സൂര്യനെ പ്രണയിച്ചവൾ- 20 1

പദ്മനാഭന്‍ തമ്പി അസ്ഭുതസ്തബ്ധനായി രാകേഷിനെ നോക്കി.

“അവര്‍ മൂന്നു പേരും അങ്കിളിന്‍റെ ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍!”
കണ്ണുകള്‍ മിഴിച്ച് പദ്മനാഭന്‍ തമ്പി രാകേഷിനെ നോക്കി.

“എന്താ കാരണം?”

ഗൌരവം കലര്‍ന്ന ശബ്ദത്തില്‍ രാകേഷ് ചോദിച്ചു.

പദ്മനാഭന്‍ തമ്പി ചുറ്റും നോക്കി.

“അവന്‍ മോളെ പ്രേമിക്കാന്‍ പിന്നാലെ നടന്ന കാര്യം ആ മൂന്ന്‍ പേര്‍ക്കും അറിയാമായിരുന്നു മോനെ!”

അയാള്‍ പറഞ്ഞു.

“അവരവനെ വിലക്കി എന്നോടുള്ള ഇഷ്ടം കൊണ്ട്! അതാ കാരണം!”

രാകേഷ് ചിരിച്ചു.
പരിഹാസം നിറഞ്ഞ ചിരി.

“ചോട്ടാ ഭീമും ഡോരേ മോനും ഒക്കെ മാത്രം കാണുന്നവരോട് ഇതാണ് കാരണം എന്ന് ദയവായി പറയരുതേ അങ്കിള്‍!”

അവന്‍ പറഞ്ഞു.

“വെറുതെ അങ്കിളിന്‍റെ പല്ലവന്മാര് അടിച്ചു പറിക്കും! എന്നോട് പറഞ്ഞാല്‍ മതി. ആ സെക്കന്‍ഡില്‍ തന്നെ വിശ്വസിക്കും ഞാന്‍!”

ഒരു നിമിഷം മുഖം കോപംകൊണ്ട് ചുവന്നെങ്കിലും അയാള്‍ ആത്മസംയമനം പാലിച്ചു.

“ആഹ്! അതെന്തെങ്കിലുമാകട്ടെ! ഇറ്റ്‌സ് നണ്‍ ഓഫ് മൈ ബിസിനെസ്സ്!”

രാകേഷിന്റെ ശബ്ദം മാറി.

“ഞാന്‍ വേറൊരു കാര്യം കൂടി പറയാന്‍ വന്നതാ ഇപ്പം!”

അവന്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
ആവേശം കൂടിയത് കൊണ്ട് തന്‍റെ ശബ്ദം അസാമാന്യമായി ഉയര്‍ന്നത് അവനറിഞ്ഞില്ല.
പദ്മനാഭന്‍ തമ്പി ആകാംക്ഷയോടെ അവനെ നോക്കി.

“ഇന്ന് ഞങ്ങള്‍ അവനെപ്പൂട്ടും!”

അശോകമരങ്ങള്‍ക്കപ്പുറത്ത് ഗായത്രി അത് കേട്ടു.
അവള്‍ ഭയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.

“ഇന്ന് കയ്യില്‍ നിന്നും വഴുതിപ്പോകില്ല അവന്‍. ജീവനോടെ! അല്ലെങ്കില്‍ ഡെഡ്! ഈ ക്യാറ്റ് ആന്‍ഡ് മൌസ് കളി എനിക്ക് ബോറായിത്തുടങ്ങി!”

“ഉറപ്പാണോ?”

ആവേശം നിറഞ്ഞ സ്വരത്തില്‍, ആഹ്ലാദം കുമിയുന്ന ശബ്ദത്തില്‍ പദ്മനാഭ ന്‍ തമ്പി ചോദിച്ചു.

“ഉറപ്പ്!”

ആത്മവിശ്വാസത്തോടെ രാകേഷ് തുടര്‍ന്നു.
“പിഴയ്ക്കില്ല ഇത്തവണ. അവന്‍ നേരെ കേറി വരാന്‍ പോകുന്നെ ഞങ്ങടെ വലയിലേക്കാ….ഇന്ന് രാത്രി തന്നെ!”

തന്‍റെ നെഞ്ചില്‍ ഒരു മിന്നല്‍പ്പിണര്‍സ്പര്‍ശം ഗായത്രിയറിഞ്ഞു.

“ഭഗവാനെ!”

അവള്‍ നെഞ്ചില്‍ കൈവെച്ചു.
അവളെഴുന്നേറ്റു.
അവരുടെ കണ്ണില്‍പ്പെടാതെ വീടിനുള്ളിലേക്ക് കയറി.
മുറിയില്‍, ദീപാലങ്കാരത്തിനടിയില്‍ പുഞ്ചിരിക്കുന്ന കൃഷ്ണവിഗ്രഹത്തിനു മുമ്പില്‍ അവള്‍ മുട്ടുകള്‍കുത്തി വീണു.

“ഭഗവാനെ!”

കൂപ്പുകൈകളോടെ, നിറകണ്ണുകളോടെ അവള്‍ യാചിച്ചു.

“അവന്‍റെ ജീവന് ഒന്നും വരുത്തരുതേ! അവന് നല്ലവഴി കാണിച്ചു കൊടുക്കണേ….പകരം എന്‍റെ ജീവനെടുത്തോളൂ … എനിക്ക് ജീവിക്കാന്‍ കൊതിയില്ലന്നു ഭഗവാനറിയില്ലേ? എത്ര തവണ ഞാന്‍ കെഞ്ചിപ്പറഞ്ഞു, കരഞ്ഞു പറഞ്ഞു എന്‍റെ ജീവനെടുക്കാന്‍ ..എന്നെ അങ്ങോട്ട്‌ വിളിക്കാന്‍….”

അവള്‍ മുഖം കൈകള്‍കൊണ്ട് മറച്ച് വിങ്ങി കരഞ്ഞു.

“അവനിപ്പോ എന്‍റെ ആരുമല്ല…”

കണ്ണുനീര്‍ തുടച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.

“ഇനിയും എന്‍റെ ആരും ആവുകയുമില്ല…. പക്ഷെ…പക്ഷെ…”

മിഴികളില്‍ വീണ്ടും ജലകണങ്ങള്‍ നിറഞ്ഞത് കൊണ്ട് അവളുടെ വാക്കുകള്‍ മുറിഞ്ഞു.

“അവന്‍റെ ജീവന് ഒരാപത്തും വരുത്തരുത്!”

കൃഷ്ണവിഗ്രഹത്തിന്‍റെ ഭംഗിയുള്ള കണ്ണുകളിലേക്ക് നോക്കി ദൃഡസ്വരത്തില്‍ അവള്‍ പറഞ്ഞു.

“അവന് എന്തേലും പറ്റിയാല്‍, സ്വയം ജീവനോടുക്കില്ല എന്ന് ഞാന്‍ ഭഗവാനോട് നല്‍കിയ വാക്കങ്ങ് മാറ്റും….തീയിലോ വെള്ളത്തിലോ ചാടിയോ, തൂങ്ങിയോ വിഷം കുടിച്ചോ അവസാനിപ്പിക്കും ഞാന്‍ എന്‍റെ ജീവിതം…ഭഗവാനെ! അങ്ങയോടാണ്…. നേരിട്ടാണ് ഞാനിത് പറയുന്നത്! പറയുന്നത് വെറും വാക്കല്ല!”

*****************************************************

കാടിന് നടുക്കുള്ള താവളം.
പതിവ് പോലെ അന്ന് റിയയും ഷബ്നവുമായിരുന്നു നൈറ്റ് വാച്ച്.
പതിവിലേറെ തണുപ്പായിരുന്നു അന്ന്.
തലയില്‍ കമ്പിളിത്തൊപ്പിയും കമ്പിളി ജാക്കറ്റും ധരിച്ചിരുന്നു ഇരുവരും.
റിയയുടെയും ഷബ്നത്തിന്‍റെയും ടെന്റില്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകളില്‍ നിന്നും കടുത്ത നിറങ്ങളും ആനിമേറ്റഡ് ശബ്ദങ്ങളും ഉയര്‍ന്നു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *