രണ്ടാംഭാവം – 5 1

 

അടുക്കളയിൽ നിന്നുള്ള നല്ല ചൂട് ഇഡ്ഡലിയുടേം സാമ്പാറിന്റേം മണം ആ ഊണ് മുറിയിലാകെ പരന്നിരുന്നു….

 

നേരെ അടുക്കളയിലേക്ക് ചെന്നു… ആൻസി ചേച്ചി നല്ല തിരക്കിലായിരുന്നു….

 

ആഹാ റീന എഴുന്നേറ്റോ… ഞാൻ വിളിക്കാത്തിരുന്നതാ… യാത്ര ക്ഷീണം ഉണ്ടാകുമെന്ന് കരുതി….

 

അയ്യോ ചേച്ചി… ഞാൻ ആറു മണിക്ക് തന്നെ ഉണർന്നു… പിന്നെ കുഞ്ഞിനേം അച്ചായനേം വൃത്തിയാക്കി ഇറങ്ങിയത് കൊണ്ടാ താമസിച്ചേ…. ഞാൻ സഹായിക്കണോ..

 

വേണ്ട മോളെ… രാവിലത്തേക്കുള്ള എല്ലാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്…. ഉച്ചക്ക് കഴിക്കാനുള്ള ചോറിനു അരിയും ഇട്ടു…. എന്തേലും കറി ഉണ്ടാക്കിയാൽ മതി…. കുറെ ഒന്നും വേണ്ട… ഒരു ഒഴിച്ചു കറിയും ഒരു തോരനും പിന്നെ എന്തേലും ഒരു തൊടു കറിയും…. ഇവിടത്തെ അപ്പൻ ഉച്ചക്ക് മുന്നേ ഇങ്ങെത്തും…

 

അപ്പോ ചേച്ചി ഉണ്ടാവില്ലേ ഇവിടെ…

 

അയ്യോ അപ്പോ ആൽബി മോളോട് ഒന്നും പറഞ്ഞില്ലേ… പറഞ്ഞു എന്നാണല്ലോ എന്നോട് പറഞ്ഞെ…

 

ഞാനൊന്ന് ഞെട്ടി….എന്താ ചേച്ചി…

 

ഇന്നലെ പാതിരാത്രി ഉറക്കത്തിൽ അവൻ വിളിച്ചു പറഞ്ഞു ഇന്ന് ഉച്ചക്കുള്ള ഡൽഹി ഫ്ലൈറ്റിനു ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന്…. റീനയാ ഇനി നിമ്മി മോളെ നോക്കുന്നതെന്ന്….

 

അയ്യോ ചേച്ചി…. ഇതൊക്കെ ഇത്ര പെട്ടെന്ന് ആകുമെന്ന് ഞാൻ അറിഞ്ഞോ… എന്നോടും ചേട്ടായി ഇന്നലെ രാത്രിയാ പറഞ്ഞത്.. നിമ്മി ചേച്ചിയെ നോക്കണേ എന്ന്…

 

ആൽബി അങ്ങനെയാ…. എന്തായാലും ഞാനൊന്ന് പോയിട്ട് വരാം… എല്ലാരേയും ഒന്ന് കാണാല്ലോ…..

 

ശെരി.. ചേച്ചി എന്നാൽ പോയി ഒരുങ്ങിക്കോ… ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാം….

 

അതും കേട്ട് ചേച്ചി അടുക്കളയിൽ നിന്നും പിൻവാങ്ങി… ആ വലിയ വീടിന്റെ അടുക്കളയിലെ അവകാശം എനിക്ക് നൽകിയത് പോലെ തോന്നി…. ഞാൻ ചുറ്റുമോന്നു നോക്കി…. ഞാൻ താമസിക്കുന്ന വീടിന്റെ പകുതി വലിപ്പമുണ്ട് അടുക്കളയ്ക്ക്… ഇതിൽ ഇല്ലാത്ത ഉപകരണങ്ങൾ ഒന്നുമില്ല…. പക്ഷേ ഞാൻ ആലോചിക്കുന്നത് ഈ രണ്ട് കൂട്ടം കറിയും കൂട്ടി ചോർ കഴിക്കാൻ എന്തിനാ ഇത്രയും വലിയ അടുക്കളയെന്നാ….

 

അതുമിതും ചിന്തിക്കാതെ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു…. ഇടയ്ക്ക് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോ ചെന്നു പാൽ കൊടുക്കും എന്നല്ലാതെ മറ്റരാവശ്യത്തിനും ആ മുറിയിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല…. പതിയെ അച്ചായനെ വെറുക്കുന്നതിന്റെ ലക്ഷണങ്ങൾ ഞാൻ പോലുമറിയാതെ എന്റെ ഹൃദയത്തിൽ കൂടിയെന്ന് തോന്നി……

ചേച്ചിക്ക് പോകാനുള്ള സമയം ആയി വരുന്നു… നേരം വെളുത്ത് ഇത്രയും നേരമായിട്ടും എന്റെ കണ്ണുകൾ തിരഞ്ഞ ആ രൂപത്തെ ഞാൻ കണ്ടില്ല…. ഉള്ളിൽ എവിടെയോ ഒരു നഷ്ടം ഫീൽ ചെയ്തു എന്നതൊഴിച്ചാൽ ആ നിമിഷം ഞാൻ വളരെ സന്തോഷവതിയായിരുന്നു..

 

എന്റെ പുതിയ അടുക്കളകാരി തിരക്കിലാണോ…

 

തോരന് പയർ അരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആ ചോദ്യം കേട്ടത്…

 

ഞാൻ മെല്ലെയോന്ന് തിരിഞ്ഞു നോക്കി…. അടുക്കള വാതിലിൽ ചാരി ചിരിച്ചു കൊണ്ട് ചേട്ടായി നിൽക്കുന്നു…. ക്രീം നിറത്തിലെ ഷർട്ടും അതിന്റെ തന്നെ കരയുള്ള മുണ്ടും… ആഹാ എന്താ ഭംഗി….

 

എന്തേ.. എന്നെ കളിയാക്കാൻ വന്നതാണോ…

 

അല്ല മാഡം…. ചുമ്മാ ഒന്ന് കണ്ടിട്ട് പോകാൻ വന്നതാ… ഇന്ന് തമ്മിൽ കണ്ടില്ലല്ലോ…

 

കണ്ടിട്ടെന്തിനാ ചേട്ടായീ…

 

നിനക്കറിയില്ലേ… എനിക്ക് നിന്നെ കാണാൻ ഇഷ്ടാണെന്ന്…

 

ഓഹോ… അതെപ്പോ തുടങ്ങി…

 

അങ്ങനെ ചോദിച്ചാൽ ആദ്യായിട്ട് നിന്നെ കാറിൽ വെച്ചു കണ്ടില്ലേ… അന്ന് മുതൽ…

 

ദൈവമേ.. ഈ ചതിയനായ മൂർഖൻ പാമ്പിനാണോ ഞാൻ എല്ലാ ദിവസവും ചോർ കൊടുത്ത് വളർത്തിയത്…

 

ഞാൻ എന്ത് ചതി ചെയ്തു…. നിന്നെ കാണാൻ ഇഷ്ടാണെന്ന് പറഞ്ഞു… അത്രയല്ലേ ഉള്ളൂ… അല്ലാതെ എനിക്ക് നിന്നെ കെട്ടണം എന്ന് പറഞ്ഞോ…

 

അയ്യെടാ… കെട്ടാൻ ഇങ്ങു വാ….

 

ഞാൻ വന്നാൽ…

 

ചട്ടുകം പഴുപ്പിച്ചു ചന്തിയിൽ വച്ചു തരും ഞാൻ…

Leave a Reply

Your email address will not be published. Required fields are marked *