സൂര്യനെ പ്രണയിച്ചവൾ- 13 Like

തന്‍റെ നെഞ്ചിലേക്ക് തീഗോളങ്ങള്‍ പോലെയാണ് ഓരോ വാക്കും വന്ന് പതിക്കുന്നത് എന്ന് അവന് തോന്നി.

“അതിലേറെ ഗൌരവപൂര്‍ണ്ണമായ ഒരു വെളിപ്പെടുത്തല്‍ കൂടി സംഭവിച്ചിരിക്കുന്നു…”

ഗൌതം ബാജ്പേയിയുടെ ആവേശം അനുനിമിഷം വര്‍ദ്ധിക്കുകയാണ്.

“കുപ്രസിദ്ധ ചൈനീസ് ആയുധ മാഫിയയുടെ തലവന്‍ ഷുണ്യാനുമായി ബെന്നറ്റ്‌ ഫ്രാങ്ക് അടുത്ത് ഇടപഴകിയിരുന്നു എന്ന് സംശയകരമായി തെളിയിക്കുന്ന രേഖകളും പോലീസിന് കിട്ടിയിരിക്കുന്നു….”

ജോയലിന്റെ കണ്ണുകളില്‍ ഇരുട്ട് കയറി.

“ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കവേ ബെന്നറ്റ്‌ ഫ്രാങ്ക് പോലീസ് സംഘത്തിനു നേരെ ചൈനീസ് നിര്‍മ്മിത തോക്ക് കൊണ്ട് വെടിയുതിര്‍ത്തു. പോലീസ് ആത്മരക്ഷാര്‍ത്ഥം തിരികെ വെടിവെച്ചു. സംഘട്ടനത്തില്‍ പോലീസ് സംഘത്തിലെ ഹവല്‍ദാര്‍ രവി സക്സേനയ്ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു….”
ഹൃദയം പൊടിഞ്ഞു തകരുന്നതും താന്‍ മരിക്കാന്‍ പോകുന്നത് പോലെയും ജോയലിന് തോന്നി.
പെട്ടെന്ന് അവന് ജെയിനെ കാണണമെന്ന് തോന്നി.
മമ്മാ…
അവന്‍ നിശബ്ദമായി കരഞ്ഞു.
ടിവിയില്‍ വാര്‍ത്തയുടെ വിശദാംശങ്ങള്‍ വര്‍ണ്ണനിറങ്ങളില്‍ നിറയുകയാണ്!

അപ്പോള്‍ പോലീസ് സ്റ്റേഷന്‍ കൊമ്പൌണ്ടിലേക്ക് ഒരു വാഹനം വന്ന് നിന്നു.
സ്റ്റേഷനകത്ത് നിന്ന ഉദ്യോഗസ്ഥര്‍ പുറത്തേക്ക് നോക്കി.
പോത്തന്‍ ജോസഫ് ആ വാഹനത്തില്‍ നിന്നും ചാടിയിറങ്ങുന്നത് ജോയല്‍ കണ്ടു.
പിന്നാലെ രണ്ടു ഹവല്‍ദാര്‍മ്മാരും.
അതില്‍ ഒരാളുടെ തോളില്‍ മുറിവ് കെട്ടിവെച്ചിരിക്കുന്നു.
അയാളുടെ തോളില്‍ രക്തം വാര്‍ന്നൊഴുകുന്നുണ്ട്.
ജോയല്‍ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു.
അല്‍പ്പം മുമ്പ് ക്ഷയിച്ച ശക്തി മുഴുവനും ഇരട്ടിയായി തിരിച്ചെത്തിയത് പോലെ അവന് തോന്നി.
അവന്‍ കൊമ്പൌണ്ടിലെക്ക്, വന്ന് നിര്‍ത്തിയ ജീപ്പിനടുത്തേക്ക് കുതിച്ചു.

“എടാ!!”

മുറിവേറ്റ സിംഹത്തിന്റെ ക്രൌര്യത്തോടെ, പോലീസുദ്യോഗസ്ഥരുടെ വലയം ഭേദിച്ച് ജോയല്‍ പോത്തന്‍ ജോസഫിന്‍റെ നേരെ ചാടി വീണു.
“എന്തിനാടാ നീ എന്‍റെ പപ്പായെ….”

ജോയലിന്റെ കൈകള്‍ ദീര്‍ഘകായനായ പോത്തന്‍ ജോസഫിന്‍റെ കോളറില്‍ അമര്‍ന്നു.

“ആ നീയോ…?”

അയാള്‍ ജോയലിന്റെ കൈകള്‍ വിടുവിച്ചു.
അടുത്തേക്ക് ഓടിക്കൂടിയ പോലീസുദ്യോഗസ്ഥര്‍ അമ്പരന്നു.

“എടാ, സംഭവിക്കാന്‍ പാടില്ലാത്തതാ സംഭവിച്ചേ…വിഷമം ഉണ്ട്…ഞങ്ങള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു….അല്ലെങ്കില്‍ നിന്‍റെ അച്ഛന്‍ ഞങ്ങളെ…”

“ഛീ! പോടാ പട്ടീ!!”

ജോയല്‍ അലറി.
അവന്‍റെ ശബ്ദത്തിന്‍റെ മുഴക്കവും അതിലെ ക്രൌര്യവും ചുറ്റുമുള്ളവരെയും സ്തഭ്ധരാക്കി.
അവന്‍റെ മുഖത്തെ സംഹാരഭാവം കണ്ട് പോത്തന്‍ ജോസഫ് ചെറുതായി ഒന്ന് ഞെട്ടി.

“പിടിക്കെടാ ഇവനെ!”

അയാള്‍ കലിപൂണ്ടലറി.

ഹവല്‍ദാര്‍മ്മാര്‍ ജോയലിന്റെ നേരെ അടുത്തു.
ജോയലിന്റെ കണ്ണുകള്‍ അതിദ്രുതം ചുറ്റുംവീക്ഷിച്ചു.
സമീപത്ത് നിന്ന സബ്ബ് ഇന്‍സ്പെക്റ്ററുടെ അരയോട് ചേര്‍ന്ന് ഹോള്‍സ്റ്ററില്‍ കിടന്ന തോക്ക് അവന്‍ കൈക്കലാക്കി.
അപ്പോള്‍ പലയിടത്ത് നിന്നും മാധ്യമപ്രവര്‍ത്തകരുടെ ഒരു വലിയ സംഘം പോലീസ് സ്റ്റേഷനെ സാമീപിച്ചു.
ക്യാമറക്കണ്ണുകള്‍ വെളിച്ചം വിതറി.
ഫ്ലാഷ് ലൈറ്റുകള്‍ മിന്നിച്ചിതറി.
ഹാന്‍ഡ് മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍ അവരെ സമീപിച്ചു.

“ജോയല്‍ തോക്ക് താഴെയിടടാ!”

“ഫ!”

ജോയല്‍ ഉച്ചത്തില്‍ വീണ്ടും അലറി.

“എന്‍റെ പപ്പായെ കൊന്ന പട്ടീ! നിന്നെ ഞാന്‍!”

അടുത്ത നിമിഷം തോക്കില്‍ നിന്നും വെടിയുതിര്‍ന്നു.
മുറിവ് പറ്റിയ ഹവല്‍ദാറുടെ നെഞ്ച് തുളച്ച് വെടിയുണ്ട പാഞ്ഞു.
സ്റ്റേഷന്‍ മുറ്റത്ത് നിലവിളിയും ബഹളവുമുയര്‍ന്നു.
മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഭയന്ന് പിമ്പിലേക്ക് മാറി.
ജോയലിന്റെ ഓരോ ചലനവും അവര്‍ ക്യാമറയില്‍ പകര്‍ത്തി.
ചുറ്റുപാടും പരിസരവും.
ആ നിമിഷം പോത്തന്‍ ജോസഫ് ഹോള്‍സ്റ്ററില്‍ നിന്നും തന്‍റെ തോക്കെടുത്തു.
എന്നാല്‍ അതിന് മുമ്പ് ജോയലിന്റെ തോക്കില്‍ നിന്നും രണ്ടാമത്തെ വെടി പോത്തന്‍ ജോസഫിനോടപ്പം വന്നിറങ്ങിയ പോലീസുകാരന്റെ നെറ്റി തുളച്ചു.
ബഹളവും തിക്കും തിരക്കും നിലവിളിയും മൂലം പോത്തന്‍ ജോസഫിന് വെടിവെയ്ക്കാനായില്ല.
ആ നിമിഷം സ്റ്റേഷന്‍ വളപ്പില്‍ കിടന്ന ഒരു ജീപ്പിലേക്ക് ജോയല്‍ ചാടിക്കയറി.
ആ നിമിഷം അവന്‍റെ തോള്‍ തുളച്ചുകൊണ്ട് വെടിയുണ്ട തറഞ്ഞു കയറി.

Leave a Reply

Your email address will not be published. Required fields are marked *