എന്ന് റാണി വിചാരിച്ചു. ചായ കൊണ്ട് വന്ന ലിലി്‌ളയോടും പൊയ്‌ക്കോളാന്‍ ആംഗ്യം കാണിച്ചു.. വാതില്‍ വീണ്ടും ചാരി ലില്ലി പുറത്തിറങ്ങി…
പൊന്നമ്മക്ക് ഒരു സമാധനവും കിട്ടുന്നില്ല.. രാത്രി മുഴുവനും കരഞ്ഞ് കാത്തിരുന്ന് മോളെത്തീയെങ്കിലും എന്താണ് പറ്റിയതെന്ന് ഒരു രൂപവും കിട്ടിയില്ല.. ഒരേ കരച്ചില്‍ തന്നെ. അരുതാത്തത് എന്തെങ്കിലും നടന്നു കാണുമോ… മാതാവേ മോള്‍ക്കൊന്നും പറ്റല്ലെ… റാണി എല്ലാ വിവരവും ചോദിച്ചറിഞ്ഞോളും.. എന്താണെങ്കിലും ചേച്ചിയോട് പറയുമല്ലൊ… അറിയാന്‍ തിരക്കായി.. ഇനീം തീ തിന്നാന്‍ വയ്യാ…
മനസ്സും ശരീരവും ഒന്ന് തണുക്കുന്നത് വരെ കൊച്ചുറാണി അനിയത്തിയെ മാറോട് ചേര്‍ത്ത് പിടിച്ചിരുന്നു. അവളുടെ മന:പ്രയാസം കണ്ണീരായി ഒഴുകി…
റോസി മനസ്സ് തുറന്നപ്പോള്‍ കൊച്ചുറാണിയുടെ ഹൃദയം തകര്‍ന്ന് പോയി.. എന്തൊക്കെയാ ഈ കേള്‍ക്കുന്നത്.. സ്വന്തം കൂടപ്പിറപ്പിന്റെ ജീവിതം തകര്‍ന്നത് കേട്ട് മരവിച്ചിരിക്കാനെ കഴിഞ്ഞുള്ളു… ഇതിനെല്ലാം കാരണക്കരനായ അപ്പന്‍ എന്ന മനുഷ്യനെ അവള്‍ ശപിച്ചു. ഇതെനെങ്ങിനെ അമ്മയോട് പറയുന്ന കാര്യം ഓര്‍ത്ത് അവള്‍ക്ക് ആധിയായി.. ഇത് കേട്ടാല്‍ അമ്മ ചങ്ക് പൊട്ടി മരിക്കും.. പറയാതിരിക്കാനും പറ്റില്ലല്ലൊ.. ലാസ്സറേട്ടന്‍ അച്ചന്റെ കാര്യം പറഞ്ഞ കാര്യം അവളുടെ മനസ്സിലോടിയെത്തി.. ആകെ തളര്‍ന്ന റോസിയോട് കിടന്നോളാന്‍ പറഞ്ഞ് കൊച്ചുറാണി പുറത്തിറങ്ങി.. അമ്മയെ മാറ്റി നിര്‍ത്തി വിവരം പറഞ്ഞു.. പ്രതീക്ഷിച്ചത് പോലെ നെഞ്ചത്തടിച്ച് കരച്ചിലായി..
ഇത്തിരി കഴിഞ്ഞപ്പോള്‍ ലാസറേട്ടനും രണ്ട് മൂന്നാളുകളും വന്നു.. ആളുകള്‍ പലരും ഇതിനകം അറിഞ്ഞു കാണുമെന്ന് വ്യക്തമായി.. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ നിന്ന കൊച്ചുറാണിയെ അവര്‍ വിളിച്ചു.
‘ഏതായാലും നടക്കാന്‍ പാടില്ലാത്തൊക്കെ നടന്നു.. ഇനീപ്പോ ഇത് പോലീസിലറീച്ച് നാട്ടുകാരൊക്കെ അറിയും എന്നല്ലാതെ വേറെ ഗുണോന്നും ഒണ്ടാവാന്‍ പോണില്ല.. നമ്മടെ കൊച്ചിന്റെ മാനം പോവൂന്ന് മാത്രം..”
പൊന്നമ്മക്കും അതാ നല്ലതെന്ന് തോന്നി.. നാട്ടുകാരറിഞ്ഞ് മാനം പോകും.. തന്നെയുമല്ല കേസ്സിന്റെ പുറകെ നടക്കാന്‍ ആളും കാശും ഇല്ല…
കുറെ കഴിഞ്ഞപ്പോള്‍ കൊച്ചുറാണി അമ്മയോട് പറഞ്ഞു.
‘അമ്മ ഒരു കാര്യം ചെയ്യണം… ഈ വിവരം അച്ചനോട് പറയണം.. ഈ അവസ്ഥയില്‍ അച്ചനു മാത്രെ നമ്മളെ സഹായിക്കാന്‍ പറ്റൂ… ”
‘ഒരു കണക്കിനതാ ശരി.. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കീ എല്ലാര്‍ക്കും ഒരുമിച്ച് ചാവാം.. ഏതായാലും അച്ചനെ കാണാം.. എന്റെ കയ്യും കാലും വെറക്കണ്.. നീയും കൂടെ വാ”
കാളരാത്രിയുടെ നടുക്കം മാറാത്ത റോസിയെ നോക്കാന്‍ ലിലി്‌ള ക്കുട്ടിയെ ഏല്‍പ്പിച്ച് അമ്മയും മോളും പള്ളിയിലേക്ക് നടന്നു.. അച്ചനെ കണ്ടതും കുറെ നേരത്തേക്ക് പൊന്നമ്മക്ക് കരച്ചിലടക്കാന്‍ പറ്റിയില്ല. കൊച്ചുറാണി പറഞ്ഞതെല്ലാം ശ്രദ്ധിച്ച് കേട്ടു..
‘പൊന്നമ്മ സമാധാനിക്ക്.. എല്ലാറ്റിനും കര്‍ത്താവൊരു വഴി കാണിച്ച് തരും..”
‘എന്ത് വഴിയാണച്ചോ.. ഞാനും പിള്ളാരും വയ്യാത്ത കെട്ട്യോനും കൂടി എന്ത് ചെയ്യാനാ.. ചെലപ്പോ കരുതും എല്ലാര്‍ക്കും കൂടി വല്ല വെഷോം മേടിച്ച് തിന്നങ്ങ് ചത്താലോന്ന്….. അല്ലെങ്കീ തന്നെ പട്ടിണീം പരിവട്ടോം ആയിട്ടാ.. അതിന്റെ കൂടെ മാനോം പോയിട്ട് എന്തിനാ ജീവിക്കണത്. കര്‍ത്താവെനിക്ക് നാലെണ്ണത്തിനെ തന്നു, അതില്‍ ഒരെണ്ണമെങ്കിലും ആണായിരുന്നെങ്കില്‍ എനിക്കീഗതി വരില്ലായിരുന്നച്ചോ.. ഒരാണ്‍ തുണ ഇല്ലാണ്ട് എങ്ങനാ ഞങ്ങള് കഴിഞ്ഞ് കൂടണത്”
‘ഒക്കെ കര്‍ത്താവിന്റെ പരീക്ഷണങ്ങളാണെന്ന് കണ്ടാ മതി.. എല്ലാം നന്നാവും”
‘എല്ലാം പോയിട്ട് കര്‍ത്താവ് സ്വര്‍ഗത്തില് സ്ഥലം തന്നട്ടെന്നാ കാര്യം അച്ചോ.. എനിക്കതിലൊന്നും ഒരു വിശ്വാസോല്ലാണ്ടായി.. തീരെ സഹിക്കാണ്ടാവുമ്പോ ഞാന്‍ ആ വഴി തന്നെ നോക്കും”
‘നീ സമാധാനിക്ക്.. നിങ്ങള്‍ക്ക് ഒരാണ്‍ തുണ ഇല്ലാന്ന് പറയാന്‍ വരട്ടെ… നിനക്ക് ഒരു മോനില്ലെങ്കിലും പിള്ളാര്‍ക്ക് ഒരാങ്ങള ഉണ്ട്.. ”
അമ്മയും മോളും ഒരു പിടിയും കിട്ടാതെ പരസ്പരം നോക്കി..
