രണ്ടാംഭാവം – 5 1

 

അടുത്ത രംഗത്തിൽ മോളെ റീനേ നീ സമ്മതിക്കേണ്ടി വരും നിനക്ക് എന്തോ ചെറിയ ഇഷ്ടം തോന്നിയെന്ന്….

അയ്യെടാ അതേത് രംഗം….

റാണി നിന്നോട് അവനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ……. അപ്പോ നിന്റെ നെഞ്ച് പട പടാന്ന് ഇടിച്ചില്ലേ അതെന്തിനാ…. ആ പെണ്ണിനോട് എന്തൊക്കെ പറഞ്ഞിട്ടാ ഒഴിവാക്കാൻ നോക്കിയേ…. അല്ലേലും നിനക്ക് ചേട്ടായിയോട് റാണിയുടെ ഇഷ്ടത്തിന്റെ കാര്യം പറയാൻ പറ്റുമായിരുന്നോ…..

ഏയ്‌… ഒരിക്കലുമില്ല…… ഞാൻ ഒരു നല്ല ചേച്ചിയായി അവളെ ഉപദേശിച്ചു.. അത്രേ ഉള്ളൂ… അതല്ലാതെ ചേട്ടായിയോട് ഇഷ്ടം കൂടിയിട്ടൊന്നുമല്ല……

 

ഓഹോ…. എല്ലാം പോട്ടെ…. അവനെ കെട്ടിപ്പിടിച്ചിരുന്നതോർമ്മയുണ്ടോ…..

 

അയ്യോ അതെപ്പോ…..

 

ഓർമയില്ലല്ലേ….അവന്റെ വീട്ടിൽ വെച്ച് ഭക്ഷണം വിളമ്പി തന്ന ദിവസം നടന്നത് ഓർമയില്ലേ…..

 

അത് വിഷമം സഹിക്കാൻ വയ്യാതെ ചെയ്തു പോയതാ….

 

അപ്പോ ഇതിന് മുന്നേ നിനക്ക് വിഷമം വന്നപ്പോഴൊന്നും നീ കെട്ടിപ്പിടിച്ചിട്ടില്ലല്ലോ…..

 

അത് ഞാനെന്താ പറയണ്ടേ… എന്റെ ചാച്ചനും അമ്മയ്ക്കും ശേഷം എനിക്ക് ഒരാൾ ഇരുത്തി ചോർ വിളമ്പി തരുന്നത് ആദ്യായിട്ടല്ലേ… അതും അത്ര സ്നേഹത്തോടെ…. എന്നെ തന്നെ നോക്കി ഇരുന്നു കഴിക്കുന്ന ഒരാൾ…. ഒത്തിരി ആശ്വാസം തോന്നി… അതാ അങ്ങനെ സംഭവിച്ചേ…. ഭാഗ്യത്തിന് അച്ചായൻ വിളിച്ചത് കൊണ്ട് ഞങ്ങൾ വിട്ടുമാറി… അല്ലാരുന്നേൽ വേറെ എന്തേലും സംഭവിച്ചിരുന്നെങ്കിലോ…

 

റീനേ അതാ ഞാൻ പറഞ്ഞെ… എല്ലാ തോളിലും നമുക്ക് ചായാൻ തോന്നില്ല…

താങ്ങും എന്ന ഉറപ്പ് വേണം….

 

നിനക്ക് ഓർമയില്ലേ…. നിന്റെ വീട്ടിൽ ആഹാരം കഴിക്കാൻ ചേട്ടായി വന്ന ദിവസം എല്ലാരും അവരവരുടെ സന്തോഷത്തിൽ നിന്നപ്പോ നിന്നെ തിരഞ്ഞ ആ കണ്ണുകളെ…. ആ കണ്ണിലെ സ്നേഹത്തെ…. നീ വിളമ്പി കൊടുത്തപ്പോ സന്തോഷത്തോടെ കഴിച്ച ഒരു മനുഷ്യനെ…. അതൊക്കെകയല്ലേ ഈ സ്നേഹം എന്ന് പറയുന്നത്…. അല്ലാതെ ഒരു മിന്നും കെട്ടി നിന്നെ ജീവനില്ലാത്ത ഒരു വസ്തുവിന്റെ പോലെ ഉപയോഗിച്ച് കളയുന്ന ഈ മുഴു കുടിയനാണോ നിന്റെ സ്നേഹം കൊടുക്കേണ്ടത്,…

 

മനസാക്ഷി കോടതിയിൽ ഒരു യുദ്ധം നടക്കുമ്പോഴും കണ്ണ് മുറുകെ അടച്ചു റീന കിടന്നു…

 

കോടതി മുൻപാകെ സാഹചര്യ തെളിവുകളാൽ തെളിയിയ്ക്കപെട്ടിരിക്കുന്നു… ഞാൻ ഏതൊക്കെയോ നിമിഷങ്ങളിൽ ചേട്ടായിയെ ഇഷ്ടപ്പെട്ടിരുന്നു എന്ന്……

അല്ലേലും ഏത് പെണ്ണിനാ ഇഷ്ടപ്പെടാതെ ഇരിക്കുന്നെ…..

ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പോലും എന്നെ ഇഷ്ടമാണെന്നു ഒരിക്കൽ പോലും എനിക്ക് തോന്നിയിട്ടില്ല….

മറ്റൊരാളുടെ ഭാര്യയായ എനിക്ക് അല്ലേലും അത് പോലെയുള്ള ഒരാളെ പിന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്….. ഫോണിൽ ആ ശബ്ദം കേൾക്കുമ്പോ എന്തൊരു ആശ്വാസമായിരുന്നു….. ഇടിയും അടിയും കൊണ്ട് വേദനയിൽ കിടന്നപ്പോ

“എന്ത് പറ്റി “എന്ന് ചോദിക്കാൻ കാണിച്ച ആ മനസ്സിനെ ഞാനും പതുക്കെ ഇഷ്ടപ്പെട്ടു വരികയായിരുന്നു…. ഒരു പക്ഷേ അച്ചായന് അങ്ങനെ സംഭവിച്ചില്ലായിരുന്നേൽ ഞങ്ങൾക്കിടയിൽ ഒരു അവിഹിതം കാലക്രമേണ ഉണ്ടായേനെ…. എത്ര നാൾ എനിക്കെന്റെ ഇഷ്ടത്തെ മൂടി വയ്ക്കാൻ കഴിഞ്ഞേനെ….. അത് തെറ്റാണെന്ന് അറിഞ്ഞു വെച്ച് കൊണ്ട് തന്നെ ഞാൻ ഒരു പക്ഷേ അതിന് മുതിർന്നേനെ….

 

അത് കൊണ്ടൊക്കെയാവും അച്ചായൻ എന്ന വ്യക്തിയിലൂടെ എന്റെ ചേട്ടായിയോടുള്ള മനോഭാവം ദൈവം മാറ്റിയത്…. മുറിയിൽ നിന്നും ആ ഒഴിഞ്ഞ മരുന്ന് കുപ്പി കിട്ടിയപ്പോ എനിക്കെന്തൊരു ദേഷ്യമായിരുന്നു…..

 

 

അതെന്തിനാ ദേഷ്യപ്പെട്ടത്….. മിന്നു കെട്ടിയെങ്കിലും എന്റെ ശത്രു അല്ലായിരുന്നോ എന്റെ ഭർത്താവ്… എത്ര പ്രാവശ്യം അയാൾ മരിച്ചു പോണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്…. അപ്പോ ഇങ്ങനെ ഒരാൾ നമ്മളെ സഹായിച്ചപ്പോ അയാളോട് ദേഷ്യം തോന്നിയോ… എന്തിന്…. അതിനി എനിക്ക് വേണ്ടി, അല്ലേൽ, എന്നെ സ്വന്തമാക്കാൻ വേണ്ടി ചെയ്തതാണെങ്കിലും അതിൽ എന്താണ് തെറ്റ്… താനും അത് തന്നെയല്ലേ ആഗ്രഹിച്ചത്…..

Leave a Reply

Your email address will not be published. Required fields are marked *