വിലക്കപ്പെട്ട പ്രണയം 1

അദ്ദേഹത്തെ കാണാത്ത ദിവസങ്ങളിൽ എന്നിൽ ഉടലെടുക്കുന്ന നിരാശയെ എന്ന് മുതൽ ആണ് ഞാൻ ഭയക്കാൻ തുടങ്ങിയത്. മാഷിന്റെ ക്ലാസ്സിൽ എന്നും ഒന്നാമതെത്തി ആ മനുഷ്യന്റെ ഉള്ളിൽ പ്രിയപ്പെട്ട ശിഷ്യയുടെ സ്ഥാനം കണ്ടെത്തിയിരുന്നു ഞാൻ. എന്നിലെ മാറ്റം തിരിച്ചറിഞ്ഞത് തൊട്ടു ഞാൻ ഭയക്കാൻ തുടങ്ങി. എന്റെ കള്ളത്തരം മാഷിന് മനസ്സിൽ ആവുമോ എന്ന പേടി പിന്നീട് മാഷിന്റെ മുഖത്തു നോക്കുന്നതിൽ നിന്നും എന്നെ വിലക്കി.

തലവേദനയെടുത്തു ലൈബ്രറിയിൽ ആളൊഴിഞ്ഞ മൂലയിൽ ഡെസ്കിൽ തലവെച്ചു ഞാൻ കിടക്കുമ്പോൾ എന്റെ അരികിൽ വന്നു വേദന കുറഞ്ഞോ വേപഥുപൂണ്ട് ചോദിച്ച സാറിന്റെ കണ്ണിൽ കണ്ട വേദന ഉള്ളിൽ കുഴിച്ചുമൂടാൻ ഞാൻ ശ്രമിക്കുന്ന ആഗ്രഹങ്ങളെ വീണ്ടും വളർത്തി.. എന്നെ സ്വപ്നം കാണാനും കാണുന്ന സ്വപ്നങ്ങളെ താലോലിക്കാനും പഠിപ്പിച്ചത് സാർ ആണ്..

ചെയുന്നത് പാപമാണ് എന്ന് ഉള്ളിൽ നിന്ന് ഒരു പാതി അലമുറയിട്ടപ്പോളും മറുപാതി അതിനെ എതിർത്തു. എന്നെക്കാൾ മുപ്പതു വയസ് വ്യത്യാസമുള്ള ഒരു ഭാര്യയും രണ്ടുമക്കളുടെ അച്ഛനും ആയ ഒരാളോട് എനിക്ക് പ്രണയം തോന്നുക എന്ന് പറയുന്നത് എല്ലാവരുടെയും കണ്ണിൽ തെറ്റാണ്..

എന്തോ എന്റെ പ്രണയം മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു നേരമ്പോക്ക് ആവാം എനിക്ക് അത് എന്റെ ജീവൻ ആണ്.. ഭാര്യയുമായി അകന്നു കഴിയുന്ന സാർ എന്നെ സ്നേഹിച്ചത് എന്ന് മുതൽ ആണ്..എന്റെ ഉള്ളിൽ പൂവിട്ട പ്രണയം ഞാൻ തുറന്നു പറഞ്ഞില്ലെങ്കിലും സാർ അത് മനസ്സിലാക്കിയിരുന്നു.. വാത്സല്യം കലർന്ന സ്നേഹം അതായിരുന്നു സാറിനു എന്നോട്..

സാർ കോളേജ് മാറി പോവുന്നു അറിഞ്ഞ ദിവസം എല്ലാവരോടും യാത്ര പറഞ്ഞു കോറിഡോറിലൂടെ നടന്നു നീങ്ങുന്ന സാറിനെ പുറകിൽ നിന്നും പുണർന്നു ഞാൻ എന്റെ ഇഷ്ടം പറയുമ്പോൾ മറ്റുള്ളവർ നോക്കിനിൽക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകളുമായി കോരുത്ത ആളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന നോവ് എന്നെ വല്ലാതെ ഉലച്ചുകളച്ചു.

” ഊഷരമായ എന്റെ ഉള്ളിൽ പ്രണയമഴ പെയ്യിച്ചവൾ ആണ് നീ.. നിനക്ക് ഒരു ഭാവി ഉണ്ട് കുട്ടി അതിനു ഞാനോ എന്റെ പ്രണയമോ തടസമാവരുത്.. ഈ പ്രായത്തിൽ തോന്നുന്ന കുസൃതി അങ്ങനെ കാണണം എന്റെ മോൾ ഈ പ്രണയത്തെ..”

” മാഷേ.. എനിക്ക് മാഷ് ഇല്ലാതെ പറ്റില്ല.. എനിക്ക് വേണം എന്റെ മാഷിനെ ”

” ശരിയാവില്ല കുട്ടി.. നിനക്ക് എന്റെ മകൾ ആവാൻ ഉള്ള പ്രായമേ ഉള്ളൂ.. നിന്നെ ഞാൻ പ്രണയിച്ചാൽ അത് പാപമാവും.. ”

” സത്യത്തിൽ ഈ ലോകത്തിലെ ഏറ്റുവും വലിയ് വിഡ്ഢിത്തം പാപവും പുണ്യവും ആണ് മാഷേ.. ഒരേ കാര്യം തന്നെ ചിലർക്ക് പാപവും മറ്റുചിലർക്ക് പുണ്യവും ആകുന്നു , ഓരോ കാഴ്ച്ചപടുകളിൽ അത് മാറിമറയുന്നു…”

” നീ ഒരുപാട് സംസാരിക്കുന്നു ഗൗരി … ഈ പതിനേട്ടാം വയസിൽ തോന്നിയ പ്രേമം ഒരു ഇരുപത്തൊന്നു ഇരുപത്തിരണ്ടു വയസാകുമ്പോൾ നിനക്ക് തന്നെ തെറ്റാണെന്നു തോന്നും.. ”

” ഇല്ല മാഷേ.. ഇത് എന്റെ ശെരിയാണ്.. ഞാൻ നനയാൻ ആഗ്രഹിച്ച മഴയാണ് സാറിന്റെ പ്രണയം… ”

” നീ എന്നെ ധർമ്മസങ്കടത്തിൽ ആക്കുന്നു കുട്ടി.. വേദനിക്കാൻ ആയി നമ്മുക്ക് ഈ പ്രണയം വേണ്ട..പഠിക്കണം നല്ല നിലയിൽ എത്തണം എന്റെ കുട്ടി.. ”

അതും പറഞ്ഞു കണ്ണുകൾ കലങ്ങി ഹൃദയം വിങ്ങി നടന്നു നീങ്ങുന്ന ആ മനുഷ്യനിൽ ഞാൻ കണ്ട നിസ്സഹായവസ്ഥ ഈ സമൂഹത്തിന്റെ വേലിക്കെട്ടുകൾ തീർത്തതായിരുന്നു ..

 

ശരിയോ തെറ്റോ എന്നറിയാത്ത പ്രണയം അത്രമേൽ പ്രിയപ്പെട്ടതായിരിക്കുമ്പോഴും ചേർത്തുപിടിക്കാൻ ആവാതെ വിട്ടുകളയേണ്ടി വരുന്ന അവസ്ഥ എന്തൊരു വേദനയാണ്.. രാത്രിയിലെ ഇരുട്ടും എന്റെ തലയണയും മാത്രം അറിഞ്ഞ എന്റെ വിരഹം..

അതിൽ പിന്നെ മനസ് തുറന്നു ഒന്ന് ചിരിക്കാൻ പോലും ആയിട്ടില്ല എനിക്ക്.. കോളേജിലും മറ്റു അധ്യാപകർക്കിടയിലും ഞാൻ മോശപ്പെട്ടവൾ ആയി.. എല്ലാവരുടെയും കണ്ണിൽ അധ്യാപകനോട് കാമം തോന്നിയവൾ ആയി…

സത്യത്തിൽ അങ്ങനെ ഒരു വികാരം എനിക്ക് ഉണ്ടായിരുന്നോ? പരിശുദ്ധമായ സ്നേഹമല്ലായിരുന്നോ എനിക്ക് അദ്ദേഹത്തോട്…

Leave a Reply

Your email address will not be published. Required fields are marked *