സൂര്യനെ പ്രണയിച്ചവൾ- 13 Like

“അന്നൊന്നും മമ്മയ്ക്ക് ഇതുപോലെ ഒരു പേടി ഒന്നും തോന്നില്ലാരുന്നു മോനെ!”

അവന്‍റെ ചുമലില്‍ മുഖമമര്‍ത്തി അവര്‍ പറഞ്ഞു.

“മമ്മി വെഷമിക്കാതെ! ഞാന്‍ പോയി വരാം! പോത്തന്‍ ജോസഫ് സാറല്ലേ വന്നെ? ഞാനിപ്പം തന്നെ ഓഫീസില്‍ പോയി സാറിനെ കാണാം. പപ്പേം കൂട്ടി വരാം,”

ജോ എഴുന്നേറ്റു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഗേറ്റ് കടന്നു പോയി.
ഗേറ്റ് തിരികെ അടയ്ക്കുമ്പോള്‍ അവന്‍ വീടിന് നേരെ നോക്കി.
വെളിയില്‍ ജെയിന്‍ അവനെ നോക്കി നില്‍ക്കുന്നു.
അവന് മമ്മിയെ ഒന്നുകൂടി കാണണം എന്ന് തോന്നി.
അവരുടെ നേരെ ചെല്ലാന്‍ അവന്‍റെ ഉള്ളമൊന്നു പിടഞ്ഞു.
എന്ത് പറ്റി?
ഇതുപോലെയൊക്കെ തോന്നാന്‍?
ജെയിനെ ഒന്നുകൂടി നോക്കിയതിന് ശേഷം അവന്‍ ബൈക്ക് മുമ്പോട്ടോടിച്ചു.
നഗര ബഹളങ്ങളിലൂടെ ബൈക്ക് ബൈക്കുള ഏരിയയിലെ മൂന്നാം നമ്പര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
മുറ്റത്ത് ബൈക്ക് പാര്‍ക്ക് ചെയ്തതിനു ശേഷം അവന്‍ സ്റ്റേഷന്‍റെ വരാന്തയിലേക്ക് കയറി.

“നമസ്ക്കാര്‍ സാര്‍,”

വരാന്തയില്‍ വെച്ച് അവന്‍ ഒരു സബ്ബ് ഇന്‍സ്പെക്റ്ററെ കണ്ടു.
അയാള്‍ അവനെ നോക്കി.

“എന്താ?”

“സാര്‍ ഞാന്‍ ജോയല്‍…”

അവന്‍ പറഞ്ഞു.

“ജോയല്‍ ബെന്നറ്റ്‌..എന്‍റെ അച്ഛന്‍ ബെന്നറ്റ്‌ ഫ്രാങ്ക് ….ഇന്ത്യന്‍ എക്സ്പ്രസ്സിലെ…”

“ഓക്കേ…”

ഇന്‍സ്പെക്റ്ററുടെ മുഖത്ത് താല്‍പ്പര്യവും ബഹുമാനവും കടന്നുവന്നു.

“എന്ത് പറ്റി, പറയൂ…”
“പപ്പായെ ഓഫീസര്‍ പോത്തന്‍ ജോസഫ് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നിരുന്നു…പപ്പാ അകത്തുണ്ടോ ഇപ്പോള്‍?”

ഇന്‍സ്പെക്റ്റര്‍ അന്ധാളിപ്പോടെ ജോയലിനെ നോക്കി.

“പപ്പാ ഇവിടെയില്ലല്ലോ ജോയല്‍…”

അയാള്‍ പറഞ്ഞു.

പെട്ടെന്ന് അയാള്‍ സമീപത്ത് കൂടി കടന്നുപോയ ഹവല്‍ദാറെ അടുത്തേക്ക് വിളിപ്പിച്ചു.

“ഗോവിന്ദ് സിംഗ്, എവിടെ പോത്തന്‍ സാര്‍?”

“പോത്തന്‍ സാര്‍ നമ്മുടെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്‍റെ എഡിറ്ററുടെ വീട്ടില്‍ പോയതാ..കൂടെ ഹവല്‍ദാര്‍ അശോകും രവിയുമുണ്ട്… അവരവിടെയുണ്ട്…”

“ഇല്ലന്നെ!”

സബ് ഇന്‍സ്പെക്റ്റര്‍ പറഞ്ഞു.

“ഇതാ ബെന്നറ്റ്‌ സാറിനെ മകന്‍ അച്ചനെ അന്വേഷിച്ചു വന്നിരിക്കുന്നു!”

“ആണോ?”

അയാള്‍ ബഹുമാനത്തോടെ ജോയലിനെ നോക്കി.

“അവരെന്തേലും കേസിന്‍റെ ആവശ്യത്തിന്‍റെ എവിടെയെങ്കിലും ആയിരിക്കും മോനെ!”

അയാള്‍ ജോയലിന്റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്തിനാ ടെന്‍ഷന്‍! ഒന്നും പേടിക്കാനില്ല…”

“എനിക്ക് കുഴപ്പമില്ല അങ്കിള്‍,”

ജോയല്‍ പുഞ്ചിരിയോടെ പറഞ്ഞു.

“പക്ഷെ വീട്ടില്‍ മമ്മിയ്ക്ക് എന്തോ …മമ്മി ചെറുതായി എന്തോ പേടിച്ചാണ് ..അതാണ്‌ ..ടൈം ഇത്രയുമായല്ലോ…”

“അവരിപ്പോ വരും…വിഷമിക്കാതെ!”

ഹവല്‍ദാര്‍ ഗോവിന്ദ് സിംഗ് പറഞ്ഞു.

പെട്ടെന്ന് സ്റ്റേഷനിലെ ടി വിയിലേക്ക് നോക്കിയാ ജോയല്‍ അദ്ഭുതപ്പെട്ടു.

പപ്പായുടെ ചിത്രം!
എന്താണ് ന്യൂസ്?

“ഈ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത…”

ആജ് തക് ചാനലില്‍ ഗൌതം ബാജ്പെയി തിളങ്ങുന്ന കണ്ണുകളോടെ, അതിലേറെ ആവേശത്തോടെ കൈകള്‍ പൊക്കി ഉയര്‍ത്തി, ഒരു ഫുട്ട് ബോള്‍ മാച്ചിന്റെ കമന്ററി പറയുന്ന ഉത്തസാഹത്തോടെ വാര്‍ത്ത വായിക്കുന്നു.
“ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡല്‍ഹി റസിഡന്‍റ്റ് എഡിറ്റര്‍ ബെന്നറ്റ്‌ ഫ്രാങ്ക് ഡല്‍ഹി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു….”

“നോ!!!”

ജോയല്‍ പരിസരം മറന്ന് അത്യുച്ചത്തില്‍ അലറി.
തന്‍റെ ഉള്ളു വിറച്ചു തരിക്കുന്നത് അവന്‍ വ്യക്തമായും അറിഞ്ഞു.
ദേഹം കുഴഞ്ഞ് അവന്‍ സമീപം കണ്ട ബഞ്ചിലേക്ക് ഇരുന്നു…
അപ്പോള്‍ ചുറ്റുമുള്ള പോലീസുകാര്‍ അവനെ പിടിച്ചു.

ഈശോയെ, എന്താണ് ഇപ്പോള്‍ കേട്ടത്?

അവരുടെ കണ്ണുകളും ടി വി സ്ക്രീനിലേക്ക് നീണ്ടു.

“പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ബെന്നറ്റ്‌ ഫ്രാങ്ക് നിരോധിത ഭീകര സംഘടനയായ സി പി ഐ എം എല്‍ മാവോയിസ്റ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണെന്നു തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചിരിക്കുന്നു….”

Leave a Reply

Your email address will not be published. Required fields are marked *