സൂര്യനെ പ്രണയിച്ചവൾ- 20 Like

അവള്‍ മുഖം കൈകള്‍കൊണ്ട് മറച്ച് വിങ്ങി കരഞ്ഞു.

“അവനിപ്പോ എന്‍റെ ആരുമല്ല…”

കണ്ണുനീര്‍ തുടച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.

“ഇനിയും എന്‍റെ ആരും ആവുകയുമില്ല…. പക്ഷെ…പക്ഷെ…”

മിഴികളില്‍ വീണ്ടും ജലകണങ്ങള്‍ നിറഞ്ഞത് കൊണ്ട് അവളുടെ വാക്കുകള്‍ മുറിഞ്ഞു.

“അവന്‍റെ ജീവന് ഒരാപത്തും വരുത്തരുത്!”

കൃഷ്ണവിഗ്രഹത്തിന്‍റെ ഭംഗിയുള്ള കണ്ണുകളിലേക്ക് നോക്കി ദൃഡസ്വരത്തില്‍ അവള്‍ പറഞ്ഞു.

“അവന് എന്തേലും പറ്റിയാല്‍, സ്വയം ജീവനോടുക്കില്ല എന്ന് ഞാന്‍ ഭഗവാനോട് നല്‍കിയ വാക്കങ്ങ് മാറ്റും….തീയിലോ വെള്ളത്തിലോ ചാടിയോ, തൂങ്ങിയോ വിഷം കുടിച്ചോ അവസാനിപ്പിക്കും ഞാന്‍ എന്‍റെ ജീവിതം…ഭഗവാനെ! അങ്ങയോടാണ്…. നേരിട്ടാണ് ഞാനിത് പറയുന്നത്! പറയുന്നത് വെറും വാക്കല്ല!”

*****************************************************

കാടിന് നടുക്കുള്ള താവളം.
പതിവ് പോലെ അന്ന് റിയയും ഷബ്നവുമായിരുന്നു നൈറ്റ് വാച്ച്.
പതിവിലേറെ തണുപ്പായിരുന്നു അന്ന്.
തലയില്‍ കമ്പിളിത്തൊപ്പിയും കമ്പിളി ജാക്കറ്റും ധരിച്ചിരുന്നു ഇരുവരും.
റിയയുടെയും ഷബ്നത്തിന്‍റെയും ടെന്റില്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകളില്‍ നിന്നും കടുത്ത നിറങ്ങളും ആനിമേറ്റഡ് ശബ്ദങ്ങളും ഉയര്‍ന്നു കൊണ്ടിരുന്നു.

“നീ ഗ്രൂപ്പില്‍ ചേര്‍ന്ന കാര്യം ആര്‍ക്കെങ്കിലും ആറിയാമോടീ?”

ഇയര്‍ഫോണ്‍ കാതില്‍ നിന്നും ഊരിക്കൊണ്ട് റിയ ചോദിച്ചു.

കോട്ടയത്ത്, മെഡിക്കല്‍ കോളേജില്‍, ആത്മഹത്യ ചെയ്യാന്‍ വിഷം കുടിച്ച് അത്യാസന്നനിലയില്‍ കിടന്ന ഷബ്നത്തേ ജോയലാണ് കണ്ടെത്തി ഗ്രൂപ്പില്‍
ചേര്‍ക്കുന്നത്.
അച്ചനെ ആരൊ കൊന്നു, അച്ഛനെ കൊന്നവര്‍ സഹോദരന്‍റെ ഭാവി തകര്‍ത്തു, അതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നത് മാത്രമേ ഷബ്നത്തേപ്പറ്റി ഗ്രൂപ്പിലെ സഖാക്കള്‍ക്കറിയൂ.

“ഞാന്‍ പറഞ്ഞത് മാത്രമേ അറിയൂ റിയേ?”

ബൈനോക്കുലറിലൂടെ നിലാവില്‍ കുതിര്‍ന്ന താഴ്വാരം വീക്ഷിച്ചുകൊണ്ട് ഷബ്നം പറഞ്ഞു.

റിയയുടെ കണ്ണുകള്‍ മുമ്പിലുള്ള മോണിറ്ററുകളില്‍ തറഞ്ഞിരുന്നു.

“ഇപ്പം അത്രേം അറിഞ്ഞാല്‍ മതി…എല്ലാരും…”

ബൈനോക്കുലര്‍ കണ്ണുകളില്‍ നിന്നും മാറ്റി ഷബ്നം പറഞ്ഞു.
മറ്റെന്തോ ചോദിക്കാന്‍ തുടങ്ങിയ റിയ പെട്ടെന്ന് മോണിറ്ററിലേക്ക് നോക്കി ഭയവിസ്മിതയായി.
അവളുടനെ ഇയര്‍ ഫോണ്‍ കാതിലേക്ക് വെച്ച് മോണിട്ടറില്‍ കണ്ണുകള്‍ പതിപ്പിച്ചു.

“ഷബ്നം!”

ഭയം കലര്‍ന്ന ശബ്ദത്തില്‍ റിയ മന്ത്രിച്ചു.
അവളുടെ സ്വരത്തിലെ പ്രത്യേകത മനസ്സിലാക്കി ഷബ്നം ബൈനോക്കുലറില്‍ നിന്നുള്ള നോട്ടം മാറ്റി റിയയെ നോക്കി.

“ലാലപ്പന്‍ ചേട്ടനും ഗോവിന്ദന്‍ കുട്ടിചേട്ടനും അസ്ലവും ഡെന്നീസും കുഴപ്പത്തിലാണ്…”

“കാള്‍ ജോയലേട്ടന്‍!”

ഷബ്നം മുരണ്ടു.
പെട്ടെന്ന് തന്നെ റിയ ഇന്‍റെര്‍ക്കോമിലൂടെ ജോയലിനെ വിളിച്ചു.

“ജോയല്‍! കം ഫാസ്റ്റ്!”

ഒട്ടും വൈകാതെ സന്തോഷിനോടൊപ്പം ജോയല്‍ അവരുടെ അടുത്തേക്ക് ഇരച്ചെത്തി.

“എന്താ? എന്താ റിയ?”

ജോയല്‍ ചോദിച്ചു.

“കണ്‍സൈന്‍മെന്‍റ് കൊണ്ടുവരാന്‍ പോയവര്‍…അവര്‍ പിടിയിലായി!”

“നോ!”

സന്തോഷ്‌ പെട്ടെന്ന് പറഞ്ഞു.
പിന്നെ മോണിറ്ററിലേക്ക് നോക്കി.

“അപ്പോള്‍ അത് രാകേഷിന്റെ ഒരു കെണിയാരുന്നു…!”

ജോയല്‍ പറഞ്ഞു.

“നമുക്ക് സാധനം കൈ മാറുന്ന ടീംസിനെ അവന്മാര്‍ വാച്ച് ചെയ്യുന്നുണ്ടായിരുന്നു….”

ജോയല്‍ തുടര്‍ന്നു.

“അതില്‍പ്പെട്ട ഹസ്സന്‍ കുഞ്ഞിനെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം
പൊക്കി…എന്നിട്ട് അവനെക്കൊണ്ട് നമുക്ക് കള്ള ഇന്‍ഫര്‍മേഷന്‍ തന്നു. കണ്‍സൈന്‍മെന്‍റ് കൊണ്ടുവരാന്‍ ഞാന്‍ ചെല്ലും എന്ന് അവര്‍ വിചാരിച്ചു. എന്നെ കുരുക്കാന്‍ വിരിച്ച വലയായിരുന്നു അത്!”

“അതേ!”

അവര്‍ മൂവരും ഒരുമിച്ച് പറഞ്ഞു.

“എന്ത് ചെയ്യണം ഇനി?”

റിയ തിരക്കി.

“എന്ത് ചെയ്യാന്‍?”

ജോയല്‍ ചിരിച്ചു.

“അവന്മാര്‍ ഒരു കളി കളിച്ചു. സെയിം കളി നമ്മള്‍ തിരിച്ചു കളിക്കുന്നു!”

“മനസ്സിലായില്ല!”

സന്തോഷ്‌ അവനോട് ചോദിച്ചു.

“നാളെ പാലക്കാട്ടെ കുറച്ച് വി ഐപ്പീസും കുടുംബോം സൌപര്‍ണ്ണികയില്‍ ഒരു യാത്ര പോകുന്നുണ്ട്! ഒരു വോള്‍വോ ലക്ഷ്വറി ബസ്സില്‍! ആ ബസ്സ്‌ നമ്മള്‍ ഹൈജാക്ക് ചെയ്യും…ഇവിടെ കൊണ്ടുവരും… നമ്മള്‍ രാകെഷിനോട് വിലപേശും! അത്രതന്നെ!”

“ഡണ്‍!”

സന്തോഷ്‌ ആവേശത്തോടെ പറഞ്ഞു.

“നീ ഹൈജാക്കില്‍ പങ്കെടുക്കേണ്ട!”

സന്തോഷ്‌ ജോയലിനോട് പറഞ്ഞു.

“നിന്നെ ഒരാളെ മാത്രം ഉന്നമിട്ടാ സ്പെഷ്യല്‍ ഫോഴ്സ് വന്നിരിക്കുന്നെ! നിന്നെക്കിട്ടാനാ അവമ്മാരുടെ ശ്രമം! അതുകൊണ്ട് ഈ ഹൈജാക്കൊക്കെ ഞാനും ഉണ്ണീം രവീം ഷബ്നോം സതീഷും കൈകാര്യം ചെയ്തോളാം…ഞങ്ങള്‍ ടീമിനേം കൊണ്ട് വരുമ്പം അവരെ വെല്‍ക്കം ചെയ്യാന്‍ നീ ഇവിടെ കണ്ടാല്‍ മതി…”

“സന്തോഷേട്ടാ അത്!”

ജോയല്‍ വിലക്കാന്‍ നോക്കി.

“സന്തോഷേട്ടന്‍ പറയുന്നതില്‍ കാര്യമുണ്ട് ഏട്ടാ!”

ഷബ്നം പറഞ്ഞു.

“ഏട്ടനെയാണ് അവര് ട്രാക്ക് ചെയ്യുന്നേ മെയിനായിട്ടും. സ്പെഷ്യല്‍ ഫോഴ്സ് ഗവണ്മെന്റ് ഫോം ചെയ്തത് ഏട്ടനെ ട്രാപ്പ് ചെയ്യാനല്ലേ? അതുകൊണ്ട് സന്തോഷ്‌ ചേട്ടന്‍ പറയുന്നത് അനുസരിച്ചാല്‍ മതി!”

******************************************************

പദ്മനാഭന്‍ തമ്പിയുടെ വീട്.
വാര്‍ത്തകളില്‍ മിഴികള്‍ നട്ടിരിക്കുകയാണ് അയാള്‍.
“കുപ്രസിദ്ധ ഭീകരന്‍ ജോയല്‍ ബെന്നറ്റിന്‍റെ സംഘത്തിലെ നാലുപേര്‍ സ്പെഷ്യല്‍ ഫോഴ്സിന്‍റെ പിടിയില്‍…”

“ശ്യെ!”

കടുത്ത നിരാശയോടെ അയാള്‍ പറഞ്ഞു.

“കിട്ടേണ്ടത് അവനെ ആയിരുന്നില്ലേ? എന്നിട്ട്!!”

അത് കേട്ടുകൊണ്ടാണ് ഗായത്രി അങ്ങോട്ട്‌ വന്നത്.

“കണ്ടോ മോളെ!”

ടി വി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ മകളോട് പറഞ്ഞു.

“അവന്‍റെ ടീമില്‍ പെട്ടവമ്മാരെ രാകേഷ് പൊക്കീന്ന്! ഇനി അടുത്തത് അവനാ…ഹീ ഈസ് ക്ലോസ് ടു ദേം! ഇന്നോ നാളെയോ വീഴുമവന്‍ അവരുടെ വലയില്‍!”

അതുകേട്ട് മുഖത്തേക്ക് പെട്ടെന്ന് വന്ന വിഷാദഭാവം ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ അയാളെ നോക്കി.

“സംശയിക്കണ്ട മോളെ!”

ദൃഡമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു.

“അത് ഏറെക്കുറെ ഉറപ്പായി! അവനുചുറ്റും വലമുറുക്കിയിട്ടുണ്ട്‌…ഇന്ന് രാത്രീല്‍ അല്ലെങ്കില്‍ നാളെ! അതുറപ്പ്‌!”

ഗായത്രി പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.

കിടപ്പുമുറിയിലേക്ക്, കൃഷ്ണവിഗ്രഹത്തിന്‍റെ മുമ്പിലേക്ക്, കരഞ്ഞുകൊണ്ട്, യാചനനിറഞ്ഞ മുഖത്തോടെ അവള്‍ സാഷ്ടാംഗം വീണു.
പെട്ടെന്ന് തോളില്‍ ഒരു കൈയ്യുടെ സ്പര്‍ശം അവള്‍ അറിഞ്ഞു.
മുഖമുയര്‍ത്തി നോക്കി.
സാവിത്രി!

“മോളെ!”

മകളുടെ മുഖത്തെ ഭാവം കണ്ട് വേവലാതിയോടെ അവര്‍ വിളിച്ചു.

“എന്താ ഇത്?”

“അമ്മെ! എനിക്ക്…”

മുളചീന്തുന്നത് അവള്‍ പൊട്ടിക്കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *