ഭാഗ്യദേവത – 9 Like

ഞാനിപ്പോൾ ബാംഗ്ളൂരിൽ തന്നെ ഒരു ഹോസ്റ്റലിലാണ് താമസം. തൽക്കാലത്തേക്ക് തെറ്റില്ലാത്ത ഒരു ജോലിയുണ്ട്. അതിനു തക്കതായ സാലറിയും ഉണ്ട്, എനിക്കിപ്പോൾ….! ഇന്നോ, നാളെയോ എന്ന കണക്കിൽ കിടക്കുന്ന അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്താണ് ഞാൻ ഇതുവരെ ഈ വീട്ടിൽ ഒന്നും അറിയിക്കാത്തത്. ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപ് എനിക്കിത് നിന്നോട് പറയണമായിരുന്നു..

ഇനി ഞാൻ അടുത്ത തവണ ഇങ്ങോട്ട് വരുമ്പോൾ, നീ ഇവിടെ കാണില്ലന്ന് എനിക്കറിയാം …. ഒരു പക്ഷെ ഈ ജീവിതത്തിൽ ഇനിയൊരിക്കലും നാം തമ്മിൽ കണ്ടുമുട്ടാൻ സാഹചര്യം ഉണ്ടായില്ലങ്കിലോ…. എന്റെ മനസ്സ് അങ്ങിനെ പറയുന്നു….. അതാണ്‌ ഇപ്പോൾ തന്നെ പറഞ്ഞത്. ഇനി ഞാൻ മരിച്ചു പോയാലും എനിക്ക് സങ്കടമില്ല ആതൂട്ടാ….. ഞാൻ എന്റെ ഹൃദയം തുറന്ന് എല്ലാം നിന്നോട് ചോദിച്ചു, എല്ലാം പറഞ്ഞു, എന്ന സമാധാനം, ഇപ്പോൾ എനിക്കുണ്ട്… എന്റെ മനസ്സും ക്ലിയർ ആയി…….

നാം തമ്മിലുള്ള വയസ്സിൽ കുറവ്, അത് വെറും 14 മാസത്തെ വ്യത്യാസം മാത്രം… ശരാശരി ഒരു വയസ്സ്…. അത് ഞാൻ അന്നും വകവച്ചിട്ടില്ല, നീ എന്നെ ചേച്ചി എന്ന് വിളിക്കുന്നത് പോലും കേൾക്കാൻ എനിക്ക് ഇഷ്ട്ടമുണ്ടായിട്ടല്ല, പക്ഷെ അത് ശീലിപ്പിച്ചത് കൊണ്ട് മാത്രമാണ്,
എന്നെ നീ “എടീ രേഷ്മേ” എന്ന് വിളിക്കുന്നത് കേൾക്കാനായിരുന്നു എനിക്ക് പണ്ടേ ഇഷ്ട്ടം…. പലപ്പോഴും മോഹിച്ചതും…… എന്റെ മനസ്സിലെ “ഇഷ്ട്ടപുരുഷൻ” കൗമാരത്തിൽ എന്റെ ഹീറോ ആയിരുന്നു എനിക്ക് “നീ” അന്നും ഇന്നും ഇനിയങ്ങോട്ടും.

നിന്നോട് ചോദിക്കാനുള്ള ധൈര്യക്കുറവ് കൊണ്ടോ, ബന്ധുക്കളെയും വീട്ടിലെ മറ്റുള്ളവരെ പേടിച്ചു കൊണ്ടോ, നമ്മുടെ സമൂഹത്തെ ഭയന്ന് കൊണ്ടോ, എന്റെ മനസ്സ് നിന്റെ മുന്നിൽ തുറക്കാൻ അന്ന് ഞാൻ ധൈര്യപ്പെട്ടില്ല…

എന്റെ മനസ്സിലെ സംശയങ്ങൾ സത്യമായിരുന്നു എന്ന് ഞാനും അറിയുമ്പോൾ, വൈകിപ്പോയി. സ്വപ്‌നങ്ങൾ കണ്ടിരുന്നു… ഞാനും… ഒത്തിരിയൊത്തിരി….. നീയുമൊത്തൊരു ജീവിതം ആത്മാർത്ഥമായി മനസ്സിൽ കണ്ടു കൊണ്ടു നടന്നിരുന്നു. കല്യാണത്തിന്റെ തലേനാൾ പോലും എന്റെ കണ്ണുകൾ നിന്നെ തേടിയലഞ്ഞിരുന്നു.

പലപ്പോഴുമായി, അമ്മയോട് എന്റെ മനസിലെ അർത്ഥശൂന്യത വിളമ്പിപ്പോകുമോ എന്ന് ഞാൻ ഭയന്നിരുന്നു….. ഒടുവിൽ മനസ്സിന്റെ ഒരു ദുർബല നിമിഷത്തിൽ അതും സംഭവിച്ചു….. മനസിലെ ഭാരം താങ്ങാനാവാതെ, അമ്മയ്ക്ക് മുന്നിൽ ഞാൻ എന്റെ മനസ്സ് തുറന്നു…. അത് കേട്ട അമ്മ എന്നെ സ്വകാര്യം മുറിയിലേക്ക് കൂട്ടികൊണ്ടുപോയി…. എന്റെ മുന്നിൽ തൊഴുകൈയോടെ നിന്നു കൊണ്ട് അപേക്ഷിച്ചു. എന്റെ മോന്റെ ഭാവി നീയായിട്ട് നശിപ്പിച്ചു കളയരുത് മോളെ…..ഇത് ഒരമ്മയുടെ അപേക്ഷയാണ്, അവനെ വെറുതെ വിട്ടേക്ക് എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട്, അവർ എന്റെ കാലിൽ സ്പർശിച്ചു . നിനക്ക് വേണ്ടി ആ അമ്മയെ ക്കൊണ്ട് എന്റെ കാലിൽ വീഴിക്കാൻ മാത്രം നികൃഷ്ട്ടയല്ല ഞാൻ….. മനസ്സിൽ ദൈവങ്ങളുടെ സ്ഥാനമാണ് ഞാനവർക്ക് കല്പിച്ചിരിക്കുന്നത്.

അത്തരമൊരു നന്ദികേട് ഈ കുടുംബത്തോട് ഞാൻ കാണിച്ചാൽ, ഈജന്മം മുഴുവനും പ്രായശ്ചിത്തം ചെയ്താലും തീരാത്ത പാപമാകും അത് എന്ന് ഞാൻ മനസിലാക്കി…. അന്ന് ഞാൻ എന്റെ മനസിലെ സങ്കല്പങ്ങളും യാഥാർഥ്യങ്ങളും, എല്ലാം എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടി…..
അല്ലായിരുന്നെങ്കിൽ, എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു.
പക്ഷെ എന്ന് ഞാൻ സിംഗപ്പൂരിൽ നിന്ന് തിരിച്ചു വന്നുവോ അന്ന് ഞാൻ എന്റെ തീരുമാനങ്ങളെ തിരുത്തി എഴുതി… ഒപ്പം മറ്റൊരു ഉറച്ച തീരുമാനം കൂടി എടുത്തിരുന്നു.

തുടരും………

Leave a Reply

Your email address will not be published. Required fields are marked *