സൂര്യനെ പ്രണയിച്ചവൾ- 20

Related Posts


രാകേഷ് വരുമ്പോള്‍ പദ്മനാഭന്‍ തമ്പി പതിവ്പോലെ ലോണിലിരിക്കുകയായിരുന്നു.
അശോക മരങ്ങള്‍ക്ക് പിമ്പില്‍ കസേരയില്‍ ഒരു രാമായണവുമായി ഗായത്രിയിരുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.
മിലിട്ടറി വാഹനം ഗേറ്റ് കടന്ന് വരുന്നതിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഗായത്രി മരങ്ങള്‍ക്കിടയിലൂടെ നോക്കി.
റെനോള്‍ട്ട് ഷെര്‍പ്പയില്‍ നിന്നും ചുറുചുറുക്കോടെ രാകേഷ് ചാടിയിറങ്ങി പദ്മനാഭന്‍ തമ്പിയെ സമീപിക്കുന്നത് അവള്‍ കണ്ടു.
പച്ച നിറമുള്ള മിലിട്ടറി യൂണിഫോമിലാണ് അയാള്‍.
തോളത്തെ ബെല്‍റ്റില്‍
പദ്മനാഭന്‍ തമ്പി അദ്ഭുതത്തോടെ എഴുന്നേറ്റു.

“മോനെ!”

ആകാംക്ഷയോടെ അയാള്‍ തിരക്കി.

“എന്താ ന്യൂസ്? കിട്ടിയോ അവനെ?”

ഗായത്രിയുടെ പുരികങ്ങള്‍ ചുളിഞ്ഞു.
അവള്‍ രാകേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
അയാളുടെ ചോദ്യം കേട്ടിട്ട് രാകേഷ് ചുറ്റും നോക്കി.
ഗായത്രി അശോകമരങ്ങള്‍ക്ക് പിമ്പിലേക്ക് ഒന്നുകൂടി ഒതുങ്ങി.

“ഇല്ല!”

രാകേഷിന്‍റെ ഉത്തരം കേട്ടപ്പോള്‍ അവളുടെ ശ്വാസം നേരെ വീണു.

“എഹ്? എന്ത് പറ്റി?”

നിരാശയും ദേഷ്യവും കലര്‍ന്ന ശബ്ദത്തില്‍ പദ്മനാഭന്‍ തമ്പി ചോദിച്ചു.

“നിങ്ങള് ഫുള്‍ സെറ്റപ്പുമായല്ലേ പുറപ്പെട്ടത്? എന്നിട്ട്?”

ഒരു നിമിഷം രാകേഷിന്റെ മുഖത്ത് നിരാശ പടര്‍ന്നു.
പിന്നെ അമര്‍ഷവും.

“അവനും ഒരു പെണ്ണും വേറെ ഒരുത്തനും മാത്രമേ ഉണ്ടാവൂ എന്നാണു ഞങ്ങള്‍ക്ക് കിട്ടിയ ഇന്‍ഫോര്‍മേഷന്‍…”

രാകേഷ് വിശദീകരിച്ചു.

“പക്ഷെ അവമ്മാര് ഫുള്‍ ഉണ്ടാരുന്നു. അതും കെട്ടിടങ്ങളുടെ മുകളിലും മരത്തിലും ഒക്കെ….ആ സിറ്റുവേഷനില്‍ ആക്ഷന്‍ ഷുവര്‍ ഫെയ് ലറാ…അതുകൊണ്ട് പിന്തിരിഞ്ഞു…”

അന്ന് നടന്നതൊക്കെ ചുരുങ്ങിയ വാക്കുകളില്‍ രാകേഷ് വിശദമാക്കി.
അത് കേട്ട് അയാളുടെ മുഖത്ത് അതിശയം വളര്‍ന്നു.

“എന്നിട്ടവന്‍ മോനെ ഒന്നും…?”
അയാള്‍ അദ്ഭുതത്തോടെ തിരക്കി.
ഗായത്രി കാതോര്‍ത്തു.
പക്ഷെ ഇത്തവണ അവള്‍ക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
രാകേഷ് വളരെ അടക്കത്തിലാണ് സംസാരിക്കുന്നത്.
താന്‍ പറയുന്നത് മറ്റാരും കേള്‍ക്കരുത് എന്ന് തീരുമാനിച്ചത് പോലെ!
പെട്ടെന്നിങ്ങനെ സ്വരം താഴ്ത്താന്‍ എന്തായിരിക്കാം കാരണം?
അവള്‍ക്ക് ആകാംക്ഷയേറി.

“അവിടെയാണ് എന്റെ എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയെ അങ്കിള്‍!”

രാകേഷ് പറഞ്ഞു.

“മിലിട്ടറി ആന്‍ഡ് പോലീസ് ഇന്‍റ്റലിജന്‍സ് ഒക്കെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ശത്രുക്കളെ മുമ്പില്‍ കണ്ടാല്‍ ഒരു ദാക്ഷിണ്യവും കൂടാതെ കൊന്നു തള്ളുന്നവന്‍ ആണ് ജോയല്‍ ബെന്നറ്റ്‌ എന്നാ…സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ അങ്കിളിന്‍റെ മുമ്പില്‍ നില്‍ക്കേണ്ട ആളല്ല….എന്റെ ശവമടക്ക് എപ്പഴേ കഴിഞ്ഞേനെ….”

“സംഭവിച്ചത് എന്താ? അത് പറയൂ!”

മേനോന്‍ അക്ഷമനായി.

“ഗായത്രിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആളല്ലേ? നിന്‍റെ ജീവന്‍ സൌജന്യമായി തന്നിരിക്കുന്നു എന്ന ഡയലോഗ്…പിന്നെ പൊക്കോളാനും!”

അത് പറഞ്ഞ് രാകേഷ് തമ്പിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
പദ്മനാഭന്‍ തമ്പിയുടെ മുഖത്ത് അദ്ഭുതത്തിന്‍റെ വേലിയേറ്റം ഗായത്രി കണ്ടു.
എങ്കിലും അവര്‍ പറയുന്നത് എന്താണ് എന്ന് കേള്‍ക്കുവാന്‍ അവള്‍ക്കായില്ല.

“ഞാന്‍ മിലിട്ടറി ഡാറ്റാ ബേസുമായി ബന്ധപ്പെട്ടു അതിനു ശേഷം…”

അയാളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ രാകേഷ് തുടര്‍ന്നു.

“കോള്‍ഡ് ഫയല്‍സ് ഓപ്പണ്‍ ചെയ്യിച്ചു…”

അവന്‍ മേനോന്‍റെ മുഖത്തെ ഭാവമളന്നു.

തമ്പി മുഖത്തെ വിയര്‍പ്പ് തുടയ്ക്കുന്നത് രാകേഷ് കണ്ടു.

“അവിടെ നിന്നും കിട്ടിയ ഡാറ്റ വളരെ ഇന്‍റെറസ്റ്റിങ്ങ്…”

അവന്‍ ചിരിച്ചു.

“മീഡിയ റിപ്പോര്‍ട്ട് പ്രകാരം അവന്‍ ഏതാണ്ട് ഇന്ത്യയിലെ പകുതി ജനസംഖ്യയെ കൊന്നു തള്ളിയിട്ടുണ്ട്…ബട്ട്‌….മിലിട്ടറി കോള്‍ഡ് റിപ്പോര്‍ട്ട് ..അതായത് ആക്ച്ചുവല്‍ റിപ്പോര്‍ട്ട് പ്രകാരം അവന്‍ കൊന്നത് മൂന്നു പേരെ മാത്രം!”

പദ്മനാഭന്‍ തമ്പി അസ്ഭുതസ്തബ്ധനായി രാകേഷിനെ നോക്കി.

“അവര്‍ മൂന്നു പേരും അങ്കിളിന്‍റെ ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍!”
കണ്ണുകള്‍ മിഴിച്ച് പദ്മനാഭന്‍ തമ്പി രാകേഷിനെ നോക്കി.

“എന്താ കാരണം?”

ഗൌരവം കലര്‍ന്ന ശബ്ദത്തില്‍ രാകേഷ് ചോദിച്ചു.

പദ്മനാഭന്‍ തമ്പി ചുറ്റും നോക്കി.

“അവന്‍ മോളെ പ്രേമിക്കാന്‍ പിന്നാലെ നടന്ന കാര്യം ആ മൂന്ന്‍ പേര്‍ക്കും അറിയാമായിരുന്നു മോനെ!”

അയാള്‍ പറഞ്ഞു.

“അവരവനെ വിലക്കി എന്നോടുള്ള ഇഷ്ടം കൊണ്ട്! അതാ കാരണം!”

രാകേഷ് ചിരിച്ചു.
പരിഹാസം നിറഞ്ഞ ചിരി.

“ചോട്ടാ ഭീമും ഡോരേ മോനും ഒക്കെ മാത്രം കാണുന്നവരോട് ഇതാണ് കാരണം എന്ന് ദയവായി പറയരുതേ അങ്കിള്‍!”

അവന്‍ പറഞ്ഞു.

“വെറുതെ അങ്കിളിന്‍റെ പല്ലവന്മാര് അടിച്ചു പറിക്കും! എന്നോട് പറഞ്ഞാല്‍ മതി. ആ സെക്കന്‍ഡില്‍ തന്നെ വിശ്വസിക്കും ഞാന്‍!”

ഒരു നിമിഷം മുഖം കോപംകൊണ്ട് ചുവന്നെങ്കിലും അയാള്‍ ആത്മസംയമനം പാലിച്ചു.

“ആഹ്! അതെന്തെങ്കിലുമാകട്ടെ! ഇറ്റ്‌സ് നണ്‍ ഓഫ് മൈ ബിസിനെസ്സ്!”

രാകേഷിന്റെ ശബ്ദം മാറി.

“ഞാന്‍ വേറൊരു കാര്യം കൂടി പറയാന്‍ വന്നതാ ഇപ്പം!”

അവന്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
ആവേശം കൂടിയത് കൊണ്ട് തന്‍റെ ശബ്ദം അസാമാന്യമായി ഉയര്‍ന്നത് അവനറിഞ്ഞില്ല.
പദ്മനാഭന്‍ തമ്പി ആകാംക്ഷയോടെ അവനെ നോക്കി.

“ഇന്ന് ഞങ്ങള്‍ അവനെപ്പൂട്ടും!”

അശോകമരങ്ങള്‍ക്കപ്പുറത്ത് ഗായത്രി അത് കേട്ടു.
അവള്‍ ഭയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.

“ഇന്ന് കയ്യില്‍ നിന്നും വഴുതിപ്പോകില്ല അവന്‍. ജീവനോടെ! അല്ലെങ്കില്‍ ഡെഡ്! ഈ ക്യാറ്റ് ആന്‍ഡ് മൌസ് കളി എനിക്ക് ബോറായിത്തുടങ്ങി!”

“ഉറപ്പാണോ?”

ആവേശം നിറഞ്ഞ സ്വരത്തില്‍, ആഹ്ലാദം കുമിയുന്ന ശബ്ദത്തില്‍ പദ്മനാഭ ന്‍ തമ്പി ചോദിച്ചു.

“ഉറപ്പ്!”

ആത്മവിശ്വാസത്തോടെ രാകേഷ് തുടര്‍ന്നു.
“പിഴയ്ക്കില്ല ഇത്തവണ. അവന്‍ നേരെ കേറി വരാന്‍ പോകുന്നെ ഞങ്ങടെ വലയിലേക്കാ….ഇന്ന് രാത്രി തന്നെ!”

തന്‍റെ നെഞ്ചില്‍ ഒരു മിന്നല്‍പ്പിണര്‍സ്പര്‍ശം ഗായത്രിയറിഞ്ഞു.

“ഭഗവാനെ!”

അവള്‍ നെഞ്ചില്‍ കൈവെച്ചു.
അവളെഴുന്നേറ്റു.
അവരുടെ കണ്ണില്‍പ്പെടാതെ വീടിനുള്ളിലേക്ക് കയറി.
മുറിയില്‍, ദീപാലങ്കാരത്തിനടിയില്‍ പുഞ്ചിരിക്കുന്ന കൃഷ്ണവിഗ്രഹത്തിനു മുമ്പില്‍ അവള്‍ മുട്ടുകള്‍കുത്തി വീണു.

“ഭഗവാനെ!”

കൂപ്പുകൈകളോടെ, നിറകണ്ണുകളോടെ അവള്‍ യാചിച്ചു.

“അവന്‍റെ ജീവന് ഒന്നും വരുത്തരുതേ! അവന് നല്ലവഴി കാണിച്ചു കൊടുക്കണേ….പകരം എന്‍റെ ജീവനെടുത്തോളൂ … എനിക്ക് ജീവിക്കാന്‍ കൊതിയില്ലന്നു ഭഗവാനറിയില്ലേ? എത്ര തവണ ഞാന്‍ കെഞ്ചിപ്പറഞ്ഞു, കരഞ്ഞു പറഞ്ഞു എന്‍റെ ജീവനെടുക്കാന്‍ ..എന്നെ അങ്ങോട്ട്‌ വിളിക്കാന്‍….”

Leave a Reply

Your email address will not be published. Required fields are marked *