്ത് എത്തിയപ്പോഴേക്കും അവരെ കാത്ത് ഒരു കാർ അവിടെയുണ്ടായിരുന്നു.
അരുണേ … കാറിൽ നിന്ന് ഇറങ്ങിയ ആൾ അവരെ നോക്കി കൈ കാണിച്ചു
ആഹ് പ്രകാശേട്ടാ , എത്രയാ ?
650
എതാ ബീവറേജ് അല്ലേ
ആഹ്, മാഹി ആണേൽ കുറഞ്ഞതിണ്ടേനും
മാഹി വേണ്ടപ്പാ. ഇതെന്നെ മതി. വെള്ളത്തിന് പറഞ്ഞിനേനും ഇല്ലേ ?
ആഹ് അയാൾ ഡോർ തുറന്ന് വെള്ളവും ഒരു കുപ്പിയും അവന് നേരെ നീട്ടി
പൈസ ഞാൻ ജി പെ ചെയ്തേക്കാം
എന്നാ ശെരി അയാൾ കാറുമെടുത്ത് പോയി
സനൂപ് : എതാടാ സാധനം
അരുൺ: ഗ്രീൻ ഹൗസ്..
അഭി : ഇതേതാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ ?
സനൂപ് : വെളിച്ചം തേച്ചോ ?
അരുൺ: ഏയ് നല്ല സാധനാന്നാ പറഞ്ഞേ നോക്കാം
സനൂപ്: എന്തായാലും ഒഴിക്ക് പാലത്തിനടിയിലെ പൊത്തിൽ നിന്നൊരു ഗ്ലാസ്സെടുത്ത് അരുണിന് കൊടുത്തു കൊണ്ട് പറഞ്ഞു.
എല്ലാവരും രണ്ട് റൗണ്ട് അടിച്ച് ഇരിക്കുമ്പോൾ ഒരു മൊബൈലിന്റെ വെളിച്ചം അവർക്ക് നേരെ നടന്നു വന്നു.
ആരാടാ സനൂപ് ആണോ ?
ആഹ്
ആ വെളിച്ചവും ഭീമാകാരമായ രൂപവും അവരോട് അടുത്തുകൊണ്ടേ ഇരുന്നു . ആരാ ? എന്ന അർത്ഥത്തിൽ അവർ പരസ്പരം നോക്കി.
പേടിക്കേണ്ട ഞാനാ മണിയാ..
ഒരു ഭീമാകാരമായ രൂപം അവർക്ക് തൊട്ടടുത്തായി ഇരുന്നു.
ആഹ് മൂന്നാളും ഉണ്ടല്ലോ ? നിങ്ങളുടെ ഒപ്പം വേറെ ഒരുത്തനും കൂടെ ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര് , ആ തെക്കെലേ മനോജേട്ടന്റെ മോൻ ?
അരുൺ : മിഥുൻ..
ആഹ് ഓനെടപ്പോയി .
സനൂപ്: അവൻ ബാംഗ്ലൂരാ രണ്ടാഴ്ചയായി പോയിട്ട്.
മണി : ആഹ് വെർതേയല്ല ഇന്നല ഓന മീറ്റിങ്ങിന് കാണാഞ്ഞിന് , എല്ല അരുണേ ഇന്നേം കണ്ടില്ലാലോ ?
അരുൺ: മണിയേട്ടാ അത്.. എനിക്ക് നല്ല സുഖൊല്ലേനും
മണി: ഇനിക്ക് ഈയിടെ ആയിട്ട് കുറച്ച് സൂക്കേട് കൂടുന്നിണ്ട് വെല്ല ചാണകത്തിലും ചവിട്ടേനാറ്റം ചിന്ത ഇണ്ടേൽ അങ്ങ് മാറ്റി വച്ചേട്ടാ !! അടന്നും ഇടന്നെല്ലം ഒരോന്ന് കേക്കിന്നിണ്ട്
അഭി: എന്താ മണിയേട്ടാ ഇങ്ങക്ക് ഓന അറിഞ്ഞൂടെ , ഓനങ്ങന മാറ്യേൻ പറ്റുവോ ഒന്നൂലേലും ഓനൊരു രക്തസാക്ഷിന്റെ അനിയന്റെ മോനല്ലെ …
മണി: രാജീവേട്ടനെ പോലെ ഇള്ളോറാണ് ഈ ആൽപറമ്പിലെ മണ്ണ് ചുവപ്പിച്ചേ അത് ഓറ ചോരേന്റെ കൂടി ചോപ്പാ, അപ്പോ ഈ മണ്ണില് വെറെ ഒരു കൊടി പാറാണ്ട് നിൽക്കേണ്ടത് ഇങ്ങളെം എന്റെയെല്ലാം കടമയാ അത് മറക്കണ്ട
