സൂര്യനെ പ്രണയിച്ചവൾ- 20 Like

“ഇന്ന് നൈറ്റ്, വെളുക്കാറാകുമ്പോള്‍, ഗോമതി ആന്‍റയൊക്കെ കാടാമ്പുഴേല്‍ പോകുന്നുണ്ട്…എനിക്കും പോകണം…ഭഗവതിയ്ക്ക് അവിടെ അഷ്ടമംഗല്യ ആരാധനയുണ്ട്…പോകണം അമ്മെ, എനിക്ക്…”

“മോളെ! പെട്ടെന്നിങ്ങനെ…ഒരു മുന്നറിയിപ്പും ഇല്ലാതെ?”

“ഭഗവാനോട് ഞാന്‍ ഇപ്പം നേര്‍ന്നു …ഞാന്‍ അവിടെ, അമ്പലത്തില്‍ പോകൂന്ന്…”

“എന്ത് നേര്‍ച്ച?”

“ജോയെ നാളെ രാകേഷ് പിടിക്കും…”

കണ്ണുനീരൊഴുക്കി അവള്‍ തുടര്‍ന്നു.
“ജോ റെസിസ്റ്റ് ചെയ്യും..അപ്പോള്‍ രാകേഷ് ജോയെ ഷൂട്ട്‌ ചെയ്യും…അങ്ങനെ വരാന്‍ പാടില്ല..ജോയ്ക്ക് ഒന്നും സംഭവിക്കരുത്! എനിക്ക് പോകണം അമ്മെ! പ്ലീസ്! എന്നെ ഒന്ന് വിട്! വിട്ടില്ലേല്‍ ഞാന്‍ തന്നെ പോകും!”

ഗായത്രിയുടെ വാക്കുകള്‍ കേട്ട് സാവിത്രി പരിഭ്രമിച്ചു.

“മോളെ! നീ അയാള്‍ക്ക് വേണ്ടി?”

സാവിത്രിയ്ക്ക് ഒന്നും മനസ്സിലായില്ല.

“നിന്‍റെ ലൈഫില്‍ നീ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് അയാളെയല്ലേ? എന്നിട്ട് നീ എന്തിനാ അയാടെ ജീവന് വേണ്ടി പ്രാര്‍ഥിക്കുന്നെ?”

“അതേ!”

ഗായത്രി പറഞ്ഞു.

“ഞാന്‍ വെറുക്കുന്ന മനുഷ്യന്‍ തന്നെയാണ് അയാള്‍! പക്ഷെ അയാളെ ഞാന്‍ സ്നേഹിച്ചിരുന്നു…മനസ്സ് മുഴുവന്‍ കൊടുത്ത് സ്നേഹിച്ചിരുന്നു അമ്മെ! ആ സ്നേഹം അങ്ങനെയൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല… ഇനി ഒരിക്കലും എന്റെ അടുത്തേക്ക് വരാനാവാത്ത വിധത്തില്‍ അയാള്‍ അകന്നു പോയി! നേരാ… ഞങ്ങള് തമ്മിലുള്ള ഡിസ്റ്റന്‍സ് അത്രേം കൂടുതലാ…അറിയാം. എനിക്ക്…എന്നാല്‍ അയാള്‍ക്ക് ഒന്നും സംഭവിക്കരുത്! അയാളുടെ ജീവന് വേണ്ടി എനിക്ക് പ്രാര്‍ഥിച്ചേ മതിയാകൂ അമ്മെ..എനിക്ക് പോണം!”

അവള്‍ മുഖം തുടച്ചുകൊണ്ട് എഴുന്നേറ്റു.

“അമ്മ പോയി അച്ഛനെക്കണ്ട് പെര്‍മിഷന്‍ ചോദിക്ക്! ഉം!”

ഷെല്‍ഫ് തുറന്ന് ഒന്ന് രണ്ടു ഡ്രസ്സുകള്‍ ബാഗിലേക്ക് വെച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

പേഴ്സെടുത്ത് ബാഗില്‍ വെച്ച് തിരിഞ്ഞപ്പോള്‍ സാവിത്രിയെ അവിടെ കണ്ടില്ല.
സാവിത്രി ചെല്ലുമ്പോള്‍ പദ്മനാഭന്‍ തമ്പി അപ്പോഴും വാര്‍ത്തയുടെ മുമ്പിലാണ്.

“സാവിത്രി!”

ആഹ്ലാദത്തോടെ അയാള്‍ പറഞ്ഞു.

“ഇത്തവണയും ആ പിശാച് പെട്ടെടീ!”

നിരാശ നിഴലിക്കുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു.

“പക്ഷെ, പേടിക്കണ്ട! രാകേഷിന്റെ മുമ്പില്‍ അവന്‍ ശവമായി വീഴും! ഇന്നോ നാളെയോ!”

സാവിത്രിയും ആഹ്ലാദം കാണിച്ചു.

“ഞാന്‍ വന്നത് മറ്റൊരു കാര്യം പറയാനാണ്!”

അയാളുടെ തോളില്‍ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
അയാളവരെ ചോദ്യരൂപത്തില്‍ നോക്കി.

“നാളെ ഗോമതിയൊക്കെ കാടാമ്പുഴ അമ്പലത്തില്‍ പോകുന്നു…അറിയാല്ലോ വാര്‍ഷിക അഷ്ടമഗല്യ പൂജയൊക്കെ..രണ്ടോ മൂന്നോ ദിവസം വ്രതമൊക്കെയായി…”

“ഉവ്വ്! അറിയാം!”
ആലോചനയ്ക്ക് ശേഷം അയാള്‍ പറഞ്ഞു.

“എന്താ, സവിത്രിയ്ക്ക് പോകണോ?”

“എനിക്ക് പോകാന്‍ പറ്റില്ല, ഒരു അമ്പലത്തിലും ഇപ്പോള്‍!”

അവര്‍ പറഞ്ഞു.

“പിന്നെ? മോള്‍ക്കോ?”

“അതേ, മോള്‍ക്ക്! ഗോമതി വിളിച്ചിരുന്നു മോളെ! മോള്‍ പോകണമെന്ന് പറയുന്നു!”

“അതിപ്പോ….”

അയാള്‍ വീണ്ടും എന്തോ ആലോചിച്ചു.

“അത് കൊള്ളാം!”

അയാള്‍ ഉത്സാഹത്തോടെ എഴുന്നേറ്റു.

“ഇപ്പോള്‍ മോളിവിടെ ഇല്ലാതിരിക്കുന്നതാ നല്ലത്! ഇന്നാള് റിസോര്‍ട്ടില്‍ കേറി വന്നില്ലേ ആ പിശാച്? രാകേഷും ടീമും വലവിരിക്കുമ്പം ചെലപ്പം ഇങ്ങോട്ട് ഓടിക്കേറി വരാന്‍ ചാന്‍സ് ഉണ്ട്!…”

പിന്നെ അയാള്‍ സാവിത്രിയെ നോക്കി.

“ഗോമതി ആരുടെ കൂടെയാ പോകുന്നെ?”

അയാള്‍ തിരക്കി.

“ഒരുപാട് ആളുകള്‍ ഉണ്ട്!”

സാവിത്രി പറഞ്ഞു.

“എം എല്‍ എ ബാലരാമന്റെ വൈഫ് ഉണ്ട്. ചെല പാര്‍ട്ടിക്കാരൊക്കെയുണ്ട്. സന്ദേശ് വാര്യരെപ്പോലെയുള്ളവരൊക്കെ…അവര് പത്തിരുപത് പേരുണ്ട്… ഒരു ലക്ഷ്വറി ബസ്സ്‌ പിടിച്ചാ പോകുന്നെ!”

അയാളുടെ മുഖം പ്രസന്നമായി.

“അപ്പം മൊത്തം വി ഐ പികളാ! അത് നന്നായി…”

അയാള്‍ പറഞ്ഞു.

“അത് നല്ലതാ, സാവിത്രി…ഇപ്പം ഈ സമയത്ത് ഒരു സ്പിരിച്ച്വല്‍ ട്രിപ്പൊക്കെ നല്ലതാ! അവിടെ മോള് വ്രതം ഒക്കെ നോറ്റിരിക്കുമ്പം ഇവിടെ അവന്‍റെ ശവം വീഴും…എല്ലാ കാര്‍മേഘങ്ങളും മാറി മൊത്തം ഒന്ന് തെളിയും…പോകാന്‍ പറഞ്ഞേരെ, മോളോട്!”

അയാളുടെ സ്വരത്തില്‍ അതിരില്ലാത്ത ആഹ്ലാദവും ആത്മവിശ്വാസവും നിഴലിച്ചിരുന്നു.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *