സൂര്യനെ പ്രണയിച്ചവൾ- 13 Like

“ഇതിനാണ് നീ ജോയലിന്റെ സീറ്റ് ചോദിച്ച് വാങ്ങിയത് അല്ലെ?”

ജയശ്രീ മാഡം അടുത്തേക്ക് വന്ന് പുഞ്ചിരിയോടെ ചോദിച്ചു.

“മാഡം ..അത് …”

അവള്‍ വാക്കുകള്‍ക്ക് വേണ്ടി വിക്കി.
ജോ ലജ്ജയോടെ അവരെ നോക്കുന്നു.

“കുഴപ്പമില്ല…”

മാഡം പുഞ്ചിരിച്ചു.

“നന്നായി പഠിക്കണം…മിടുക്കരാകണം രണ്ടുപേരും… ഈശ്വരന്‍ കൂടെയുണ്ടാവട്ടെ എപ്പോഴും…!”
അവര്‍ വീണ്ടും പറഞ്ഞു.
ഗായത്രി അപ്പോള്‍ അവര്‍ക്ക് നേരെ കൈകൂപ്പി കാണിച്ചു.
ജോയല്‍ തിങ്ങി നിറഞ്ഞ കൃതജ്ഞതയോടെ അവരെ നോക്കി.

“പോകട്ടെ ഞാന്‍?”

ജയശ്രീ മാഡം അവരില്‍ നിന്നും പോയപ്പോള്‍ ജോയല്‍ ചോദിച്ചു.
അവളുടെ മുഖത്തേക്ക് വീണ്ടും വിഷാദം കടന്നു വന്നു.
അവള്‍ തലകുലുക്കി.

“വീട്ടില്‍ ചെന്ന് എന്നെ വിളിക്കണം…അല്ലെങ്കില്‍ ഞാന്‍ വിളിക്കാം…നാളെ ..നേരത്തെ വരണം..ഞാന്‍ വരും നേരത്തെ ..എനിക്ക് വയ്യ ജോ …ജോയെ കാണാതെ…”

“നേരത്തെ വരാം…”

അവന്‍ പറഞ്ഞു.

“ഞാന്‍ രബീന്ദ്ര വിഹാറില്‍ കാണും… “

അവള്‍ പറഞ്ഞു.

“ജോ ആദ്യം ലെക്ചര്‍ ഹാളിലേക്ക് പോയിട്ട് നേരെ അങ്ങോട്ട്‌ വരണം…”

“ശരി…”

അവന്‍ തലകുലുക്കി.
അപ്പോഴേക്കും അവളെ കൂട്ടിക്കൊണ്ട് പോകാന്‍ കാറെത്തി.
ജോ ഷെഡ്ഢില്‍ നിന്നും ബൈക്കെടുത്തു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും ഗായത്രിയുടെ കാര്‍ നീങ്ങാന്‍ തുടങ്ങിയിരുന്നു.
ജോയല്‍ അങ്ങോട്ട്‌ നോക്കി.
കാറിനകത്ത്, തന്നെ നോക്കി അവള്‍ കണ്ണുകള്‍ തുടയ്ക്കുന്നത് അവന്‍ കണ്ടു.

പെട്ടെന്ന് വീട്ടിലെത്തണം.
ഉച്ചയായപ്പോള്‍ മൊബൈല്‍ ബാറ്ററി ഡെഡ് ആയത്കൊണ്ട് പപ്പായെയോ മമ്മിയെയോ ഒന്ന് വിളിക്കാന്‍ കഴിഞ്ഞില്ല.
വീട്ടിലെത്തിക്കഴിഞ്ഞ്, ഗേറ്റ് തുറന്ന്, ബൈക്ക് ഗ്യാരേജില്‍ വെച്ച് ആശ്വാസത്തോടെ അവന്‍ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
പ്രതികരണമില്ല.
ചുറ്റുവട്ടം മുഴുവന്‍ നിശബ്ദമാണ്!
സമീപത്തുള്ള വീടുകളുടെ പരിസരങ്ങളിലും ശബ്ദങ്ങള്‍ മരവിച്ച് കിടക്കുന്നു!
ഇന്നെന്താ ഇങ്ങനെ?

“മമ്മാ…!”

അവന്‍ ഉറക്കെ വിളിച്ചു.
പെട്ടെന്ന് കതകിനു പിമ്പില്‍ ചലനങ്ങള്‍ അവനറിഞ്ഞു.
കതക് സാവധാനം തുറക്കപ്പെട്ടു.
കതക് പാളികള്‍ക്ക് പിമ്പില്‍ ഭയപ്പാടു നിറഞ്ഞ മമ്മയുടെ മുഖം.

“എന്താ മമ്മ?”

അകത്തേക്ക് കയറവേ അവന്‍ ചോദിച്ചു.

“ഒരു ഒച്ചേം അനക്കോം ഇല്ലാതെ?”

ജെയിന്‍ ഒന്നും പറഞ്ഞില്ല.

അവന്‍ അവരെ നോക്കി.

“എത്ര പ്രാവശ്യം ഞാന്‍ നിന്നെ വിളിച്ചു ജോയല്‍? നീയെന്താ ഫോണ്‍ എടുക്കഞ്ഞേ?”

അവനോടൊപ്പം ദിവാന്‍ കോട്ടില്‍ ഇരുന്നുകൊണ്ട് അവര്‍ തിരക്കി.

“മമ്മി, അത് …. ഉച്ചയായപ്പോള്‍ അതിന്‍റെ ബാറ്ററി ഓഫ് ആയി..അതാ…”

അവന്‍ ബാഗ് മേശപ്പുറത്തേക്ക് വെച്ചു.

“പപ്പാ വന്നില്ലേ?”

അവന്‍ തിരക്കി.

“ഇന്ന് നൈറ്റ് അവിടെയാണോ?”

ജോയലിന്റെ ആ ചോദ്യം ജെയിനെ വിഷമിപ്പിച്ചത് എന്തിനെന്ന് അവന് മനസ്സിലായില്ല.

“എന്താ മമ്മി?”

ജെയിന്‍റെ മുഖത്തെ മാറ്റം കണ്ടിട്ട് ജോയല്‍ ചോദിച്ചു.

“മോനെ…”

അവര്‍ അവന്‍റെ സമീപമിരുന്നു.

“ഇവിടെ ഒരു പോലീസ് ഓഫീസര്‍ വന്നിരുന്നു…ഒരു പോത്തന്‍ ജോസഫ്…”

അവര്‍ പറഞ്ഞു.
ജോയല്‍ അതത്ര കാര്യമാക്കിയില്ല.
ബെന്നറ്റിനെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരോക്കെ കാണാന്‍ വരുന്നത് അവനറിയാം.

“പോയിട്ട് ഇപ്പോള്‍ കുറെ നേരമായി…”

ജെയിന്‍ തുടര്‍ന്നു.

“വിളിച്ചിട്ട് ഫോണ്‍ ഓഫാണ്…എനിക്കെന്തോ വല്ലായ്ക തോന്നുന്നു…”

“എന്ത് വല്ലായ്ക?”

പുഞ്ചിരിയോടെ ജോയല്‍ ചോദിച്ചു.

“അറിയില്ല ..ഫോണ്‍ എടുക്കുന്നില്ല..എന്‍റെ മനസ്സില്‍ എന്തോ …മോന്‍ ഒന്ന് പോകാമോ? ടൈം ഇപ്പോള്‍ ഒരുപടാകുന്നു…മോന് ടൂറൊക്കെ മടുപ്പായിരുന്നോ?
അല്ലെങ്കില്‍ ഒന്ന് പോയി നോക്കിയിട്ട് വാ മോനെ..മമ്മയ്ക്ക് എന്തോ …”

ജെയിന്‍റെ കണ്ണുകള്‍ നിറഞ്ഞു.

“ശ്യെ! എന്താ മമ്മി ഇത്?”

അവനെഴുന്നേറ്റു .
ജെയിനെ ചേര്‍ത്ത് പിടിച്ചു.

“പപ്പായെ പോലീസ് വിളിപ്പിക്കുന്നത് ഇത് ആദ്യമായാണോ? അവര്‍ക്ക് എന്തോ ഹെല്‍പ്പ് ആവശ്യമുണ്ട് പപ്പായെക്കൊണ്ട് ..മുമ്പൊക്കെ അങ്ങനെ അല്ലാരുന്നോ?”

Leave a Reply

Your email address will not be published. Required fields are marked *