പ്രേമവും കാമവും 14

 

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ രാവിലെ തന്നെ മോളെ സ്കൂളിൽ പറഞ്ഞ് വിട്ട് തനിക്കുള്ള ഉച്ച ഭക്ഷണവും ബാഗിലാക്കി റോഡിലേക്കിറങ്ങി… എന്നും പോകാറുള്ള ‘ശരവണ’ ബസ്സ് സമയമായിട്ടും വരാത്തതിനാൽ അതു വഴി വന്ന ഓട്ടോയ്ക്ക് കൈ നീട്ടി.. ഓട്ടോ റോഡിന് ഓരം ചേർന്ന് നിർത്തി അതിൽ രണ്ട് പേരുണ്ടായിരുന്നു. ഒരു സ്ത്രീയും അവരുടെ മകനനാണെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനും..

 

ടൗണിലേക്കാണോ ? ലേഖ ഓട്ടോ ഓടിക്കുന്ന മധ്യവയസ്കനോട് ചോദിച്ചു..

 

അതേ .. കയറിക്കോളൂ..

 

ലേഖ ഓട്ടോയിൽ കയറിയിരുന്നു. അടുത്തിരുന്ന സ്ത്രീ അവളെ നോക്കി ചിരിച്ചു അവളും തിരിച്ച് ഒരു പുഞ്ചിരി നല്കി..

 

ശരവണ ഇന്ന് ഇല്ലാന്ന് തോന്നുന്നു ല്ലേ ? ആ സ്ത്രീ ലേഖയോട് ചോദിച്ചു.

 

ആ… നിങ്ങള് ഏട്ത്തേക്കാ ?

 

ഇവന്റെ കോളേജ് വരെ ഒന്ന് പോണം , എന്റെ മോനാ അർജുൻ, എന്തോ കുരുത്തക്കേട് ഒപ്പിച്ച് വച്ചിട്ടുണ്ട്.. അത് പറഞ്ഞപ്പോൾ അവൻ തല താഴ്ത്തി ഇരിപ്പായിരുന്നു.

 

അങ്ങനെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ നിർമ്മലഗിരി എന്ന ബോർഡിന് മുൻപിൽ ഓട്ടോ ചെന്ന് നിന്നു . അവർക്ക് ഇറങ്ങാൻ വേണ്ടി ലേഖയും ഇറങ്ങികൊടുത്തു .

 

എന്നാ ഞങ്ങൾ വരട്ടെ മോളേ എന്ന് പറഞ്ഞ് ആ സ്ത്രീ ലേഖയോട് യാത്ര പറഞ്ഞു. കൂടെയുണ്ടായിരുന്ന മോനും അവളെ നോക്കി ഒന്നു ചിരിച്ചു. അപ്പോൾ മാത്രമാണ് ലേഖ അവന്റെ മുഖം ശ്രദ്ധിക്കുന്നത്. അധികം കട്ടിയില്ലാത്ത മീശ, പുരികത്തിൽ ഒരു മുറിവിന്റെ പാടുണ്ട്. നെറ്റിയിലും കഴുത്തിലും ചാർത്തിയ ചന്ദനം മാഞ്ഞു തുടങ്ങിയിരിക്കുന്നു. മുടി നല്ല വൃത്തിയായി ചീകി ഒതുക്കി വച്ചിട്ടുണ്ട്. കണ്ടാൽ ഒരു പാവം കുട്ടി.. കോളേജിൽ എന്താവും സംഭവിക്കുക എന്ന ഭീതി അവന്റെ കണ്ണുകളിലും മുഖത്തും പ്രകടമായിരുന്നു..

 

ന്നാ പോകാ.. അവർ കോളേജിന്റെ ഗേറ്റ് കടന്നപ്പോൾ ഓട്ടോക്കാരൻ ലേഖയോട് ചോദിച്ചു.

 

ആ .. എന്നും പറഞ്ഞ് അവൾ ഓട്ടോയിലേക്ക് കയറി. അപ്പോളും അവളെ വേട്ടയാടികൊണ്ടിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. എന്തിനാവും അവനോട് അമ്മയെ വിളിച്ചുകൊണ്ട് വരാൻ പറഞ്ഞത്.

 

ഇങ്ങക്ക് ഏട്യാ എറങ്ങണ്ടെ ? അവളുടെ ചിന്തയെ വിച്ഛേദിച്ചു കൊണ്ട് ഡ്രൈവറുടെ ചോദ്യമെത്തി.

 

സ്റ്റാന്റിന്റെ ആട നിർത്തിയാൽ മതി.

 

കൂത്തുപറമ്പ് സ്റ്റാന്റിന്റെ അടുത്തായി ഓട്ടോ കാരൻ വണ്ടി നിർത്തി, അയാൾ ചോദിച്ച പൈസയും കൊടുത്ത് അവൾ റോഡ് മുറിച്ചുകടന്നു. കൈയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം പത്ത് ആകുന്നേ ഉള്ളു. അവൾ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു.. ബാഗിൽ നിന്നും താക്കോലെടുത്ത്

പുസ്തക കട എന്നെഴുതിയ ഷോപ്പിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി…

 

ശനിയാഴ്ച അവസാനം വന്ന കസ്റ്റമർ വലിച്ചിട്ട കുറച്ച് പുസ്തകങ്ങൾ മേശയുടെ മുകളിൽ കിടപ്പുണ്ടായിരുന്നു അവൾ അതെടുത്ത് ഒതുക്കി വെച്ചു.. കസേരയിലേക്ക് ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വെള്ള ജുബ്ബയുമിട്ട് നരച്ച താടിയും തടവി ഡോർ തുറന്ന് ഒരാൾ അകത്തേക്ക് കയറി വന്നു. അയാളെ കണ്ട് അവൾ എഴുന്നേറ്റു നിന്നു..

 

പുതിയ പുസ്തകങ്ങൾ ഇന്ന് വരുമെന്നല്ലേ പറഞ്ഞത് ലേഖേ ,

 

അതേ മാത്യുച്ഛായ.

 

ആ.. ഞാൻ ഒന്ന് കോട്ടയം വരെ പോകുവാണ് രണ്ട് ദിവസം കഴിഞ്ഞേ വരുള്ളു. ഇത് അയ്യായിരം രൂപയുണ്ട് കൈയ്യിലുള്ള പൊതി അവൾക്ക് നേരെ നീട്ടി, പുസ്തകം കൊണ്ട് വരുമ്പോൾ കൊടുത്തേക്ക് . എന്തേലും ബാലൻസ് ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞാൽ മതി

 

ഓക്കെ അച്ഛായ …

 

അയാൾ അവിടെയുള്ള ഓഫീസ് മുറിയിലേക്ക് കയറി എന്തൊക്കെയോ ഫയൽസ് എടുത്ത് പുറത്തേക്കിറങ്ങി.

 

ഡോ ലേഖേ താൻ പറഞ്ഞിരുന്നില്ലേ ഹെൽപിന് ഒരാള് വേണമെന്ന്, ഇന്ന് ഉച്ച കഴിഞ്ഞ് ഒരു പയ്യൻ വരും അരുൺ എന്നോ അർജുൻ എന്നോ എങ്ങാണ്ടാ പേര്. അവനെ കാര്യങ്ങളൊക്കെ ഒന്ന് പഠിപ്പിച്ചു കൊടുക്ക്.. അയാൾ പുറത്തേക്കിറങ്ങുന്നതിനിടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *