രണ്ടാംഭാവം – 5

 

റീനേ ഞാൻ പറഞ്ഞില്ലേ നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന്…ഞെട്ടിയില്ലേ ഇപ്പോ…

 

ചേച്ചീ… സത്യായിട്ടും വണ്ടർ അടിച്ചു നിൽക്കുവാ ഞാൻ… ഇതെങ്ങനെ ചെയ്തു…

 

അതൊക്കെ പറയാം…. നിങ്ങൾ വണ്ടിയിൽ കേറിക്കെ… പോകാം…

 

ഞാനും ആൻസി ചേച്ചിയും വണ്ടിയുടെ പിന്നിൽ കയറി…. ചേട്ടായി വണ്ടിയിൽ കേറി വണ്ടി ഗേറ്റ് കടന്ന് പോയി…. ഞാൻ അപ്പോഴും നോക്കിയത് ഒരിത്തിരി പോലും അനങ്ങാതെ വണ്ടിയിൽ ഇരിക്കുന്ന നിമ്മിയെ ആയിരുന്നു…..

 

അവൾ പതുക്കെ തല ചരിച്ചു എന്നെ നോക്കി….

 

എന്തേ റീനേ… ഇത് വരെ അത്ഭുതം മാറിയില്ലേ… എന്നെ ഇങ്ങനെ കണ്ടിട്ടില്ല അല്ലേ…

 

അതെ ചേച്ചീ…

 

നിന്റെ ചേട്ടായിയോട് ചോദിച്ച് നോക്കിക്കേ… ഞങ്ങൾ എവിടെയൊക്കെ പോയിട്ടുണ്ടെന്ന്… എവിടെ പോയാലും ദേ ഈ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു…. ഇന്ത്യയിൽ ഏകദേശം എല്ലാ സ്ഥലത്തും ഞങ്ങൾ പോയിട്ടുണ്ട്….

 

എനിക്ക് കഴിഞ്ഞ വർഷം മുതൽ ഒട്ടും വയ്യാതായി… അതുകൊണ്ടാ ഞാൻ പിന്നെ യാത്ര ഒഴിവാക്കിയേ…. അതിന് ശേഷം ഇപ്പോഴാ ഈ വണ്ടി എടുത്തതും ഈ യാത്ര പോകുന്നതും…

 

ചേച്ചീ… ഞാൻ കരുതി കഴിഞ്ഞ വർഷങ്ങളിലെല്ലാം ചേച്ചീ ഒരേ കിടപ്പ് ആയായിരുന്നെന്ന്…

 

അങ്ങനെ ആയിപോയേനെ… എന്റെ ഇച്ചായൻ ഇല്ലാരുന്നേൽ…. കല്യാണം കഴിഞ്ഞിട്ട് എവിടെയൊക്കെ പോകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചോ അവിടെയെല്ലാം കല്യാണം കഴിയാതെ തന്നെ ഈ മനുഷ്യൻ ഈ കോലത്തിൽ കൊണ്ട് പോയി…. ആഗ്രഹം മുഴുവൻ തീർത്തു….

 

ഇതൊക്കെ കേട്ട് ചേട്ടായി ചിരിക്കുന്നത് എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു….

 

പിന്നെ ഈ സീറ്റിങ് അറേഞ്ച്മെന്റസ് ഒക്കെ അതും ചേട്ടായിയുടെ ബുദ്ധിയാ… കോളേജിൽ പഠിച്ചതൊന്നും മറന്നു പോയിട്ടില്ല… എനിക്കായി ഒരു വണ്ടി വാങ്ങി അതിന്റെ മുൻസീറ്റ് ദേ ഇത് പോലെ ആക്കി തന്നു…..

 

പോരെ… എല്ലാ സംശയവും തീർന്നില്ലേ….

 

ഞാൻ ചിരിച്ചു കൊണ്ട് പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.

 

കോട്ടയം കഴിഞ്ഞു വണ്ടി എറണാകുളത്തെ തിരക്ക് കൂടിയ നഗരറോഡുകളിലേക്ക് കയറി…. അത്രയും നേരം കാഴ്ചകൾ കണ്ടിരുന്നതല്ലാതെ ആരും ഒന്നും മിണ്ടിയില്ല. കൂട്ടത്തിൽ നിമ്മി ചേച്ചിയാണ് ഈ യാത്ര കൂടുതൽ ആസ്വദിക്കുന്നതെന്നു തോന്നി….

 

വഴിയിൽ കിടന്ന ഒരു കാർ കണ്ടപ്പോ ചേട്ടായി വണ്ടി അതിന്റെ അടുത്തേക്ക് ഒതുക്കി….ആൻസി ചേച്ചിയും ചേട്ടായിയും വണ്ടിക്ക് പുറത്തിറങ്ങി….. കാറിലിരുന്ന ആരോടോ സംസാരിക്കുന്നത് കണ്ടു.. പക്ഷേ മുഖം മനസിലാവുന്നില്ല…. ഞാനും കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങി അവരുടെ കൂടെ ചെന്നു നിന്നു…..അകത്തിരുന്ന ആൾ പുറത്തേക്കിറങ്ങി വന്നു…. സത്യം പറഞ്ഞാൽ അപ്പോഴാണ് ആളെ മനസിലായത്… ചേട്ടായിയുടെ അപ്പൻ…. ഒരു ആജാനബാഹു ആയ ഒരു മനുഷ്യൻ…. പക്ഷേ മുഖത്തെ ആ ചിരി ഗൗരവം കുറച്ചു തന്നു….

 

മോളാണ് റീന അല്ലേ…

 

അതെ..

ഇവൻ പറഞ്ഞിട്ടുണ്ട്… അതും പറഞ്ഞ് എന്റെ തോളത്തു കിടന്ന കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി… അപ്പോഴും ചേട്ടായിടെ മുഖത്താണ് ഞാൻ നോക്കിയത്… ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ ആയിരുന്നു ഭാവം….

എന്നോടെന്താ ഒന്ന് മിണ്ടിയാൽ… രാവിലെ എന്തൊരു സ്നേഹം ആയിരുന്നു….

 

അപ്പൻ കൊച്ചിനെയും കൊണ്ട് കാറിന്റെ അടുത്തേക്ക് ചെന്നു…. നിമ്മി ഗ്ലാസ്‌ താഴ്ത്തി അപ്പനെ നോക്കി ചിരിച്ചു…

 

ആഹാ മോൾ മിടുക്കി ആയല്ലോ… വീണ്ടും യാത്രയൊക്കെ തുടങ്ങിയോ….

 

ഇല്ല അപ്പാ… ചേച്ചിയെ കൊണ്ടാക്കിയിട്ട് പെട്ടെന്ന് വന്നേക്കാം…

 

ക്ഷീണം വല്ലോം തോന്നുന്നോ…

 

ഇല്ല… ഇവരൊക്കെ ഇല്ലേ… അപ്പോ എങ്ങനെ ക്ഷീണം അറിയാനാ…

 

സൂക്ഷിച് പോണേ മോളെ….

 

പോവാം….. അപ്പാ മോനെ എന്റെ കയ്യിലേക്കൊന്നു തരുവോ…. ഒരാഗ്രഹം അവനെ ഒന്നെടുക്കാൻ…

 

പിന്നെന്താ മോളെ… ദാ കൈ നീട്ടി ഇവനെയങ്ങു പിടിച്ചേ…. അതും പറഞ്ഞ് അവളുടെ കയ്യിലേക്ക് മോനെ വെച്ചു കൊടുത്തു…. അവളുടെ മടിയിലേക്ക് അവൻ ഇറങ്ങി ഒതുങ്ങി ഇരിക്കുന്നത് കണ്ടപ്പോ അമ്മയായ എനിക്ക് പോലും വിഷമം ആയി…

 

എത്ര ആഗ്രഹിച്ചു കാണും ഒരു കുഞ്ഞിനെ താലോലിക്കാൻ … പക്ഷേ…

 

നിമ്മിയുടെ കണ്ണിൽ നിന്നു കണ്ണീർ ഒഴുകുന്നത് ഞാൻ കണ്ടു… അതവൾ തുടയ്ക്കുന്നുണ്ട്…. കുഞ്ഞിനോടെന്തൊക്കെയോ പറയുന്നുണ്ട്…. ഒന്നും കേൾക്കാൻ വയ്യ…

 

അപ്പൻ എന്റെ അടുത്തേക്ക് നടന്നു വന്നു…

 

മോൾക്ക് ഒന്നും തോന്നരുത്…. മോൻ കുറച്ചു നേരം അവളുടെ കയ്യിൽ ഇരുന്നോട്ടെ….. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എനിക്കൊരു കൊച്ചു മോനെ തരണം എന്നുള്ളത്…. പക്ഷേ എന്റെ കുഞ്ഞിന് ദൈവം അതിന് ഭാഗ്യം കൊടുത്തില്ല…. കുഞ്ഞിനെന്നല്ല ഞങ്ങൾക്ക് ആർക്കും ആ ഭാഗ്യം ഉണ്ടായില്ല…. അപ്പൻ എന്റെ തോളത്തു തട്ടി….

 

ആൽബിയും നിമ്മിയും മോളോട് എന്ത് തീരുമാനം പറഞ്ഞാലും അത് ഈ അപ്പൻ കൂടി അറിഞ്ഞിട്ടാണ് പറയുന്നതെന്ന് മനസിലാക്കണം…. എനിക്കുമുണ്ട് ഒരു കൊച്ചുമോനെ വളർത്താനും കൊഞ്ചിക്കാനുമുള്ള ആഗ്രഹങ്ങളൊക്കെ… അല്ലാതെ ഈ വയസാം കാലത്ത് ഞാൻ എന്ത് ചെയ്യാനാ….

 

അത് കൊണ്ട് ഇവർ പറയുന്നത് മോൾ കേൾക്കണം… ആൻസി തിരിച്ചു വരുന്നത് വരെയല്ല… അതിന് ശേഷവും മോൾ ഞങ്ങളുടെ കൂടെ ഉണ്ടാവണം കേട്ടോ…

 

അപ്പന്റെ സംസാരം കേട്ടിട്ട് എനിക്ക് നല്ല വിഷമമായി…. ചാച്ചനെ ഓർമ വന്നു….

 

ഈ റോഡിൽ വെച്ചല്ല ഇതൊക്കെ പറയേണ്ടത് എന്നെനിക്ക് അറിയാം… പക്ഷേ പറഞ്ഞ് പോയതാ… ഈ യാത്രയിൽ ഒരു നല്ല തീരുമാനം എടുത്തിട്ട് തിരിച്ചു വായോ.. ഞങ്ങൾ വീട്ടിലുണ്ടാവും….

 

ആൻസി… എന്നാൽ നിങ്ങൾ ചെല്ല്…. സമയമാവുന്നു… അതും പറഞ്ഞ് അപ്പൻ കാറിലേക്ക് കേറി ..

 

ചേട്ടായി വന്നു ഞങ്ങളുടെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…. ഞാനും ചേച്ചിയും കേറി… ആൻസി ചേച്ചീ ഒന്നും മിണ്ടാതെ എന്റെ അടുത്തിരുന്നു…

 

എന്താണ് റീനേ മുഖത്തു ഒരു വിഷമം പോലെ… നിമ്മി ചോദിച്ചു…

 

ഒന്നുല്ല ചേച്ചീ… അപ്പൻ ഓരോന്ന് പറയുന്നത് കേട്ടപ്പോ….

 

അയ്യോ… അതൊരു പാവമാ… വല്ല്യ ശരീരവും കുഞ്ഞ് മനസ്സും… അത്രേ ഉള്ളൂ… ദേ കുഞ്ഞിനെ അങ്ങേടുത്തോ കേട്ടോ…

 

വേണ്ട ചേച്ചീ… ചേച്ചിടെ മടിയിൽ ഇരുന്നോട്ടെ… കണ്ടില്ലേ കരയാതെ അടങ്ങി ഇരിക്കുന്നത്….

 

അത് കേട്ടപ്പോ നിമ്മിക്ക് സന്തോഷമായത് പോലെ തോന്നി….

 

ചേച്ചിയെ എയർപോർട്ടിൽ ഇറക്കി ഞങ്ങൾ അങ്ങനെ തന്നെ തിരിച്ചു പോന്നു…. അവസാനം ചേച്ചീ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ അലയടിച്ചു…. (-മോൾടെ ഭർത്താവിനോട് ഇവർ ചെയ്തതെന്താണെന്ന് എനിക്കറിയാം… പക്ഷെ അതും മനസ്സിൽ വെച്ചിട്ട് എന്റെ നിമ്മി മോളോട് പെരുമാറരുത്.. ഒരു പാവമാ അത്.. നന്നായിട്ട് നോക്കണെ..)

Leave a Reply

Your email address will not be published. Required fields are marked *