“കുഞ്ഞേച്ചി, എണീക്ക്.”
അമ്മു ഗൗരിയുടെ കൈകൾ പിടിച്ചുവലിച്ചു.
“അഞ്ചുമിനിറ്റ്, ഞാൻ കുളിച്ചിട്ട് വരാം”
ഗൗരിയെഴുന്നേറ്റ് കുളിമുറിയിൽകയറി വാതിലടച്ചു.
ബക്കറ്റിൽനിന്നും തണുത്തവെള്ളം തലവഴി എടുത്തൊഴിച്ചു.
നെറുകയിൽ പതിച്ചജലം അവളുടെ തലവേദനയെ കോരിയെടുത്ത് കഴുത്തുവഴി താഴേക്ക് ഒലിച്ചിറങ്ങി.
കുളികഴിഞ്ഞ ഗൗരി കറുപ്പിൽ വെളുത്തനിറത്തോടുകൂടിയാ ചുരിദാർ ധരിച്ച് താഴേക്കിറങ്ങി.
ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ശങ്കരൻതിരുമേനി പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“അമ്മൂ, പോവാം”
അകത്തുനിന്ന് ഗൗരി പുറത്തേക്കുവരുന്നതുകണ്ട തിരുമേനി അവളെ അടിമുടിയൊന്ന് നോക്കി.
“ആഹ്‌ഹാ,കെട്ടിക്കാറായല്ലോ പെണ്ണിനെ ഹഹഹ…”
“ഒന്നുപോ മുത്തശ്ശാ”
നാണത്തോടെ ഗൗരി പറഞ്ഞു.
“അതയ്, പുണ്ണ്യാഹം മറക്കേണ്ട.
തിരുമേനിയോട് പറയു ഇങ്ങടാണെന്ന്.”
“ഉവ്വ്,”
അമ്മു തിരിഞ്ഞുനോക്കികൊണ്ട് പറഞ്ഞു.
പടിപ്പുര താണ്ടി അവർ രണ്ടുപേരും നടന്നകലുന്നത് അചലമിഴികൾകൊണ്ട് തിരുമേനി നോക്കിയിരുന്നു.
ഹരിദാർദ്രമായ മണ്ണിലൂടെ നെൽകതിരുകളെ തലോടികൊണ്ട് ബ്രഹ്മപുരം ശിവക്ഷേത്രത്തിലേക്ക് രണ്ടുപേരും നടന്നുനീങ്ങി.
നെൽവയലിന്റെ അവസാനം ചെന്നെത്തിയത് ഒരു ഇടവഴിയുടെ തുടക്കത്തിലാണ്.
“അമ്മു, ന്ത് രസാ ഈ വഴിയിലൂടെ നടക്കാൻ”
ഗൗരി മണ്ണിൽപണിഞ്ഞ മതിലുകളിലെ പുൽനാമ്പുകളെ തലോടികൊണ്ട് പറഞ്ഞു.
ആർദ്രമായ കൈകളിൽ ഹിമകങ്ങൾ കുളിരേകികൊണ്ടേയിരുന്നു.
ഇടവഴി ചെന്നവസാനിച്ചത് വലിയ ഒരാലിന്റെ അടുത്തായിരുന്നു.
ഗൗരി ആലിന്റെ മുകളിലേക്കൊന്നുനോക്കി.
അനന്തമായി ആർക്കും ശല്യമില്ലാതെ അത് പടർന്നുപന്തലിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ആൽത്തറയിൽ കയറി അമ്മു മൗനമായി അല്പനേരമിരുന്നു.
കിഴക്കുനിന്ന് വന്ന ഇളംങ്കാറ്റ് അവളെ തലോടികൊണ്ടേയിരുന്നു.
“ഗൗരിയേച്ചി, ഇവിടെയിരിക്കുമ്പോൾ നിക്ക് ന്റെ അച്ഛന്റെ മടിയിലിരിക്കുന്നപോലെയാ.”
നിറമിഴികളോടെ അമ്മുപറഞ്ഞു.
ഒന്നും മനസിലാകാതെ ഗൗരി അവളെത്തന്നെ നോക്കി.
വലതുവശത്തുള്ള ബോർഡിലേക്ക് അമ്മു വിരൽചൂണ്ടി.
അമ്മു വിരൽചൂണ്ടിയഭാഗത്തേക്ക് ഗൗരി സൂക്ഷിച്ചുനോക്കി.
‘ശ്രീനിയേട്ടന്റെ പാവന സ്മരണക്ക്’
“അച്ഛനാ”
അമ്മു തേങ്ങി തേങ്ങി കരഞ്ഞു.
“ഇവിട്യാ അച്ഛൻ സന്ധ്യക്ക് വന്നിരിക്കാറ്.”
ഉള്ളിൽ അടക്കിപ്പിടിച്ച സങ്കടം മിഴിനീർക്കണങ്ങളായി കവിൾത്തടംതാണ്ടി അധരങ്ങളിലേക്കൊലിച്ചിറങ്ങി.
ഗൗരി അവളുടെ അടുത്തേക്കുവന്ന് കണ്ണുനീർത്തുള്ളികളെ ചൂണ്ടുവിരൽകൊണ്ട് തുടച്ചുനീക്കി.
“ഏയ്,അമ്മൂ, സാരല്ല്യ. വാ നമുക്ക് തൊഴുതിട്ട് വരാം”
അവളെ തോളോട് ചേർത്തുപിടിച്ച് ഗൗരി ക്ഷേത്രത്തിലേക്ക് നടന്നു.
ക്ഷേത്രാങ്കണത്തിൽ നടക്കുനേരെയുള്ള ‘നന്ദി’യുടെ പ്രതിഷ്ഠക്ക് നെറുകയിൽ തലോടികൊണ്ട് ഗൗരി ബലിക്കലിനെ വലതുവശത്താക്കി പടികളെ തൊട്ട് നെറുകയിൽവച്ച് ശ്രീകോവിലിനുള്ളിലേക്ക് കടന്നു.
“തിരുമേനി, രണ്ട് പുഷ്‌പാഞ്ജലി, പിൻവിളക്ക്, ധാര “
രസീത് കൊടുക്കുന്ന സ്ഥലത്ത് അമ്മു നിന്നു.
“പേരും നാളും പറയൂ.”
“അമ്മു അശ്വതി. ഗൗരി കാർത്തിക.”
രസീതും നെയ്യൊഴിച്ച ചെറിയ വിളക്കുംവാങ്ങി മഹാദേവന്റെ തിരുസന്നിധിയിൽ അർപ്പിച്ചു.
ഭഗവതിയെയും, വിഘ്‌നേശ്വരനെയും, ശാസ്താവിനെയും വാണങ്ങി വീണ്ടും അവർ ശ്രീകോവിലിനുമുൻപിൽ ചെന്നുനിന്നു.
ശിവലിംഗത്തെ തഴുകി ശുദ്ധജലം ധാരയായി ഒഴുകുന്ന കാഴ്ച്ചകണ്ട ഗൗരിയുടെ കൈകളിലെ ചെറിയ രോമങ്ങൾവരെ കോരിത്തരിപ്പിച്ചു.
കണ്ണുകളടച്ച് അല്പനേരം അവൾ മനസുതുറന്നത് പ്രാർത്ഥിച്ചു.
ശേഷം പുണ്യാഹം വാങ്ങി നാഗരാജാവിനെയും നാഗയക്ഷിയെയും വണങ്ങി അംബലത്തിൽനിന്നുമിറങ്ങി.
“അമ്മൂട്ടി,”
പുരുഷശബ്ദം കേട്ട അമ്മു ചുറ്റിലും നോക്കി. ആരെയും കണ്ടില്ല.
“ആരാ അത് ?..”
“ദേ ഇവിടെ, മുകളിൽ.”
കവിമുണ്ട് മടക്കിക്കുത്തി മാറിടങ്ങളെ മറക്കുംവിധം തോർത്തുമുണ്ടുധരിച്ച് ഒരു സുന്ദരനായ ചെറുപ്പക്കാരൻ, കുരുത്തോല കെട്ടുന്നുണ്ടായിരുന്നു.
“ഹാ, അനിയേട്ടൻ.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് അമ്മുപറഞ്ഞു.
