ചേട്ടന് മേശപ്പുറത്ത് ഒരു ഫോറിന് ലൈറ്റ് വെച്ച് അത് ഓണാക്കിയപ്പോള് സൗദാമിനി കൂടെയുള്ളവരെയും കണ്ടു. രണ്ടു പെണ്ണുങ്ങളും ഒരാണും കൂടെയുണ്ട്. ഒന്ന് ചേട്ടന്റെ ഉറ്റസുഹൃത്ത് തോമസ്സാണ്. ചേട്ടന്റെ സ്ഥിരം കമ്പിനിക്കാരനാ. പെണ്ണുങ്ങളേയും സൗദാമിനി തിരിച്ചറിഞ്ഞു. കഴിഞ്ഞ ഇലക്ഷനില് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സാവിത്രിടീച്ചറും കോഓപ്പറേറ്റീവ് ബാങ്കില് ജോലിചെയ്യുന്ന മറ്റൊരു സ്ത്രീയും ആണ്. അവരെ മിനി കണ്ടിട്ടുണ്ട് പക്ഷെ പേരറിയത്തില്ല. സാവിത്രി ടീച്ചര് മിഡില് സ്കൂളില് വച്ച് മിനിയേ പഠിപ്പിച്ചിട്ടുള്ളതാണ്. പ്രായം മുപ്പതോടടുത്തെങ്കിലും കല്ല്യാണം കഴിച്ചിട്ടില്ല. പിള്ളേര്ക്ക് എല്ലാവര്ക്കും ടീച്ചറിനേ പേടിയായിരുന്നു. ഭയങ്കര കണിശക്കാരിയായിരുന്നു. സതിസാവിത്രീന്നാ പിള്ളേര് വിളിച്ചിരുന്നത്.ടീച്ചര് ഒരിക്കലും ഒന്നു ചിരിച്ചുപോലും മിനി കണ്ടിട്ടില്ല. ടീച്ചറിന് ഇവിടെ എന്താ പണി എന്ന് മിനി അതിശയിച്ചു. പഞ്ചായത്ത് പ്രസിഡന്റായ വകയില് നാട്ടുകാരുടെയെല്ലാം കല്ല്യാണത്തിന് പോകുക ഒരു ചടങ്ങായതുകൊണ്ടായിരിക്കും. സുകുമാരന് ചേട്ടന്റെ കയ്യില് രണ്ടു മൂന്ന് ഡ്യൂട്ടി ഫ്രീയുടെ പ്ലാസ്റ്റിക്ക് ബാഗുകളും ഉണ്ടായിരുന്നു.
എല്ലാവരും ഇരുന്നു.
‘ഇളംകാറ്റും കൊണ്ട് ഇരിക്കാന് നല്ല സ്ഥലമാ സുകുമാരാ’. ടീച്ചര് പറഞ്ഞു. ‘നല്ല നിലാവുള്ള രാത്രിയും’.
‘നല്ല കസേരയാ, ഒരു ചാരു കസേരപോലെ. കുഷ്യനോക്കെ ഉള്ളതുകൊണ്ട് എത്ര നേരം വേണമെങ്കിലും
ഇരിക്കാം.’ കൂടെയുള്ള സ്ത്രീ പറഞ്ഞു.
‘ഇതാണ് അമേരിക്കക്കാര് സാധാരണ അവരുടെ വീടിനു പുറത്തിട്ട് കാറ്റുകൊള്ളാന് ഇരിക്കുന്നത്. മഴയും മഞ്ഞും ഏറ്റാലും ഒരു കുഴപ്പവുമില്ല.’ ചേട്ടന്റെ സുഹൃത്ത് പറഞ്ഞു.
‘ടീച്ചര് പ്രസിഡന്റ് ആയതിന്റെ വക ആഘോഷങ്ങളിലൊന്നും കൂടാന് പറ്റിയില്ല. അതുകൊണ്ട് ഒരു ചെറിയ തോതില് ഒന്നു കൂടി നമുക്കിരുന്ന് സംസാരിക്കാമെന്ന പ്ലാനായിരുന്നു. നാളെ കല്ല്യാണത്തിന്റെ ഇടക്ക് മിണ്ടാനും പറയാനും ഒന്നും സമയം കിട്ടുകയില്ലല്ലോ’. കുറെ ഫോറിന് ചോക്കളെറ്റും മിഠായികളും മധുരപലഹാരങ്ങളുമെടുത്ത് മേശയില് വച്ചുകൊണ്ട് സുകുമാരന് പറഞ്ഞു.
‘അതിനെന്താ നമ്മള് അപരിചിതരൊന്നും അല്ലല്ലോ. ഞാന് സുകുമാരന്റെ അപ്പച്ചനേയും അമ്മയേയും
നന്നായി അറിയും. മിനികൊച്ചിനെ ഞാന് പഠിപ്പിച്ചിട്ടുള്ളതാണ്. നിങ്ങള് ഫോറിനില് കിടക്കുന്നവര്ക്ക്
നാട്ടുകാരെ പരിചയപ്പെടാനെവിടെയാ സമയം. ഓടി അവധിക്കു വരും ഓടി പോകും.’ ടീച്ചര് പറഞ്ഞു.
തന്നെ മിനികൊച്ച് എന്ന് ടീച്ചറ് വിളിച്ചല്ലോ. മിനി അതിശയിച്ചു. ഇതാദ്യമാണ് ഇത്രയും വാത്സല്ല്യത്തോടെ തന്റെ പേര് വിളിക്കുന്നത്. രാഷ്ട്രീയത്തില് കയറിയതിന്റെ മാറ്റമായിരിക്കും.
‘ലിസ്സിയേ സുകുമാരന് അറിയില്ലായിരിക്കും അല്ലേ.’ അടുത്തിരുന്ന സ്ത്രീയേ ചൂണ്ടിക്കൊണ്ട് ടീച്ചര്
ചോദിച്ചു.
‘എന്റെ ഉറ്റമിത്രമാണ്. ഞാന് ഇങ്ങോട്ടു വരുന്നെന്ന് പറഞ്ഞപ്പോള് ഒരു കമ്പനിക്ക് കൂടെ
പോരാമെന്ന് പറഞ്ഞു പോന്നതാണ്. പരിചയപ്പെടാന് ഒരു ചാന്സും ആയി. ലിസ്സി നമ്മുടെ ബാങ്കിലേ
അസിസ്റ്റന്റ് മാനേജര് ആണ്. കുടെ സിമന്റ് ഏജന്സിയുമുണ്ട്.’
പരിചയപ്പെടാനുള്ള ഉത്സാഹത്തിന് കാരണം മനസിലായ മട്ടില് സുകുമാരനും തോമസ്സും തലകുലുക്കി.
ലിസ്സിയേ നോക്കി പുഞ്ചിരിച്ചു.
‘തോമസ്സിന്റെ വീടെവിടാന്നാ പറഞ്ഞത്.’ ടീച്ചര് ചേട്ടന്റെ സുഹൃത്തിന്റെ നേരേ തിരിഞ്ഞു.
‘ആലപ്പുഴ’. തോമസ്സ് പറഞ്ഞു.
‘ഞങ്ങള് കഴിഞ്ഞ മൂന്നു കൊല്ലമായി ഒരുമിച്ചു ജോലി ചെയ്യുന്നു. ഞാനിവനോട് പറഞ്ഞു നീ
വന്നില്ലെങ്കില് ഞാന് കഴിക്കില്ലെന്ന്. അങ്ങനെ നിര്ബന്ധിച്ച് അവധി എടുപ്പിച്ച് കൊണ്ടുവന്നതാ’
സുകുമാരന് ചിരിച്ചോണ്ട് പറഞ്ഞു.
സുകുവിന്റെ , ങ്ഹാ നമ്മുടെ സുകുമാരന്റെ… കല്യാണമാണ്.അവനാണേല്‍ പേര്‍ഷ്യാക്കാരനാണല്ലോ. വന്നപാടെ അവന്‍ പഞ്ചായത്ത്പ്രസിഡന്റിനേയും കൂട്ടരേയും സല്‍ക്കരിക്കുന്ന തിരക്കിലാണ്. അവിടെയാണ് മ്മടെ സൗദാമിനി ഒളിച്ചിരിക്കുന്നതെന്ന് ആ കെഴങ്ങന്മാര്‍ക്കും കെഴങ്ങികള്‍ക്കും അറിയില്ല. ശരി ഇനി വായിച്ചോളീ….
