യാത്ര അതൊരു രസമാണ്

” ഏയ്‌.. ഒന്നുമില്ല ഏട്ടാ. നാളെ തന്നെ മടങ്ങണം. ഉടനെ ചെല്ലണമെന്നുപറഞ്ഞു ഫോൺ വന്നു ”

” ഇത്ര പെട്ടെന്ന്… രണ്ട് ദിവസം കഴിഞ്ഞു പോയാൽ പോരെ ” ഏട്ടത്തിയുടെ വിഷമം നിറഞ്ഞ വാക്കുകൾ മനഃപൂർവം അവഗണിച്ചു.

” ഡ്രെസ്സൊക്കെ എടുത്തു വയ്ക്കട്ടെ. കാലത്തു തന്നെ പുറപ്പെടണം ”

തീരുമാനിച്ചുറപ്പിച്ചു് ഞാൻ മുറിയിലേക്ക് നടന്നു.

ആ ദിവസം മുഴുവൻ ഏട്ടനും ഏട്ടത്തിക്കുമൊപ്പം ഞാൻ കഴിച്ചു കൂട്ടി.

പിറ്റേ ദിവസം രാവിലെ ലഗേജുകളെല്ലാം കാറിൽ കയറ്റി ഞാൻ യാത്രക്കൊരുങ്ങി.

” ഇനിയെന്നാ… ” ഏട്ടൻ നിർന്നിമേഷനായി ചോദിച്ചു.

” അച്ഛനെപ്പോലെ ദുരഭിമാനം എട്ടനില്ലെങ്കിൽ എനിക്കിനിയും വരാൻ കഴിയും “
മറ്റൊന്നും പറയാതെ ഞാൻ കാറിൽ കയറി.

മനസ്സിലാകാത്ത മട്ടിൽ പരസ്പരം നോക്കി നിന്ന ഏട്ടനേയും ഏട്ടത്തിയെയും തിരിഞ്ഞു നോക്കാതെ ഞാൻ യാത്ര തിരിച്ചു. ആ യാത്ര അമ്പലത്തിലാണ് അവസാനിച്ചത്. ഇന്ന് ശ്രീകോവിലിനുള്ളിലേക്കു കൈകൾ കൂപ്പി പ്രാർത്ഥിക്കാൻ ഒരു കാരണവും ഉണ്ടായിരുന്നു.

പാർട്ടി ഓഫീസിനു മുന്നിലായി കാർ നിറുത്തുവാൻ ആവശ്യപ്പെട്ടപ്പോൾ സുനിൽ ആശ്ചര്യപൂർവം എന്നെ നോക്കി.

ഞാൻ ആരെയും ശ്രദ്ധിക്കാതെ നേരെ ഓഫീസിലേക്ക് കയറി ചെന്നു. ഉണ്ണിയേട്ടൻ മരക്കസേരയിലിരുന്നു എന്തോ എഴുതുകയാണ്. കാൽപ്പെരുമാറ്റം കേട്ട് ഉണ്ണിയേട്ടൻ തലയുയർത്തി നോക്കി.

” എന്താ അമ്മൂ.. ” യാത്രക്കൊരുങ്ങിയുള്ള എന്റെ വേഷം ഉണ്ണിയേട്ടനെ അത്ഭുതപ്പെടുത്തി എന്നു തോന്നുന്നു.

“ഉണ്ണിയേട്ടാ അക്ഷരങ്ങളുടെ ലോകത്തേക്ക് ഞാൻ കൂടി വന്നോട്ടെ. ഇപ്പോൾ നമ്മളെ തടയാൻ പഴയ വൃത്തികെട്ട മാടമ്പി സംസ്കാരം ഇപ്പോഴില്ല.ഒരിക്കൽ നമ്മൾ സ്വപ്നം കണ്ട ആ ജീവിതം ഇനി നമുക്ക് ജീവിച്ചു തുടങ്ങിക്കൂടെ.. ” മുറിഞ്ഞു പോയെങ്കിലും എന്റെ ശബ്ദത്തിനു നല്ല ദൃഡതയുണ്ടായിരുന്നു.

” എന്താ അമ്മൂ ഈ പറയുന്നത് ” ഉണ്ണിയേട്ടൻ ഞെട്ടലോടെ എഴുന്നേറ്റു.

” അരുതെന്നു പറയരുത്. ഇത്രയും നാളത്തെ എന്റെ കാത്തിരിപ്പിന് എന്തെങ്കിലും ഒരർത്ഥമുണ്ടാകട്ടെ. എന്നോടൊപ്പം വരണം… അതു മാത്രമേ ഞാൻ ആവശ്യപെടുന്നുള്ളൂ ” ഞാൻ തുടർന്നു.

” അമ്മൂ… അത്… അത് വേണ്ട ” ഉണ്ണിയേട്ടൻ നടക്കുമ്പോൾ വേച്ചു പോയി.

” അക്ഷരങ്ങളോടൊപ്പം ഇനി എന്നെയും സ്നേഹിച്ചുകൂടെ ” ഞാൻ പിന്നീടൊന്നും പറഞ്ഞില്ല.

ഉണ്ണിയേട്ടൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ മെല്ലെ എഴുന്നേറ്റു എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു

” പോകാം ”

ഈ ഒരു നിമിഷത്തിനു വേണ്ടിയാണു കാലം എന്നെ അവശേഷിപ്പിച്ചത് എന്നെനിക്കു തോന്നിപ്പോയി.

ഉണ്ണിയേട്ടൻ വസ്ത്രങ്ങളെല്ലാം കൂടി ഒരു തുണി സഞ്ചിയിലാക്കി.

” ഇതാണ് ആകെയുള്ള സമ്പാദ്യം ” ഞാനതു കയ്യിൽ വാങ്ങി. മെല്ലെ ഉണ്ണിയേട്ടന്റെ കൈ പിടിച്ചു കൊണ്ട് കാറിനരികിലെത്തി.

” ഞാനൊരു നിധിയെപ്പറ്റി പറയാറുണ്ടായിരുന്നില്ലേ.. ഇന്നെനിക്കതു കിട്ടി ” അത്ഭുതത്തോടെ നോക്കിയ സുനിലിനോടായി ഞാൻ പറഞ്ഞു.

ഉണ്ണിയേട്ടനെ പിൻസീറ്റിലേക്കിരുത്തി ഞാനും കയറി. കാർ ഓടിത്തുടങ്ങി.ഉണ്ണിയേട്ടൻ മെല്ലെ തല എന്റെ തോളിലേക്ക് ചായ്ച്ചു വെച്ച് മയങ്ങാൻ തുടങ്ങിയിരുന്നു.

ഒരു വിശ്വവിജയിയെപ്പോലെ ഞാൻ തിരിഞ്ഞു നോക്കി. ഗ്രാമത്തിന്റെ അതിർത്തി കഴിയാറായിരിക്കുന്നു. പിന്നിലുപേക്ഷിച്ചു പോന്ന ഗ്രാമം ഞങ്ങളെ നോക്കി എന്തോ മന്ത്രിക്കുന്നതുപോലെ തോന്നി. ഞാൻ കാതു കൂർപ്പിച്ചു

“ശുഭ യാത്ര “

Leave a Reply

Your email address will not be published. Required fields are marked *