ശലഭം – 6

11:45 പോലീസ് സ്റ്റേഷൻ……

എസ് ഐ ഉണ്ണിയും കൂട്ടരും കയറിയ റിക്കവറി വാനും ഓംനിയും സ്റ്റേഷനിൽ എത്തി. സ്റ്റേഷന്റെ വലതു വശത്തുള്ള വാഹനപ്രേതങ്ങൾക്കിടയിലേക്ക് ആ വാഹനവും ഉപേക്ഷിക്കപ്പെട്ടു.
ഏതാനും നിമിഷങ്ങൾക്ക് റ്റ്ശേഷം ഉണ്ണി സി ഐ ഷാഹുൽ ഹമീദിനു മുന്നിൽ അറ്റൻഷനായി സല്യൂട്ട് കൊടുത്തു കൊണ്ട് പറഞ്ഞു “സാർ ഒംനി കൊണ്ട് വന്നിട്ടുണ്ട്”
“ഒക്കെ ഗുഡ്, എന്നാലിനി ടൗണിൽ പട്രോളിങ്ങിനു പൊയ്ക്കോളു”
“ഒക്കെ സാർ” ഉണ്ണി ഒരുവട്ടം കൂടി സല്യൂട്ട് നൽകിക്കൊണ്ട് പുറത്തിറങ്ങി തന്റെ സിൽബന്ധികൾക്ക് അടുത്തേക്ക് നീങ്ങി.
“എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ…… “റഹീം ഹാജിക്കും മക്കൾക്കും ഇടയിൽ നിലനിന്ന നിശബ്ദതയെ തകർത്തുകൊണ്ട് സലീമിന്റെ പോക്കറ്റിൽ കിടന്ന ഫോണിൽ പാട്ട് മുഴങ്ങി.
ഞെട്ടലോടെ സലീം പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കിയപ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ അയാൾക്ക്‌ അവരിചിതമായിരുന്നു. അവൻ വേഗം കാൾ സൈലന്റാക്കി ഫോൺ പോക്കറ്റിൽ തന്നെ വച്ചു.
അൽപ്പം സമയം കഴിഞ്ഞപ്പോൾ സലീമിന്റെ ഫോൺ വീണ്ടും അതേറിങ്ങ് ട്യൂൺ മുഴങ്ങിയപ്പോൾ റഹീം ഹാജി മകനെ രൂക്ഷമായി നോക്കികൊണ്ട്‌ ചോദിച്ചു “അനക്കാ ഫോൺ ഒന്ന് സൈലന്റ് ആക്കി വച്ചൂടെ ഹിമാറെ”
“സോറി ഉപ്പാ” അവൻ ഫോൺ കയ്യിലെടുത്തു കാൾ സൈലന്റാക്കി നമ്പർ നോക്കിയപ്പോൾ മുമ്പ് വന്ന അതേ നമ്പർ തന്നെയാണ്. അവൻ ഉപ്പയോട് പറഞ്ഞു “ഉപ്പാ നേരത്തെ വന്ന കാൾ തന്നെയാ ഞാൻ കാൾ എടുക്കട്ടെ?”
“പുറത്തേക്കു പോ അവിടുന്ന് എടുത്താൽ മതി, ഇതൊരു പോലീസ് സ്റ്റേഷൻ അല്ലേ” സ്റ്റേഷന് അകത്തുള്ള വെയ്റ്റിംഗ് റൂമിൽ ആയിരുന്നു അവർ…
“ശെരിയുപ്പാ” സലീം വേഗം ഫോണുമായി പുറത്തിറങ്ങി കാൾ അറ്റൻഡ് ചെയ്തു. “ഹലോ”
“ഹലോ ഞാൻ അർജുൻ, റഹീം ഹാജിയുടെ നമ്പർ അല്ലേ ഇത്” മറുവശത്തു നിന്നും പരിചിതമല്ലാത്തൊരു ശബ്ദം ഒഴുകിയെത്തി
“അതേ, ഉപ്പ പോലീസ് സ്റ്റേഷനിലാണ്, നിങ്ങൾ ആരാ മനസ്സിലായില്ലല്ലോ” അപ്പുറത്തെ ആൾ ആരാണെന്ന് മനസ്സിലാവാതെ സലീം ചോദിച്ചു.
“ഒക്കെ, ഞാൻ അർജുൻ, നിങ്ങൾ രാവിലെ ഒരാളെ പിടികൂടിയില്ലേ അവിടെ വന്നിരുന്ന ഷായുടെ പി എ ആണു ഞാൻ, എന്തായി കാര്യങ്ങൾ എന്ന് തിരക്കാൻ അദ്ദേഹം പറഞ്ഞു, അതാ വിളിച്ചത്”
“ഒക്കെ.. മനസിലായി.. ഒന്നുമായില്ല… ആ പെൺകുട്ടി പരാതി തരുന്നില്ല എന്നാണു പറഞ്ഞത്, പക്ഷേ സി ഐ സാർ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അതിലേക്കു സാക്ഷിമൊഴി രേഖപ്പെടുത്താൻ വന്നതാ ഞങ്ങൾ”
“അയാൾ ആരാ, എന്താ എന്നൊക്കെ മനസ്സിലായോ?”
“ഇല്ല, പക്ഷേ പേര് മാത്രം പറഞ്ഞു, രഘു… മറ്റൊന്നും പറഞ്ഞില്ല, ചോദ്യം ചെയ്യാൻ തുടങ്ങുന്നതെ ഉള്ളു”
“ശരി, എന്നാൽ ഞാൻ പിന്നെ വിളിക്കാം”
“ഒക്കെ അർജുൻ” സലീം കാൾ കട്ട്‌ ചെയ്ത് ഫോൺ പോക്കറ്റിലിട്ട് സ്റ്റേഷനിലേക്ക് കയറി. അവൻ റഹീം ഹാജിയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം പതിഞ്ഞ സ്വരത്തിൽ ചോദിച്ചു “ആരാ വിളിച്ചത്?”
“അത്… രാവിലെ അവിടെ വന്നില്ലേ ആ പാട്ടുകാരൻ അയാളുടെ പി എ ആയിരുന്നു”
“എന്ത് പറഞ്ഞു,..” എന്തിനാണ് ഷാ വിളിച്ചത് യുടെ പി എ വിളിച്ചത് എന്നറിയാനായി ഇടയിൽ കയറി സൽമാൻ ചോദിച്ചു. സൽമാൻ ഷായുടെ ആരാധകനായിരുന്നു. അതുകൊണ്ടായിരുന്നു അവൻ ഉപ്പയും സലീമും തമ്മിലുള്ള സംസാരത്തിനിടയിലേക്ക് ചാടി വീണത്
ഹാജിയാർ ആദ്യം സൽമാനെ താക്കീതോടെ ഒന്ന് നോക്കി. അതോടെ സൽമാൻ മുഖം കുനിച്ചു. പിന്നെ അയാൾ ചോദ്യഭാവത്തിൽ സലീമിനെ നോക്കി.
“ഉപ്പാ അവർ കാര്യങ്ങൾ എന്തായി എന്നറിയാൻ വിളിച്ചതാണ്, വേറൊന്നുമില്ല”
“ഉം…. ” അയാളൊന്ന് ഇരുത്തി മുളി.
“അല്ല ഉപ്പാ നമ്മളെന്തിനാ ഇനി കാത്തിരിക്കുന്നത്, നമുക്ക് പൊയ്ക്കൂടെ” ചോദ്യം ഇളയ മകൻ സലാവുദ്ധീന്റെതായിരുന്നു. സ്റ്റേഷനിൽ നിന്ന് നിന്ന് അവനു ചടപ്പ് തോന്നുന്നുണ്ടായിരുന്നു…
” ഷാഹുൽ സാറ് എസ് പിയുമായി സംസാരിക്കുകയല്ലേ അതു കഴിഞ്ഞു ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി ഇരുന്നതാണ്”
അവരുടെ പരാതി രേഖപ്പെടുത്തി .റ്റ്കൊണ്ടിരുന്നപ്പോളാണ് എസ് ഐ ഷാഹുൽ ഹമീദിനെ കാണാൻ എസ് പി അവിടെ എത്തിയത്. അതാണ്‌ അവർ അവിടെ കാത്തു നിൽക്കാനുള്ള കാരണവും.
സി ഐ യുടെ ക്യാബിൻ തുറന്ന് എസ് പി പുറത്തേക്കിറങ്ങി. ഹാജിയാർ ഒരു നിമിഷം എഴുന്നേറ്റ് അദ്ദേഹത്തെ ബഹുമാനിച്ച് വീണ്ടും ഇരുന്നു. ഇടനാഴിയിലെ പാറാവുകാർ അറ്റൻഷനായി എസ് പി ക്ക് സല്യൂട്ട് നൽകി.
എസ് പി പുറത്തിറങ്ങി തന്റെ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് പോയതിനു ശേഷമാണ് ഹാജിയാർ പിന്നെ അവിടെ നിന്ന് എഴുന്നേറ്റത്. അയാൾ വീണ്ടും എസ് ഐ യുടെ ക്യാബിനു നേരെ നീങ്ങി.
ഹാജിയാർ പുറം കൈ കൊണ്ട് ഹാഫ് ഡോറിൽ പതിയെ മുട്ടി. “യെസ് കമിൻ” എസ് ഐ ഷാഹുൽ ഹമീദിന്റെ ശബ്ദം ഒഴുകി എത്തി. ഹാജിയാർ ഡോർ തുറന്നു അകത്തു കയറി. മക്കൾ മൂവരും പുറത്തു തന്നെ നിന്നതേയുള്ളു
“സാർ, സാക്ഷിമൊഴി രേഖപ്പെടുത്തി, എന്നാൽ ഞങ്ങൾ അങ്ങോട്ട്‌ പൊയ്ക്കോട്ടെ”
“സോറി ഇക്കാ, അത്രയും പേരുടെ മുന്നിൽ വച്ച്”
“അതൊന്നും കുഴപ്പമില്ല മോനെ,എനിക്ക് കാര്യം മനസ്സിലായി” ഷാഹുൽ ഹമീദ് പറയാൻ വന്നത് മുഴുവനാക്കാൻ സമ്മതിക്കാതെ റഹീം ഹാജി പറഞ്ഞു.
“സോറി ഇക്കാ, അതൊന്നും മനസ്സിൽ വക്കരുത്ട്ടോ”
“ഇല്ല മോനെ,ന്നാൽ ഞങ്ങളങ്ങോട്ട് ഇറങ്ങട്ടെ”
“ഒക്കെ”
ഹാജിയാർ ഷാഹുൽ ഹമീദിന്റെ കരം കവർന്നു സലാം പറഞ്ഞു പുറത്തിറങ്ങി. അയാൾ മക്കളെയും കൂട്ടി സ്റ്റേഷനു പുറത്തു നിർത്തിയിരുന്ന തങ്ങളുടെ കാറിൽ കയറി മില്ലിലേക്ക് പുറപ്പെട്ടു.
ഷാഹുൽ ഹമീദ് മേശപ്പുറത്തിരുന്ന ബെല്ലിൽ വിരൽ അമർത്തി. ഒരു കോൺസ്റ്റബിൾ ഹാഫ്ഡോർ തള്ളിത്തുറന്നു അകത്തു കയറി അറ്റൻഷനായി അയാൾക്ക്‌ സല്യൂട്ട് നൽകി. “സാർ”
“എ എസ് ഐ ജോണിനോടും എ എസ് ഐ സിദ്ധാർഥ്നോടും വരാൻ പറയൂ”
“ഒക്കെ സാർ” അയാൾ പുറത്തേക്കു പോയി അല്പ സമയം കഴിഞ്ഞപ്പോൾ രണ്ടു പോലീസുകാർ അയാളുടെ മുന്നിലെത്തി. അവർ സി ഐ ക്ക് സല്യൂട്ട് നൽകി. ഷാഹുൽ ഹമീദ് അവരോടു ഇരിക്കാൻ ആംഗ്യം കാണിച്ചു….
“ജോൺ ഞാൻ നിങ്ങളെ വിളിപ്പിച്ചതു എന്തിനാണെന്ന് അറിയാമോ?” ജോണിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഷാഹുൽ ഹമീദ് ചോദിച്ചു.
“ഇല്ല, സാർ എന്താ കാര്യമെന്നു പറഞ്ഞാൽ നന്നായിരുന്നു.” സിദ്ധാർഥാണു മറുപടി നൽകിയത്.
“ഒക്കെ.സെല്ലിൽ കിടക്കുന്ന രഘുവിനെ ഒന്നു ചോദ്യം ചെയ്യണം, അതിനാണ് നിങ്ങളെ ഞാനിപ്പോൾ ഇവിടേക്ക് വിളിപ്പിച്ചത്”
“ഒക്കെ സാർ, അയാളെ അധികം വേദനിപ്പിക്കണ്ടല്ലോ” സംശയത്തോടെ ജോൺ ചോദിച്ചു.
“അൽപ്പം വേദനിപ്പിച്ചാലും സാരമില്ല, അവൻ സത്യങ്ങൾ തുറന്നു പറയണം, ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്”
“ഒക്കെ സാർ”
“എന്നാൽ വൈകിക്കണ്ട തുടങ്ങിക്കോളൂ” ഷാഹുൽ ഹമീദ് രഘുവിനെ ചോദ്യം ചെയ്യാനുള്ള അനുവാദം അവരിരുവർക്കും നൽകി.
സി ഐ യുടെ മുന്നിൽ നിന്നെഴുന്നേറ്റ ജോണും സിദ്ധാർഥും രഘു കിടന്ന സെല്ല് ലക്ഷ്യമാക്കി നടന്നു. അവർക്കു പുറകെ ഷാഹുൽ ഹമീദുമുണ്ടായിരുന്നു.
തുടരും…..

Leave a Reply

Your email address will not be published. Required fields are marked *