യക്ഷയാമം – 11

“അതെ മ്പ്രാ..”
തലതാഴ്‍ത്തി അവർ പറഞ്ഞു.

“നിനക്കുള്ള അരീം സാധനങ്ങളും അംബികയെ ഏല്പിച്ചിട്ടുണ്ട്. അത്രേടം വരെ വന്ന് അതൊന്നുവാങ്ങിച്ചോണ്ടു പൊയ്ക്കോളൂ.”

“ഉവ്വമ്പ്രാ. ”
അവർ അപ്പോഴും തല താഴ്ത്തിതന്നെ നിൽക്കുകയായിരുന്നു.

തിരുമേനി നടന്നുനീങ്ങി.
കൂടെ അമ്മുവും,ഗൗരിയും.

“മുത്തശ്ശാ, ആരാ അത് ?..”
സംശയത്തോടെ ഗൗരി ചോദിച്ചു.

“നീല്യാ… പറമ്പില് പണിയെടുക്കുന്നോളാ..”
തിരിഞ്ഞുനോക്കാതെ തിരുമേനി പറഞ്ഞു.

അരുണൻ വിടപറയാൻ നിന്നു.
അന്തിച്ചോപ്പ് നെൽവയലിനെ കൂടുതൽ വർണ്ണാലങ്കാരമാക്കി. വിണ്ണിൽ തിങ്കൾ ഒളികണ്ണിട്ട് അവരെ നോക്കുന്നുണ്ടായിരുന്നു.

വയലിനുനടുവിലുള്ള ആർമരത്തിൽ കിളികളും വവ്വാൽ കൂട്ടങ്ങളും കലപില ശബ്ദമുണ്ടാക്കി.
കൂടെ ശിവക്ഷേത്രതിൽനിന്നും കേൾക്കുന്ന ഭക്തിഗാനങ്ങളും.

ദീർഘശ്വാസമെടുത്ത് ഗൗരി ശുദ്ധവായുവിനെ സ്വാഗതം ചെയ്തു.

മനയിലേക്ക് വന്നുകയറിയ തിരുമേനി ഉമ്മറത്ത് കിണ്ടിയിൽവച്ച ജലമെടുത്ത് കൈകാലുകൾ കഴുകി ശുദ്ധിവരുത്തി ഉമ്മറത്തേക്ക് കയറിയിരുന്നു.

“മുത്തശ്ശാ, നേരത്തെ കണ്ട ആ സ്ത്രീക്ക് ഇവിടെനിന്നാണോ ഭക്ഷണം പാകംചെയ്യാനുള്ള സാധനങ്ങൾ കൊടുക്കുന്നത്.”

ഉമ്മറത്തെ തിണ്ണയിൽ കയറിയിരുന്ന് ഗൗരി ചോദിച്ചു.
അമ്മുവും അവളോടൊപ്പം കയറിയിരുന്നു.

“അംബികേ, ഇച്ചിരി വെള്ളം ഇങ്ങെടുക്കൂ..”
അകത്തേക്ക് നോക്കിക്കൊണ്ട് തിരുമേനി പറഞ്ഞു.

“ചോദിച്ചതിന് ഉത്തരം താ മുത്തശ്ശാ..”
അരിശംമൂത്ത ഗൗരി ചോദിച്ചു.

“ഹഹഹ, ഒരു കാലത്ത് നാടിനെ വിറപ്പിച്ച ഇരുട്ടിന്റെ രാജാവ് താമിയുടെ ഭാര്യയാണ് നീലി.”

“താമിയോ ?.. അയാളാരാ ഡ്രാക്കുളയാണോ.?”
പരിഹാസത്തോടെ ഗൗരി ചോദിച്ചു.

ഗൗരിയുടെ മറുപടികേട്ട അമ്മു പൊട്ടിച്ചിരിച്ചു.

“മ്, അതെ..!”
തിരുമേനി ഒറ്റവാക്കിൽ പറഞ്ഞു.

“ങേ..?”
അദ്‌ഭുദത്തോടെ ഗൗരി തിരുമേനിയെ തന്നെ നോക്കിയിരുന്നു.

“ഓടിയൻ താമി..”
ഇടറിയ ശബ്ദത്തിൽ തിരുമേനി പറഞ്ഞു.

“എന്താ ഈ ഓടിയൻ ?..
ആരാ അയാൾ ?..
അയാളെങ്ങനെ ഇരുട്ടിന്റെ രാജാവാകും?..

ചോദ്യങ്ങൾ ഓരോന്നായി ഗൗരി ചോദിച്ചു തുടങ്ങി.

“മ്, പറയാം.”
തിരുമേനി മുറുക്കാൻ പൊതി തുറന്ന് വെറ്റിലയുടെ തലപ്പ് പൊട്ടിച്ച് വലതുനെറ്റിയുടെ ഭാഗത്ത് ഒട്ടിച്ചുവച്ചു.

“ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ‘ഒടി’യെന്നുപറയുന്നത്. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക. ഒടി കടന്നാല്‍ വിഷാംശംകൊണ്ട് കാലുകള്‍ വീങ്ങുകയും പൊട്ടുകയും ചെയ്യും. പിണിയാളുടെ ശരീരത്തില്‍ സന്ധുക്കളില്‍ കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീന്‍, അട്ടക്കുടു, ഏട്ട, മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത ചോറുകൊണ്ട് പ്രതിരൂപമുണ്ടാക്കി.”
“പ്രതിരൂപം എന്നുവച്ചാൽ.?..”
ഇടക്കുകയറി ഗൗരി ചോദിച്ചു.
“പ്രതിരൂപം എന്നുപറഞ്ഞാൽ ആള്‍രൂപം.
അതുണ്ടാക്കി മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തില്‍ മന്ത്രത്തോടുകൂടി കുത്തുകയെന്നത് ഒടികര്‍മത്തിന്റെ ഒരു വശം.”
മടക്കിയെടുത്ത മുറുക്കാൻ തിരുമേനി വായിലേക്ക് വച്ചു.

“ഓ, ഇതാണോ ഓടിയൻ, ഞാനും കരുതി വല്ല്യ സംഭവമാണെന്ന്.”
പുച്ഛത്തോടെ അവൾ പറഞ്ഞു.

“ഹഹഹ, ഇത് ‘ഒടി’കർമ്മത്തിന്റെ മറ്റൊരു വശമാണ് ഗൗര്യേ.., എന്നാൽ അതല്ല ഭയക്കേണ്ടത്.”

“നായയായും, കാട്ടുപോത്തായും, കരിമ്പൂച്ചയായും ഓടിയന് രൂപമാറ്റം ചെയ്യാൻ കഴിയും.
ശേഷം തന്റെ ശത്രുവിനെ വകവരുത്തും.”

“ഒന്നുപോയേ മുത്തശ്ശാ, മനുഷ്യർ മൃഗങ്ങളാവുത്രേ. പേടിപ്പിക്കാൻ വേണ്ടി ഓരോ കഥകൾ പറഞ്ഞുതരാ..”

അമ്മുവിന്റെ അടുത്തേക്ക് ചേർന്നിരുന്ന് അവൾ പറഞ്ഞു.

അതിനിടക്ക് അംബികചിറ്റ തിരുമേനിക്ക് വെള്ളം കൊണ്ടുവന്നുകൊടുത്ത് തിരിച്ചുപോയി.

“ഹഹഹ, ഭയം തോന്നുന്നുണ്ടോ ?..
എന്നാൽ അതിന്റെ രഹസ്യം അറിഞ്ഞലോ.? ഭയം ഇരട്ടിക്കും.”

തിരുമേനിയുടെ ആ ചോദ്യം അവളെ ത്രസിപ്പിച്ചു.

“എങ്ങനെ ?..”

“ഇപ്പോൾ ഒടിവിദ്യ ആരും ചെയ്യാറില്ല.
ഒടിവിദ്യക്ക് ഉപയോഗിക്കുന്നത് ഒരു മഷിയുണ്ട് അതാണ് ഇതിലെ രഹസ്യം.”
കോളാമ്പിയിലേക്ക് മുറുക്കിതുപ്പികൊണ്ട് തിരുമേനി പറഞ്ഞു.

“മുത്തശ്ശാ,എങ്ങനെ ആ മഷിയുണ്ടാക്കുക.?”
സംശയത്തോടെ അമ്മുചോദിച്ചു.

ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ ചുവപ്പ് തോളിലുള്ള തോർത്തുമുണ്ടിന്റെ തലപ്പുകൊണ്ട് തിരുമേനി തുടച്ചുനീക്കി.

“അമാവാസി ദിവസം രാത്രിയിൽ കള്ള് ചുരത്താത്ത കരിമ്പനയുടെ ചുവട്ടിലേക്ക് ഓടിവിദ്യ ചെയ്യുന്നയാൾ കന്നിപ്പേറുള്ള പെണ്ണിനെ വശീകരിച്ചു കൊണ്ടുവരും.
എന്നിട്ട് മൂത്ത മുളയുടെ കാണ്ഡം വെട്ടിയുണ്ടാക്കിയ കത്തിയുപയോഗിച്ച് അവളുടെ വയറുകീറി ഭ്രൂണം പുറത്തെടുക്കും.
ആ ഭ്രൂണം കരിമ്പനയുടെ മുകളിലെ പൂക്കുലയിൽ തറപ്പിച്ചുനിർത്തും.”

