“ഇതിനിയെന്നാ ചെയ്യും…?”
“നീയൊന്നുഞ്ചെയ്യാണ്ടിരുന്നാമതി!
നിന്നെപ്പോലെ തൊട്ടാലൊടനേ ചീറ്റിച്ചോണ്ടു നടക്കുവല്ലിവൻ…!”
ലതിക ഫ്ളാസ്കിൽ നിന്നും ഗ്ളാസുകളിലേയ്ക് പകർന്ന ചായയും കുടിച്ച് കൊണ്ട് ഞങ്ങൾ ഇരിയ്കുമ്പോൾ ഞാൻ ചോദിച്ചു:
“നിങ്ങടച്ചന്റേം അമ്മേടേം ബന്ധുക്കളാരുവില്ലാരുന്നോടീ ഈ പുറമ്പോക്കിൽ കഴിയാൻ വിടാതെ നിങ്ങളെ ഒന്നു കേറ്റിക്കിടത്താൻ!”
ലതിക ഒരു നിന്ദ കലർന്ന ചിരി ചിരിച്ചു:
“എല്ലാവരുമുണ്ട്..!
അവിടെ അധികം അകലത്തല്ലാതെ തന്നെ!
മുട്ടാത്ത വാതിലുകളുമില്ല!
പക്ഷേ എല്ലാവരും ഞങ്ങളെ കുഷ്ഠരോഗികളെ പോലെ ആട്ടിയോടിച്ചു!
അച്ചനെ കണ്ടുപരിചയം മാത്രമുള്ള ഈ രണ്ടു ചേട്ടന്മാരാ ആ കുടിലുകെട്ടി താമസിപ്പിച്ച് ഞങ്ങളെ സംരക്ഷിച്ചത്…!
കുറ്റം പറയരുതല്ലോ അവിടെ ഞങ്ങൾ തലചായ്ച് തുടങ്ങിയപ്പോ അച്ചന്റെ സഹോദരങ്ങൾ ഞങ്ങക്കൊരുപകാരം ചെയ്താരുന്നു കെട്ടോ!
താഴ്ന്ന ജാതിക്കാരോടൊപ്പം ചേർന്നൂന്നും പറഞ്ഞ് കരയോഗത്തീന്നും ഞങ്ങളെ ഊരുവിലക്കിച്ചു!
ഹഹ….! ഇപ്പ പേരിനൊപ്പവൊള്ള ആ വാലുമാത്രേ ജാതീടെതായി മുഴച്ചുനിക്കാനൊള്ളു…
ലതിക വി. നായർ..!
നായന്മാരാരും കണ്ടാൽ മിണ്ടില്ല വഴിമാറിപ്പോകും എങ്കിലും!
“അതു കൊഴപ്പവില്ലെടീ… ഇനി ലതിക വി. നായരെ ആരെന്നാ ചെയ്യണോന്നു ശാലിനി എസ്സ്. നായരു തീരുമാനിച്ചോളും!
നിന്നെപ്പോലല്ല! അവടടുത്തൊരുത്തന്റേം കളി നടക്കില്ല!”
ഞാൻ ചിരിച്ച് പറഞ്ഞിട്ട് ചോദിച്ചു:
“ഇന്നിത്തിരി അൽഗുലുത്ത് കേസുകളൊണ്ട് ഞാനന്നാ പൊക്കോട്ടേടീ….?”
“ഉം…. ശാലിനിയൊരു ഒന്നൊന്നരയാകുമ്പ ചോറുമായി വരുവെന്നും പറഞ്ഞാ പോയത്! സന്ദീപേട്ടനവളെ ഇവിടാക്കീട്ടെങ്ങോ പോകണോന്ന്!
ഏട്ടൻ വൈകിയാ കൊണ്ടെ വിടാൻ നിന്നെ വിളിക്കണം വീട്ടിത്തന്നെ കാണണോന്നു പറഞ്ഞു!”
ഞാൻ യാത്രപറഞ്ഞ് ഇറങ്ങുമ്പോഴും ലതീഷ് നല്ല മയക്കത്തിൽ തന്നെ ആണ്!
മരുന്നിന്റെ കാഠിന്യമാണ് ഇങ്ങനെ മയങ്ങി മയങ്ങി കിടക്കുന്നത്….!
“ടാ ലിജോയേ…. ദേ.. ശാലിനിമോളാ വിളിച്ചേ… അവളെ ഒന്നു ചെന്ന് ഹോസ്പിറ്റലീന്നു വീട്ടിലോട്ടു കൊണ്ടുചെന്നാക്കാൻ..”
പപ്പയുടെ ശബ്ദം കേട്ട ഞാൻ വാതിൽക്കൽ ചെന്ന് തലയാട്ടിയിട്ട് വേഗം ഡ്രസ്സുമാറി ഇറങ്ങി….
“ഇന്നാ കാറെടുത്തോ ഇപ്പവവളെ ബൈക്കിലൊന്നുങ്കൊണ്ടോവണ്ട..!”
പപ്പ കാറിന്റെ ചാവി എന്റെ നേരേ നീട്ടി..!
എങ്ങനുണ്ട് തന്ത ആള്…!
മുൻസീറ്റിൽ പപ്പ ഒപ്പമില്ലാതെ ഞാൻ ഞങ്ങളുടെ വണ്ടി മുൻപ് ഒരിയ്കൽ പോലും ഓടിച്ചിട്ടുള്ളതല്ല!
ശാലിനി ഗർഭിണിയാണ് എന്ന വിവരം അറിയുന്നത് തന്നെ ഇന്നലെയാണ്…
അവൾ ആ വിവരം അവളുടെ അമ്മയോട് പറയും മുന്നേ മമ്മിയെ വിളിച്ച് പറഞ്ഞിരിയ്കാനാണ് സാദ്ധ്യത!
സെലിന്റെ ഗൾഫ് ബന്ധം വഴിയുള്ള പരിചയമാണ് ശാലിനിയുമായി. അവളിലൂടെ ഉണ്ടായ ബന്ധമാണ് ലതികയുമായി ഇവരെ രണ്ടു പേരെയും ശ്രീക്കുട്ടൻ അറിയുക പോലുമില്ല എന്നാണ് ഞാൻ വീട്ടിൽ ധരിപ്പിച്ചിരിയ്കുന്നത്!
അതിനാൽ തന്നെ മമ്മി ഇവരെപ്പറ്റി ശ്രീക്കുട്ടനോട് സംസാരിയ്കുകയുമില്ല!
ഞാൻ ചെല്ലുമ്പോൾ ചാരിയിട്ട കതകിന്റെ വിടവിലൂടെ പുറത്തേയ്ക് നോക്കി ലതിക ഇരിപ്പുണ്ട്!
തലയിണ ചാരിവച്ച് അതിൽ കണ്ണുകളും അടച്ച് ചാരിക്കിടക്കുന്ന ശാലിനിയുടെ തോളിലേയ്ക് തലയും വച്ച് ലതീഷും കിടപ്പുണ്ട്…!
ലതിക ചിരിയോടെ ചുണ്ടിൽ വിരൽ ചേർത്ത് മിണ്ടരുത് എന്ന് ആംഗ്യം കാട്ടിയിട്ട് അകത്തേയ്ക് നടന്നു…
ഞങ്ങൾ സോഫയിൽ ചെന്നിരുന്നപ്പോൾ ലതിക അടക്കം പറഞ്ഞു:
“അവളാ അവന്റെ ചേച്ചി…! ഞാനൌട്ട്…!”
“അതായീജന്തൂനെ അടുപ്പിച്ചാലൊള്ള കൊഴപ്പം! വീട്ടിലിപ്പ ഞാനുമ്മോളുവാരുവല്ല!
ശാലിനിമോളല്ലേ പപ്പേടേം മമ്മീടേം ഓമനക്കുട്ടി..!”
ഞാൻ ചിരിച്ച് പറഞ്ഞു.
“നീയിപ്പഴേ പോരണ്ടാരുന്നു! സന്ദീപേട്ടനൊരു പത്തുമണി കഴിയുവെന്നെത്താൻ!
അപ്പവങ്ങു ചെന്നാമതി!
അമ്മയൊക്കെ എത്തിയില്ല.
അല്ലേൽ നീ ചെന്ന് ഇവക്കവിടെ കൂട്ടിരിക്കേണ്ടിവരും”
ഇതിനിടയിൽ ലതീഷിനെ ഉറക്കമുണർത്താതെ അടർത്തി മാറ്റിയ ശാലിനി ചിരിയോടെ എണീറ്റ് വന്നു..
