ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 24

പിൻവാതിൽ തുറന്ന് കയറാനൊരുങ്ങിയ എന്നെ തള്ളിമാറ്റി റസിയ പിന്നിൽ കയറി.
ഞാൻ പിന്നിലേയ്ക് തിരിഞ്ഞു:

“ഇവനു നാളെപ്പിന്നവധിയാന്നു വെക്കാം! നിന്റെ കാര്യോ? അതെന്താ വല്യ കെട്ടും ഭാണ്ടോമൊക്കെ…?”

റസിയ ചിരിച്ചു:

“അമ്മച്ചിയെന്നെ തിങ്കളാഴ്ചയേ വിളിച്ചാരുന്നു! പേറെടുക്കാൻ വേറെ ആളെ നോക്കാമ്പറ നീ വെള്ളിയാഴ്ചയിങ്ങു പോരണോന്നുമ്പറഞ്ഞ്!
തിങ്കളാഴ്ച വൈകുന്നേരാ തിരിച്ച്! ഞങ്ങളു രണ്ടിനുമുള്ള തുണിയാ ബാഗിൽ…!”

ഞങ്ങൾ എട്ടരയായപ്പോൾ വീട്ടിലെത്തി.
അപ്പച്ചനും അമ്മച്ചിയും റോസിച്ചേച്ചിയും പതിവ് പോലെ തന്നെ വാതിൽക്കൽ കാത്ത് നിൽപ്പുണ്ട്…!

അത്താഴം കഴിഞ്ഞ് ഞങ്ങൾ വട്ടം കൂടിയപ്പോൾ അമ്മച്ചി പറഞ്ഞു:

“നാളെ പേരിനൊരു പെണ്ണുകാണൽ! അതു പെണ്ണറിഞ്ഞിട്ടുവില്ല! നിന്റേയവടേം സമ്മതം ഇവിടാർക്കുമ്വേണ്ടതാനും! ഞങ്ങളു വീട്ടുകാരു തമ്മി എല്ലാന്തീരുമാനിച്ചു കഴിഞ്ഞു!

അവളുവിവനെപ്പോലെതന്നെ കെട്ടാണ്ടു നിക്കുവാ! അവക്കു കല്യാണമ്വേണ്ട മഠത്തിലമ്മയാകണോന്ന്…!

എടാ നീയിവളേങ്കെട്ടി ഒളിച്ചു താമസിച്ചപ്പ പഠിപ്പിക്കാമ്ഫോയില്ലേ ദെവസക്കൂലിക്ക്…?അൽഫോൻസാമ്മേടെ കോളേജി ആ പണിയാ അവക്ക് പഠിപ്പീര്…!”

അമ്മച്ചി ശ്രീക്കുട്ടനെ നോക്കി!
അമ്മച്ചിയുടെ കസേരയ്ക് പിന്നിൽ പറ്റിച്ചേർന്ന് അമ്മച്ചിയുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ച് നിന്ന റസിയ എന്നെ നോക്കി ചിരിച്ചു പെട്ടുപോയല്ലോ എന്ന്….!

“അമ്മച്ചിയിതെവിടുന്നു കണ്ടുപിടിച്ചതാ ഈ പെണ്ണെന്തായിങ്ങന കെട്ടാതെ നിക്കുന്നേ കൊഴപ്പമ്വെല്ലോമൊള്ളതാണോ?
എന്നാ അവടെ പേര്….!”

ശ്രീക്കുട്ടൻ ഇത് ചോദിച്ചപ്പോൾ അമ്മച്ചി ഒന്ന് ആലോചിച്ച് ഇരുന്നു…..

“പേര്…! അവളെന്തോ ഒന്നെന്നോടു പറഞ്ഞതാ!
ഞാമ്മറന്നുപോയി!
നല്ല കുടുമ്മത്തു പെറന്ന പെണ്ണാ!

ഞാനവളെ കാണുന്നതൊരു കേറിത്താമസ വീട്ടിവച്ചാ!
പെട്ടന്നു പ്രഷറു താന്ന ഞാന്തലകറങ്ങിയപ്പ പന്തലേ പിടിച്ചു വീഴാതെ നിന്നപ്പ അവളോടിവന്നെന്നെ പിടിച്ചു!
കസേരെ കൊണ്ടിരുത്തി വെള്ളോമെടുത്തു തന്നേച്ചു വർത്താനമ്പറഞ്ഞു വന്നപ്പഴാ കെട്ടുകഴിഞ്ഞില്ലെന്നു പറയുന്നേ!

അപ്പ നീയെവുടുത്തെയാന്നായി ഞാൻ.
അവളു പറഞ്ഞ വീട്ടുകാരെ നമ്മക്കറിയാവുന്നതാ!
നമ്മട ചേർപ്പുങ്കപ്പള്ളീടപ്പറത്തൊള്ള വീടാ…!

എന്നേം പിടിച്ചോണ്ടവളു വണ്ടിനോക്കി പോന്നു….

എന്നാ വണ്ടിയാ അമ്മച്ചീന്നവള്!
കാറെന്നു ഞാനും!
കാറിന്റെ പേരാ ചോയിച്ചേന്നവളും!

ഞാമ്പറഞ്ഞതെനിക്കറിയില്ല അതോടിക്കുന്ന കുരുത്തങ്കെട്ടവന്റെ പേരു രവീന്നാന്നു!

അവളു ചിരിച്ചോണ്ടു എന്നേം താങ്ങിപ്പിടിച്ചു ഒരുപാടു വണ്ടികടെയെടേന്നു നമ്മട കാറു തപ്പിപ്പിടിച്ച് എന്നെയതേകേറ്റി ഇരുത്തീട്ടാ പോയേ…

ഇന്നത്തെ കാലത്തൊരു പെങ്കൊച്ചുങ്ങളും പ്രായായോരോടങ്ങനൊന്നും പെരുമാറുവേല അപ്പഞ്ഞാന്തീരുമാനിച്ചു ഇവളെയെനിക്കുവേണോന്ന്….!

ഞാമ്പിറ്റേന്നവടെ വീട്ടിപ്പോയി കാര്യമ്പറഞ്ഞ് വറീച്ചന്റെ നമ്പരു കൊടുത്തു. അവളപ്പ പഠിപ്പിക്കാമ്പോയി ഞാഞ്ചെന്നതറിഞ്ഞില്ല!
അവടപ്പനുമമ്മേം വറീച്ചനും മറിയാമ്മേമായി ഫോണിൽ പറഞ്ഞെല്ലാവങ്ങ് ഒറപ്പിച്ചു!
നീയുവിവളൂടെ വന്ന് കണ്ടാ പൂർത്തീമായി!”

അമ്മച്ചിയേയും താങ്ങിപിടിച്ച് റസിയ അകത്തേയ്ക് പോയപ്പോൾ ശ്രീക്കുട്ടൻ തിരക്കി…
“ഇതു മിക്കവാറും പെട്ടതു തന്നാണല്ലോടാ!
എന്തായാലും രാവിലെയൊന്നു പോയി കണ്ടേക്കാം.
വന്നേച്ചു കാറെടുക്കണ്ട റസിയ നമ്മളെവിടെപ്പോവാന്നു തിരക്കും നീയാ രഞ്ചൂനെ വിളിച്ചാ ബൈക്ക് കൊണ്ടത്തരാൻ പറ…!”

ഞാൻ ചിരിച്ച് പറഞ്ഞു!

“അതിനീ സാമാനത്തിനെ കെട്ടാൻ എനിക്കു സമ്മതാടാ!
എന്നെ വേണ്ടന്നവളല്ലേ പറയാമ്പോണേ….?”

ശ്രീക്കുട്ടൻ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ഞാൻ ചിരിച്ചു:

“അതിനൊള്ള വഴിയൊക്കെ ഞാങ്കണ്ടിട്ടൊണ്ടടാ….!!!”

കാലത്ത് റസിയ പട്ടുസാരിയൊക്കെ ചുറ്റി തകർത്ത് വാരി നിന്നപ്പോൾ ഞങ്ങളും ഒട്ടും കുറച്ചില്ല. ഞങ്ങളും കസവുമുണ്ടും ഒക്കെ ഉടുത്ത് അടിപൊളിയായി പെണ്ണ് കാണൽ ചടങ്ങിനായി അമ്മച്ചിയോടൊപ്പം ഇറങ്ങി….

വലിയ വളപ്പിലെ കരിങ്കല്ലിൽ തീർത്ത മതിലും കടന്ന് പെണ്ണ് കാണൽ ചടങ്ങിന് ആയി ഞങ്ങൾ ആ വീട്ടുവളപ്പിലേയ്ക് പ്രവേശിച്ചു … വീടിന്റെ പോർച്ചിൽ വണ്ടി ചെന്ന് നിന്നു…….

… …….തുടരും

Leave a Reply

Your email address will not be published. Required fields are marked *