വിവാഹത്തിന് ശേഷം – 1

After Marriage

Author : Kulasthree


എന്റെ പേര് അമൃത. അമ്മു എന്ന് വിളിക്കും . അച്ഛനും അമ്മയും അനുജനും അടങ്ങുന്ന ഒരു കൊച്ചു വീട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. പഠിക്കാൻ നന്നേ പുറകിലായിരുന്നതിനാൽ കൂടുതൽ പഠിപ്പിക്കാൻ നിൽക്കാതെ കല്യാണം കഴിപ്പിച്ചു വിട്ടു. ആദ്യമൊക്കെ എതിർത്തെങ്കിലും പെണ്ണുകാണൽ ചടങ്ങിന് ആളെ കണ്ടതോടെ എന്റെ എതിർപ്പും തീർന്നു.

രുധിൻ പ്രജാപതി…

പേരിലെ തലയെടുപ്പ് രൂപത്തിലും സ്വഭാവത്തിലും ഉണ്ട് എന്ന് കൂട്ടിക്കോളൂ. സംസാരത്തിലും നടപ്പിലും ഗൗരവം.  അധ്യാപകരായ അച്ഛനും അമ്മയ്ക്കും കൂടി ഒറ്റ പുത്രൻ.ഒറ്റ നോട്ടത്തിൽ വീണ്ടും ഒന്ന് നോക്കി പോകും. ഇറുകി പിടിച്ച ഷർട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന പേശികളും വിരിഞ്ഞ നെഞ്ചിലെ സ്വർണ്ണ തൃശൂലത്തിലും ഉടക്കി നിന്നുപ്പോകും ആരും..

” അമൃത എത്ര വരെ പഠിച്ചു? ”

ആദ്യ കാഴ്ച്ചയിൽ തോന്നിയ മോഹാലസ്യത്തെ  തച്ചുടച്ചുകൊണ്ട് എവിടെയോ ഉറങ്ങിക്കിടന്ന അപകർഷധ തലപൊക്കി.

“+2” “എന്തേ പിന്നീട് പഠിക്കാതിരുന്നേ?”

ഇത്രയും നേരം ഗൗരവം നിറഞ്ഞ ആ മുഖത്ത്  ചെറിയ ഒരു കുസൃതി മിന്നി മാഞ്ഞത് പോലെ തോന്നി.അതിലൊരു കളിയാക്കൽ ഉണ്ടോ അതോ എനിക്ക് തോന്നിയതാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു നിന്നു.

“വേറൊന്നുമല്ല അമൃത ഇപ്പോഴും കൊച്ചു കുട്ടിയല്ലേ..കല്യാണം കഴിഞ്ഞു തനിക്കു പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ആവാം ”

കൊച്ചു കുട്ടിയോ? കൊച്ചു കുട്ടിയാണെന്ന് തോന്നിയെങ്കിൽ പിന്നെന്തിനാ ഇയാളെന്നെ കെട്ടാൻ പോകുന്നെ? കൗമാരം വിട്ടുമാറാത്ത എന്റെ മനസ്സിൽ വലിയ എന്തോ വൃത്തികേട് കേട്ടത് പോലെയാണ് രുധിയേട്ടന്റെ ഓരോ വാക്കുകളും തോന്നിപ്പിച്ചത് . എങ്കിലും സധാ സമയവും വായിക്കുന്ന പൈങ്കിളി നോവലിലെ നായികയെ പോലെ ഭാവി ഭർത്താവിന് മുമ്പിൽ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നതേ ഉള്ളു .

ഭൂസ്വത്തും കുടുംബ പാരമ്പര്യവും ആവശ്യത്തിൽ ഏറെ ഉള്ള മാമ്പ്രത്തെ പയ്യന് നമ്മളുടെ വീട്ടിൽ നിന്നൊരു ബന്ധം ഇഷ്ടപ്പെടുമോ എന്നായി പിന്നീട് വീട്ടിലെ ചർച്ച. നീണ്ട ദിവസത്തെ ആശങ്കകൾക്ക് ഒടുവിൽ നല്ലൊരു തീയതി നിശ്ചയിച്ച് കല്ല്യാണം നടത്താം എന്ന തീരുമാനത്തിൽ മാമ്പ്രത്തു നിന്നും ഒരു ഫോൺ കാൾ എത്തി. കണ്ണടച്ച് തുറക്കും പോലെയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. ഇതിനിടയിൽ രുധിയേട്ടനെ ഒന്നു നേരിട്ട് കാണണം എന്ന് പല തവണ ആഗ്രഹിച്ചെങ്കിലും നടന്നില്ല. വീണ്ടും ആ നുണക്കുഴിയും  കുഞ്ഞി കണ്ണുകളും എന്റെ സ്വപ്‌നങ്ങളിൽ നിറഞ്ഞു .  ഒളിച്ചും പാത്തും വായിച്ചിട്ടുള്ള പലതിനെയും പറ്റിയായി പിന്നീടുള്ള ചിന്ത.

ആളും ആരവങ്ങളോടും കൂടി മണ്ഡപത്തിൽ വെച്ച് താലി ചാർത്തിയപ്പോൾ ഒരു നൂറു ജന്മം ഈ തണലിൽ കഴിയാൻ അനുവദിക്കണേ എന്നേ പ്രാർത്ഥിച്ചുള്ളൂ.

ആദ്യരാത്രിയിൽ കയ്യിൽ ഒരു ഗ്ലാസ്സ്‌ പാലും തന്നു  അമ്മായിയമ്മ മുറിയിലേക്ക് പറഞ്ഞു വിടുമ്പോൾ എന്തെന്നില്ലാത്ത പേടി തോന്നി. കല്ല്യാണം കഴിഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും അപരിചിതർ ആണല്ലോ. അവസാനം രണ്ടും കല്പിച്ചു ഡോർ തുറന്നു ചെന്നപ്പോൾ കണ്ടു ഒരു സിഗരേറ്റും കയ്യിൽ പിടിച്ചു ബാൽക്കണിയിലേക്ക് നോക്കി നിൽക്കുന്ന ആളെ.

ഓഹോ… അപ്പോൾ ഇതും ശീലമാണോ (അമ്മു ആത്മ )

വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാവണം കയ്യിലിരുന്ന സിഗരറ്റ് പതിയെ ജനൽ വഴി കളഞ്ഞിട്ട് ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു.

” ആഹാ പാലൊക്കെ ആയിട്ടാണോ… ”

“അ..അത്.. അമ്മ തന്നുവിട്ടപ്പോൾ…”

ഞാൻ പറഞ്ഞു മുഴുവിക്കുന്നതിനു മുൻപേ ആൾടെ ഫോൺ റിങ് ചെയ്തു തുടങ്ങി

“ആയിക്കോട്ടെ.. പക്ഷേ ഞാൻ ആൾറെഡി ബ്രഷ് ചെയ്തു പോയി അതുകൊണ്ട് താൻ തന്നെ കുടിച്ചോ..രാവിലത്തെ നല്ല ക്ഷീണം ഉണ്ടെങ്കിൽ ലൈറ്റ് അണച്ചു കിടന്നോളു..”

എന്റെ മുഖത്തേക്ക് കൂടി നോക്കാതെ ഫോണുമെടുത്തു ധൃതിയിൽ മുറിവിട്ടിറങ്ങി. ഒറ്റയ്ക്ക് ആ മുറിയിൽ എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം നിന്നു.. താഴെ ബാൽക്കണിയിൽ കൂടി നോക്കിയപ്പോൾ കണ്ടു ആരോടൊക്കെയോ സംസാരിച്ചു നിൽക്കുന്ന രുധിയേട്ടനെ..

“എടി അമ്മു.. ഈ നേവിക്കാരൊക്കെ ഭയങ്കര റൊമാന്റിക് ആണെന്ന കേട്ടിട്ടുള്ളെ. നിന്റെ രുധിനെ കണ്ടിട്ട് ആദ്യരാത്രി തന്നെ പണി തരുമെന്ന തോന്നണേ ” കല്ല്യാണ തലേന്ന് വീട്ടിൽ വന്ന അപ്പച്ചിയുടെ മകൾ പറഞ്ഞത് ഒന്ന് ഓർത്തുപോയി. ശെരിയാണ് രുധിയേട്ടൻ റൊമാന്റിക് ഒക്കെ ആയിരിക്കും പക്ഷേ എന്നോടില്ലെന്നു മാത്രം..രുധിയേട്ടന് എന്നെ ഇഷ്ടപ്പെട്ടിട്ടല്ലേ കെട്ടിയത്? ഞാൻ വെറും +2ക്കാരി ആയതു കൊണ്ട് ആയിരിക്കുമോ? പക്വതയില്ലാത്ത എന്റെ പ്രായം എന്നെ അങ്ങനെ ഒക്കെയാണ് ചിന്തിപ്പിച്ചത്.ഓരോന്ന് ഓർത്ത് പരിഭവിച്ചും സങ്കടപ്പെട്ടും ഉറക്കം വന്നു കണ്ണ് മൂടിയതറിഞ്ഞില്ല..

പിറ്റേന്ന് എന്തോ അനക്കം തട്ടി കണ്ണ് തുറന്നപ്പോഴാണ് അടുത്ത് കിടക്കുന്ന ആളെ കണ്ടത്. ഒരു വശത്തേക്ക് തല ചെരിച്ചു കമഴ്ന്നാണ് കിടപ്പു. ഇന്നലെ എപ്പോൾ വന്നു കിടന്നു ആവോ? സ്വർണ്ണത്തിന്റെ നിറമാണ് രുധിയേട്ടന്. കട്ടിയുള്ള കൂട്ടുപുരികവും ചാമരത്തോട് സാമ്യം തോന്നിക്കുന്ന കൺപീലികളും. അടുക്കളയിൽ ആരുടെയൊക്കെയോ ശബ്ദം കേട്ടപ്പോഴാണ് തിരിച്ചു സ്വബോധത്തിൽ എത്തിയത്. താഴെയുള്ളവരെ എങ്ങനെ അഭിമുഖീകരിക്കും?  അല്പ്പം നേരത്തെ ആലോചനക്കൊടുവിൽ താഴേക്കു ചെന്നു.. എങ്ങും പരിജയം ഇല്ലാത്ത മുഖങ്ങൾ..ശ്ശോ ആരും വേണ്ടായിരുന്നു ഞാനും രുധിയേട്ടനും മാത്രം മതിയായിരുന്നു..കല്യാണത്തോട് അനുബന്ധിച്ചു വന്ന ബന്ധുക്കളും അയൽക്കാരുമൊക്കെ ആ വീടിന്റെ ഓരോ കോണിലും നിന്ന് എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി..

“ആഹ് മോളെ … ദേ ചായ അമ്മ ആ ഫ്ലാസ്കിൽ ഒഴിച്ച് വച്ചിട്ടുണ്ട് .. ഒരു ഗ്ലാസ്സിൽ എടുത്തു കുടിച്ചിട്ട് അവനും കൊണ്ട് കൊടുക്ക്‌..”

അധിക നേരം അവിടെ നിന്നു വട്ടം കറങ്ങാതെ ചായയും എടുത്തു നേരെ മുകളിലേക്കു പോയി. കുളിമുറിയിലെ വെളിച്ചം കണ്ടപ്പോൾ മനസ്സിലായി ആള് അകത്തുണ്ടെന്നു.. പെട്ടന്ന് തന്നെ ഇന്നലെ കൊണ്ടുവെച്ച ബാഗിൽ നിന്നും ഫോൺ എടുത്തു വീട്ടിലേക്കു വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരുതരം ഒറ്റപ്പെടൽ തോന്നി, തിരിച്ചു വീട്ടിൽ പോയിരുന്നെങ്കിൽ എന്ന് പോലും ചിന്തിച്ചു.

” ഗുഡ് മോർണിംഗ് ”

രുധിയേട്ടന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.

” ഗുഡ് മോർണിംഗ്… അമ്മ വിളിച്ചപ്പോൾ ചോദിച്ചു ഇന്ന് അങ്ങോട്ട്‌ നമ്മൾ ചെല്ലുമോ എന്ന്..” “മ്മ്..എല്ലാവർക്കും ഡ്രെസ്സും എടുത്തു ഉച്ചയോടുകൂടി ഇറങ്ങാം ”

ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞു. രുധിയേട്ടന്റെ വീട് പതിയെ പതിയെ എന്റെയും വീടായി മാറി. ഇടക്കിടക്ക് ഉള്ള നോട്ടങ്ങളിലൂടെ ഞങ്ങൾ പരസ്പരം പ്രണയിച്ചു തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *