ഞാൻ: അതും ഒരു സൈഡിൽ ഉണ്ടെടാ. വീടിന് മുകളിൽ ഒരു റൂം റെഡി ആക്കുവാൻ അമ്മയ്ക്ക് പ്ലാനുണ്ട്. ക്ലാസ് എടുക്കാനും പിന്നെ ബുക്കും മറ്റും വെയ്ക്കാനും. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കുറേ ബുക്ക് വെള്ളം കേറി നശിച്ചതല്ലേ. അതൊക്കെ അങ്ങോട്ടാക്കും. അപ്പോ അതിൻ്റെ കൂടെ എൻ്റെ ഒരു റൂം കൂടി സൈഡിൽ എടുക്കും.
നിതിൻ: പണിയെടുക്ക് പണിയെടുക്ക്. കാശിന് ആവശ്യമുള്ളതല്ലേ നമുക്ക്.
ഞാൻ: ഓഹോ. ചോദിക്കുമ്പോ ചോദികുമ്പോ കാശെടുത്ത് തരാൻ നിൻ്റെ തന്തയെപ്പോലുള്ള തന്ത എനിക്കില്ല. എനിക്കുള്ളത് ഞാൻ തന്നെ ഉണ്ടാക്കണം.
നിതിൻ: അമ്മ ഉണ്ടല്ലോ. ദിവസം നാലും അഞ്ചും ക്ലാസ് ആണ്. എങ്ങനെ പോയാലും മാസം ഒരു 20-25 ഒപ്പിക്കുന്നുണ്ട്. ആ കോളേജിലെ പിള്ളേരുടെ ഫീസ് മാത്രം മതിയല്ലോ സുഖമായി കഴിയാൻ.
ഞാൻ: വിട്, വിട്.
സംസാരിച്ച് നിൽകുമ്പോൾ അമ്മയുടെ കോൾ വന്നു.
ഞാൻ: ഡാ സൈലൻ്റായെ..അമ്മ വിളിക്കുന്നു. അവന്മാർ പെട്ടെന്ന് സംസാരം നിർത്തി.
“ഹലോ, അമ്മാ”
“നീ എവിടെയാ ഇപ്പൊ?”
“ഞാന്… ഞാനിവിടെ ജങ്ഷനിലാ. നിതിനും അനുവും ഉണ്ട് കൂടെ.”
“എപ്പൊ വരും?”
“കുറച്ച് കഴിയും. എന്താ?”
“അതുല്യയിൽ കയറി സാറിനെ കണ്ടിട്ട് വാ. അത് പറയാൻ വിളിച്ചതാ.”
“ഞാൻ കുളിച്ചില്ല അമ്മാ..ഈ വേഷത്തിൽ പോകാനോ?”
“അവിടെ ഇന്ന് അവധിയാ. പോയി കണ്ടിട്ട് വാ. അര മണിക്കൂറിൻ്റെ കാര്യമല്ലേ. അമ്മ വരുമ്പോ ലേറ്റ് ആവും.”
“ഞാൻ ഒന്നും കഴിച്ചതുമില്ലെന്നെ.”
“പുറത്ത് നിന്ന് കഴിച്ചോ.. ജിപേ ചെയ്യാം.”
“ആ ശരി.”
നിതിൻ: അമ്മ എന്തിനാ വിളിച്ചേ?
ഞാൻ: അതുല്യയിൽ പോകാൻ. മണികണ്ഠൻ സാറിനെ കാണണമെന്ന്.
നിതിൻ: പൊക്കോ.
ഞാൻ: നിങ്ങളും വാ.
അനു: ഞങ്ങളെന്തിനാ? പ്ലസ് ടൂ കഴിഞ്ഞ ശേഷം ആ വഴിക്കേ പോയിട്ടില്ല.
ഞാൻ: വല്ലതും കഴിച്ചിട്ട് പോകാടാ. അമ്മ കാശ് ഇട്ട് തരാന്ന് പറഞ്ഞു.
നിതിൻ: എന്നാ പോവാം.
അനു: എടാ, അപ്പൊ, മുകളിൽ റൂമെടുത്താൽ, അവിടെ വെച്ചും ക്ലാസ് എടുക്കാൻ ആണോ?
നിതിൻ: ഇവനിത്. അതാണോ ഇപ്പൊ ഇമ്പോർട്ടൻ്റ്?
ഞാൻ: മിണ്ടാതിരി നിതിനെ. അതാണ് പ്ലാൻ. ഹിന്ദി ക്ലാസ് അങ്ങോട്ട് ആക്കിയാൽ ആ മോഹനൻ്റെ കടമുറി ഒഴിയാമല്ലോ. മാസം അയ്യായിരമാ ആ നാറി ചോദിക്കുന്നത്. അതും മാസം 8 ദിവസത്തെ ആവശ്യത്തിന്. കൂടുതലല്ലേ എന്ന് ചോദിച്ചപ്പോൾ, പറ്റില്ലെങ്കിൽ ഒഴിഞ്ഞോ ന്ന്..രണ്ട് മാസം കൊണ്ട് ശരിയാക്കണം. എൻ്റെ ഒരു ഒന്നരയുണ്ട്. ബാക്കി അമ്മ തരും. നാലിന് നിർത്തി കിട്ടിയാൽ രക്ഷപെട്ടു.
നിതിൻ: വരുന്നുണ്ടോ നീയൊക്കെ? ഇല്ലെങ്കിൽ ഞാൻ പോകുവാ.
ഞങ്ങൾ മൂന്നും കൂടി സൈക്കിളെടുത്ത് നേരെ ഒരു ഹോട്ടലിലേക്ക് വിട്ടു. ഭക്ഷണവും കഴിച്ച് സാറിനെയും കണ്ട് ഇറങ്ങി. സാറിൻ്റെ വായിൽ നിന്ന് കേട്ടതിൻ്റെ ജാള്യത രണ്ടിൻ്റെയും മുഖത്ത് ഉണ്ടായിരുന്നു.
നിതിൻ: ഗ്രൗണ്ടിലേക്ക് വിട്ടാലോ? മാച്ച് ഉള്ളതല്ലേ.
അനു: ഉം…ഇത്തവണ എന്ത് വില കൊടുത്തും ജയിക്കണം. അഭിമാന പ്രശ്നമാണ്.
ഞാൻ: ഞാൻ വീട്ടിൽ പോകുവാടാ. എനിക്ക് ഈ കളിയൊന്നും മനസിലാവത്തില്ല.
അനു: നീ ഈ പഠിച്ചും പഠിപ്പിച്ചും നടന്നോ. നാടുമായി ഒരു ബന്ധോം വേണ്ട. നീ വാ നിതിനെ.
അതും പറഞ്ഞ് അവർ ഇറങ്ങി. അനു പറഞ്ഞതിനോട് തിരിച്ചൊന്നും പറയാൻ പറ്റിയില്ല. പറയാൻ വാക്കുകൾ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. പഠിച്ചത് മുഴുവൻ പ്രൈവറ്റ് സ്കൂളിൽ. പഠിച്ച് നേടിയ സർട്ടിഫിക്കറ്റ് അല്ലാതെ വലിയ കഴിവൊന്നും പറയാനില്ല. സ്‌പോർട്‌സിൽ വട്ട പൂജ്യം. കൂട്ടുകാർ എന്ന് പറയാൻ ആകെയുള്ളത് സ്കൂളിൽ നിന്ന് കിട്ടിയ ഈ രണ്ട് ജന്മങ്ങളും. ഞാൻ അതും ആലോചിച്ച് തിരികെ വീട്ടിലേക്ക് തിരിച്ചു.
മതിൽ കെട്ടി കോമ്പൗണ്ട് തിരിച്ചിട്ടില്ലാത്ത ഒരു വസ്തുവാണ് ഞങ്ങളുടേത്. വീടിന് സൈഡിലെ വഴിയാണ് ഞാൻ പറഞ്ഞ കോളനിയുടെ തുടക്കം. വീടിൻ്റെ ഒരു വശത്തെ വസ്തു റബ്ബറും മറ്റേത് കപ്പയും മുന്നിൽ റോഡും ഒരു കനാലും. വീട്ടിനടുത്ത് എത്താറായപ്പോൾ ദൂരെ രണ്ട് പേര് സംസാരിച്ച് നടന്ന് വരുന്നു. അമ്മയും മോളി ആൻ്റിയും. ചന്തയിൽ ഒരു ചെറിയ തുണിക്കട നടത്തുന്ന ചേച്ചിയാണ്. പരിചയമുള്ള വീടുകളിൽ പോയി നൈറ്റി, ഇന്നർവെയർ വിൽക്കുന്ന പണിയും ഉണ്ട്. ഒരു 50-55 വയസ് പ്രായം വരും. മക്കൾ രണ്ടും കെട്ടി കുടുംബങ്ങളായി.