“എന്തിന്..”
ഭയത്തോടെ ഗൗരിചോദിച്ചു.

“മഷിയുണ്ടാക്കാൻ..”

“എന്നിട്ട്..”
ഗൗരിയുടെ കൈകളിൽ പിടിച്ച് അമ്മുചോദിച്ചു.

“ആ പെണ്ണിനെ തിരികെ കൊണ്ടുപോയി എടുത്ത സ്ഥലത്ത് ആക്കിയില്ലങ്കിൽ ആ ഭ്രൂണം ഉപയോഗശൂന്യമാകും.
പിന്നെ പൂക്കുലയും ഭ്രൂണവും താഴെയിറക്കി പൂക്കുല തറയിൽ കുത്തിനിറുത്തി അവരുടെ താളിയോലയിൽ പറയുന്ന പച്ചിലമരുന്നുകൾ തേച്ച് ഭ്രൂണത്തെ പൂക്കുലക്ക് മുകളിൽ കെട്ടിനിറുത്തും.

“അപ്പൊ അതിന് ജീവനുണ്ടാകില്ലേ മുത്തശ്ശാ, ”
ഗൗരി വീണ്ടും ചോദിച്ചു.

“ഉവ്വ്, 7,8, മാസം വളർച്ചയെത്തിയ ഭ്രൂണമല്ലേ…”

“എന്നിട്ട്.”

ഭ്രൂണത്തിൽനിന്നും മരുന്നുകൾക്കൊപ്പം ഒലിച്ചിറങ്ങുന്ന ദ്രാവകം പൂക്കുലയിൽ വീണുകഴിഞ്ഞാൽ പിന്നെ പൂക്കുല അഗ്നിക്കിരയാക്കും.
അപ്പോൾമുതൽ ഓടിവിദ്യ ചെയ്യുന്നയാൾ പൂർണ്ണനഗ്നനായി അവരുടെ മന്ത്രങ്ങൾ നൂറ്റൊന്നു തവണ ചൊല്ലും.
അപ്പോഴേക്കും. ഭ്രൂണത്തിന്റെ മസ്തിഷ്ക്കം ഉരുകി ഒരു ദ്രാവകമായിമാറും.
അത് ഗോകർണ്ണത്തിൽ സൂക്ഷിക്കും. അതാണ് മഷി. അതുപയോഗിച്ചാണ് ഓടിവിദ്യ നടത്തുന്നത്.

“അപ്പൊ ആ ഗർഭിണിയോ ?..”
അമ്മുവിന്റെ സംശയം ഗൗരി ചോദിക്കാനിരിക്കുകയായിരുന്നു

“ഉണരാത്ത നിദ്രയിൽ അകപ്പെട്ടുപോകുന്ന മന്ത്രങ്ങൾ ചൊല്ലി അവരെ ഉറക്കും.
ആ മുറിവ് ഉണക്കാനുള്ള മന്ത്രങ്ങൾ വരെ അവരുടെ താളിയോലകളിൽ പറയുന്നുണ്ട്.
പിന്നെ മാറിയരൂപം പൂർവസ്ഥിതിയിലേക്ക് മാറണമെങ്കിൽ അവരുടെ അമ്മയോ ഭാര്യയോ ചാണകം കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് അശുദ്ധി പെടുത്തണം.”

“അമ്മേ കേട്ടിട്ട് പേടിയാവുന്നു. അപ്പോൾ നമ്മുടെ ചുറ്റുമുള്ള പൂച്ചകളും പോത്തുകളും ഒടിയന്മാരാണോ മുത്തശ്ശാ..”

അമ്മുവിന്റെ സംശയം കേട്ട തിരുമേനി ആർത്തുചിരിച്ചു.

“ഇപ്പ അങ്ങനെയൊന്നുല്ല്യാ കുട്ട്യേ..
അവരുടെ സാമഗ്രികളിൽ ഏതെങ്കിലും ജീവി അത് മനുഷ്യനായാൽ പോലും തൊട്ടശുദ്ധി വരുത്തിയാൽ പിന്നെ അന്യനാട്ടിൽ പോയി വകവരുത്തിയിട്ടെ തിരിച്ചുവരൂ.”

Leave a Reply

Your email address will not be published. Required fields are marked *