സൂര്യനെ പ്രണയിച്ചവൾ- 6

റിയ ഷബ്‌നത്തിന്റെ കാതിൽ മന്ത്രിച്ചു. ഷബ്നം ചിരിക്കാതിരിക്കാൻ മാക്സിമം ശ്രമിച്ചു.

“എന്താ ഒരു കുശുകുശുപ്പ്?”

ജോയൽ അസന്തുഷ്ടിയോടെ ചോദിച്ചു.

“ഞാനിവളോട് തോക്ക് റെഡിയാക്കി വെക്കാൻ പറയുകയായിരുന്നു, ജോയൽ,”

റിയ ഗൗരവം നടിച്ച് പറഞ്ഞു.

“ഉം…”

ജോയൽ അമർത്തി മൂളി.

“നീയെന്നതാ കുശുകുശുത്തേന്ന് എനിക്ക് മനസ്സിലായി…”

പ്രധാന പാതയിൽ നിന്ന് മാറി, ദുർഘടം പിടിച്ച കാട്ടുവഴിയിലേക്ക് കാർ നീക്കിക്കൊണ്ട് ജോയൽ പറഞ്ഞു.
അത്യധികം അസഹീനമായിരുന്നു യാത്ര. ചിലയിടങ്ങളിൽ വാഴിയേയില്ലായിരുന്നു. കല്ലുകൾ കൂടിക്കിടക്കുന്ന പലയിടങ്ങളിലും അവ പെറുക്കിമാറ്റിയാണ് അവർ യാത്ര തുടർന്നത്. കാട്ടുചോലകൾ കണ്ടപ്പോൾ അവർ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ തേനും മറ്റ് വനവിഭവങ്ങളും ശേഖരിക്കുന്നതിൽ വ്യാപൃതരായ ആദിവാസികളെ അവർ കണ്ടു. ജോയൽ അവരോടൊക്കെ അവരുടെ ഭാഷയിൽ സൗഹൃദത്തോടെ സംസാരിക്കുന്നത് പെൺകുട്ടികൾ ശ്രദ്ധിച്ചു.

“”യൂ ആർ റിയലി എ പോളിഗ്ലോട്ട്!”

റിയ അഭിനന്ദിച്ച് പറഞ്ഞു.

“പോളിഗ്ലോട്ടോ? എന്നുവെച്ചാൽ?”

ഷബ്നം നെറ്റി ചുളിച്ചു.

“ബഹുഭാഷാ പണ്ഡിതൻ. സന്തോഷ് പണ്ഡിതൻ അല്ല. ഇവന് എത്ര ഭാഷകൾ അറിയാം എന്നോർത്ത് ഞാൻ മുമ്പ് അദ്‌ഭുതപ്പെട്ടിരുന്നു….ഇപ്പോൾ ഇതാ ഇവരുടെ ഭാഷയും! നല്ല ഭാവിയുണ്ട്!”

“ഭാവിയോ? നമുക്കോ? നമുക്ക് എന്ത് ഭാവി? കൊലമരത്തിന്റെ ഭാവി! ആ ഭാവി എനിക്ക് കൃത്യമായി പ്രവചിക്കാനറിയാം.”

ഷബ്നം പുച്ഛത്തോടെ പറഞ്ഞു.

“ഏറ്റവും നന്നായി ഭാവി പ്രവചിക്കുക എന്നത് ഭാവി സ്വയം ഉണ്ടാക്കുകയാണ്!”

ജോയൽ പറഞ്ഞു.

“വൗ!വൗ !”

റിയ അദ്‌ഭുതത്തോടെ ഒച്ചയിട്ടു.

“ആ ഡയലോഗ് ഒന്നുകൂടെ പറഞ്ഞെ! അടുത്ത സ്ക്രിപ്റ്റിൽ അത് ചേർക്കണം”

“ഇതിനു മുമ്പ് പറഞ്ഞതിന്റെയൊന്നും റോയൽറ്റി ഇതുവരെ കിട്ടിയില്ല”

ജോയൽ ഗൗരവത്തോടെ അവനെ നോക്കി.

ഏകദേശം പകൽ പന്ത്രണ്ടുമണിയായപ്പോൾ അവർ ഒരു ഗ്രാമത്തിലെത്തിച്ചേർന്നു. ആല്മരങ്ങൾ കൂടി നിന്ന ഒരു ഗ്രാമ വഴിയിൽ, പുരാതനമായ ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ ജോയൽ ജീപ്പ്
ഒരു ഊടു വഴിയിലേക്കോടിച്ചു.

നാട്ടുവഴിയിലൂടെ ജീപ്പ് സഞ്ചരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ നിബിഡമായ ഒരു മാന്തോപ്പിന്റെ തണുപ്പിനും ഇരുളിനും മുമ്പിൽ വളരെ പഴകിയ ഒരു വീട് കണ്ടു.

“ഇത്…?”

ഷബ്നം സംശയത്തോടെ റിയയെ നോക്കി.
“ജോയലിന്റെ വീട്…”

റിയ മന്ത്രിച്ചു.

ജീപ്പിന്റെ ശബ്ദം കേട്ട് അകത്ത് നിന്നും ഒരു സ്ത്രീ കതക് തുറന്ന് വരാന്തയിലേക്ക് വന്നു.

“ജോയലിന്റെ ‘അമ്മ…”

അവൾ വീണ്ടും മന്ത്രിച്ചു.

“ആരാ അത്?”

ഒരുമിച്ചാണ് റിയയും ഷബ്‌നവും ചോദിച്ചത്.

“മമ്മി,”

ജോയൽ പറഞ്ഞു.

“ങ്ഹേ!”

ഷബ്നം അദ്‌ഭുതപ്പെട്ടു.

“ഇത്ര സുന്ദരി? ഇത്ര ചെറുപ്പം?”
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *