മീനാക്ഷി കല്യാണം – 1

ഞാൻ പതുകെ എഴുന്നേറ്റു , ഇടുങ്ങിയ ജനലിലൂടെ തിങ്ങി ഞെരുങ്ങി കടന്നു വരുന്ന നിലാവിനെ നോക്കി നടന്നു , പതിയെ ഞാൻ അതിൽ ലയിച്ചു ചേർന്നു, എന്ത് സുന്ദരമായ രാത്രി , ആകാശത്തു പൗർണമി ഉദിച്ചു നില്കുന്നു , അളവിൽ കൂടുതൽ സൗന്ദര്യം ഉള്ള രാത്രികളെ എനിക്കിപ്പോൾ ഭയം ആണ് , അന്നും അങ്ങനെ ഒരു രാത്രി ആയിരുന്നു , ഒരു അഭൗമ സുന്ദര രാത്രി , എനിക്കെല്ലാം നഷ്ടപെട്ട രാത്രി . ഞാൻ ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ച് ചിന്തകൾക്ക് തീകൊടുത്തു, ഓർമകൾ രണ്ടു വര്ഷം പുറകിലേക്ക് സഞ്ചരിച്ചു.

പാലാരിവട്ടത്തെ ഒരു നാടകം കഴിഞ്ഞു വൈകി ആണ് അന്ന് വീട്ടിൽ വന്നത് , ഇന്നലെ ഉറങ്ങാത്ത കണ്ണിൽ ഉറക്കം തൂങ്ങിയാടി കളിക്കുന്നുണ്ടായിരുന്നു, കതകു തുറന്നതും അച്ഛൻ.

അച്ഛൻ : നീ കഞ്ചാവ് വലിയും തുടങ്ങിയോ , (എന്നെ തറപ്പിച്ചൊന്നു നോക്കി )

ഞാൻ : ഉറക്കം ശരി ആവാത്തത് കൊണ്ടാണ് , ഞാൻ ഒന്ന് കിടക്കട്ടെ.

.അച്ഛൻ : കണ്ണ് കണ്ട എനിക്കറിയ , ഞാൻ പണ്ട് വാഗാ ബോർഡറി ആയിരുന്നപ്പോ ബാങ്ക് വലിച്ച രണ്ടു പഞ്ചാബി സുബോർഡിനേറ്റകളെ , തോക്കും പിടിപ്പിച്ചു -4 ഡിഗ്രി സെൽഷ്യസിൽ 15 കിലോ മീറ്റർ ഓടിച്ചിട്ട് ,അതിനു ശേഷം അവര്
കരഞ്ഞു കാലും പിടിച്ചിട്ടാണ് വിട്ടത് , ആ എന്നെ ആണ് നീ പറ്റിക്കാൻ നോക്കണതെന്നു ഓര്മ വേണം .

( ഭാഗ്യത്തിന് കഥ തീരുന്നതിനു മുന്നേ ഞാൻ റൂമെത്തി, ഞാൻ വേഗം കതകു അടച്ചു കുളിക്ക പോലും ചെയ്യാതെ കട്ടിലിൽ വീണു,

രാത്രി എപ്പോഴോ നല്ല ബഹളം കേട്ടാണ് ഉണർന്നത്, അച്ഛൻ എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട് , കുറച്ചു നേരം കേട്ട് കിടന്നപ്പോ മനസിലായി അഭിയുടെ കല്യാണ കാര്യം ആണ് , ഈ പാതിരാത്രിക ഇയാൾക്കു കെടന്നു ഉറങ്ങി കൂടെ , പെണ്ണ് ഇന്ന് രാത്രി തന്നെ ഓടി പൂവൊന്നും ഇല്ലാലോ)

അച്ഛൻ : എന്തിനാ സരസ്വതി നീ ഇങ്ങനെ കരയണെ, ഞാൻ പ്രായോഗികമായി നടക്കുന്ന ഒരു കാര്യം പറഞ്ഞുന്നല്ലേ ഉള്ളോ .

‘അമ്മ : പത്തു മുപ്പതു വയസായ ചേട്ടനെ നിർത്തി 24 വയസുള്ള കൊച്ചു പയ്യനെ കെട്ടിക്കുന്നതാണോ നിങ്ങടെ പ്രായോഗികം ( അമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു )

അച്ഛൻ : വയസ്സിന്റെ കാര്യം നീ നോക്കണ്ട , അവനത്തിനുള്ള പ്രാപ്തി ഉണ്ട് , അതെനിക്ക് ബോധ്യം ആയതാണ് , മാത്രം അല്ല അവന്റെ അവിടത്തെ ജീവിതത്തിനും , തിരക്കിനും ഒരു തുണ അത്യാവശ്യം ആണ് . ഞാൻ രാഘവനോട് വാക്ക് പറഞ്ഞു .

‘അമ്മ : രാഘവന്റെ മോളോ , മീനാക്ഷി അരവിന്ദനാന്ന് ചെറുപ്പം തൊട്ടേ പറഞ്ഞു വച്ചിരുന്നതല്ലേ . അല്ലെങ്കിലും നിങ്ങൾക് അരവിന്ദനെ കണ്ണെടുത്താൽ കണ്ടുകൂടാ. ഇനി ഈ ക്രൂരത കൂടി കാട്ടല്ലേ, അവനും നമ്മടെ മോനല്ലേ.

അച്ഛൻ : മോൻ (പുച്ഛത്തിൽ അച്ഛൻ വിട്ട നിശ്വാസം എന്റെ റൂമിൽ അലയടിച്ചു) ,. എടി അവൻ എന്റെ മകൻ അല്ല, നിൻറെ മകൻ ആണ് , നിൻറെ അതെ പോലത്തെ മകൻ . നിന്നെ കൊണ്ടോ അവനെ കൊണ്ടോ ഈ വീടിനൊരു ഗുണവും ഇല്ല , ഞാൻ ഇണ്ടാക്കിതൊക്കെ ഇങ്ങനെ ഇരുന്നു തിന്നു മുടിപ്പിക്കാം എന്നല്ലാണ്ട് . പിന്നെ വാക്ക്, പണ്ടെങ്ങോ വാക്കു പറഞ്ഞു എന്ന് വച്ച് കാൽ കാശിനു വകയില്ലാത്തോനു പെണ്ണ് കൊടുക്കാൻ പറ്റുമോ , ഒന്നുമില്ലേലും അവളൊരു അസിസ്റ്റന്റ് പ്രൊഫസർ അല്ലെ , ഇതു രാഘവൻ തന്ന്യാ എന്നോട് പറഞ്ഞെ , ഈ വീട്ടിൽ ഒന്നും എന്റെ വാക്കിന് അപ്പറം പോവില്ല എന്ന് ഞാന് അവനോടു പറഞ്ഞു. അഭി കെട്ടും അവളെ. അവനു ഫോട്ടോ കണ്ടു ഇഷ്ടം ആയി, ഞാൻ ഇത് തീരുമാനിച്ചു , ഇവരും . (ചേട്ടത്തിയുടെയും ചേട്ടന്റെയും പതിഞ്ഞ മൂളൽ കേട്ടു)

(ആ കനത്ത ഭൂരിപക്ഷത്തിനു മുന്നിൽ ‘അമ്മ നിസഹായമായി തോറ്റു പോകുന്നതു ഞാൻ ഒരു ചുവരിനപ്പുറത്തു കിടന്ന് അറിഞ്ഞു. എന്നെ പറഞ്ഞതിൽ എനിക്ക് ഒരു വിഷമവും തോന്നിയില്ല, ഞാൻ അതൊക്കെ തന്നെ
ആണ് ,പക്ഷെ അമ്മേയെ പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, മനസ്സിൽ ഒരു വിങ്ങൽ , കണ്ണ് നനഞ്ഞു പോയി, ഞാൻ കാരണം അല്ലെ ‘അമ്മ .. ചുമരിനപ്പുറത്തു നിന്ന് അമ്മയുടെ തേങ്ങൽ ഇപ്പോഴും കേൾക്കാം )

‘അമ്മ: എന്റെ കാലം കഴിഞ്ഞ നിങ്ങൾ അവനെ ഇവിടെ നിന്ന് പുഴുത്ത പട്ടിയെ പോലെ ആട്ടിയോടിക്കും ,..എനിക്കറിയാം.

(ഞാൻ അമ്മയെ കരയിപ്പിച്ചതിനു രണ്ടു പറയാം എന്ന് കരുതി ഇറങ്ങി വന്നതാണ് പക്ഷേ അവരൊക്കെ നേരത്തെ തന്നെ മുറികളിൽ പോയിരുന്നു. ഹാളിൽ ഒരു കോണിൽ ,സോഫയിൽ ചുമരിൽ തല ചാരി , മുഖത്തു കൈ വച്ച് ‘അമ്മ കരയുന്നുണ്ടായിരുന്നു , ഞാൻ നടന്നു ചെന്ന് അമ്മയുടെ കിഴിൽ നിലത്തിരുന്നു , മടിയിൽ തല വച്ച് അമ്മയെ നോക്കി കിടന്നു , എനിക്ക് അമ്മയോട് കൂടുതൽ ഇഷ്ടം തോന്നി , എനിക്ക് ഈ ലോകത്തു അവർ മാത്രമേ ഉള്ളു എന്ന് തോന്നിപോയി . ‘അമ്മ മുഖത്തു വച്ചിരുന്ന കൈ എടുത്തു മാറ്റി എന്നെ നോക്കി , ഞാൻ വെളുക്കെ ചിരിച്ചു , ‘അമ്മ ഒന്നും പറഞ്ഞില്ല വാത്സല്യത്തോടെ എന്നെ നോക്കി .)

ഞാൻ : ‘അമ്മ കരയല്ലേ , ‘അമ്മ ഉള്ളപ്പോ എനിക്കെന്തിനാണ് ഒരു മീനാക്ഷി .

‘അമ്മ : അവള് എനിക്ക് നിന്നെ പോലെ തന്നെ ആണ് , എന്നും വിളിക്കും , എപ്പോ വന്നാലും കാണാൻ വരും , എന്റെ മടിയിൽ തലവച്ച് ഒത്തിരി നേരം ഇങ്ങനെ കിടക്കും . കളികൾ പറയും, കൊച്ചു കുട്ടികളെ പോലെയാ , ഒരു സാധു പെൺക്കുട്ടി , നീ അച്ഛനെ പേടിച്ച്‌ പകലൊന്നും വീട്ടി ഇണ്ടാവാറില്ലലോ , അതാ അറിയാത്തെ, എപ്പോഴോ എനിക്കങ്ങനെ തോന്നിപ്പോയി . പക്ഷെ എന്റെ തോന്നലുകൾക്കും , ഇഷ്ടങ്ങൾക്കും ഈ വീട്ടിൽ എത്ര വില ഉണ്ടെന്നു എനിക്കിന്ന് മനസിലായി. ഞാൻ മരിച്ച പോലും ഇവിടെ ആരും കരയില്ല . (അമ്മ ഇരുട്ടിൽ നോക്കി എന്തോ കൊണ്ട് ചിന്തിച്ചു പറഞ്ഞു)

ഞാൻ : എനിക്ക് വില ഉണ്ട് , എനിക്ക് ‘അമ്മ മാത്രേ ഉള്ളൂ . ഇങ്ങനെ സങ്കട പെടുത്തണ കാര്യങ്ങൾ പറയാണ്ട് എൻറെ സരസ്വതി കുട്ടി കിടന്നു ഒറങ്ങിയേ . ( അമ്മ എന്തെങ്കിലും ചെയ്താലോ എന്നെനിക് പേടി തോന്നിയ കൊണ്ട് ഞാൻ എങ്ങും പോകാൻ നിന്നില്ല അവിടെ തന്നെ ഇരുന്നു )

‘അമ്മ പിന്നെ ഒന്നും പറഞ്ഞില്ല , വെറുതെ എന്റെ മുടി തഴുകി കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു ഇരുന്നു, എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഞാൻ , ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോഴും ആ കൈ വിരലുകൾ എന്റെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു . ഇരുള് ഉരുണ്ടു കയറി പതിയെ കിഴക്ക് വെള്ളകീറി , അതിനിടയിലെപ്പോഴോ ആ വിരലുകളിലെ മാന്ത്രിക സ്നേഹതേജസ്സ് നിലച്ചുപോയിരുന്നു .

അനു (ചേട്ടത്തി) : അയ്യോ അമ്മെ , അമ്മെ എണീക് , ചേട്ടാ ‘അമ്മ കണ്ണ് തുറക്കുന്നില്ല …

ഞാൻ ഈ ശബ്ദവും കരച്ചിലും കേട്ടാണ് ഉണർന്നത് , അപ്പോഴും ഞാൻ അമ്മയുടെ മടിയിൽ ആയിരുന്നു കിടന്നിരുന്നത് , ആ വിരലുകൾ എന്റെ മുടിയിഴകളിൽ ആഴ്ന്നു കിടന്നിരുന്നു , ഞാൻ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ ധൈര്യം
ഇല്ലാതെ , ഇതൊക്കെ സ്വപ്നം അവനെ എന്ന് പ്രാർത്ഥിച്ചു അമ്മയെ വട്ടം കെട്ടിപിടിച്ചു , തണുപ്പ് , മരവിപ്പ് . ഞാൻ തളർന്നു പോയി . ഞാൻ കരഞ്ഞില്ല , ഒരു തുള്ളി കണ്ണുനീർ വന്നില്ല , ആകെ മരവിപ്പ് ,ഞാൻ അവിടെ തന്നെ ഇരുന്നു ,ആരൊക്കെയോ അടുത്തു വന്നു ആരൊക്കെയോ സമാധാനിപ്പിച്ചു , ആരൊക്കെയോ കരഞ്ഞു , ഞാൻ ഒന്നും അറിഞ്ഞില്ല . ആ സോഫയുടെ കാൽ പിടിച്ചു കൊറേ നേരം ഇരുന്നു . ആരൊക്കെയോ വന്നു പോയി , അഭിയെ കണ്ട പോലെ തോന്നി , എല്ലാവരും നടക്കുന്നത് എനിക്കൊരു മങ്ങിയ കാഴ്ച പോലെ കാണപ്പെട്ടു , എനിക്ക് കുറച്ചകലെ ഏതോ ഒരു പെൺകുട്ടി അലറി കരഞ്ഞു നിലത്തു കിടക്കുന്ന പോലെ തോന്നുന്നുണ്ട് , അവൾ കരച്ചിൽ നിർത്തുന്നില്ല , ഒരു പുകക്കൂട് പോലെ ഞാൻ ഇതെല്ലം കണ്ടിരുന്നു , ഞാൻ അവളെ ആദ്യം ആയിട്ടാണ് കാണുന്നത് എന്റെ ബോധമണ്ഡലം പിന്നെയും മറിഞ്ഞു കൊണ്ടിരുന്നു , ഞാൻ ഇടയ്ക് എഴുന്നെല്കുമ്പോ എവിടെയോ വെറും തറയിൽ കിടക്കുന്നുണ്ട് , ഞാൻ എഴുന്നേൽക്കാൻ നോക്കി പറ്റുന്നില്ല , ആരൊക്കെയോ പിടിച്ചു എഴുന്നേൽപ്പിച്ചു , പിന്നെ ബോധം വരുമ്പോ ഞാൻ കത്തുന്ന ഒരു തീഗോളത്തിനു മുന്നിൽ ഇരിക്കുന്നുണ്ട് , അത് അമ്മയാണ് , ഞാൻ എഴുന്നേറ്റു അത് ലക്ഷ്യമാക്കി ഓടി , ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ചുമാറ്റി , മുഖത്തു തീ ജ്വാലകൾ തലോടി കടന്നു പോയി , ഞാൻ മണ്ണിൽ വീണു , വായിൽ പച്ച മണ്ണിൻറെ രുചി. ഞാൻ എവിടെയൊക്കെയോ പിന്നെയും ഉണർന്നു , എഴുന്നേറ്റു നടക്കാൻ ശക്തി തോന്നിയപ്പോൾ എഴുന്നേറ്റു വീണ്ടും സോഫാക്കു അടുത്ത് പോയിരുന്നു ആ കാലിൽ പിടിച്ചു ഇരുന്നു ഉറങ്ങി , ഇടയിൽ ബോധം വരുമ്പോൾ ഇത്തിരി മാറി ഇന്നലെ കിടന്ന അതെ സ്ഥലത്തു ആ പെൺകുട്ടി കിടപ്പുണ്ട് , എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞു കരയുന്നുണ്ട് പിന്നെയും എപ്പോഴൊക്കെയോ ബോധം വരുമ്പോൾ അവൾ അവിടെ തന്നെ ഇരുപ്പുണ്ട് , മുട്ടിൽ തല വച്ച് വെറും നിലത്തു ഇരുന്നു തേങ്ങുന്നു , ‘അമ്മ അല്ലെ അത് , അത് പോലെ തന്നെ , എനിക്ക് ആ കാലിൽ പിടിക്കണം എന്ന് തോന്നി , വീണ്ടും സങ്കടം വന്നു , കരയാൻ പറ്റുന്നില്ല , ബോധം പോയി വന്നു കൊണ്ടിരുന്നു , നേരം ഒരു കണക്കില്ലാതെ ഇരുട്ടി വെളുത്തു കൊണ്ടിരുന്നു . ഞാനും ആ പെൺകുട്ടിയും അനക്കം ഇല്ലാതെ അവിടെ തന്നെ കിടന്നു ജീവൻ ഇല്ലാത്ത വസ്തുക്കൾ പോലെ , നിശബ്ദമായ മുറിയിൽ ഇടയ്കിടയ്ക് അവളുടെ തേങ്ങൽ കേൾക്കാം . എപ്പോഴോ ഒരു പകൽ എനിക്ക് ബോധം വന്നപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി , എല്ലാവരോടും ദേഷ്യം , എന്തെന്നറിയാത്ത ദേഷ്യം , എന്നോട് തന്നെ ദേഷ്യം , ഞാൻ എഴുന്നേറ്റു യന്ത്രികമെന്നോണം പുറത്തേക്കു നടന്നു , ആരെന്നറിയാത്ത ആ പെൺകുട്ടി അപ്പോഴും അല്പം നീങ്ങി എന്റെ അമ്മയെ ഓർത്തു കരഞ്ഞു തളർന്നു കിടപ്പുണ്ടായിരുന്നു . അവളോട് മാത്രം എനിക്കപ്പോൾ ഒരു വാത്സല്യം തോന്നി . ഞാൻ നടന്നു , വാതിൽപടിയും കടന്നു നടന്നു , ഇടവഴിയും , വയൽ വരമ്പും കടന്നു റെയിൽവേ ട്രാക്കിൽ എത്തി .

Leave a Reply

Your email address will not be published. Required fields are marked *