ശാലിനി ആ കൂര തുറന്ന് ആ ചേച്ചിയോടൊപ്പം ഉള്ളിലേയ്ക് കയറിയപ്പോൾ ഞാനും സന്ദീപും
കൂടി കാറിന് അരികിലേയ്ക് നടന്നു.
സന്ദീപും യാതൊന്നും പറയാൻ ഇല്ലാത്ത ഒരുതരം മാനസികാവസ്ഥയിൽ ആയിരുന്നു!
ഒരാൾക്ക് മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റിയ അവസ്ഥ അല്ലായിരുന്നു ലതികയുടെ താമസസ്ഥലത്തിന്റേത്…!
അത്ര ദയനീയം!
കുടിലിൽ നിന്നും ഇറങ്ങിയ ശാലിനി കുറേ സമയം ആ ചേച്ചിയുമായി നിന്ന് സംസാരിച്ചതിന് ശേഷമാണ് വന്ന് വണ്ടിയിൽ കയറിയത്…
വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ പിൻസീറ്റിന്റെ മദ്ധ്യഭാഗത്ത് ഇരുന്ന ശാലിനി മുന്നോട്ട് ആഞ്ഞ് ഇരുന്ന് കൊണ്ട് പറഞ്ഞു..
“ഞാനാദ്യന്തിരക്കിയതു അവളേപ്പോലൊരു സുന്ദരിയായ പെങ്കൊച്ചെന്തൊറപ്പിലാ അടച്ചൊറപ്പില്ലാത്ത ആ വീട്ടിലീ വഴിവക്കി കെടന്നൊറങ്ങുന്നതെന്നാ..
അവളാ മുറ്റത്തു കെടന്നാലും ഒരുത്തനുവാ ഭാഗത്തേയ്ക് തിരിഞ്ഞുനോക്കാൻ ധൈര്യപ്പെടില്ലന്നാ ആ ചേച്ചി പറഞ്ഞേ!
അത്തരക്കാരനാ ആ ചേച്ചീടെ ഭർത്താവും അപ്പുറത്തെ വീട്ടുകാരനും!
ലതിക സ്വന്തം മോളേപ്പോലല്ല മോളുതന്നാ അവർക്ക്!
അവളെയാരേലും മോശമായൊന്നു നോക്കിയാ മതി അവന്റെ കാര്യമ്പിന്നെ നോക്കണ്ട!
പിൻവശത്ത് ഓലകൊണ്ട് മറച്ച കക്കൂസും കുളിമുറീമെല്ലാമൊണ്ട്!
അച്ചനെ ചികിത്സിയ്കാൻ കെടപ്പാടം വിറ്റു പെരുവഴീലേയ്കിറങ്ങിയപ്പ ആരുമില്ലാതായ അവരെ ഈ രണ്ടു വീട്ടുകാരാ സഹായിച്ച്
ഈ കുടിലു കെട്ടി ഇവിടെ താമസിപ്പിച്ചേ!
കിടപ്പാടോമ്പോയി അച്ചനും പോയ പൊറകേയാ ആ കൊച്ചിന്റെ അസുഖോം!
ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞ് നിർത്തിയ ശാലിനി സീറ്റിലേയ്ക് ചാരിയിരുന്നു.
പിന്നീട് ആരുമാരും യാതൊന്നും സംസാരിച്ചതേയില്ല!
ആശുപത്രിയിൽ തിരികെ എത്തി ലതികയെ കണ്ടതും ശാലിനി ചോദിച്ചു:
“നീയിവനെ വെറുമൊരന്യനായാ കരുതുന്നതല്ലേടീ..
അല്ലേപ്പിന്നെ അമ്മയ്കു സുഖമില്ല ആശൂത്രീപോണോന്നു പറയാതിരിക്കുവോ…?”
ലതിക ഒന്നും പറയാതെ മുഖം കുനിച്ചു.
മണി അഞ്ചായി.
ഞങ്ങൾ ചെന്ന് ഓരോരുത്തരായി കയറി ആ അമ്മയെ കണ്ടു!
തിരികെ മുറിയിലെത്തിയ ശാലിനി കൊണ്ടുവന്ന ഫ്ളാസ്കിലെ ചായ ഞങ്ങൾക്ക് പകർന്ന് തന്നു.
ഫ്ളാസ്കിൽ ചായയും രാത്രി കഴിയ്കാനുള്ള ഭക്ഷണവും രണ്ട് മൂന്ന് ബെഡ്ഷീറ്റുകളും ഒക്കെയായാണ് അവൾ വന്നത്!
വലിയ ആ ക്ഷീണം ഒന്ന് മാറി എണീറ്റ് ചാരിയിരുന്ന ലതീഷിനെ ശാലിനിയാണ് ചായ പിടിച്ച് കുടിപ്പിച്ചത്!
അവൻ തനിയെ കുടിച്ചോളാം എന്ന് പറഞ്ഞെങ്കിലും!
ഞാൻ പിറ്റേന്ന് എത്താം എന്ന് പറഞ്ഞ് യാത്രയാകുമ്പോഴും ശാലിനിയും സന്ദീപും പോകാൻ ഒരുങ്ങിയില്ല!
എന്റെ കൂടെ ഇറങ്ങി വന്ന സന്ദീപ് ചോദിച്ചു:
“ലതികേടെ കാര്യമവളൊന്നും പറഞ്ഞില്ലല്ലോടാ വറീച്ചാ…?”
ഞാൻ ചിരിച്ചു:
“കൊല്ലവൊന്നായില്ലേടാ അവളോടൊപ്പമ്പൊറുതി തുടങ്ങീട്ട്?
ഇതുവരെ നിനക്കവളെ മനസ്സിലായില്ലേ?
ലതികേടെ കാര്യന്നമ്മളു തെരക്കുവേ വേണ്ട!
അവളിങ്ങോട്ടു നിന്നോടു പറഞ്ഞോളും!”
ഞാൻ പിറ്റേന്ന് രാവിലെ ഒരു പത്ത് മണിയോട് കൂടി ആശുപത്രിയിൽ എത്തുമ്പോൾ ലതിക വളരെ സന്തോഷവതിയായി കാണപ്പെട്ടു!
“അമ്മ കാലത്ത് ചായകുടിച്ചെടാ! ഒരു ദോശേടെ പാതിയുന്തിന്നു! ഉച്ചക്കിത്തിരി പൊടിയരിക്കഞ്ഞി കൊടുത്തോളാമ്പറഞ്ഞു!”
ലതിക ഇത് പറഞ്ഞപ്പോൾ ഞാൻ തിരക്കി:
“ശാലിനിയൊക്കെ എപ്പളാ പോയേ?”
“അവരൊരു പത്തുമണി കഴിഞ്ഞുകാണും! ഇന്നുച്ചകഴിഞ്ഞു വരാന്നുമ്പറഞ്ഞാ പോയത്..”
ഞാൻ മൂളിയിട്ട് ലതീഷിനെ നോക്കി.
അവൻ കുളിയൊക്കെ കഴിഞ്ഞ് മിടുക്കനായി കസേരയിൽ ഇരുപ്പുണ്ട്..
“അമ്മേ നാളെ രാവിലെ റൂമിലോട്ടു മാറ്റാവന്നാ ഡോക്ടറു പറഞ്ഞേ…
ഇവനിപ്പവെന്നെ വേണ്ടടാ ശാലിനിച്ചേച്ചി മതി!”
ലതികയുടെ സംസാരം കേട്ട ലതീഷ് ഇരുന്ന് ചിരിച്ചു.
“ഒത്തിരി നേരായില്ലേടാ ഇരിപ്പു തുടങ്ങീട്ട് മോനിനി ഇച്ചിരനേരങ്കിടന്നോ..”
ലതീഷിനെ താങ്ങി കൊണ്ട് ചെന്ന് കിടത്തിയിട്ട് ലതിക സോഫയുടെ അങ്ങേ അരികിലേയ്ക് ചെന്നിരുന്ന് എന്നെ കണ്ണുകാട്ടി വിളിച്ചു….
സോഫയിൽ ഇരുന്ന എന്നോട് പറ്റിച്ചേർന്ന് ഇരുന്ന ലതിക ഇടംകൈ എന്റെ തോളിലൂടെ ഇട്ട് ചേർത്ത് പിടിച്ച് വലംകൈയാൽ എന്റെ മാറത്ത് പരതിയ്കൊണ്ട് എന്റെ മാറിലേയ്ക് തലചായ്ച്ച് ഒന്നും മിണ്ടാതെ പതുങ്ങിയിരുന്നു..
