” ശരിയാണ്….. പക്ഷേ ആദ്യം വിളിച്ചത് സാറെ എന്നായിരുന്നു. അന്ന് സാറത്തിരുത്തിയില്ല. ഇനിയിപ്പൊ രണ്ടു ദിവസത്തേക്ക് വേണ്ടി മാറ്റാൻ കഴിയില്ല. മാറ്റിയാലും ആ വിളി തന്നെയേ നാവിൽ നിന്ന് വരുകയുള്ളു. ”
“ശരി നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്…. പിന്നെ പുറത്ത് പോകണമെങ്കിൽ പോവാം., അതല്ല ഉറങ്ങണമെങ്കിൽ ഓഫീസിനുള്ളിലെ റസ്റ്റ്റൂമിൽ ഉറങ്ങിക്കോളൂ”
“സാർ ഞാൻ തൽകാലം ഞാനുറങ്ങുന്നില്ല. ടൗണിലേക്കൊന്നിറങ്ങിയിട്ട് വരാം. ഇതു വരെ ഒഴിഞ്ഞ് ടൗണിലേക്കിറങ്ങിയിട്ടില്ല.”
” പോയിട്ടുവാ…., നിനക്ക് പണമെന്തെങ്കിലും ആവശ്യമുണ്ടോ ”
“നിങ്ങളുടെ വലിയ മനസ്സിനു നന്ദി. ഇപ്പോൾ പണം ആവശ്യമില്ല സാർ അത്യാവശ്യത്തിനുള്ള പണം എന്റെ കയ്യിലുണ്ട്.
“എന്നാൽ ശരി നീ പോയിട്ടുവാ…. ”
“ശരിസാർ”
അലി പുറത്തിറങ്ങി ബൈക്കിൽ കയറി ടൗണിലേക്ക് പോയി
ആ സമയം സുമയ്യ ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. ഇന്ന് ഒരുമിച്ച് കോളേജിൽ പോകാമെന്ന അവളുടെ അഭ്യർത്ഥന മാനിച്ചായിരുന്നു അത്. ഇന്ന് പോകുന്ന വഴിയിൽ ആ മനുഷ്യൻ വരുന്നുണ്ടോ എന്നറിയാനുള്ള ആകാംഷയാണ് സുമയ്യയെ ഷഹാനയുടെ വീട്ടിലെത്തിച്ചത്. ഒമ്പത് മണി കഴിഞ്ഞപ്പോൾ അവർ കോളേജിലേക്ക് പോകാനായി ഇറങ്ങി. വീടിന്റെ ഗൈറ്റ് കടന്നത് മുതൽ തിരിഞ്ഞും മറിഞ്ഞും നോക്കി കോളേജിനെ ലക്ഷ്യമാക്കി അവർ നടന്നു തുടങ്ങി
അലി പട്ടണം മുഴുവൻ ബൈക്കിൽ കറങ്ങിയ ശേഷം മ്യൂസിക് അക്കാദമിയിലെത്തി. അവിടെ അർജുനനും മായയും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
അത് ശരി നീ ഇതിനാണല്ലെ എന്നെ പറഞ്ഞയച്ചത്. അലി അർജുനനോടായി ചോദിച്ചു.
അങ്ങനൊന്നുമില്ലെടാ നിനക്കു കൂടി അറിയാവുന്ന കാര്യമല്ലേ ഇത്. പിന്നെന്താ ഈ കാര്യത്തിൽ എനിക്ക് നിന്നോട് മറച്ചുവെക്കാനുള്ളത്
നുണ പറയുകയാണ് അലി.. ആരുടേയും ശല്യമില്ലാതെ തനിച്ച് സംസാരിക്കാനായി തന്നെ വിളിച്ചു വരുത്തിയതാണ്. മായ ഇടയിൽ കയറി പറഞ്ഞു.
അത് ശരി എന്നിട്ട് നുണ പറയുകയാണല്ലേ
നിന്നോടെന്തിനാ അലി ഞാൻ നുണ പറയുന്നത്.ഇവൾ എന്റെ മുറപ്പെണ്ണാണെന്നും ഞങ്ങളുടെ നിശ്ചയം മൂന്ന് ദിവസം മുമ്പ് കഴിഞ്ഞതാണെന്നും നിനക്കറിയാവുന്നതല്ലേ . പിന്നെ നീ പോയി കഴിഞ്ഞപ്പോൾ എനിക്കൊന്ന് മിണിയും പറഞ്ഞുമിരിക്കാൻ ഞാനിവളെ വിളിച്ചു വരുത്തിയെന്നേയുള്ളു. മായയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു.
നുണ പറയുകയാണ് അലി ഇന്ന് എട്ടു മണിക്ക് കാണാമെന്ന് ഞങ്ങൾ ഇന്നലെ തീരുമാനിച്ചിരുന്നു. അർജുനനെ ശ്രദ്ധിക്കാതെ മായ പറഞ്ഞു
ഇനിയതിനെക്കുറിച്ചൊന്നും പറയണ്ട കഴിഞ്ഞത് കഴിഞ്ഞു. ഞാനൊരു തമാശക്ക് ചോദിച്ചെന്നേയുള്ളു. ഒരു കുസൃതിച്ചിരിയോടെ അലി പറഞ്ഞു.
അല്ല നീ പോയ കാര്യമെന്തായി
ടൗണിലൊക്കെ ഒന്ന് കറങ്ങി. നേരം വൈകുമെന്ന് തോന്നിയപ്പോൾ വേഗം തിരിച്ചു പോന്നു.
ഇത്ര പെട്ടന്ന് തിരിച്ച് വരേണ്ട ആവശ്യമില്ലായിരുന്നു. അർജുൻ പറഞ്ഞു.
അതേയതെ മായ അതേറ്റു പിടിച്ചു.
സോറി, ഞാനില്ല നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ അലി ഓഫീസിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
അർജുനും മായയും തൊട്ടപ്പുറത്ത് ഉങ്ങിനു ചുറ്റും പടുത്തുയർത്തിയ തറയിലേക്കിരുന്നു. ചുറ്റുപാടുള്ളതൊന്നും ശ്രദ്ധിക്കാതെയുള്ള അവരുടെ സംസാരത്തിനിടയിൽ പൊട്ടിച്ചിരികൾ ഉയരുമ്പോൾ അലി അവിടേക്കൊന്ന് എ|ത്തി നോക്കി. അത് കണ്ട് കൊണ്ടിരുന്നപ്പോൾ അവന്റെ കാഴ്ചകളെ മങ്ങലേൽപിച്ച് കൊണ്ട് ഒരു തുള്ളി കണ്ണുനീർ മിഴികളിൽ നിന്നുതിർന്ന് അവന്റെ കവിളിൽ പതിച്ചു.
* * *
ഷഹാനയും സുമയ്യയും കോളേജിന്റെ ഗേറ്റ് കടന്ന് അകത്തെത്തി. അത് വരെയും അവരന്വേഷിച്ച് നടന്ന തമിഴ് സംസാരിക്കുന്ന ആ മനുഷ്യനെ അവർക്ക് കാണാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ചെറിയൊരു ടെൻഷനോടെ ഷഹാന ചോദിച്ചു. “അവനെന്താടീ ഇന്ന് വരാതിരുന്നത് ”
“ആ…. എനിക്കെങ്ങനെ അറിയാം.”
“വല്ല അസുഖവുമായിരിക്കുമോ?”
“അതൊന്നുമാവില്ലെടീ”
” പിന്നെന്താ അയാളെ കാണാത്തത് ” അയാളെ സുമയ്യക്ക് കാണിച്ചു കൊടുക്കാൻ കഴിയാത്ത ഈർഷ്യയോടെ അവൾ പറഞ്ഞു
