അത്താഴം കഴിക്കുമ്പോൾ ഏട്ടനും ഏടത്തിയും പലതവണ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവർക്കെന്നോടെന്തോ കാര്യമായി പറയാനുള്ളതുപോലെ എനിക്കു തോന്നി. അത് ശരിവയ്ക്കും വിധം ഏട്ടൻ സംസാരിച്ചു തുടങ്ങി.
” അമ്മൂ… ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാനാണോ ഭാവം. ഇനിയെങ്കിലും പഴയതെല്ലാം മറന്നു കൂടെ ”
” ഏട്ടൻ നേരത്തെ പറഞ്ഞതുപോലെ എന്റെ ഒളിച്ചോട്ടം ഓർമകളിൽ നിന്നു കൂടിയാണ്. ” പറയുമ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ ഞാൻ ഏറെ പാടുപെട്ടു.
” ഏട്ടൻ പറയുന്നതാണ് ശരി… ഇനിയെങ്കിലും ” ഏട്ടത്തി അനുഭാവപൂർവം നിർത്തി.
ഭക്ഷണം കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു.
” കിടക്കാൻ നോക്കട്ടെ… രാവിലെ അമ്പലത്തിൽ പോണം ” സംസാരത്തിനു വിരാമമിട്ടുകൊണ്ട് ഞാൻ മുകളിലേക്കു നടന്നു. ആ വിഷയം അവിടെ അവസാനിപ്പിക്കുക എന്നൊരുദ്ദേശം കൂടി എനിക്കുണ്ടായിരുന്നു.
ജനാലക്കൽ നിൽക്കുമ്പോൾ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു. മറക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. നിദ്രാ ദേവിയുടെ കടാക്ഷം ആഗ്രഹിച്ചുകൊണ്ട് ഞാൻ കിടക്കയിലേക്ക് ചുരുണ്ടു കൂടി.
രാവിലെ തന്നെ കുളി കഴിഞ്ഞു താഴേയ്ക്കിറങ്ങുമ്പോൾ പറമ്പിൽ പണിക്കാരോട് ഏട്ടൻ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടു.
” നീ ഇറങ്ങിയോ… ഇപ്പോൾ അമ്പലത്തിൽ വല്യ തിരക്കൊന്നും ഉണ്ടാവാറില്യ ” തോർത്ത് മുണ്ട് കൊണ്ട് മുഖം തുടയ്ക്കുന്നതിനിടയിൽ ഏട്ടൻ ഓർമിപ്പിച്ചു.
അപ്പോഴേക്കും സുനിൽ കാർ സ്റ്റാർട്ട് ചെയ്ത് തയ്യാറായി നിന്നിരുന്നു.
പിൻ സീറ്റിലിരുന്നുകൊണ്ട് എന്റെ ഗ്രാമത്തിന്റെ സ്വകാര്യ ഭംഗികളിലേക്ക് ഞാൻ കണ്ണും നട്ടിരുന്നു. ഒരു പക്ഷെ ഇനിയൊരിക്കലും ഈ സൗന്ദര്യം ആസ്വദിക്കാൻ സാധിച്ചേക്കില്ല എന്നൊരു തോന്നൽ എന്റെയുള്ളിൽ വെറുതെ നിലനിന്നിരുന്നു.
ഏട്ടൻ പറഞ്ഞതുപോലെ അമ്പലത്തിൽ ആള് നന്നെ കുറവായിരുന്നു. ശ്രീ കോവിലിനുള്ളിലേക്കു കൈകൾ കൂപ്പി നിന്നിരുന്നുവെങ്കിലും പ്രാർത്ഥിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.
തിരിച്ചു വന്ന് കാറിൽ കയറുമ്പോൾ ഞാൻ ചുറ്റും നോക്കി.പരിചയക്കാരെ ആരെയും കാണരുതേയെന്നു ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.
വഴി കുറച്ചു ദൂരം പിന്നിട്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്കൊരു തീപ്പൊരിവീണതായി തോന്നി.
” ഇടതു ഭാഗത്തെ വഴിയിലൂടെ പോകാം ” സുനിലിനോട് നിർദ്ദേശിച്ചു.
തെല്ല് ആശ്ചര്യത്തോടെ കാർ ഇടതു വശത്തേക്ക് തിരിഞ്ഞു യാത്ര തുടർന്നു. കുറച്ചു നേരത്തെ ഓട്ടത്തിനൊടുവിൽ ഒരു പഴയ വീടിന്റെ മുന്നിലായി ഞാൻ വണ്ടി നിർത്തുവാൻ ആവശ്യപ്പെട്ടു.
ഒരു ചെറിയ പറമ്പിനു നടുവിൽ ഇടിഞ്ഞു വീഴാറായ ഓടിട്ട ഒരു പഴയ വീട്.
ഞാൻ പതിയെ പുറത്തിറങ്ങി ചുറ്റും നോക്കി. പരിസരത്തെങ്ങും ആരെയും കാണാനില്ല. അപ്പുറത്തെ പറമ്പിൽ നിന്നും വൃദ്ധനായ ഒരാൾ നടന്നു വരുന്നത് കണ്ടു.
“കുഞ്ഞ് എപ്പോൾ വന്നു… എന്നെ മനസ്സിലായോ ?” മനസ്സിലായെന്ന വിധത്തിൽ തലയാട്ടിയെങ്കിലും യഥാർത്ഥത്തിൽ എനിക്ക് ആളെ മനസ്സിലായിരുന്നില്ല.
” ഇവിടെ ആരുമില്ലേ ?” ഞാൻ എന്റെ വിഷയത്തിലേക്ക് കടന്നു.
” ഏയ് ഇവിടെയിപ്പോ ആരും ഇല്ല. അവരൊക്കെ വിറ്റു പോയി. പുതിയ ആൾക്കാരൊന്നും ഇങ്ങോട്ട് വരാറേയില്ല ”
അയാൾ അലസമായി തുടർന്നു.
” മകനെ കുറിച്ച് ആധിപിടിച്ചു അമ്മ മരിച്ചു. ഇളയതുങ്ങൾ കുടുംബവുമായി പട്ടണത്തിലെവിടെയോ ആണ് ”
” അപ്പോ…. ഉണ്ണ്യേട്ടൻ “എന്റെ വാക്കുകൾ മുറിഞ്ഞു.
” ജയിലിൽ നിന്നും വന്നു.അപ്പോഴേക്കും എല്ലാവരും പോയിരുന്നു ” അയാളുടെ വാക്കുകളിൽ സഹതാപം കലർന്നിരുന്നു.
എന്റെ മനസ്സിൽ ആയിരം സൂര്യചന്ദ്രന്മാർ ഒന്നിച്ചുദിച്ചു .കേട്ടത് സത്യം തന്നെ എന്നു തിരിച്ചറിയാൻ അൽപ സമയമെടുത്തു.
” ഉണ്ണിയേട്ടൻ ഇപ്പൊ എവിടെയാ ”
എന്റെ ശബ്ദം ഉദ്വേഗത്താൽ അല്പം ഉയർന്നുപോയി.
” കവലയിലെ പാർട്ടി ഓഫീസിലുണ്ടാവും. അവിടേയാ താമസവും മറ്റും ”
ഞാൻ പെട്ടെന്നു തിരിഞ്ഞു നടക്കാൻ ശ്രമിച്ചു.
” കുഞ്ഞേ…. ഒരു ജന്മം കൊണ്ട് അനുഭവിക്കേണ്ടത് അവൻ ഇപ്പോൾ തന്നെ
അനുഭവിച്ചു തീർത്തിരിക്കുന്നു.ഇനിയും അവനെ ദ്രോഹിക്കരുത് ”
